*സുസജ്ജം ശബരിമല; മകരവിളക്കിന് വിപുലമായ ക്രമീകരണങ്ങൾ*
പത്തനംതിട്ട –*മകരവിളക്ക് ദിവസം പമ്പയിൽ നിന്ന് പ്രവേശനം 11.30 വരെ*
മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട അവസാനഘട്ട ഒരുക്കങ്ങളിലാണ് ശബരിമല. മകരവിളക്കുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി അഡീഷണ ജില്ലാ മജിസ്ട്രേറ്റ് സൂരജ് ഷാജിയുടെയും സന്നിധാനം സ്പെഷ്യൽ ഓഫീസ൪ എസ്. സുജിത് ദാസിന്റെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് അവലോകന യോഗം ചേ൪ന്നു. ഓരോ വകുപ്പുകൾക്കും നൽകിയിരിക്കുന്ന ചുമതലകളുടെ നി൪വഹണ പുരോഗതി യോഗത്തിൽ വിലയിരുത്തി.
മകരവിളക്ക് ദിവസം 1.5 ലക്ഷം മുതല് രണ്ട് ലക്ഷം പേരെയാണ് സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമായി പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള 2500 പോലീസുകാ൪ക്ക് പുറമേ 250 ഉദ്യോഗസ്ഥ൪ കൂടി മകരവിളക്ക് സമയത്ത് സന്നിധാനത്തുണ്ടാകും. അതിന് പുറമേ 125 പേരടങ്ങുന്ന ബോംബ് സ്വാഡും റാപ്പിഡ് ആക്ഷ൯ ഫോഴ്സും എന്.ഡി.ആ൪.എഫ് സംഘവും പോലീസ് കമാ൯ഡോകളും സുരക്ഷയുറപ്പാക്കാ൯ രംഗത്തുണ്ടാകും. മകരവിളക്ക് സമയത്ത് രണ്ട് ഷിഫ്റ്റുകളിലുമുള്ള പോലീസ് സേന ഡ്യൂട്ടിയിലുണ്ടാകും.
മകരവിളക്ക് ദിവസമായ ജനുവരി 15 ന് രാവിലെ 11.30 യ്ക്ക് ശേഷം പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കയറ്റിവിടില്ല.
ഭക്ത൪ക്ക് ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടാൽ ഉട൯ തന്നെ സമീപത്തെ ആരോഗ്യ കേന്ദ്രത്തിലെത്തിക്കാ൯ സ്ട്രക്ച൪ ടീമിന്റെ സേവനം വിപുലപ്പെടുത്തും. കൂടുതൽ സ്ട്രക്ചറുകൾ ലഭ്യമാക്കുകയും ഏകോപനമുറപ്പാക്കുകയും ചെയ്യും. നിലവിൽ ഫയ൪ഫോഴ്സ്, എ൯.ഡി.ആ൪.എഫ്, ദേവസ്വം ബോ൪ഡ്, അയ്യപ്പ സേവാ സംഘം തുടങ്ങിയവരാണ് സ്ട്രക്ച൪ സേവനം ലഭ്യമാക്കാനായി രംഗത്തുള്ളത്.
സന്നിധാനത്തെയും പരിസരങ്ങളിലെയും ബാരിക്കേഡുകളുടെയും മറ്റും അറ്റകുറ്റപ്പണികൾ ശനിയാഴ്ചയോടെ പൂ൪ത്തിയാക്കാ൯ എ.ഡി.എം നി൪ദേശം നൽകി. അമിത വിലയീടാക്കി ഭക്തരെ ചൂഷണം ചെയ്യുന്നതൊഴിവാക്കാ൯ ബന്ധപ്പെട്ട വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി നടപടികൾ ഊ൪ജിതമാക്കും.
വനാതി൪ത്തികളിലും വനപ്രദേശത്തും സംയുക്ത പരിശോനകൾ ശക്തമാക്കും. എല്ലാ പോയിന്റുകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കും. ക്യൂവിൽ നിൽക്കുന്ന ഭക്ത൪ക്കും മുടങ്ങാതെ കുടിവെള്ളം എത്തിക്കും. എല്ലാ പോയിന്റുകളിലും വിതരണം ചെയ്യുന്നതിനാവശ്യമായ ബിസ്കറ്റുകൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. 77 ലക്ഷത്തിലധികം ബിസ്ക്കറ്റുകൾ ഇതിനായി ശേഖരിച്ചിട്ടുണ്ട്. വെളിച്ചക്കുറവുള്ള ഇടങ്ങളിൽ അടിയന്തരമായി ലൈറ്റുകൾ ക്രമീകരിക്കും. മകരവിളക്ക് ദ൪ശനത്തിനായി സന്നിധാനത്തെ വിവിധ കെട്ടിടങ്ങളുടെ മുകളിൽ ഭക്ത൪ കയറുന്നത് ക൪ശനമായി തടയും. അപകടസാഹചര്യം മുന്നിൽ കണ്ടാണ് നടപടി.
മകരവിളക്കുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ സംയുക്ത പരിശോധന ദേവസ്വം സ്പെഷ്യൽ കമ്മീഷണറുടെ നേതൃത്വത്തിൽ 13 ശനിയാഴ്ച വൈകിട്ട് നടക്കും.
*നി൪ദേശങ്ങൾ*
*ഭക്ത൪ അനുവദനീയമായ സ്ഥലങ്ങളിൽ മാത്രം തമ്പടിക്കുക
*ഒരു കാരണവശാലം തമ്പടിക്കുന്ന സ്ഥലങ്ങളിൽ പാചകം ചെയ്യുകയോ തീ കത്തിക്കുകയോ പാടില്ല
*അനധികൃതമായി വനത്തിൽ പ്രവേശിക്കുന്നത് അപകടം വിളിച്ചു വരുത്തും. പാമ്പു കടി ഏൽക്കാനുള്ള സാധ്യത കൂടുതലാണ്
*മരക്കമ്പുകൾ വെട്ടുകയോ, മരങ്ങളിൽ കയറുകയോ ചെയ്യരുത്
*ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സാമഗ്രികളുമായി എത്തുന്നത് ക൪ശനമായി തടയും. അത്തരം സാമഗ്രികൾ പിടിച്ചെടുക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യും
*സന്നിധാനത്തെ ബന്ധപ്പെട്ട സ്ഥലങ്ങളിലെയും കടകളിൽ പാചകം ചെയ്യാ൯ ഉതകുന്ന പാത്രങ്ങൾ വിൽക്കരുത്
മകരവിളക്ക് ദ൪ശനത്തിനു ശേഷം ഭക്ത൪ തിരിച്ചിറങ്ങേണ്ട റൂട്ടുകൾ സംബന്ധിച്ചും പോലീസിന്റെ നേതൃത്വത്തിൽ കൃത്യമായ പദ്ധതി തയാറാക്കിയിട്ടുണ്ട്.
*എക്സിറ്റ് റൂട്ടുകൾ*
മകരവിളക്ക് ദർശനം കഴിഞ്ഞ് തിരികെ പോകുന്ന ഭക്തർക്കായി നാല് എക്സിറ്റ് റൂട്ടുകളാണ് നിശ്ചയിച്ചിട്ടുള്ളത്.
പാണ്ടിത്താവളം ജംഗ്ഷനിൽ നിന്ന് വലതുഭാഗത്ത് കൂടി താഴെ മാളികപ്പുറത്തേക്കുള്ള ഇറക്കം ഇറങ്ങി, അന്നദാന മണ്ഡപത്തിന്റെ പുറകിലൂടെ ബെയ്ലി പാലം കയറി ജീപ്പ് റോഡിലേക്ക് എത്തുന്നതാണ് ഒന്നാമത്തെ റൂട്ട്.
പാണ്ടിത്താവളം ജംഗ്ഷനിൽ നിന്ന് ഇടതുഭാഗത്തിലൂടെ ദർശന കോംപ്ലക്സിന്റെ താഴ്ഭാഗത്ത് കൂടി, കൊപ്രാക്കളം വഴി നടപ്പന്തലിന്റെ പിൻവശത്തു കൂടെ, കെ.എസ്.ഇ.ബി ജംഗ്ഷനിൽ എത്തി ജീപ്പ് റോഡിലേക്ക് പോകുന്നതാണ് രണ്ടാമത്തെ റൂട്ട്.
മൂന്നാമത്തെ റൂട്ട് മാളികപ്പുറം ഭാഗത്തുനിന്ന് പ്രധാന നടപന്തലിലൂടെയും ഫ്ലൈ ഓവറിലൂടെയും കെഎസ്ഇബി ജംഗ്ഷനിൽ എത്തി ജീപ്പ് റോഡിലേക്ക് പോകുന്നതാണ്.
വടക്കേ നടയുടെ പിൻഭാഗത്ത് ദർശനത്തിനായി നിൽക്കുന്നവർക്ക് ദേവസ്വം മെസ്സ് ഭാഗത്തുകൂടിയും ഭസ്മക്കുളം വഴിയും ബെയിലി പാലത്തിൽ എത്തി ജീപ്പ് റോഡിൽ എത്തുന്നതാണ് നാലാമത്തെ എക്സിറ്റ് റൂട്ട്.
ദേവസ്വം ബോ൪ഡ് കോൺഫറ൯സ് ഹാളിൽ ചേ൪ന്ന യോഗത്തിൽ എ.എസ്.ഒ ആ൪. പ്രതാപ൯ നായ൪, ദേവസ്വം ചീഫ് വിജില൯സ് & സെക്യൂരിറ്റി ഓഫീസ൪ ടി.കെ സുബ്രമണ്യ൯, എക്സിക്യൂട്ടീവ് ഓഫീസ൪ എച്ച്. കൃഷ്ണകുമാ൪ തുടങ്ങിയവ൪ പങ്കെടുത്തു.