പ്രിയമുള്ളവരേ…
ഈ ഗാനം മറക്കുമോ എന്ന പരിപാടിയിൽ ഒരു യക്ഷിഗാനം നമുക്കിന്ന് ആസ്വദിക്കാം.
1979 -ൽ ഇറങ്ങിയ കള്ളിയങ്കാട്ട് നീലി എന്ന പടത്തിലെ നിഴലായ് ഒഴുകിവരും ഞാൻ എന്ന ഗാനമാണ് നമ്മൾ ഇന്ന് കേൾക്കാൻ പോവുന്നത്. ബിച്ചു തിരുമലയുടെ വരികൾക്ക് ശ്യാം സംഗീതം നൽകി എസ്. ജാനകി പാടിയ ഈ പാട്ട് മലയാളസിനിമയിൽ ഇന്നോളം ഇറങ്ങിയ യക്ഷിഗാനങ്ങളിൽ വെച്ചേറ്റവും മനോഹരമായ ഗാനമാണ് എന്ന് നിസ്സംശയം പറയാം.
ജീവിച്ചു കൊതിതീരാതെ ജീവിതം പാതിവഴിയിൽ ഇട്ട് പോയ ആത്മാവിന്റെ അലച്ചിലോ, പ്രതികാരദാഹമോ മോഹം തീർക്കാനുള്ള ആവേശമോ ….
അതേ… അതുതന്നെയാണ് ഈ ഗാനത്തിന്റെ വരികളിലൂടെ സഞ്ചരിക്കുമ്പോൾ നമുക്ക് കാണാനാവുക, കേൾക്കാനാവുക.
. ഈ പാട്ട് കേട്ട് അന്ന് പല ചെറുപ്പക്കാരും യക്ഷിയെ പ്രണയിക്കാൻ കൊതിച്ചുപോയിട്ടുണ്ട്. നിലാവുള്ള രാത്രികളിലാണല്ലോ അവൾ ഒഴുകിയെത്തുന്നത്. അടങ്ങാത്ത ദാഹവുമായിപാറി വരുന്നത്. അവളെ ഒന്ന് കാണാനാവുമോ എന്ന് പലരും അന്ന് പരീക്ഷിച്ചുനോക്കിയിട്ടുമുണ്ട്. മോഹനചന്ദ്രന്റെ കലിക എന്ന നോവൽ അങ്ങിനെയൊരു പരീക്ഷണത്തിന്റെ കഥയാണ്. മിത്തുകളുടെ പിറകെ നടന്ന് തൊട്ടു പൊള്ളിയ ഒരു സത്യം.
മലങ്കാറ്റ് ചൂളംകുത്തിയാടുന്ന മുളംകാടാ ണ് അവളുടെ ലീലാവിലാസങ്ങളുടെ കേളീരംഗം എന്ന് അവൾ പാടുന്നു. അത്കൊണ്ട് തന്നെ മലങ്കാറ്റ് ചുഴറ്റിയാട്ടുന്ന മുളംതലപ്പുകളിൽ അവൾ മദോന്മത്തയായി പാതിരാവിൽ ഊഞ്ഞാലാടുന്നു….!
പാല പൂക്കുമ്പോളാണ് നമ്മുടെ പൈതൃകചിന്തകളിൽ ഉന്മാദമുണർത്തുന്ന യക്ഷികളുടെ ആഗമനം എന്ന് സങ്കല്പം. ഗന്ധർവ്വന്മാർക്കും പാലപ്പൂക്കളോട് അടങ്ങാത്ത ആസക്തിയുണ്ട്. പാല പൂക്കുന്ന നിലാവുള്ള രാത്രികളിൽ അവൾ ഒഴുകിവരുന്നു. പ്രണയാതുരയായി.. വികാരവതിയായി.. അടങ്ങാത്ത ദാഹം തീർക്കാൻ വേണ്ടി. ആൺഉടലുതേടി…!
ഇനി പാട്ടിന്റെ വരികളിലേക്ക് വരാം.
ആ…. ആ…. ആ…
നിഴലായ് ഒഴുകി വരും ഞാൻ
യാമങ്ങൾ തോറും കൊതി തീരുവോളം
ഈ നീലരാവിൽ ഈനീല രാവിൽ ഈ നീലരാവിൽ
നിഴലായ് ഒഴുകി വരും ഞാൻ
യാമങ്ങൾ തോറും കൊതി തീരുവോളം
ഈ നീലരാവിൽ ഈനീല രാവിൽ ഈ നീലരാവിൽ
മലങ്കാറ്റു മൂളും മുളങ്കാടു പോലും
നടുങ്ങുന്ന പാതിരാവാണെൻ നൃത്ത രംഗം (മലങ്കാറ്റു.. )
കുടപ്പാല പൂക്കുമ്പോൾ മണം കൊണ്ടു മൂടും കള്ളിയങ്കാടാണെൻ സ്വപ്നതീരം
ഒഴുകി വരും ഞാൻ കൊതി തീരുവോളം
ഈ നീലരാവിൽ ഈ നീലരാവിൽ ഈ നീലരാവിൽ
നിഴലായ്…..
നറുംപൂനിലാവിൻ വിരൽത്താളമേറ്റി
പനങ്കാടു പോലും മയങ്ങുന്ന നേരം (നറുംപൂനിലാവിൻ..)
ഒടുങ്ങാത്ത ദാഹത്തിൻ പ്രതിച്ഛായയെന്നിൽ
വളർത്തുന്നൂ വീണ്ടും പ്രതികാരമോഹം
ഒഴുകിവരും ഞാൻ കൊതി തീരുവോളം
ഈ നീലരാവിൽ ഈ നീലരാവിൽ ഈ നീലരാവിൽ
എത്ര ഗൃഹതുരത്തമുണർത്തുന്ന വരികളാണ്.!
“കുടപ്പാല പൂക്കുന്ന മണം കൊണ്ട് മൂടും കള്ളിയങ്കാടാണെൻ സ്വപ്നതീരം”
ഈ വരികളാണ് ഈ പാട്ടിലെ ഏറ്റവും മനോഹരമായ ഭാഗം. പാടുമ്പോൾ കേൾക്കാനും ഈ വരികളാണ് ഏറെ മധുരം…. മദാലസം….!.
. നിലാവ് പരന്നൊഴുകുന്ന നേരം. ആ പാതിരാവിലാണ് അവളുടെ സ്വർഗ്ഗം ഇതൾ വിരിയുന്നത്. അവിടമാണവളുടെ സ്വപ്നതീരം. അവിടെ അവൾ ഉന്മാദലഹരിയിൽ ആടിപ്പാടി നടക്കുന്നു.
“നറുംപൂനിലാവിൻ വിരൽത്താളമേറ്റി….”
ആ വിരൽത്താളം എന്നത് വല്ലാത്തൊരു പ്രയോഗമാണ്. കാല്പനീകചാരുത നിറംചാലിച്ച വരികൾ.
” ഒടുങ്ങാത്ത ദാഹത്തിൻ പ്രതിഛായയെന്നിൽ
വളർത്തുന്നു വീണ്ടും
പ്രതികാരമോഹം ”
ഇവിടെ പ്രതികാരമോ ദയനീയവിലാപമോ അതോ ജീവിക്കാനുള്ള അടങ്ങാത്തമോഹമോ?
എന്തുതന്നെയായാലും ഈ യക്ഷിയെ നമ്മളും പ്രണയിച്ചു പോവും.
ജാനകിയുടെ സ്വരമാധുരിയിലൂടെ.
ഒന്ന് സങ്കൽപ്പിച്ചുനോക്കൂ… അങ്ങിനെയൊരു ഒറ്റപ്പെട്ട ഉൾവനത്തെപ്പറ്റി..!
അവിടെ മദാലസയായി അലയുന്ന ഒരു പെണ്ണിനെപ്പറ്റി..!
ഇപ്പോൾ പാലകൾ പൂക്കുന്ന കാലം. എഴിലംപാലകൾ പാവാട നെയ്യുന്ന ധനുമാസരാവുകൾ..! പാലപ്പൂവിന്റെ സുഗന്ധം നുകർന്നുകൊണ്ട് നമുക്കീ യക്ഷിഗാനം കേൾക്കാം.
പ്രിയപ്പെട്ടവരേ…
ഇതിൽ മോഹത്തിന്റെ അലകളുണ്ട്…
മോഹഭംഗത്തിന്റെ തേങ്ങലുകളുണ്ട് …
നിങ്ങൾ കേൾക്കാൻ കൊതിക്കുന്ന ഹൃദയരാഗങ്ങളുമായി അടുത്ത ആഴ്ച്ച വീണ്ടും കാണാം.
സ്നേഹപൂർവ്വം
നിർമല അമ്പാട്ട്.