Thursday, September 19, 2024
Homeഅമേരിക്കഓർമ്മയിലെ മുഖങ്ങൾ: പി. ജെ. ആന്റണി ✍അവതരണം: അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ: പി. ജെ. ആന്റണി ✍അവതരണം: അജി സുരേന്ദ്രൻ

അജി സുരേന്ദ്രൻ✍

ആജന്മ നിഷേധി, പൊരുത്തക്കേടിൻ്റെ ഭാഷ വശമുള്ളവൻ, ഈങ്കുലാബിൻ്റെ പുത്രൻ, ചെമ്പൻ കണ്ണിൽ തീക്ഷണമായ നിലപാടുകൾ കൊണ്ടു നടക്കുന്നവൻ ഇങ്ങനെ വിശേഷണങ്ങളേറെ….
മലയാളികളുടെ സ്വകാര്യ അഹങ്കാരം പി.ജെ.ആൻ്റണി.

മലയാള ചലച്ചിത്ര നാടകരംഗത്തെ പ്രശസ്ത നടനായിരുന്നു പി ജെ ആന്റണി.
പേര് കേൾക്കുമ്പോൾ ചലച്ചിത്ര പ്രേമികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ‘നിർമാല്യ’ത്തിലെ വെളിച്ചപ്പാട് തന്നെയാകും.

മലയാളസാഹിത്യ – നാടക രംഗങ്ങളിൽ നിലനിന്നിരുന്ന പതിവ് മാമൂൽ സങ്കല്പങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മലയാള നാടകവേദിയിൽ പുതിയ രൂപവും ഭാവവും ശൈലിയും നൽകുന്നതിൽ ഇദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്‌. ഒപ്പം രാഷ്ട്രീയ നിലപാടുകളിൽ തൻ്റേതായ നയം വ്യക്തമാക്കിയ മഹാപ്രതിഭ.

1925 ജനുവരി 1 ന്ആലുവയില്‍ ജനിച്ചു.ചെറുപ്രായത്തിൽ തന്നെ റോയൽ നേവിയിൽ ചേർന്ന് രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്തു; ഇരുപതാം വയസ്സിൽ തിരിച്ച് വന്ന അദ്ദേഹം നാടകപ്രവർത്തങ്ങളുമായി ബന്ധപ്പെട്ടു. രചന, അഭിനയം, സംവിധാനം തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ചതിനാൽ പെട്ടെന്ന് തന്നെ പ്രൊഫഷണൽ നാടകവേദികളിൽ സജീവ സാന്നിധ്യമാകാൻ കഴിഞ്ഞു.

അന്നത്തെ ഇൻഡസ്ട്രി ലീഡ് ആയിരുന്ന കെപിഎസിയിലൂടെയും പിന്നീട് നല്ല നാടകങ്ങള്‍ രചിക്കുക എന്ന ലക്ഷ്യത്തോടെ സ്വന്തമായി രൂപീകരിച്ച പി ജെ തീയറ്റേഴ്സ്, പ്രതിഭ തീയറ്റേഴ്സ് തുടങ്ങിയവയിലൂടെയും മലയാള നാടകശാഖക്ക് പുതുവഴി വെട്ടി ഒട്ടേറെ നല്ല നാടകങ്ങൾ അരങ്ങിലെത്തിച്ചു.

മലയാള സാഹിത്യ -നാടകരംഗങ്ങളില്‍ പുതിയ മാറ്റത്തിന് വഴിവെച്ചവയായിരുന്നു അദ്ധേഹത്തിന്റെ നാടകങ്ങള്‍. ചക്രവാളം, വേഴാമ്പാല്‍, മൂക്ഷികസ്ത്രീ, പൊതുശത്രുക്കള്‍, ദീപ്തി, മണ്ണ്, ഇത് പൊളിറ്റിക്‌സ് എന്നിവ അദ്ധേഹത്തിന്റെ പ്രധാനപെട്ട നാടകങ്ങളാണ്.

രണ്ടിടങ്ങഴി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.പെരിയാര്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചു. നിര്‍മ്മാല്യം അദ്ദേഹത്തെ ഏറെ പ്രശസ്തിയിലേക്കെത്തിച്ചു.നല്ല അഭിനയത്തിനുള്ള ഫിലിം ഫാൻസ് അസ്സൊസിയേഷന്റെ അഞ്ച് അവാർഡുകൾ പി. ജെ. ആന്റണിക്ക് ലഭിച്ചിട്ടുണ്ട്.

നാടകവും, സിനിമയും മാത്രമായിരുന്നില്ല, ഒരുപാട് വിപ്ലവഗാനങ്ങളും ലളിതഗാനങ്ങളും, “ഇതാ മനുഷ്യൻ”, “ഒരു ഗ്രാമത്തിന്റെ ആത്മാവ്” തുടങ്ങിയ നോവലുകളും അനേകം ചെറുകഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്.

പി എ ബക്കറിന്റെ “മണ്ണിന്റെ മാറിൽ” ആയിരുന്നു പി ജെ ആന്റണിയുടെ അവസാന ചിത്രം.1979 മാർച്ച് 14 ന് മണ്മറഞ്ഞ ഈ പ്രതിഭ ഇന്നും മലയാള സിനിമയുടെ മുഖമുദ്രയായി നിലകൊള്ളുന്നു… ആദരവോടെ..🙏

അവതരണം: അജി സുരേന്ദ്രൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments