ഫിലഡൽഫിയ: ചിക്കാഗോ സെൻ്റ് തോമസ് സീറോ മലബാർ രൂപതയിലെ അത്മായ സംഘടനയായ എസ്.എം.സി.സി (സീറോ മലബാർ കാത്തലിക് കോൺഗ്രസ്) സ്ഥാപിതമായതിന്റെ രജത ജൂബിലിയും, സീറോ മലബാർ ഫാമിലി കോൺഫറൻസും ഈവരുന്ന സെപ്റ്റംബർ 27,28,29 തീയതികളിൽ വിപുലമായ പരിപാടികളോടെ നടക്കുകയാണ്. ഫിലഡൽഫിയയിലെ സെൻ്റ് തോമസ് സീറോ മലബാർ പള്ളി കേന്ദ്രീകരിച്ചാണ് പരിപാടികൾ നടക്കുക. ഇതു സംബന്ധിച്ച വെബ്സൈറ്റ്, ‘smccjubilee.org’ ഉദ്ഘാടനം ജൂൺ 9-ന് വികാരി ഡോ. ജോർജ് ദാനവേലിൽ ഫിലഡൽഫിയയിൽ നിർവഹിച്ചു.
ആഘോഷ കമ്മിറ്റിയുടെ ചെയർമാൻ ജോർജ് മാത്യു സിപിഎ തൻ്റെ പ്രസംഗത്തിൽ എസ്.എം.സി.സിയുടെ സ്ഥാപനത്തെപ്പറ്റിയും 1999-ൽ നടന്ന പ്രഥമ സീറോ മലബാർ കൺവൻഷനെപ്പറ്റിയും അനുസ്‌മരിച്ചു. സീറോ മലബാർ സമൂഹത്തിൻ്റെ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ആദ്യ കൺവൻഷന്റെ രജതജൂബിലി വൻ വിജയമാക്കുവാൻ അദ്ദേഹം ഏവരോടും ആഹ്വാനം ചെയ്തു.
രജത ജൂബിലിയും നാഷണൽ ഫാമിലി കോൺഫറൻസും സംബന്ധിച്ച എല്ലാ വിവരങ്ങളും അടങ്ങുന്നതാണ് വെബ്സൈറ്റ്. ഈ സൈറ്റിലൂടെ കോൺഫറൻസിന് രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്. വ്യക്തിഗത രജിസ്ട്രേഷന് 150 ഡോളറും, നാലു പേർ അടങ്ങുന്ന കുടുംബത്തിന് 500 ഡോളറും ആണ് രജിസ്ട്രേഷൻ ഫീസ്. സൗജന്യ എയർപോർട്ട് സർവീസും, ഡിസ്കൗണ്ട് നിരക്കിൽ ഹോട്ടൽ ബുക്കിംഗും ലഭ്യമാണ്.
വെബ്സൈറ്റ് മനോഹരമായി തയാറാക്കിയ സിബി മാത്യു ചെമ്പ്ളായിക്ക് സ്ഥാപക പ്രസിഡന്റ് ഡോ. ജയിംസ് കുറിച്ചി നന്ദി പ്രകാശിപ്പിച്ചു.