Wednesday, April 24, 2024
Homeഅമേരിക്കപുണ്യ ദേവാലയങ്ങളിലൂടെ (50) സെൻ്റ് ജോർജ്ജ് പള്ളി, തിരുവല്ല പാലിയേക്കര

പുണ്യ ദേവാലയങ്ങളിലൂടെ (50) സെൻ്റ് ജോർജ്ജ് പള്ളി, തിരുവല്ല പാലിയേക്കര

പത്തനംതിട്ട ജില്ലയിൽ വി.ഗീവർഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായ ആദ്യത്തെ പള്ളിയാണ് നാട്ടുകാർ കിഴക്കേ പള്ളി, പഴയ പള്ളി എന്നൊക്കെ വിളിക്കുന്ന തിരുവല്ല പാലിയേക്കര സെൻ്റ് ജോർജ്ജ് പള്ളി.

🌻ചരിത്രം
പുരാതന കാലം മുതലേ തിരുവല്ലായിൽ ക്രിസ്ത്യാനികൾ വാസം ഉറപ്പിച്ചിട്ടുണ്ട് എങ്കിലും കൂട്ടമായ ഒരു കുടിയേറ്റത്തിനു തെളിവുകൾ പന്ത്രണ്ടാം നൂറ്റാണ്ടു മുതലാണ് ലഭ്യമായിട്ടുള്ളത്. കുറവിലങ്ങാട്, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കച്ചവടക്കാരായ നസ്രാണികൾ തെക്കുംകൂർ രാജാവിന്റെ ക്ഷണ പ്രകാരം തിരുവല്ലയിലെ കാവിൽ കമ്പോളത്തിൽ താമസം ഉറപ്പിച്ചു. പതിനാലാം നൂറ്റാണ്ടിന്റെ പൂർവാർധത്തിൽ രചിക്കപ്പെട്ട ഉണ്ണുനീലി സന്ദേശത്തിൽ അവരെപ്പറ്റി പരാമർശമുണ്ട്. തിരുവല്ലയിലെ നസ്രാണികൾ പാരമ്പര്യമായി കൂടി വന്നിരുന്നത് നിരണം പള്ളിയിൽ ആയിരുന്നു. പള്ളിയിലേക്ക് കൂടുതൽ ദൂരം ഉള്ളതിനാലും തിരുവല്ലയിൽ നസ്രാണി സാന്നിധ്യം ശക്തമായതിനാലും ഒരു പുതിയ പള്ളിക്കു വേണ്ടി അവർ നാട്ടധികാരികൾ ആയ പത്തില്ലത്തിൽ പോറ്റിമാരെ സമീപിച്ചു. എന്നാൽ അവിടുത്തെ വണിക് പ്രമുഖരായ തമിഴ് ബ്രാഹ്മണർ അതിനെ എതിർക്കുകയും “നസ്രാണി ഇവിടെ വന്ന് അട്ടക്കാല് പിടിച്ചിരിക്കുന്നു” എന്നു തുടങ്ങി കാവിൽ അങ്ങാടിയിൽ വച്ച് ശണ്ഠ ആരംഭിക്കുകയും ചെയ്തു. തർക്കത്തിനൊടുവിൽ “തിരുവല്ലായപ്പനാണെ നിങ്ങൾ ഇവിടെ പള്ളി വയ്ക്കില്ല” എന്നൊരാൾ പറയുകയും അതിനു മറുപടിയായി കിഴക്കേടത്ത് പണിക്കർ “നിരണത്തമ്മയാണെ ഞങ്ങൾ പള്ളി വയ്ക്കും” എന്ന് തിരികെ സത്യം ചെയ്യുകയും ചെയ്തു.

🌻പള്ളി സ്ഥാപനം

അന്നത്തെ പതിനെട്ടു വീട്ടുകാർ കാഞ്ഞിരക്കാട്ട് ഭവനത്തിൽ യോഗം ചേർന്ന് പള്ളി വയ്ക്കുന്നതിനു തീരുമാനിക്കുകയും കമ്പോളത്തിൽ നിന്നും ആഘോഷമായി പോയി ഒരു ദിവസം കൊണ്ടു തെങ്ങു തടിയും മുളയും ഉപയോഗിച്ചു ചെറിയൊരു പള്ളി നിർമ്മിച്ചു. എന്നാൽ ചില ദുഷ്ട ശക്തികൾ അടുത്ത ദിവസം തന്നെ പള്ളി അഗ്നിക്കിരയാക്കി. എന്നാൽ തങ്ങൾക്ക് സംഭവിച്ച നീതി നിഷേധം വേണ്ടപ്പെട്ടവരെ അറിയിക്കാൻ നസ്രാണികൾ തീരുമാനിക്കുകയും തിരുവിതാംകൂർ ഭരിച്ചിരുന്ന റാണി സേതു ലക്ഷിഭായി തംബുരാട്ടിയെ കണ്ട് നടന്ന സംഭവങ്ങൾ അറിയിക്കുകയും ചെയ്തു. തിരുവിതാംകൂറിൽ അന്ന് ബ്രിട്ടിഷ് റെസിഡെന്റ് ആയിരുന്ന കേണൽ മൺറോ സുറിയാനി സഭയോട് അനുഭാവം ഉണ്ടായിരുന്ന ആളായിരുന്നതിനാൽ അദ്ദേഹത്തിൻറെ ശുപാർശയും ഉണ്ടായിരുന്നു. അന്നത്തെ ആകമാന ക്രിസ്ത്യൻ സഭകളുടെ നേതൃസ്ഥാനിയനായിരുന്ന മർത്തോമ 8മന്റെ അഭ്യർത്ഥനയേയും മാനിച്ച് റാണി സേതു ലക്ഷ്മിഭായി തംബുരാട്ടിയുടെ കൽപന പ്രകാരം പഴയപള്ളി നിന്നിരുന്ന അതേ സ്ഥാനത്ത് പുതിയ പള്ളി നിർമ്മിക്കുവാൻ അനുവാദം കൊടുത്തു

🌻പള്ളി പുനസ്ഥാപനം

.പുതിയ പള്ളി പണിയുന്നതിനാവശ്യമായ തടികളും ധനസഹായവും തമ്പുരാട്ടിയിൽ നിന്നും ലഭിക്കുകയുണ്ടായി. 1814 ൽ പള്ളി പുനർ നിർമ്മിക്കപ്പെടുകയും ചെയ്തു.
ചുരുങ്ങിയ കാലം കൊണ്ട് മധ്യതിരുവിതാംകൂറിലെ പ്രശസ്ത ദേവാലയമായി പാലിയേക്കര പള്ളി രൂപപ്പെടുകയും വിശുദ്ധ ഗീവർഗീസ് സഹദായുടെ ശക്തമായ മാധ്യസ്ഥം ഇവിടെ പ്രാർഥിക്കാനെത്തുന്നവർക്ക് അനുഭവപ്പെടുകയും ചെയ്തു.
പുലിക്കോട്ടിൽ ഒന്നാമൻ മുതലുള്ള മലങ്കര മെത്രാപ്പോലീത്തമാരും പരിശുദ്ധ പരുമല തിരുമേനി മുതലുള്ള നിരണം ഭദ്രാസനാധിപന്മാരും പ്രദേശത്തെ ഭരണത്തിനു വേണ്ടി ഈ ദേവാലയത്തെ കേന്ദ്രമാക്കി. നവീകരണ വിഭാഗത്തിന്റെ സ്വാധീനത്തിൽ നിന്ന് ഇടവകയെ മോചിപ്പിക്കാൻ അവർ അക്ഷീണം പരിശ്രമിച്ചു. പരുമല തിരുമേനി തന്റെ അവസാന നാളുകളിൽ ഇംഗ്ലീഷ് സ്കൂൾ (അദ്ദേഹത്തിന്റെ കാലശേഷം എം.ജി.എം ഹൈസ്കൂൾ) പണിയുടെ മേൽനോട്ടത്തിനു വേണ്ടി ഈ പള്ളിയുടെ മേടയിൽ താമസിക്കുകയും തൻ്റെ അവസാന ഹാശാ ശുശ്രൂഷ വളരെ വികാരപരവശതയോടു കൂടി ഈ പള്ളിയിൽ നടത്തുകയും ചെയ്തിട്ടുണ്ട്

🌻പള്ളി തർക്കം

സഭാഗാത്രത്തെ ഒട്ടാകെ രോഗഗ്രസ്തമാക്കിയ സമുദായക്കേസ് പാലിയേക്കര പള്ളിയേയും ബാധിച്ചു. വർഷങ്ങളോളം പള്ളിയിൽ ബാവാ-മെത്രാൻ കക്ഷികൾ അനുസരിച്ചു ഞായറാഴ്ച്ച കുർബാന ചൊല്ലുകയും മറ്റു ദിവസങ്ങളിൽ അടഞ്ഞു കിടക്കുകയും ചെയ്തിരുന്നു. ബാവാ കക്ഷിക്കാർ കട്ടപ്പുറം പള്ളിയിലും മെത്രാൻ കക്ഷിക്കാർ തെക്കേ പുത്തൻ പള്ളിയിലും കൂടി നടന്നു. സുപ്രീം കോടതി വിധിയോടെ ഉണ്ടായ സഭാ സമാധാനത്തിനു ശേഷം പാലിയേക്കര പള്ളി തുറക്കപ്പെടുകയും പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവായെ അന്ന് ബാവാ കക്ഷി വികാരി ആയിരുന്ന കണിയാംപറമ്പിൽ കുര്യൻ അച്ചൻ തന്നെ സ്വീകരിക്കുകയും ചെയ്തു. ഇടവകയിലേക്ക് ഭാവിയിലേക്കുള്ള പള്ളിയുടെ ഭരണത്തിനു വേണ്ടി ഔഗേൻ മാർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ്റെ ശുപാർശ പ്രകാരം മൂന്നു പള്ളികളുടെയും സംയുക്ത ഇടവക സംവിധാനം ഉണ്ടാക്കി. 2003ൽ കട്ടപ്പുറം പള്ളി,തെക്കേ പുത്തൻ പള്ളി എന്നിവ സ്വതന്ത്ര ഇടവകകളായി വേർപെട്ടു.

🌻ദേവാലയ പുനരുദ്ധാരണം

ആരാധനയിൽ സംബന്ധിക്കുന്ന ജനത്തിന് ക്രമേണ പള്ളിയിലെ സ്ഥലം ഒട്ടും പോരാതെ വന്നതിനാൽ കഴിഞ്ഞ നൂറ്റാണ്ടിൻ്റെ അവസാനത്തിൽ പള്ളി പുതുക്കിപ്പണിയുന്നതിനു നിശ്ചയിച്ചു. എന്നാൽ ദേവാലയത്തിന്റെ പൌരാണികത നഷ്ടപ്പെടുത്തിയുള്ള പ്രവർത്തനങ്ങളെ ഭക്തജനങ്ങൾ എതിർത്തതിനെ തുടർന്ന് പള്ളിക്കെട്ടിടത്തിന് യാതൊരു കോട്ടവും തട്ടാതെ പുനരുദ്ധാരണം ചെയ്യുന്നതിനു പള്ളിപ്പൊതുയോഗം തീരുമാനിച്ചു. സ്ത്രീകളുടെ ഭാഗത്തുള്ള വരാന്ത നവീകരണ വിഭാഗം വികാരിയായിരുന്ന കോവൂർ ഐപ്പ് തോമാ കത്തനാർക്ക് കുർബാന അണയ്ക്കാനുള്ള സൗകര്യത്തിന് പാലക്കുന്നത്ത് മാർ അത്താനാസ്യോസ് കെട്ടിയടപ്പിച്ചിരുന്നത് വീണ്ടും തുറന്നു. പുനരുദ്ധരിച്ച ദേവാലയത്തിന്റെ കൂദാശാ 2006ൽ ഭദ്രാസന മെത്രാപ്പോലീത്ത മാർ ഒസ്താത്തിയോസ് വലിയ തിരുമേനി നിർവഹിച്ചു.

🌻തിരുന്നാൾ

ഏപ്രിൽ 30 മുതൽ മെയ്‌ 7 വരെയുള്ള ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ ആണ് ഇവിടുത്തെ പ്രധാന തിരുന്നാൾ

🌻പാലിയേക്കര പള്ളിയുടെ സവിശേഷത

 

ഇന്ന് എഴുന്നൂറിലധികം കുടുംബങ്ങൾ പാലിയേക്കര പള്ളിയിൽ അംഗങ്ങളായിട്ടുണ്ട്. ഇവിടുത്തെ മദ്ബഹായിലുള്ള 233 ചുവർ ചിത്രങ്ങൾ ചരിത്രവിദ്യാർഥികളെ ധാരാളമായി ആകർഷിക്കുന്നു. ലോക പ്രശസ്ത ഓർത്തഡോക്സ് ഐക്യ പ്രസ്ഥാനത്തിന്റെ നേതാവും ചരിത്രകാരിയുമായ ഡോ. ക്രിസ്റ്റിൻ ചൈലോട്ട് തിരുവല്ല പാലിയേക്കര ഓർത്തഡോക്സ് പള്ളി സന്ദർശിച്ചു. സ്വീഡിഷ് പൗരയായ ഇവർ ഗ്രീക്ക് ഓർത്തഡോക്സ് സഭാംഗമാണ്. സദാസമയവും ജാതിമതഭേദമന്യേ ജനങ്ങൾ പ്രാർഥനക്കായി വരുന്ന ഒരു പള്ളിയും കൂടിയാണിന്നു പാലിയേക്കര പള്ളി.

പുണ്യ ദേവാലയങ്ങളിലൂടെ എന്ന ഈ പoക്തിയുടെ 50 മത്തെ ഭാഗം പ്രസിദ്ധീകരിക്കുന്ന ഈ വേളയിൽ മലയാളി മനസ്സിന്റെ വായനക്കാർക്ക് ദൈവാനുഗ്രഹം ധാരാളമായി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ലൗലി ബാബു തെക്കെത്തല ✍

RELATED ARTICLES

Most Popular

Recent Comments