തിരുവനന്തപുരം —–സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി തന്നെ ആവർത്തിക്കുമ്പോഴും, റിപ്പബ്ലിക് ദിനത്തില്‍ വിരുന്നൊരുക്കാന്‍ രാജ്ഭവന് 20 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. ബജറ്റ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയാണു തുക അനുവദിച്ചത്. 26ന് വൈകിട്ടാണു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്‌ഭവനിൽ വിരുന്ന് ഒരുക്കിയിട്ടുള്ളത്.
മാസങ്ങളായുള്ള പിണക്കം മറന്നു മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിരുന്നിൽ പങ്കെടുക്കുമെന്നാണു സൂചന. ‘അറ്റ് ഹോം’ എന്ന പേരിലാണു വിരുന്ന് സംഘടിപ്പിക്കുന്നത്. പരിപാടിക്കു തുക അനുവദിക്കണമെന്ന് രാജ്ഭവന്‍ നേരത്തേ സർക്കാരിനു കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് അധികഫണ്ട് അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയത്.
സർക്കാരുമായും മുഖ്യമന്ത്രിയുമായും ഗവർണർ കൊമ്പുകോർക്കുന്നതിനിടെയാണു വിരുന്നിനു പണം അനുവദിച്ചതെന്നതു ശ്രദ്ധേയം. പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് ആരംഭിക്കുക. നയപ്രഖ്യാപന പ്രസംഗം ഗവർണർ അംഗീകരിച്ചിരുന്നു.
നേരത്തേ, രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി.ഗണേഷ്കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ അടുത്തടുത്തിരിന്നിട്ടും ഗവർണറും മുഖ്യമന്ത്രിയും പരസ്പരം നോക്കുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല.
– – – –