തെളിമ നൽകുന്ന മന:ശാന്തത
ശിഷ്യൻ ഗുരുവിനോടു ചോദിച്ചു: “എന്നെ, എന്തിനാണിങ്ങനെ ധ്യാനിക്കാൻ നിർബ്ബന്ധിക്കുന്നത് ? ഞാൻ പഠിക്കുന്നുണ്ട്; പ്രാർത്ഥിക്കുന്നുണ്ട്; എല്ലാക്കാര്യങ്ങളും ആലോചിച്ചാണ് ചെയ്യുന്നത്. പിന്നെന്തിനാണ്, മനസ്സ് ശാന്തമാക്കണമെന്ന് എപ്പോഴും പറയുന്നത്?”
ഗുരു ഒരു ബക്കറ്റിൽ വെള്ളവുമെടുത്ത്, നിലാവിൽ കുളിച്ചു നിൽക്കുന്ന മുറ്റത്തേക്കിറങ്ങി. ബക്കറ്റിലെ വെള്ളം നന്നായി ഇളക്കിയ ശേഷം, ഗുരു, ശിഷ്യനോടു ചോദിച്ചു: “ബക്കറ്റിൽ നീ എന്തു കാണുന്നു?” ശിഷ്യൻ പറഞ്ഞു: ” പ്രകാശം ഓളം വെട്ടുന്നത് ”. ബക്കറ്റു കുറച്ചു നേരം നിശ്ചലമായി വെച്ചതിനു ശേഷം, ഗുരു ചോദിച്ചു: “ഇപ്പോൾ നീ എന്തു കാണുന്നു?”
“പൂർണ്ണ ചന്ദ്രനെ കാണുന്നു”, ശിഷ്യൻ പറഞ്ഞു.
“കാഴ്ച ശരിയായിരിക്കണമെങ്കിൽ, മനസ്സു ശാന്തമായിരിക്കണം”, ഗുരു പ്രതിവചിച്ചു!
മനസ്സു്, അസ്വസ്ഥമാണെങ്കിൽ, കാഴ്ച അപൂർണ്ണമായിരിക്കും. പൂർണ്ണത കൈവരിക്കുന്നത് വലിയ കാര്യമാണെങ്കിലും, ചെറിയ കാര്യങ്ങളിലെ അശ്രദ്ധയും, അവിവേകവും അതു നഷ്ടപ്പെടുത്തി എന്നു വരാം. ഒന്നിലും പ്രത്യേക ശ്രദ്ധയില്ലാതെ, എല്ലാം ഒരു പോലെ, കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്നവർക്ക്, ഒന്നിൻ്റേയും പൂർണ്ണത അനുഭവിക്കാൻ കഴിയില്ല. ആളുകളേയും, അനുഭവങ്ങളേയും, വേണ്ട വിധം മനസ്സിലാക്കാനാവാതെ പോകുന്നത്. ദൃഷ്ടിസ്ഥിരതയില്ലായ്മ മൂലമാണ് കാഴ്ചകൾ വികൃതമാകുന്നത്, വസ്തുക്കളുടെ സങ്കീർണ്ണത കൊണ്ടാകണമെന്നില്ല; കണ്ണുകളുടെ അനിശ്ചിതത്വം കൊണ്ടുമാകാം.
ശാന്തമായതിലെല്ലാം തെളിമയുണ്ടാകും. അതിന് ശാന്തമായ അപഗ്രഥനങ്ങളും ആവശ്യമാണ്. ഒന്നു ശാന്തമാകാനും, പുനർചിന്തിക്കാനും സമയം കണ്ടെത്തിയാൽ, അതി വൈകാരികതയിൽ നിന്നും ഉടലെടുക്കുന്ന പല അപകടങ്ങളിൽ നിന്നും, രക്ഷ നേടാനാകും. പ്രശ്നങ്ങൾക്ക് കുറച്ചു കൂടി മെച്ചപ്പെട്ട പരിഹാരങ്ങൾ കണ്ടെത്താനും അതു സഹായിക്കും. എന്തിനേയും, സ്വന്തം സമയപരിധിക്കുള്ളിൽ തളയ്ക്കാൻ ശ്രമിക്കുന്നവർക്ക് ജീവിത സമ്മർദ്ദം ഏറിയിരിക്കും. എല്ലാറ്റിനും, അതതിൻ്റേതായ സമയം അനുവദിക്കുന്നവർക്ക് സമാധാനവും.
ദൈവം തുണയ്ക്കട്ടെ.. ഏവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്കാരം