Logo Below Image
Friday, March 14, 2025
Logo Below Image
Homeഇന്ത്യഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരമുള്ള ആദ്യ എഫ്ഐആര്‍ തെരുവ് കച്ചവടക്കാരനെതിരെ ഫയൽ ചെയ്യപ്പെട്ടു.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരമുള്ള ആദ്യ എഫ്ഐആര്‍ തെരുവ് കച്ചവടക്കാരനെതിരെ ഫയൽ ചെയ്യപ്പെട്ടു.

ന്യൂഡൽഹി: ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരമുള്ള ആദ്യ എഫ്ഐആര്‍ ഫയൽ ചെയ്യപ്പെട്ടു. ഡല്‍ഹിയിൽ ഒരു തെരുവു കച്ചവടക്കാരനെതിരെയാണ് ആദ്യ എഫ്ഐആർ. ബിഎൻഎസ്എസ് സെക്ഷൻ 173 പ്രകാരമാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്. ഒരു ഫൂട് ഓവർ ബ്രിഡ്ജിനു താഴെ കച്ചവടം നടത്തുകയായിരുന്ന ആൾക്കെതിരെ വഴി തടസ്സപ്പെടുത്തിയതിനാണ് കേസ്.ഭാരതീയ ന്യായ സംഹിത സെക്ഷൻ 285 പ്രകാരമാണ് കച്ചവടക്കാരനെതിരെ കുറ്റച്ചാർത്ത് വരുന്നത്.

പുകയില ഉൽപ്പന്നങ്ങളും വെള്ളവുമെല്ലാം വിൽക്കുന്ന കച്ചവടക്കാരനെതിരെയാണ് കേസ്. ന്യൂഡൽഹി രെയിൽവേ സ്റ്റേഷനരികെയുള്ള കാൽനടപ്പാലത്തിന് താഴെയാണ് ഇയാൾ ഒരു ഉന്തുവണ്ടിയിൽ കച്ചവടം നടത്തിയിരുന്നത്. ഇത് യാത്രക്കാർക്ക് അസൗകര്യം സൃഷ്ടിക്കുന്നത് കണ്ടാണ് നടപടി.ഉന്തുവണ്ടി മാറ്റിയിടണമെന്ന് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാൾ അനുസരിച്ചില്ലെന്നാണ് പറയുന്നത്.

ഇന്ത്യൻ പീനൽ കോഡ് നിയമസംഹിതകൾ നീക്കം ചെയ്ത് പുതിയ നിയമസംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇന്നലെ അര്‍ദ്ധരാത്രിമുതൽ നിയമം നിലവിൽ വന്നു. ഇനിയങ്ങോട്ട് ഭാരതീയ ന്യായ സംഹിത പ്രകാരമാണ് കേസുകളെടുക്കുക. അതെസമയം ഇതുവരെ ഐപിസിയിൽ രജിസ്റ്റർ കേസുകൾ അതേ സംവിധാനത്തിൻകീഴിൽ തുടരുമെന്നാണ് വിവരം. ജൂലൈ 1നു മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കേസുകളും പൂർത്തീകരിക്കുക പഴയ നിയമസംഹിതകൾ പ്രകാരമായിരിക്കും.

ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ പ്രൊസീജ്യർ കോഡ്, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയാണ് മാറ്റിയിരിക്കുന്നത്. ഇഐപിസിക്ക് പകരം ഭാരതീയ ന്യായസംഹിതയും, സിആർപിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവുമാണ് നിലവിൽ വന്നിരിക്കുന്നത്. ഇതിനെയെല്ലാം ചേർത്ത് ഭാരതീയ ന്യായ സംഹിത എന്ന് വിളിക്കുന്നു.ബ്രിട്ടീഷുകാലത്തെ ഇന്ത്യൻ ക്രിമിനൽ നിയമങ്ങളും തെളിവു നിയമങ്ങളും ശിക്ഷാ നിയമങ്ങളുമെല്ലാം ആധുനികീകരിക്കുക എന്നതാണ് ലക്ഷ്യം.

ഭാരതീയ ന്യായ സംഹിതയിൽ 21 പുതിയ കുറ്റങ്ങൾ ചേർത്തിട്ടുണ്ട്. ആകെ 258 സെക്ഷനുകളാണ് ബിഎൻഎസ്സിനുള്ളത്. 41 കുറ്റകൃത്യങ്ങളിൽ ശിക്ഷാ കാലാവധി നീട്ടി. 82 കുറ്റങ്ങൾക്ക് പിഴത്തുകയും കൂട്ടിയിട്ടുണ്ട്. 25 കുറ്റങ്ങളുടെ മിനിമം ശിക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്. 23 കുറ്റങ്ങൾക്ക് നിർബന്ധിത മിനിമം ശിക്ഷ ഉറപ്പാക്കി. ആറ് കുറ്റങ്ങൾക്ക് സാമൂഹ്യസേവനം ശിക്ഷയായി ചേർത്തു.

സെക്ഷൻ നമ്പരുകൾ ഇനിയെല്ലാം പുതിയതായിരിക്കും. ഐപിസിയുടെ 420-ാം വകുപ്പ് വഞ്ചന കുറ്റമാണ്. എന്നാൽ പുതിയ നിയമത്തിൽ ഈ നമ്പരിൽ ഒരു വകുപ്പില്ല. ഭാരതീയ ന്യായ സംഹിതയുടെ 316-ാം വകുപ്പിലാണ് വഞ്ചനാകുറ്റം വരിക. ഇങ്ങനെ മിക്ക വകുപ്പ് നമ്പരുകളും പുതിയതാണ്. രാജ്യദ്രോഹം കൈകാര്യം ചെയ്യുന്ന ഐപിസി 124-എ വകുപ്പ് ഇനി സെക്ഷൻ 150 ആയിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments