1958ൽ കേരള സാഹിത്യ അവാർഡ് കരസ്ഥമാക്കിയ എം. ടി. വാസുദേവൻ നായരുടെ ആദ്യത്തെ നോവലാണ് നാലുകെട്ട്.
കേരളീയ സമൂഹഘടനയുടെ പരിണാമത്തിലെ പ്രത്യേക ഘട്ടത്തെ പ്രതീകവൽക്കരിക്കുന്ന നാലുകെട്ട് പാരമ്പര്യത്തിന്റെ ആർദ്രമായ അംഗങ്ങളും ആധുനികതയും തമ്മിലുള്ള സംഘർഷമാണ് ഈ നോവൽ ആവിഷ്‌കരിച്ചിരിക്കുന്നത്.
ഒരു കാലഘട്ടത്തിന്റെ ചിന്താഗതിയേയും മരുമക്കത്തായ സമ്പ്രദായത്തിനേയും, ജാതി വ്യവസ്ഥകളേയും നാലുകെട്ടിനുള്ളിൽ നിന്നും പൊളിച്ചടുക്കിയ നോവൽ.
നാലുകെട്ടിനുള്ളിൽ നടക്കുന്ന കഥ മാനുഷിക ചിന്തകളേയും മൂല്യങ്ങളെയും നാലുകെട്ടിനുള്ളിൽ മൂടിവെച്ച് പകലിലും ഇരുട്ടു നിറഞ്ഞ നാലുകെട്ട് അതിനുള്ളിലെ മനുഷ്യരുടെ മനസ്സിനെ സൂചിപ്പിക്കുന്നു.
കഥാതന്തു:
വടക്കേപ്പാട്ടു തറവാട്ടിലെ കാരണവരുടെ ഇളയ മരുമകളായിരുന്നു പാറുകുട്ടിയമ്മ. അവരുടെ മകനാണ് അപ്പുണ്ണി.
ഈ കഥയിലെ പ്രധാന പ്രമേയം അപ്പുണ്ണി എന്ന കുട്ടിയാണ്. മരുമക്കത്തായ വ്യവസ്ഥയിൽ വലിയമ്മാമ എന്ന ഗൃഹനാഥൻ പാറുകുട്ടി അമ്മയുടെ കല്യാണം ഗംഭീരമായി നടത്തുവാനായിരുന്നു തീരുമാനം. പന്ത്രണ്ടു നാഴിക ദൂരെ കാടും കുളവുമുള്ള വലിയൊരു തറവാട്ടിൽ നിന്നായിരുന്നു വരൻ. മുറ്റം നിറയെ പന്തലിട്ടിരുന്നു.
പൂമാൻതോടു മുതൽ തൈക്കാട്ടു വരെയുള്ള വീടുകളൊക്കെ അടക്കം ക്ഷണിച്ചു. വെപ്പിന് കൊട്ടിക്കുന്നത്തു നിന്നാണ് കുട്ടിപ്പട്ടരെ വരുത്തിയിരുന്നത്.
കല്യാണ ചെക്കൻ പടിക്കൽ എത്തിയപ്പോഴാണ് അറിഞ്ഞത് കല്യാണവീട്ടിൽ പെണ്ണില്ലെന്ന്.
ഇതിഹാസത്തിൽ രാവണൻ സീതയെ കട്ടുകൊണ്ടോയപോലെ…….. അർജ്ജുനൻ സുഭദ്രയെ കട്ടുകൊണ്ടോയപോലെ കോന്തുണ്ണി നായർ പാറുകുട്ടിയമ്മയേയും കട്ടോണ്ടു പോയി.
വലിയമ്മാമൻ നിശ്ചയിച്ച ഇഷ്ടമല്ലാത്ത വിവാഹത്തിനു തയ്യാറാകാതെ പാറുകുട്ടി അമ്മയും നാട്ടിലെ പ്രമുഖ പകിടകളിക്കാരനായ കോന്തുണ്ണി നായരും കൂടെ ഒളിച്ചോടുന്നു. അതിൽ ജനിച്ച കുട്ടിയാണ് അപ്പുണ്ണി.
(പണ്ടുകാലം മുതൽക്കേ ഉണ്ടല്ലേ ഈ ഒളിച്ചോടലെല്ലാം. അത് ഇന്നത്തെ ചെറുപ്പക്കാർക്ക് ഒരു വഴികാട്ടിയും ആയി അല്ലേ.)
കൊത്തലങ്ങാട്ടേതിൽക്കാരുടെ കയ്യാലയിൽ ആണ് ഒരു ദിവസം അവർ താമസിച്ചത്. അതിനിടക്ക് പാടത്തിന്റെ കരയിൽ ഇല്ലത്തുകാരുടെ കുറച്ചു സ്ഥലം ചാർത്ത് വാങ്ങി. ഒഴിഞ്ഞ പറമ്പായിരുന്നു അത്. കോന്തുണ്ണിനായർ അതിലൊരു വീടു വെച്ചു. രണ്ടുമൂന്നു വർഷം കൊണ്ട് അവർ ആ സ്ഥലം ഒരു പൂങ്കാവനമാക്കി.
പാറുകുട്ടി അമ്മയുടെ വീട്ടുകാർ അവരുടെ പുലകുളി നടത്തി. തറവാടിന്റെ മാനം കെടുത്തിയ സംഭവത്തെ അവർ മറക്കാൻ ശ്രമിച്ചു.
കോന്തുണ്ണി നായർ പങ്കു കച്ചവടക്കാരനായ സൈയ്താലിക്കുട്ടിയുടെ ചതിയിൽ മരണപ്പെടുന്നു. സൈയ്താലിക്കുട്ടിയുടെ വീട്ടിലെ സദ്യക്കിടയിൽ ഭക്ഷണത്തിൽ വിഷം കലർത്തി കോന്തുണ്ണി നായരെ കൊല്ലുകയായിരുന്നു. ആട്ടിറച്ചിയിൽ വിഷം ചേർത്തിയാണ് സൈയ്താലി കോന്തുണ്ണി നായരെ കൊന്നത് എന്നാണ് മൂത്താച്ചിയും മറ്റും പറഞ്ഞ കഥകളിൽ നിന്നും അപ്പുണ്ണി മനസ്സിലാക്കിയത്.
മൂത്താച്ചിയിൽ നിന്നും തറവാടിനെക്കുറിച്ചറിഞ്ഞ അപ്പുണ്ണി തുള്ളലിന്റെ ദിവസം അവിടെ കയറി ചെല്ലുകയും കുട്ടമാമയുടെ മകൾ മാളുവുമായി പരിചയപ്പെട്ടുവെങ്കിലും വലിയമ്മാമ അവനെ ആട്ടിപ്പായിച്ചു.
സ്വന്തം മകനെ വളർത്താൻ പാറുക്കുട്ടിയമ്മ മനയ്ക്കലെ അടുക്കള പണിക്കു പോകുന്നു. അവിടെ പണിയെടുക്കുന്ന പാറുകുട്ടി അമ്മയെ യാതൊരു ലാഭേച്ചയും പ്രതീക്ഷിക്കാതെ സഹായത്തിനായി എത്തുന്നു മുൻപ് വടക്കേപ്പാട്ട് പണിക്കാരനായിരുന്ന ശങ്കരൻ നായർ.
അങ്ങിനെ അപവാദത്താൽ തെറ്റിദ്ധരിക്കപ്പെടുന്ന അമ്മയിൽ നിന്നും അകന്ന് പുറപ്പെട്ടുപോയ അപ്പുണ്ണി സൈയ്താലി കുട്ടിയെ കണ്ടുമുട്ടുകയും, അദ്ദേഹത്തിന്റെ ഉപദേശപ്രകാരം വടക്കേപ്പാട്ട് വീണ്ടും കയറിച്ചെല്ലുകയും കുട്ടമാമയുടെ സഹായത്തോടെ അവിടെ താമസിക്കുകയും ചെയ്യുന്നു.
ആ വർഷത്തെ വെള്ളപ്പൊക്കത്തിൽ പുഴ നിറഞ്ഞു കവിഞ്ഞു. ആളുകളെല്ലാം എല്ലാം പെറുക്കി ഓടി. എവിടേയും പോകാനിടമില്ലാതേയും, സഹായത്തിന്നാളില്ലാതേയും, ഭക്ഷണമോ, വെള്ളമോ കിട്ടാതേയും, പാറുകുട്ടി അമ്മ മരണത്തെ മുഖാമുഖം കണ്ടു. വിറയ്ക്കുന്ന ശരീരവുമായി മരണത്തിന്റെ മുന്നിൽ തളർന്നു കിടക്കുമ്പോൾ അന്വേഷിച്ചെത്തിയത് ഈ ശങ്കരൻ നായർ മാത്രമാണ്. പാറുകുട്ടി അമ്മ ശങ്കരൻ നായരുടെ മടിയിൽ തല വെച്ചു കിടന്നു പോവുന്നൊരു ചിത്രം മായാതെ മനസ്സിൽ തങ്ങിനില്ക്കും.
ആ വലിയ നാലുക്കെട്ടിനുള്ളിൽ ഒറ്റപ്പെടലിന്റെയും, നിസ്സഹായതയുടേയും നാളുകളിൽ നീറിപുകയുന്ന അപ്പുണ്ണിയ്ക്ക് അമ്മമ്മയുടെ സ്നേഹം മാത്രമാണ് ആശ്വാസം.
വലിയമ്മാമയുടെ മകൾ അമ്മിണിയിൽ നിന്നും അവനു കിട്ടിയ സ്നേഹത്തിന്നടിമപ്പെട്ടു പോകുന്നുവെങ്കിലും ഭാഗം വെയ്ക്കലിന്റെ മുൻപായി അവൾ പൂന്തോട്ടത്തിലേക്ക് പോവുകയും പിന്നീട് അവളുടെ വിവാഹം കഴിയുകയും ചെയ്തു.
പരീക്ഷക്ക് ഫീസടക്കാൻ പണമില്ലാ തെ വന്നപ്പോഴും അവനെ രക്ഷിച്ചത് മുഹമ്മദ് എന്ന കൂട്ടുകാരനാണ്. അവന്റെ അമ്മ പാറുകുട്ടി അമ്മ തന്നെയാണ് മുഹമ്മദിന്റെ കയ്യിൽ പണം കൊടുത്തതെന്ന് പിന്നീടാണ് അവൻ അറിയുന്നത്.
ഭാഗം വെയ്ക്കലിന്നായി പരസ്പരം പോരടിയ്ക്കുന്ന ആ വീട്ടിൽ പഠിക്കാനുള്ള സഹായമോ, രാത്രിയിൽ വിളക്കു കത്തിക്കാനുള്ള അനുവാദമോ ഇല്ലാതിരുന്നിട്ടുകൂടി ഉയർന്ന മാർക്കോടെ അവൻ പാസായി.
അവനോട് സ്നേഹവും സഹതാപവും ഉള്ള മാളുവിനോടുപോലും ആഗ്രഹമുണ്ടായിട്ടും ഒരു വാക്കുപോലും പറയാതെയാണ് രാമകൃഷ്ണൻ മാസ്റ്റർ കൊടുത്ത പത്തുരൂപയും വാങ്ങി അവൻ വയനാട്ടിലേയ്ക്ക് പോയത്. അവൻ ഏറ്റവും വെറുത്തിരുന്ന സൈയ്താലിക്കുട്ടിയുടെ സഹായത്തോടെയാണ് വയനാട്ടിൽ അവന് ജോലി ലഭിച്ചത്. ആ ജോലി അവന്റെ ജീവിതത്തെ ആകെ മാറ്റി മറച്ചു.
സ്വന്തം അച്ഛന്റെ കൊലയാളി ആയിരുന്നിട്ടുകൂടി അവസാന നാളുകളിൽ സൈതാലിക്കുട്ടിക്കും കുടുംബത്തിനും അപ്പുണ്ണി സഹായകനായി. അഞ്ചു വർഷത്തിനുശേഷം നാട്ടിൽ ലീവിനു വന്ന അപ്പുണ്ണി കണ്ടത് പ്രതാപമെല്ലാം നഷ്ടപ്പെട്ട കടത്തിലായ വലിയമ്മാമയേയും പൂട്ടിയിരിക്കുന്ന തറവാടുമാണ്. മീനാക്ഷി ഏടത്തിയിൽ നിന്നും അമ്മിണിയുടെ മരണവാർത്ത അറിഞ്ഞ അവന് വിശ്വസിക്കാൻ ആയില്ല.
കുട്ടമാമ സഹായം ചോദിച്ച് മാളുവിന്റെ അടുത്തു വന്നപ്പോഴും അവൻ സഹായിക്കാൻ മനസ്സു കാണിക്കുന്നില്ല. വലിയമ്മാമ 500രൂപ കടം ചോദിച്ചുവെങ്കിലും അതു കൊടുക്കാതെ അവന്റെ സമ്പാദ്യത്തിൽ നിന്നും നാലായിരം രൂപ കൊടുത്ത് അവൻ ആ വടക്കേപ്പാട്ട് തറവാട് സ്വന്തമാക്കുന്നു. ആരുടേയും സഹായമില്ലാതെ കഷ്ടപ്പെട്ട് അവനെ വളർത്തിയ അമ്മയെ കുറിച്ച് പശ്ചാത്താപത്തോടെ അവനോർത്തു.
പിന്നീടവൻ നാലുകെട്ടിലേയ്ക്ക് അമ്മയെ കൊണ്ടു വരുകയും ചെയ്യുന്നു.
പകലിലും ഇരുൾ നിറഞ്ഞ നാലുകെട്ട് പൊളിച്ച് വെളിച്ചം വീഴുന്ന ചെറിയ വീട് പണിയണം എന്ന് അവൻ അമ്മയോട് പറയുമ്പോൾ ” ഭഗവതി ഇരിക്കുന്ന മച്ച് ” പൊളിക്കെ എന്നു ചോദിച്ച അമ്മയെ നോക്കി അപ്പുണ്ണി ചിരിക്കുന്നു. ആ ചിരിയുടെ ധ്വനി ആ വീടു മുഴുവൻ തട്ടി പ്രതിഫലിച്ച് തിരിച്ചു വരുകയും അമ്മയുടെ കൂടെ ഉണ്ടായിരുന്ന ശങ്കരൻ നായർ മുഖം കുനിച്ചു നിൽക്കുകയും ചെയ്യുമ്പോൾ കഥ അവസാനിക്കുന്നു.
മനുഷ്യന്റെ ഇടുങ്ങിയ ചിന്താഗതികളേയും ദുഷ്ടതയേയും പൊളിച്ചു വിശാലമുള്ള സ്നേഹത്തിന്റെ വെളിച്ചം നിറഞ്ഞ പുതു മനുഷ്യരെ വാർത്തെടുക്കണമെന്ന നിഗമനമാണ് രചയിതാവിന്. എത്രയൊക്കെ അടിച്ചമർത്തലും പ്രശ്നങ്ങളും നേരിടേണ്ടി വന്നാലും സ്വപ്രയത്നം കൊണ്ട് തന്റെ സ്വപ്നങ്ങളെ വെട്ടിപ്പിടിക്കാനാകുമെന്നാണ് അപ്പുണ്ണി എന്ന കഥാപാത്രത്തിലൂടെ രചയിതാവ് കാണിച്ചു തരുന്നത്.