Thursday, December 26, 2024
Homeഅമേരിക്കവചനം സത്യമാണ്, ഇനിയൊരു രണ്ടാമത്തെ വരവിനായി കാത്തിരിക്കാം. ✍ ബിജി തോമസ്

വചനം സത്യമാണ്, ഇനിയൊരു രണ്ടാമത്തെ വരവിനായി കാത്തിരിക്കാം. ✍ ബിജി തോമസ്

ബിജി തോമസ്

1.വചനം
എല്ലാം സ്വർഗ്ഗസ്ഥനായ പിതാവിന്റെ തീരുമാനമായിരുന്നു.പിതാവിന്റെ കല്പനകൾ നിറവേറ്റാൻ സ്വന്തംപുത്രനെ ഭൂമിയിലേക്ക് അയച്ചു.ആദിയിൽ വചനം ഉണ്ടായിരുന്നു.വചനം ദൈവത്തോടുകൂടെ ആയിരുന്നു.വചനം ദൈവമായിരുന്നു.സകലതും അവൻ മുഖാന്തരം ഉളവായി.ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു. ഇരുളോ അതിനെ പിടിച്ചടക്കിയില്ല.ദൈവം അയച്ചിട്ട് ഒരു മനുഷ്യൻ വന്നു അതായിരുന്നു യോഹന്നാൻ.യോഹന്നാൻ വെളിച്ചത്തെക്കുറിച്ച് സംസാരിച്ചു.യേശുവിനെക്കുറിച്ച് സംസാരിച്ചു.യേശുവിനെക്കുറിച്ച് സംസാരിച്ചത് എന്റെ പിന്നാലെ വന്നവൻ എനിക്ക് മുമ്പനായി തീർന്നു എന്നാണ്.എന്നാൽ ഭൂമിയിൽ മനുഷ്യരുടെ ഇടയിൽ യേശുക്രിസ്തുവിനെ വിശ്വസിച്ചവരും അല്ലാത്തവരും ഉണ്ടായിരുന്നു.ആളുകൾ അവനെ അനുഗമിക്കുന്നതും,അവന്റെ വാക്കുകളെ ചെവിക്കൊള്ളുന്നതും കണ്ടപ്പോൾ ഉൾക്കൊള്ളാൻ കഴിയാത്ത മഹാപുരോഹിതന്മാരും പ്രമാണികളും അവന്റെ പ്രവർത്തികളെ വെറുത്തു.യേശു മനുഷ്യരുടെ ഇടയിൽ ചെയ്ത അത്ഭുതങ്ങൾ അവർക്ക് ഭയമായി.അവന്റെ വായിൽനിന്നും വന്ന വചനങ്ങളെ കേട്ടിട്ട് അവരുടെ ഉള്ളിൽ വിഭ്രാന്തി ഉണ്ടായി.അങ്ങനെ ദൈവപുത്രന്റെ മരണത്തെ അവർ കുറിച്ചു.കൂടെയുള്ള വിശ്വസ്ഥനായവൻ മുപ്പത് വെള്ളിക്കാശിന് ഒറ്റിക്കൊടുത്തപ്പോഴും ഞാനോ,ഞാനോ യേശുവേ എന്ന് മത്സരിച്ച് ചോദിച്ചു. തന്റെ മരണത്തെ മുന്നിൽ കണ്ട യേശു തന്റെ ശിഷ്യന്മാരെ വിളിച്ച് നേരത്തെ പെസഹ ആചാരിച്ചപ്പോൾ തന്നെ ഇനി നടക്കാൻ പോകുന്ന എല്ലാകാര്യങ്ങളും അവരോട് പറഞ്ഞുവെങ്കിലും അവർ ആദ്യമൊന്നും വിശ്വസിച്ചില്ല.

2.വിധി
ദൈവപുത്രനെ ഒരു കള്ളനെപ്പോലെ അവർ രാത്രിയിൽ പിടിച്ചു.അവൻ ശിഷ്യന്മാരോട് പറഞ്ഞതുപോലെ എല്ലാം സംഭവിച്ചു.കൂടെയുള്ളവൻ തള്ളിപ്പറഞ്ഞ രാത്രി.ആ നിമിഷത്തെക്കുറിച്ച് വേദനിച്ച ശിഷ്യനും.ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി രാജസന്നിധിയിൽ ന്യായം വിധിച്ചപ്പോൾ ഇവനിൽ ഞാൻ ഒരു കുറ്റവും കാണുന്നില്ല പിന്നെ എന്തിന് കൊല്ലണമെന്ന് ഭരണാധികാരികൾ ചോദിച്ചപ്പോൾ ജനം അവനെ ക്രൂശിക്ക ക്രൂശിക്ക എന്ന് ഉറക്കെ നിലവിളിച്ചു. അവരുടെ ആഗ്രഹങ്ങളെ പീലാത്തൊസ് വിധിച്ചു.വയലിൽ നിന്നു കയറിവന്ന ശീമോൻ കുറേ ദൂരം ക്രൂശ് ചുമന്നു.അവനെ സ്നേഹിക്കുന്നവർ അലമുറയിട്ട് കരഞ്ഞു.മനുഷ്യന്റെ സകലകഷ്ടതകളും സ്വന്തം വേദനയായി വഹിച്ചുകൊണ്ട് മൂന്ന് അണികളിൽ മരക്കൂരിശോട് ചേർന്ന അവന്റെ രക്തം മനുഷ്യന്റെ പാപക്കറ നീക്കിയ അവസാനനിമിഷം ഏതാണ്ട് ആറാം മണിനേരം സൂര്യൻ ഇരുണ്ടുപോയിട്ട് ഒമ്പതാം മണിവരെ ദേശത്തൊക്കെയും അന്ധകാരം ഉണ്ടായി. ദൈവമന്ദിരത്തിന്റെ തിരശീല നടുവേ ചീന്തിപ്പോയി.പിതാവേ ഞാൻ എന്റെ ആത്മാവിനെ തൃകൈയിൽ ഏൽപ്പിക്കുന്നു എന്നുപറഞ്ഞ് പ്രാണനെവിട്ട സ്വർഗ്ഗസ്ഥനായ പിതാവിന്റെ പുത്രനായ യേശു കർത്താവിന്റെ കഷ്ടാനുഭവങ്ങളുടെ ഓർമ്മ അമ്പതുനോമ്പിന്റെ ദിവസങ്ങളിൽക്കൂടെ കടന്നുപോകുമ്പോൾ വീണ്ടും ഒരു തിരിച്ചു വരവിനെ കാത്തിരിക്കുന്നവരാണ് ഓരോ ഈശ്വരവിശ്വാസിയും.യേശുക്രിസ്തുവിന്റെ അവസാനിമിഷത്തെ നോക്കി കണ്ടുകൊണ്ടിരുന്ന ശതാധിപൻ പോലും പറഞ്ഞ വാക്കാണ്”ഇവൻ വാസ്തവത്തിൽ നീതിമാനായിരുന്നു.”

3.ഉയർപ്പ്

സുഗന്ധ വർഗം എടുത്ത് കല്ലറയ്ക്കൽ എത്തിയവർ കണ്ട കാഴ്ച അവരിൽ അത്ഭുതം ഉളവാക്കി.അടക്കം ചെയ്ത കല്ലറയുടെ കല്ല് മാറിയിരിക്കുന്നു.ഉള്ളിൽ നോക്കിയപ്പോൾ യേശുവിന്റെ ശരീരം കണ്ടില്ല.പകരം മിന്നുന്ന വസ്ത്രമുള്ള രണ്ടുപേരെ കണ്ടു അവർ പറഞ്ഞതോ “നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്?
അവൻ ഇവിടെയില്ല ഉയർത്തെഴുന്നേറ്റിരിക്കിന്നു.”
ഉയർത്തെഴുന്നേറ്റവന്റെ ഒരു തിരിച്ചു വരവുണ്ട് അതിനായി നാം ഒരുങ്ങാം.

4.കാത്തിരിപ്പ്

യേശുക്രിസ്തു അനുഭവിച്ച വേദനകൾ തന്റെയും കൂടെ വേദനയാണെന്ന് ചിന്തിക്കുമ്പോൾ ഒരു വലിയ തയ്യാറെടുപ്പ് അത്യാവശ്യമാണ് അതിനായി മനസും ശരീരവും ഒരുക്കും മുമ്പേ താൻ ചെയ്തുപോയ പ്രവർത്തികൾ മറ്റൊരാൾക്ക് ഒരിക്കലും ദോഷവും പ്രയാസവും ഉണ്ടാകാത്ത വിധത്തിൽ ഒരു ക്ഷമയുടെ ഒരുക്കത്തോടെ വേണം അതിനെ കൈകൊള്ളാൻ.മലിനമായ രക്തത്തിന് മാറ്റം സംഭവിക്കുമ്പോൾ മാത്രമേ പുതുജീവൻ ലഭിക്കൂ.അതുകൊണ്ട് ആദ്യം വേണ്ടത് വിശ്വാസമാണ്.വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവുമാണ് എന്ന് വചനത്തിൽ എഴുതിയിരിക്കുന്നു.

ബിജി തോമസ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments