Saturday, July 27, 2024
Homeകേരളംലൈഫ് മിഷന്‍ ജനങ്ങളുടെ ഭവന സ്വപ്നത്തിന്റെ സാക്ഷാത്കാരം : മന്ത്രി വീണാ ജോര്‍ജ്

ലൈഫ് മിഷന്‍ ജനങ്ങളുടെ ഭവന സ്വപ്നത്തിന്റെ സാക്ഷാത്കാരം : മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട –ലൈഫ്ഫ്  മിഷന്‍ ജനങ്ങളുടെ ഭവന സ്വപ്നത്തിന്റെ സാക്ഷാത്കാരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ മുഖേന നിര്‍മാണം പൂര്‍ത്തീകരിച്ച 100 വീടുകളുടെ താക്കോല്‍ദാനത്തിന്റെ ഉദ്ഘാടനം മാങ്കൂട്ടം ബഥാനിയ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ സ്വപ്നമാണ് സുരക്ഷിതമായ ഭവനം. പൊതുജനാവശ്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ എല്ലാവര്‍ക്കും ഭവനം നല്‍കുന്നതിനായാണ് സമ്പൂര്‍ണ-സമഗ്ര പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ ആവിഷ്‌കരിച്ച് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ നടപ്പാക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 75000 വീടുകളാണ് ലക്ഷ്യം വച്ചിരുന്നെങ്കിലും 1,40,000 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായും ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തു ലൈഫിന്റെ ഗുണഭോക്താക്കളുടെ എണ്ണം അഞ്ചു ലക്ഷത്തിന് മുകളിലെത്തുമെന്നും മന്ത്രി പറഞ്ഞു. വര്‍ഷങ്ങളായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത വീടുകളുടെ നിര്‍മാണം, സ്ഥലമുണ്ടായിട്ടും വീടില്ലാത്തവര്‍ക്ക് വീട്, ഭൂരഹിത – ഭവനരഹിതരായവര്‍ എന്നിവര്‍ക്കാണ് ലൈഫ് പദ്ധതിയിലൂടെ സേവനങ്ങള്‍ ലഭ്യമാകുന്നത്.
രാജ്യത്ത് ഭവന നിര്‍മാണത്തിനായി ഏറ്റവും കൂടുതല്‍ ഫണ്ട് ചെലവാക്കുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് ഏനാത്ത് 11 വാര്‍ഡിലെ പങ്കജാക്ഷി അമ്മക്ക് ആദ്യ താക്കോല്‍ വിതരണം ചെയ്തു.

ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി, വീടില്ലാത്തവര്‍ക്ക് വീട് എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാനത്താകെ നാലരലക്ഷത്തിലധികം പേര്‍ക്ക് അടച്ചുറപ്പുള്ള സ്വന്തം ഭവനം സാക്ഷാത്ക്കരിക്കാന്‍ പദ്ധതിയിലൂടെ കഴിഞ്ഞു.

സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഭൂരഹിത ഭവനരഹിതമായവര്‍ക്ക് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ നിര്‍മിക്കുന്നത് അടൂര്‍ മണ്ഡലത്തിലാണ്. പന്തളത്ത് 42 കുടുംബംങ്ങള്‍ക്കും ഏനാത്ത് ഭൂമി ഇല്ലാത്ത 52 കുടുംബംങ്ങള്‍ക്കുമാണ് ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കുന്നത്. സംസ്ഥാനത്ത് ഏഴര വര്‍ഷകാലം കൊണ്ട് മൂന്നേമുക്കാല്‍ ലക്ഷം കുടുംബങ്ങള്‍ക്കാണ് പട്ടയം നല്‍കിയത്. കൂടാതെ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം തുടങ്ങി എല്ലാ മേഖലകളിലും സമഗ്രമായ വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്നും ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഏഴംകുളം ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഇ അലി അക്ബര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ലൈഫ് മിഷന്‍ ഏഴംകുളം ഗ്രാമപഞ്ചായത്തിനു നല്‍കിയ അനുമതിയുടെ അടിസ്ഥനത്തിലാണ് കരാര്‍ വെയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഗ്രാമപഞ്ചായത്തില്‍ ആദ്യ ഘട്ടത്തില്‍ 100 വീടുകളും രണ്ടാം ഘട്ടത്തില്‍ 102 വീടുകളും പൂര്‍ത്തീകരിച്ചു.

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ആദ്യ ഘട്ടത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കളുമായാണ് കരാറിലേര്‍പ്പെട്ട് നിര്‍മാണം ആരംഭിച്ചത്. ലൈഫ് ലിസ്റ്റില്‍ പട്ടികജാതി വിഭാഗത്തില്‍ 98 ഗുണഭോക്താക്കളാണ് ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ 80 പേര്‍ ഇതിനകം കരാറിലേര്‍പ്പെടുകയും 61 പേര്‍ നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്തില്‍ ലൈഫ് 2020 ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ ഭവന നിര്‍മാണത്തിനായി 2,64,58,529 രൂപയും ജനറല്‍ വിഭാഗത്തിന് 1,83,40,000 രൂപയും ഉള്‍പ്പടെ ആകെ ഇതുവരെ 4,47,98,529 രൂപയുമാണ് ചെലവായത്.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബേബിലീന, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ. താജുദ്ദീന്‍, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രാധാമണി ഹരികുമാര്‍, വാര്‍ഡ് മെമ്പര്‍ അഡ്വ. ആര്‍ ജയന്‍, ത്രിതല പഞ്ചായത്തംഗംങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments