വാഹനം പാർക്ക് ചെയ്ത അവിടെയുള്ള കടയിൽ നീന്താനുള്ള വേഷങ്ങളാണ് അധികവും. ഈ ആറിൽ നീന്താൻ പറ്റുമോ എന്ന ചോദ്യത്തിന്, നിങ്ങൾ എവിടെ നിന്ന് വരുന്നു ? ……. ഒരു നാട്ടുകാരൻ്റെ സ്ഥിരം ചോദ്യങ്ങളാണ് മറുപടിയായിട്ട്.
ദൂരെയായി വണ്ടർ ലാ അമ്യൂസ്മെൻ്റ് പാർക്കിലെ ആകാശം തൊടാൻ പോകുന്ന തരത്തിലുള്ള ചില റൈഡുകളും കാണാം. എറണാകുളത്തിന്‍റെ തിരക്കു നിറഞ്ഞ വീഥികളിൽ നിന്നൊരു വ്യത്യാസം എന്നാലും തിക്കിതിരക്കി പോവുന്ന ഏതാനും പ്രൈവറ്റ് ബസ്സുകൾ എവിടെ ആയാലും ഞങ്ങളിൽ നിന്നും ഒരു മാറ്റം പ്രതീക്ഷിക്കേണ്ട എന്ന മട്ടിലാണ്.
എറണാകുളം ജില്ലയില്‍ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ കടമ്പ്രയാർ ബോട്ടിങ്ങ് കേന്ദ്രം. പക്ഷെ ഇവിടെ ബോട്ടുകൾ എവിടെയാണെന്ന് മാത്രം ചോദിക്കരുത്. ഉദ്ഘാടനമൊക്കെ ഉഷാറായിട്ട് നടന്നിട്ടുണ്ട്.
ആറിൻ്റെ ചില ഭാഗങ്ങളിൽ തെളിഞ്ഞ നീരൊഴുക്കും മറ്റു ചില ഭാഗങ്ങളിൽ അത്ര തന്നെ വൃത്തികേടുകൾ നിറഞ്ഞതുമാണ്. ഇതിനകത്താണോ നീന്തേണ്ടത്? എന്നാൽ ചുറ്റുമുള്ള സമൃദ്ധമായ വയലേലകളും തെങ്ങിന്‍ തോപ്പുകളും ചേർന്ന് തനത് ഗ്രാമഭംഗി വരച്ചിടുന്ന ഒരു സ്ഥലം.
ധാരാളം മലയാളികളും ബംഗാളികളും മീൻ പിടിക്കാൻ ചൂണ്ട ഇട്ടിരിക്കുന്നു. ചില മലയാളികൾക്ക് ഒന്നു – രണ്ടു ബംഗാളി അസിസ്റ്റൻറ്റുമാരുമുണ്ട്. വിൽക്കാൻ മാത്രം മീനുകളെ കിട്ടാറില്ല എല്ലാം വീട്ടിലെ ആവശ്യത്തിനെ കാണുകയുള്ളൂ എന്നാണവർ.
കടമ്പ്രയാറിന് മുകളിലായിട്ടുള്ള തൂക്കു പാലം ഒരു പക്ഷെ ആധുനിക ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ അമേരിക്കയിലെ ഗോൾഡൻ ഗേറ്റ് പാലത്തിൻ്റെ ഒരു മിനിയേച്ചർ മോഡൽ അല്ലെ എന്ന് തോന്നി. മിനിയേച്ചർ പാലത്തിൻ്റെ ഇന്നത്തെ അവസ്ഥ പരിതാപകരം.2010-ൽ 90 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ചതാണത്രേ! അതിനോട് ചേർന്ന് ഏകദേശം ഒരു കിലോമീറ്റർ വരെ നീളുന്ന നടപ്പാതയുണ്ട്. ഗ്രാമീണ ഭംഗി ആസ്വദിച്ചു കൊണ്ട് ശാന്തമായ ഒരു സായാഹ്നസവാരിയ്ക്ക് ഈ സ്ഥലം യോജിച്ചതാണ്.
അവിടെ വന്നവരിൽ പലരും മലയാളി ആണോ എന്ന് ചോദിച്ചാൽ ‘മലയാലം ‘ പറയുന്നുണ്ടല്ലോ അപ്പോൾ പിന്നെയും സംശയം, കാണാനും വേഷത്തിലും മലയാളികളുമായി താരത്മ്യപ്പെടുത്തുമ്പോൾ എവിടെയോ വ്യത്യാസമുള്ളതു പോലെ. പല ബംഗാളികളും കുടുംബം ഒന്നിച്ചാണ് സന്ദർശിച്ചിരിക്കുന്നതാണ്. അച്ഛൻ മീൻ പിടിക്കുന്നു കുട്ടികൾ ഓടി കളിക്കുന്നു. ചില ഇംഗ്ലീഷ് സിനിമകളിൽ കാണുന്ന രംഗങ്ങൾ പോലെ….. വ്യത്യസ്തമായ സെൽഫി പോസ് ഫോട്ടോകളുമായി നമ്മുടെ യുവ തലമുറക്കാരും ധാരാളം.
ആലപ്പുഴ & കുമരകം പോലെ പ്രകൃതിഭംഗിയാൽ പ്രസിദ്ധിയാവേണ്ട സ്ഥലം, ടൂറിസം പദ്ധതി കോടികൾ മുടക്കുന്നതല്ലാതെ പ്രയോജനത്തിലേക്ക് എത്തുന്നില്ലെന്നാണ് അവിടുത്തെ നാട്ടുകാർ. അതുപോലെ അവിടുത്തെസാമൂഹ്യവിരുദ്ധതരുടെ ലീലാവിലാസങ്ങളും മറ്റൊരു കാരണമാണത്രേ!
കടയിലെ ആ നീന്തൽ വേഷങ്ങൾ എന്തിനാണെന്ന് ചോദിച്ചപ്പോൾ അയാൾക്കൊരു ചിരി! പ്രകൃതി ഭംഗിയുള്ള ഈ സ്ഥലത്ത് കുറച്ചു സ്ഥലം വാങ്ങിച്ചു കൂടെ എന്നാണ് മറു ചോദ്യം. കേരളത്തിലെ എല്ലാവരും ഓരോ സ്ഥലക്കച്ചവടക്കാരാണെന്ന് തോന്നിയിട്ടുണ്ട്.
പ്രകൃതിഭംഗിയാൽ മനോഹരമായ ഈ സ്ഥലത്തിൻ്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാവാൻ നമ്മുടെ അധികാരികളുട കണ്ണ് തുറക്കട്ടെ ‘……. അല്ലേ?
Thanks