Monday, December 23, 2024
Homeഅമേരിക്ക'ശുദ്ധ ബോധം അനുഭവിക്കുക' (ലേഖനം) ✍ സി. ഐ.ഇയ്യപ്പൻ തൃശ്ശൂർ

‘ശുദ്ധ ബോധം അനുഭവിക്കുക’ (ലേഖനം) ✍ സി. ഐ.ഇയ്യപ്പൻ തൃശ്ശൂർ

ഒരു മായാലോകത്താണ് ഞാനും നിങ്ങളും ജീവിയ്ക്കുന്നത്. നമ്മളിലെ ശുദ്ധ ബോധത്തെ മറക്കുന്ന ആ നിമിഷം പിന്നെ ഞാന്‍ ഇവിടെ ഇല്ല.നമ്മുടെ ശ്രദ്ധ പല വഴിക്ക്‌ കൊണ്ടു പോകുന്നതിന് മാദ്ധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. രാവിലെ ശുദ്ധമനസോടെ സന്തോഷത്തോടെ ഉണര്‍ന്നു വരുന്ന നമ്മുടെ എല്ലാ മനസ്സമാധാനവും നഷ്ടപെടുത്തുന്നത് മുറ്റത്ത് തുറന്ന് കിടക്കുന്ന പത്രത്തിലെ വെണ്ടയ്ക്ക അക്ഷരത്തിലുള്ള വാര്‍ത്തകളാണ്. കൊലപാതകം , ബസ് അപകടം അങ്ങിനെ നീണ്ടു കിടക്കുന്നു അതിലെ വരികള്‍. അതില്‍നിന്ന് കണ്ണ് എടുക്കാതെ വായിച്ചിട്ട് ഉള്ള സമ്മാധാനം പോയത് പോരാതെ അടുക്കളയില്‍ ഭക്ഷണത്തിന്റെ പാചകത്തില്‍ മാത്രം ശ്രദ്ധിച്ച് ജോലി ചെയ്യുന്ന ഭാര്യയോട് ആചൂടുള്ള വാര്‍ത്ത പങ്കിടുന്നു. അതോടെ ആ പാവത്തിന്റെ സമാധാനവും പോയി. ഇവിടെയാണ് നമ്മള്‍ ശ്രദ്ധിയ്ക്കേണ്ടത് .ആ പത്രത്തിലെ വാര്‍ത്തള്‍ ഒരു വരി വിടാതെ വായിച്ചോളു .അപ്പോഴും ഞാന്‍ എന്ന ബോധം ഉണ്ടാകണം.സദാസമയവും അത് കാത്തു സൂക്ഷിയ്ക്കാന്‍ കഴിഞ്ഞാല്‍ പിന്നെ കാണുന്നതും കേള്‍ക്കുന്നതും നമ്മെ സ്പർശിക്കുക പോലുമില്ല. എപ്പോഴും ഒരു സാക്ഷി ഭാവമാണ് നമുക്കുണ്ടായിരിക്കേണ്ടത്.

ഞാന്‍ സിനിമ കാണാൻ തീയ്യറ്ററില്‍ എത്തുന്നു, ടിക്കറ്റ് എടുക്കുന്നു. സീറ്റില്‍ ഇരിയ്ക്കുന്നു. തിയറ്ററില്‍ അരികെ ഇരിയ്ക്കുന്നവരേയും മറ്റും കാണുന്നു. തിയ്യറ്ററിലെ ലൈറ്റ് ഓഫാക്കി സിനിമ തുടങ്ങുന്നു. മെല്ലെ, മെല്ലെ ഞാന്‍ സിനിമയില്‍ ലയിക്കുന്നു. ആ നിമഷം മുതല്‍ ഞാന്‍ എന്ന ബോധം നഷ്ടപെട്ട് സിനിമയിലെ കഥാപാത്രങ്ങളോടൊപ്പം സഞ്ചരിയ്ക്കുന്നു. എന്നാല്‍ ഞാന്‍ കാണുന്നത് സിനിമയാണ് ഞാന്‍ ഇവിടെ ഇരിയ്ക്കുന്നു ആ ബോദ്ധ്യമാണ് ശുദ്ധബോധം.

ഒരു മതില്‍ ഉണ്ടെങ്കില്‍ മാത്രമെ അതില്‍ ചിത്രം വരയ്ക്കാന്‍ കഴിയു. ഒരു ചിത്രകലാകാരന്റെ മനസില്‍ തെളിഞ്ഞു വരുന്നതാണ് അവിടെ പകര്‍ത്തുന്നത്. ഇവിടെ നമ്മുടെ ശുദ്ധബോധമാകുന്ന മതിലില്‍ ചിത്രകാലാകാരനായ മനസ് കഴിഞ്ഞതിന്റെയും വരാന്‍ പോകുന്നതിന്റേയും ചിത്രങ്ങള്‍ വരയ്ക്കുന്നു .അപ്പോഴും ഞാന്‍ ഒരു സാക്ഷിമാത്രമാണെന്ന ബോധം വേണം.

രാത്രി നേരത്ത് നമ്മൾ വീട്ടില്‍,എഴുതി കൊണ്ടിരിയ്ക്കുമ്പോഴൊ, ഭക്ഷണം കഴിച്ചു കൊണ്ടിരിയ്ക്കുന്ന സമയത്തൊ പെട്ടെന്ന് വൈദുതി പോയി കൂരിരുട്ടാകുന്നു.ആ നിമിഷത്തിലും ഞാന്‍ എന്ന ബോധം മാത്രം അനുഭവപ്പെടുന്നു അതാണ് ശുദ്ധബോധം.

നമ്മളിലെ ശുദ്ധ ബോധം തടസപ്പെടുത്താന്‍ പുറത്തുള്ളതിനെക്കാള്‍ പ്രവര്‍ത്തിയ്ക്കാന്‍ ശേഷിയുള്ളതും പെട്ടെന്ന് അതിനു കഴിയുന്നതും അകത്തുള്ള ശക്തിയ്ക്കാണ്.

നമ്മളിലെ മനസ് പാവത്താനില്‍ പാവത്താനാണ് . ആര് എന്തു പറഞ്ഞാലും വിശ്വസിയ്ക്കുക മാത്രമല്ല പ്രവര്‍ത്തിയ്ക്കുകയും ചെയ്യും. മനസിന്റെ ഇരു വശങ്ങളിലും തുല്ല്യ ശക്തിയുള്ള ശരിയും, തെറ്റും അവസരത്തിനായി കാത്തുനില്‍ക്കുന്നു.

അതിനു വേണ്ടി നമ്മുക്കു ചെയ്യാന്‍ കഴിയുന്നത് ആ ശക്തികളില്‍ നിന്ന് മോചിപ്പിച്ച് മനസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയാണ്. അതിന് ബലഹീനരായ നമ്മുക്ക് മാത്രം സാദ്ധ്യമല്ല. ശുദ്ധ ബോധമെന്ന ഈശ്വരനില്‍ ആശ്രയിച്ച് നമ്മെ മുഴുവനായി സമര്‍പ്പിയ്ക്കുമ്പോൾ ബോധവും മനസും ഒന്നാകും. മനസും ബോധവും ഒന്നാകുന്നത് അനുഭവിയ്ക്കുക.

സി. ഐ. ഇയ്യപ്പൻ
തൃശ്ശൂർ

RELATED ARTICLES

Most Popular

Recent Comments