ജീവിതം ധന്യമാക്കുന്ന അറിവുകൾ
————————————————
ക്ലാസ്സ് പരീക്ഷ നടക്കുകയായിരുന്നു. ആദ്യത്തെ നാലു ചോദ്യങ്ങളും, കുട്ടികൾ പ്രതീക്ഷിച്ചവ തന്നെ ആയിരുന്നു. എല്ലാവരും നന്നായി ഉത്തരമെഴുതി. പക്ഷെ അഞ്ചാമത്തെ ചോദ്യത്തിനു മുന്നിൽ, അവർ പകച്ചിരുന്നു പോയി. “നിങ്ങളുടെ ക്ലാസ്സ് മുറി വൃത്തിയാക്കുന്ന സ്ത്രീയുടെ പേരെന്ത് ?” ഇതായിരുന്നു ആ ചോദ്യം! അവരെ കുട്ടികൾ ഒട്ടേറെത്തവണ കണ്ടിട്ടുണ്ടെങ്കിലും, ആരും ഒരിക്കലും അവരോടു സംസാരാച്ചിട്ടില്ലായിരുന്നു.
ആ ചോദ്യത്തിനുത്തരമെഴുതാതെ, കുട്ടികൾ കടലാസുകൾ തിരികെ നൽകി. ബെല്ലടിച്ചപ്പോൾ, ഒരു കുട്ടി അദ്ധ്യാപകനോടു ചോദിച്ചു: “അവസാന ചോദ്യത്തിൻ്റെ മാർക്ക്, ഗ്രേഡിനു പരിഗണിക്കുമോ?” അദ്ദേഹം പറഞ്ഞു: “ഗ്രേഡിനു പരിഗണിക്കുമോ, ഇല്ലയോ എന്നറിയില്ല. പക്ഷെ, ജീവിതത്തിന് ഉപകരിക്കും”.
ഭാഷാ നൈപുണ്യവും, ശാസത്ര അറിവുകളും മാത്രം, അറിവിൻ്റെ പട്ടികയിൽ പ്പെടുത്തുമ്പോൾ, നാം ഒന്നോർക്കണം: “അറിവു കൊണ്ടു മാത്രം, ജീവിക്കാനാകില്ല. അടുപ്പവും അനുഭവവും കൂടി വേണം, ജീവിതം ധന്യമാകുവാൻ”. എല്ലാ ചോദ്യങ്ങളുടെയും ഉത്തരമെഴുതാൻ പഠിച്ചിട്ടും, എന്തുകൊണ്ടാണു്, ജീവിതം പലരുടേയും മുൻപിൽ ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നത് ? കീഴോട്ടു നോക്കിയുള്ള പുസ്തക പഠനത്തോടൊപ്പം, ചുറ്റുപാടും നോക്കിയുള്ള ജീവിതപoനം കൂടി നടത്തുന്നില്ലെങ്കിൽ, ജീവിത പരീക്ഷയിലെ ചോദ്യക്കടലാസുകൾ കണ്ടു നാം ഭയന്നു പോയെന്നു വന്നേക്കാം.
വൃത്തിയുള്ളപ്പോൾ കൂടെ നിൽക്കുന്നവർ, വൃത്തികേടാകുമ്പോൾ, തന്ത്രപൂർവ്വം ഒഴിഞ്ഞു മാറി എന്നു വരാം. വൃത്തികേടായതിനെ വൃത്തിയാക്കാൻ എപ്പോഴും നമ്മോടു കൂടെയുള്ളവർ, ഉള്ളിൽ നന്മയുള്ളവരായിരിക്കും. അവരെ കണ്ടില്ലെന്നു നടിക്കരുത്. അവഗണിക്കപ്പെട്ടവരോടുള്ള ആദരം കൂടി ചേരുമ്പോഴാണ് അറിവു് പൂർണ്ണമാകുന്നത്.
ജഗദീശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.