സ്വയം തിരിച്ചറിയാനാകട്ടെ
………………………………………..
ഒരു കൃഷിക്കാരന് ഒരിക്കൽ ഒരു പരുന്തിൻ കൂട് വഴിയിൽ കിടന്നു കിട്ടി. അയാളതെടുത്തു നോക്കിയപ്പോൾ, അകത്ത് അപ്പോഴും ചൂടു മാറാത്ത ഒരു മുട്ട. അതയാൾ വീട്ടിൽ വിരിയാൻ വച്ചിരുന്ന കോഴിമുട്ടകളുടെ കൂട്ടത്തിൽ കൊണ്ടു വെച്ചു. മുട്ട വിരിഞ്ഞ് കോഴിക്കുഞ്ഞുങ്ങളുടെ കൂട്ടത്തിൽ പരുന്തും കുഞ്ഞും പുറത്തു വന്നു. മറ്റു കോഴിക്കുഞ്ഞുങ്ങളുടെ കൂടെ, മണ്ണിൽ ചികഞ്ഞ്, പുഴുക്കുളയും തിന്ന് അതു നടക്കാൻ ആരംഭിച്ചു. നാളുകൾക്കു ശേഷം, ഒരിക്കൽ അതു മുകളിലേക്കു നോക്കിയപ്പോൾ, ഒരു വലിയ പക്ഷി ആകാശത്തിലൂടെ പറക്കുന്നതു കണ്ടു. അവേശപൂർവ്വം, അതു തള്ളക്കോഴിയോടു ചോദിച്ചു: “അമ്മേ, അതാരാണ് ?” മുകളിലേക്കു നോക്കിയ തള്ളക്കോഴി പറഞ്ഞു: “അതാണു് പരുന്ത് കോഴികളുടെ വർഗ്ഗ ശത്രു”. അവൻ ആത്മഗതം ചെയ്തു: “എനിക്കും ഒരു പരുന്താകാൻ ആയിരുന്നുവെങ്കിൽ”
യഥാർത്ഥത്തിൽ താനാരാണോ, അതായിത്തീരാനാകാത്തതാണ്, യഥാർത്ഥ പരാജയം. ഓരോ ജന്മവും ഓരോ നിയോഗമാണ്. അലഞ്ഞു തിരിയാനോ, ഒന്നുമല്ലാതായിതീരാനോ ഉള്ളതല്ല ഒരു ജന്മവും. ഏറെ അനുഭവസമ്പത്തും, ലോക പരിചയവും, അവകാശപ്പെടുന്ന പലർക്കു പോലും, തങ്ങൾ ആരാണെന്ന് അറിയില്ല എന്നതാണു ദു:ഖകരം. സ്വയം തിരിച്ചറിയുന്നവരുടെ എണ്ണം കൂടിയിരുന്നെങ്കിൽ ഈ ലോകം പതിന്മടങ്ങ് മികവുറ്റതും, കർമ്മനിരതവും ആയേനേ. എനിക്കൊരു കഴിവുമില്ല എന്നു പറഞ്ഞ് അലസരായി ഇരിക്കുന്നവരെല്ലാം സ്വന്തം കഴിവു കണ്ടെത്താനാകാത്തവരാണ്. ചെയ്യേണ്ട പണികൾ കണ്ടെത്തി ചെയ്യുന്നതിന്നു പകരം, കിട്ടുന്ന പണികൾ ചെയ്യുന്നുവെന്നതാണ്. പലരുടെയും പരാജയം. സ്വന്തം ശേഷികൾ തിരിച്ചറിയാനാകാത്തവർക്ക് സ്വന്തം ഇഷ്ടമനുസരിച്ചു ജീവിക്കാനും ആകില്ല.
എല്ലാറ്റിനോടും, എളുപ്പം അനുരൂപപ്പെടുന്നവർ, ഒരിക്കലും, ഒന്നുമാകുകയില്ല. അവർക്ക് ഒരിക്കലും സ്വന്തം അസ്തിത്വം കണ്ടെത്താനും ആകില്ല.
സ്വയം തിരിച്ചറിയുന്നവരാകാം നമുക്ക്.
ജഗദീശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.