ആരോഗ്യകേന്ദ്രങ്ങള്‍ രോഗീ സൗഹൃദമാക്കും: മന്ത്രി വീണാ ജോര്‍ജ്
പത്തനംതിട്ട –ആരോഗ്യകേന്ദ്രങ്ങള്‍ രോഗീ സൗഹൃദവും ജനസൗഹൃദവും ആക്കുകയാണ് സര്‍ക്കാര്‍ നയമെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ ചുങ്കപ്പാറ ഗവ.ഹോമിയോ ഡിസ്പന്‍സറിയുടെ ഉദ്ഘാടനം സിഎംഎസ് എല്‍ പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ റാന്നി മണ്ഡലത്തില്‍ സാധ്യമായി. മണ്ഡലത്തിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും തുക വകയിരുത്തി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. റാന്നി താലൂക്ക് ആശുപത്രിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. എഴുമറ്റൂര്‍ ആരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണം ആരംഭിച്ചു. കോട്ടങ്ങല്‍ ആരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഭരണാനുമതി ലഭ്യമാക്കും.
കിഫ്ബിയിലൂടെ കോടിക്കണക്കിന് രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തുന്നത്. 46 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും 30 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും നടക്കുന്നു. സാധ്യമല്ലാതെയിരുന്ന ശസ്ത്രക്രിയകള്‍ എല്ലാ മെഡിക്കല്‍ കോളജുകളിലും സാധ്യമാക്കി. റോബോട്ടിക് കാന്‍സര്‍ ശസ്ത്രക്രിയ, കണ്ണിലെ ക്യാന്‍സറിന് കാഴ്ച നിലനിര്‍ത്തിക്കൊണ്ടുള്ള ചികിത്സാ, കരള്‍ മാറ്റ ശസ്ത്രക്രിയ തുടങ്ങിയവ സര്‍ക്കാര്‍ ആശുപത്രിയില്‍ സാധ്യമാക്കി. ഈ രീതിയില്‍ ചികിത്സാ സംവിധാനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും. രോഗം ഇല്ലാതിരിക്കുന്നതിനുവേണ്ടി ആശ പ്രവര്‍ത്തകര്‍ വീടുവീടാന്തരം പരിശോധനകള്‍ നടത്തുന്നു. രോഗം തുടക്കത്തിലേ കണ്ടെത്തുന്നതിനു 30 വയസിനു മുകളില്‍ ഉള്ള എല്ലാവര്‍ക്കും വാര്‍ഷിക ആരോഗ്യപരിശോധന ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.
എംഎല്‍എ ഫണ്ടില്‍ നിന്ന് കോട്ടങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ 45 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചുവെന്ന് അധ്യക്ഷത വഹിച്ചു അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വില്ലേജ് ഓഫീസ്, സ്മാര്‍ട്ട് കൃഷിഭവന്‍, കോട്ടങ്ങല്‍ സ്‌കൂള്‍, വിവിധ പദ്ധതികളിലൂടെ റോഡ് നിര്‍മാണം, പാലം തുടങ്ങി എല്ലാ മേഖലയിലെയും പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കുന്നു. 20 ലക്ഷം രൂപ ചെലവഴിച്ചു ചുങ്കപ്പാറ ഗവ.ഹോമിയോ ഡിസ്പന്‍സറിയുടെ കെട്ടിടം മികച്ച സൗകര്യങ്ങളോട് കൂടി പൂര്‍ത്തിയാക്കിയത്. കുടിവെള്ള പ്രശ്നത്തിനു പരിഹാരമായുള്ള പദ്ധതി പ്രവര്‍ത്തനവും പുരോഗമിക്കുന്നു. എഴുമറ്റൂര്‍ ആശുപത്രിയുടെ നിര്‍മാണം ആരംഭിച്ചു. റാന്നി ആശുപത്രിയുടെ പുതിയ കെട്ടിട നിര്‍മാണത്തിന് ടെണ്ടര്‍ നടപടികള്‍ നടക്കുന്നുവെന്നും മണ്ഡലത്തിലെ ആരോഗ്യ മേഖലയുടെ കുതിപ്പിന് ആരോഗ്യ മന്ത്രിയുടെ പിന്തുണ വലുതാണെന്നും എംഎല്‍എ പറഞ്ഞു.
കോവിഡ് സമയത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നിന്ന ആശാ പ്രവര്‍ത്തകരെ എംഎല്‍എ ആദരിച്ചു. ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ ആക്കുന്നതിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷന്റെ 20 ലക്ഷം രൂപ വിനിയോഗിച്ചാണ് ഡിസ്പന്‍സറി നവീകരിച്ചത്.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം രാജി.പി രാജപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആനി രാജു, മെഡിക്കല്‍ ഓഫീസര്‍ ഡോ.എ ജെ റാബിയ, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.