Thursday, December 26, 2024
Homeഅമേരിക്കതിരിഞ്ഞുനോക്കുമ്പോൾ:- ജോൺ പോൾ ✍അവതരണം: ദിവ്യ എസ് മേനോൻ

തിരിഞ്ഞുനോക്കുമ്പോൾ:- ജോൺ പോൾ ✍അവതരണം: ദിവ്യ എസ് മേനോൻ

ദിവ്യ എസ് മേനോൻ✍

മലയാളസിനിമയെ കെട്ടുറപ്പുള്ള തിരക്കഥകൾ കൊണ്ട് ഭദ്രമാക്കിയ തിരക്കഥാകൃത്തുക്കളിൽ അഗ്രഗണ്യനായിരുന്നു ശ്രീ ജോൺ പോൾ. സിനിമയെന്നാൽ പ്രേക്ഷകരുടെ മനസ്സിൽ പതിയും വിധമുള്ള കഥ പറച്ചിൽ കൂടിയാണെന്ന് മലയാളചലച്ചിത്രലോകത്തെ പഠിപ്പിച്ച പ്രതിഭാധനനായ എഴുത്തുകാരൻ. സർഗ്ഗശേഷിയും അനുഭവസമ്പത്തും കൊണ്ട് മലയാള സിനിമ പ്രേക്ഷകർക്ക് പുതിയൊരു ലോകം തുറന്നുകൊടുത്ത അദ്ദേഹത്തിന്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.

1950 ഒക്ടോബർ 29 ന് പി വി പൗലോസിന്റെയും റബേക്കയുടേയും മകനായി എറണാകുളത്തായിരുന്നു ജോൺ പോളിന്റെ ജനനം. എറണാകുളത്തും പാലക്കാടുമായായിരുന്നു അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അദ്ദേഹം ബാങ്കുദ്യോഗസ്ഥനായി പത്തു വർഷക്കാലത്തോളം ജോലി നോക്കി. പിന്നീട് സിനിമയിൽ സജീവമായപ്പോഴാണ് ബാങ്കിലെ ഉദ്യോഗം അദ്ദേഹം രാജി വച്ചത്. പഠനകാലത്തു തന്നെ എഴുത്തിൽ അതീവതത്പരനായിരുന്നു അദ്ദേഹം. ആനുകാലികങ്ങളിൽ അദ്ദേഹത്തിന്റെ രചനകൾ സ്ഥിരമായി പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. കൂടാതെ പരസ്യചിത്രങ്ങൾക്കും ഹ്രസ്വചിത്രങ്ങൾക്കും വേണ്ടിയും അദ്ദേഹം എഴുതിയിരുന്നു.

ഐ വി ശശി സംവിധാനം ചെയ്ത ‘ഞാൻ, ഞാൻ മാത്രം’ എന്ന സിനിമയ്ക്ക് കഥ എഴുതിക്കൊണ്ടാണ് ജോൺ പോളിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. അതിനു ശേഷം 1980 ൽ പുറത്തിറങ്ങിയ ‘ചാമരം’ എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ട് അദ്ദേഹം തിരക്കഥാരംഗത്തേയ്ക്കും കടന്നു. ചാമരം വലിയ വാണിജ്യവിജയമായതോടു കൂടി ജോൺ പോൾ എന്ന തിരക്കഥാകൃത്തിന്റെ സുവർണ്ണകാലം ആരംഭിച്ചു എന്നുതന്നെ പറയാം. പ്രഗത്ഭരായ പല സംവിധായകരുടെ ചിത്രങ്ങൾക്ക് വേണ്ടിയും അദ്ദേഹം കഥയും, തിരക്കഥയും എഴുതി. ഐ വി ശശി, ഭരതൻ, പി വി വിശ്വംഭരൻ, മോഹൻ, സത്യൻ അന്തിക്കാട് എന്നിവരുടെ ചിത്രങ്ങൾക്കെല്ലാം വേണ്ടി അദ്ദേഹത്തിന്റെ മാന്ത്രിക തൂലിക ചലിച്ചു. നൂറോളം ചിത്രങ്ങൾ അദ്ദേഹത്തിന്റെ എഴുത്തിലൂടെ പിറന്നുവീണു.

സമാന്തര സിനിമകളുടെ ബൗദ്ധികതലങ്ങളേയും വാണിജ്യസിനിമകളുടെ വിനോദതലങ്ങളെയും സമന്വയിപ്പിച്ചു കൊണ്ടുപോകാൻ അദ്ദേഹത്തിന്റെ തിരക്കഥകൾക്കായി എന്നത് എടുത്തുപറയേണ്ടുന്ന പ്രത്യേകതയാണ്. കാതോട് കാതോരം, കാറ്റത്തെ കിളിക്കൂട്, പാളങ്ങൾ, യാത്ര, അതിരാത്രം, ഇത്തിരിപ്പൂവെ ചുവന്നപൂവെ, ഇണ,അവിടുത്തെപോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം,
ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി എന്നിവയാണ് അദ്ദേഹത്തിന്റെ തിരക്കഥയിൽ പിറന്ന ചില മികച്ച ചിത്രങ്ങൾ. ഇന്നത്തെ തലമുറയിലെ പ്രേക്ഷകരെ പോലും ആകർഷിക്കാൻ തക്ക കഴിവുള്ള മികച്ച കഥകൾക്കും കഥാപാത്രങ്ങൾക്കും അദ്ദേഹം ജീവൻ നൽകി. ഇന്നും ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്ന പല ചിത്രങ്ങളും അദ്ദേഹത്തിന്റെ സർഗ്ഗശേഷിയുടെ തെളിവുകളാണ്. 2019 ൽ റിലീസായ, കമൽ സംവിധാനം ചെയ്ത ‘പ്രണയമീനുകളുടെ കടൽ ‘ ആണ് അദ്ദേഹം തിരക്കഥ എഴുതിയ അവസാന ചിത്രം.

തിരക്കഥാകൃത്ത് എന്നതിലുപരി അദ്ദേഹം മലയാള ചലച്ചിത്രശാഖയ്ക്കും സാഹിത്യത്തിനും നൽകിയിട്ടുള്ള സംഭാവനകൾ അവിസ്മരണീയമാണ്. എം ടി സംവിധാനം നിർവഹിച്ച ‘ഒരു ചെറുപുഞ്ചിരി ‘ എന്ന ചിത്രം നിർമിച്ചത് ശ്രീ ജോൺ പോളാണ്. ആ സിനിമയ്ക്ക് ദേശീയ അവാർഡും സംസ്ഥാനഅവാർഡും ലഭിക്കുകയുണ്ടായി. ഗ്യാംങ്സ്റ്റർ, കെയർ ഓഫ് സൈറാബാനു എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം അഭിനയരംഗത്തും തന്റെ സാന്നിദ്ധ്യം അറിയിച്ചു. സ്വസ്തി, കാലത്തിനു മുൻപേ നടന്നവർ, ഓർമ്മകളുടെ ചാമരം, എന്റെ ഭരതൻ തിരക്കഥകൾ, ഒരു കടം കഥ പോലെ ഭരതൻ, മായാസ്മൃതി, കാഴ്ചയും കഥയും, എം ടി ഒരു അനുയാത്ര, പ്രതിഷേധം തന്നെ ജീവിതം, പി ജെ ആന്റണി തുടങ്ങി നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ‘എം ടി ഒരു അനുയാത്ര’ എന്ന പുസ്തകത്തിന് സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്.

തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നതിലെല്ലാം ഉപരിയായി കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിലും വ്യക്തിമുദ്ര പതിപ്പിച്ച അനശ്വരപ്രതിഭയാണ് ജോൺ പോൾ. തന്റെ അറിവും അനുഭവവും പുതുതലമുറയ്ക്കായി കാത്തുവയ്ക്കുകയും പങ്കുവയ്ക്കുകയും ചെയ്ത വിശാലമനസ്സിനുടമ. ജോൺ പോൾ എന്ന വ്യക്തിത്വത്തിന്റെ ‘ഗരിമ’ അദ്ദേഹത്തിന്റെ കഥകളിലൂടെയും അദ്ദേഹം പങ്കുവച്ച അറിവുകളിലൂടെയും വരും തലമുറയും അനുഭവിച്ചറിയുമെന്നതിൽ സംശയമില്ല.

(സഫാരി ചാനലിൽ അദ്ദേഹം അവതരിപ്പിച്ചിരുന്ന ‘ചരിത്രം എന്നിലൂടെ ‘ എന്ന പ്രോഗ്രാമിലൂടെയാണ് അദ്ദേഹത്തിന്റെ പദസമ്പത്ത് എത്രമാത്രം ഉത്കൃഷ്ടമാണെന്ന് തിരിച്ചറിഞ്ഞത്. ‘ഗരിമ’ എന്ന വാക്ക് അദ്ദേഹത്തിന്റെ പ്രയോഗങ്ങളിലൂടെ മനസ്സിൽ പതിഞ്ഞ ഒന്നാണെന്ന് നന്ദിയോടെ സ്മരിക്കുന്നു 🙏🏻)

അവതരണം: ദിവ്യ എസ് മേനോൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments