Sunday, October 27, 2024
Homeഅമേരിക്കചേർത്തല സെൻ്റ് മൈക്കിൾസ് കോളേജിലെ മലയാള വിഭാഗത്തിൽ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്യുന്ന വിനീത പാല്യത്തുമായി...

ചേർത്തല സെൻ്റ് മൈക്കിൾസ് കോളേജിലെ മലയാള വിഭാഗത്തിൽ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്യുന്ന വിനീത പാല്യത്തുമായി ഡോ. തോമസ് സ്കറിയ നടത്തിയ അഭിമുഖം.(അഭിമുഖ പരമ്പര 17)

മനുഷ്യ മനസ്സിലെ സംഘർഷങ്ങളുടെ അന്തർരഹസ്യങ്ങൾ ആവിഷ്കരിക്കുന്ന പരോൾ എന്ന നോവലിൻ്റെ രചയിതാവാണ് വിനീത പാല്യത്ത്. ജീവിതാശകളെ ആവിഷ്കരിക്കുന്ന നിരവധി കവിതകളും അവർ എഴുതിയിട്ടുണ്ട്. ഏറെ നാളുകളെടുത്ത് നടത്തിയ ഗവേഷണത്തിൻ്റെ ഫലമാണ് ഇംഗ്ലീഷിൽ തയ്യാറാക്കിയ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവചരിത്രം . ചരിത്ര രചനയിൽ പുലർത്തേണ്ട കാര്യങ്ങളെക്കുറിച്ചുള്ള അടിസ്ഥാന ധാരണ ഈ എഴുത്തുകാരിക്കുണ്ട്. ജനവിജ്ഞാനത്തെയും വാമൊഴി ചരിത്രത്തിൻ്റെയും സാധ്യതകളെ അവർ ഉപയോഗിക്കുന്നു. സഫലം, ജാലകം എന്നീ രണ്ടു കൃതികളും കൂടി വിനീത പാല്യത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വർത്തമാന കാല സ്ത്രീ ആത്മകഥകളുടെ സാംസ്കാരിക പരിപ്രേഷ്യം എന്ന പേരിൽ 2010 ൽ വിനീത പാല്യത്ത് നടത്തിയ പഠനം ഏറെ പ്രസക്തമാണ്. സിസ്റ്റർ ജെസ്മി, ലൈംഗിക തൊഴിലാളി നളിനി ജമീല, സി.കെ ജാനു എന്നിവരുടെ ആത്മകഥകളെ മുൻനിർത്തിയുള്ളതായിരുന്നു ഈ പഠനം. സാഹിത്യത്തോടുള്ള അഗാധമായ സ്നേഹമാണ് ഈ യുവ എഴുത്തുകാരിയുടെ കൈമുതൽ. ചേർത്തല സെൻ്റ് മൈക്കിൾസ് കോളേജിലെ മലയാള വിഭാഗത്തിൽ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്യുന്ന വിനീത പാല്യത്തുമായി ഡോ. തോമസ് സ്കറിയ നടത്തിയ അഭിമുഖം.

അഭിമുഖ പരമ്പര – 17

“സമൂഹത്തിലെചെളി പുരണ്ട സത്യങ്ങൾ പുറത്തു വരണം. എഴുത്തുകാർക്കു സമൂഹത്തോടു കടപ്പാടുണ്ട് ” –

വിനീത പാല്യത്ത്.

1. വിനീത പാല്യത്ത് കവിതയും നോവലും എഴുതാറുണ്ട്. പഠനവും വിനീതയ്ക്ക് ഇഷ്ടപ്പെട്ട മേഖലയാണ്.ചെറുപ്പത്തിൽ തന്നെ ഒരേ തൂലികയിൽ നിന്നു തന്നെ വിവിധ സാഹിത്യരൂപങ്ങൾ പിറവിയെടുക്കാനുണ്ടായ പശ്ചാത്തലമെന്തായിരുന്നു. വിനീത പാല്യത്ത് എന്ന എഴുത്തുകാരിക്ക് ഏതാണ് ഇതിൽ പ്രിയപ്പെട്ട ആവിഷ്കാര മാധ്യമം ?

ഗദ്യവും പദ്യവും എനിക്ക് ഒരു പോലെ ഇഷ്ടപ്പെട്ട മേഖലയാണ്. കവിതകളിലൂടെയാണ് എഴുത്തിൻ്റെ വാസനയെന്നിൽ ഉണ്ടെന്ന് ഞാൻ തന്നെ തിരിച്ചറിയാനിടയായത്. ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ഞാൻ കവിതകൾ എഴുതുമായിരുന്നു . പിന്നീടാണ് ഞാൻ പഠനങ്ങൾ നടത്തുന്നത്. ലേഖനങ്ങളും പഠനങ്ങളും കുറേക്കൂടി എന്നിലെ ചിന്തകളെ ആവിഷ്കാരിക്കാൻ സഹായിച്ചു. നോവൽ ആകട്ടെ എന്നിലെ വികാരങ്ങളെ കൂടുതൽ വ്യക്തമാക്കി സങ്കൽപവും യാഥാർത്ഥ്യവും തമ്മിൽ കൂട്ടിച്ചേർത്ത് പിറവിയെടുത്തതുമാണ്.
എല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എനിക്ക് ഒരു പോലെ പ്രിയപ്പെട്ടതാണ്. പക്ഷേ നോവലിനും പഠനങ്ങൾക്കും ഏറെ വായനക്കാരെ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്.

2.  ഒരു മലയാളം അധ്യാപിക ഇംഗ്ലീഷിൽ പഠനം നടത്തുന്നത് അപൂർവ്വമാണ്. എന്താണ് ഇത്തരത്തിൽ ഒരു പഠന ഗ്രന്ഥം തയ്യാറാക്കാനുണ്ടായ സാഹചര്യം?

എൻ്റെ M.Ed പഠനം 2020- 2024 ൽ ആണ് നടത്തിയത്. ആ സമയത്ത് വളരെ യാദൃശ്ചികമായാണ് നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധ പണിക്കരെക്കുറിച്ച് കേൾക്കുന്നതുതന്നെ ‘ ഞാൻ വളരെ കൗതുകത്തോടെയാണ് ആറാട്ടുപുഴ വേലായുധ പണിക്കരെക്കുറിച്ച് കൂടുതൽ അറിയുവാൻ ശ്രമിച്ചത്. എന്നാൽ ചരിത്രത്തിൽ തന്നെ ആ വ്യകതിക്ക് വേണ്ടത്ര പ്രാധാന്യം നൽകിയിട്ടില്ല എന്ന് എനിക്ക് മനസിലായി. ആറാട്ടുപുഴ എന്ന സ്ഥലം ആലപ്പുഴ ജില്ലയുടെ ഭാഗം തന്നെയാണ്. അങ്ങനെ അദ്ദേഹത്തെക്കുറിച്ച് അറിയാനായി ഞാൻ അവിടെ പോകുകയും അദ്ദേഹത്തെക്കറിച്ച് പഠിക്കുകയും ചെയ്തു. നിരവധി പേരെ അഭിമുഖം നടത്തിയാണ് കൂടുതലും വിവരങ്ങൾ ശേഖരിക്ക്. അദ്ദേഹത്തിൻ്റെ സംസ്കാരികവും വിദ്യാഭ്യാസപരവുമായ സംഭാവനകളെക്കറിച്ചാണ് ഞാൻ പഠിക്കാൻ ശ്രമിച്ചത്. പഠനം മലയാളത്തിൽ മാത്രം ഒതുങ്ങേണ്ട എന്ന് കരുതിയാണ് ഇംഗ്ലീഷിൽ പ്രസിദപ്പെടുത്തിയത്. പിന്നീട് അതിൻ്റെ മലയാള പരിഭാഷ കുറച്ചു കൂടെ വിശദമായി നടത്തണമെന്നും കരുന്നുന്നു

3. അധ്യാപികയായ എഴുത്തുകാരിയെയാണോ എഴുത്തുകാരിയായ അധ്യാപിക യെയാണോ കൂടുതൽ ഇഷ്ടം?

രണ്ടു പേരെയും ഒരുപോലെ ഇഷ്ടമാണ്. എഴുത്തിൽ നിന്നാണ് അധ്യാപനത്തിലേയ്ക്ക് എത്തിയത്. എഴുത്തുകാരിയായ അധ്യാപികയ്ക്ക് സമൂഹത്തിൽ സ്വീകാര്യത കൂടുതലുണ്ടെന്ന് കരുതുന്നു. കൂടാതെ വിദ്യാർത്ഥികളെ സ്വാധിനിക്കാനും സാധിക്കുന്നതായി തോന്നാറുണ്ട്. അധ്യാപനത്തെ വെറും തൊഴിലായി മാത്രം കാണുന്ന വ്യക്തിയല്ല ഞാൻ .ഇഷ്ടപ്പെട്ടാണ് അധ്യാപനം തെരഞ്ഞെടുത്തത്. ടി.ടി.സി യും ബി.എഡ് ഉം എം.എഡും പൂർത്തിയാക്കിയ വ്യക്തിയാണ് ഞാൻ. അതിൽ നിന്ന് തന്നെ അധ്യാപനത്തോടുള്ള താൽപര്യം മനസിലാകുമല്ലോ. എഴുത്തുകാരിയായ അധ്യാപിക എന്നാണ് അറിയപ്പെടുന്നത്. അതിൽ അഭിമാനിക്കുന്നു.

4. അധ്യാപനം, എഴുത്ത്, ഇതു കൂടാതെ ചിത്രകലയിലും താൽപര്യമുണ്ടല്ലോ. ഇതുമായി ബന്ധപ്പെട്ട് അനുഭവങ്ങൾ പങ്കു വെയ്ക്കാമോ?

ചിത്രകല ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. കുട്ടിക്കാലം മുതൽ ചിത്രരചന നടത്താറുണ്ട്. സ്കൂൾ തലങ്ങളിലും കോളേജ് തലങ്ങളിലും സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. കുട്ടികളെ ചെറിയ രീതിയിൽ ഞാൻ ചിത്രകല അഭ്യസിപ്പിക്കാൻ ശ്രമിക്കാറുണ്ട്. എല്ലാ കലകൾക്കും ജീവനുണ്ട് ജീവിതമുണ്ട്. കലാകാരൻ്റെ ശക്തി വളരെ വലുതാണ്. നമ്മളിൽ ഉറങ്ങിക്കിടക്കുന്ന സർഗവാസനകളെ നാം തിരിച്ചറിയണം , പരിപോഷിപ്പിക്കണം. പക്ഷേ എഴുത്തിനോളം എനിക്ക് ചിത്രകലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.

5. ഒരു ജീവചരിത്ര രചനയിൽ വ്യാപൃതയാണ് എന്നു പറഞ്ഞല്ലോ. ആദ്യമായി നടത്തിയ പഠനം ആത്മകഥകളെക്കുറിച്ചും ആയിരുന്നു. രണ്ടിനെയും എങ്ങനെ നോക്കിക്കാണുന്നു?

അതേ ഞാൻ ഇപ്പോൾ ഒരു ജീവചരിത്ര രചനയിലാണ്. ‘വർത്തമാനകാല സ്ത്രീ അത്മകഥകളുടെ സാംസ്കാരിക പരിപ്രേഷ്യം , – സിസ്റ്റർ ജസ്മി,നളിനി ജമീല , സി.കെ ജാനു എന്നിവരുടെ ആത്മകഥകളെ മുൻനിർത്തിയുള്ള പഠനം ആണ് ആദ്യമായി നടത്തിയത് . ആത്മകഥളും ജീവചരിത്രവും എനിക്ക് താൽപര്യമുളള മേഖലയാണ്. അവയുടെ വ്യത്യസ്തയിലാണ് ഞാൻ ശ്രദ്ധ ചെലുത്താറുള്ളത്. ഒരു വ്യക്തിയെക്കുറിച്ച് ആഴത്തിൽ അറിയുന്നതിന് ആത്മകഥകളും ജീവചരിത്രവും നമ്മെ സഹായിക്കുന്നു. അതിൻ്റെ വിശ്വാസ്യത എത്രത്തോളമുണ്ട് എന്നതിനേക്കാളുപരി അവയുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കാതിരിക്കാനാവില്ല. തികച്ചും വ്യത്യസ്തമായ സാഹചര്യത്തിൽ നിന്നുള്ള മൂന്ന് സ്ത്രീകളുടെ ആത്മകഥകൾ പഠിക്കാനുണ്ടായത് തന്നെ അവരുടെ വ്യത്യസ്ത രാഷ്ട്രീയം തന്നെ.

6. നോവൽ എഴുത്തുകാരുടെ സ്വാതന്ത്ര്യത്തിൻ്റെ ചിഹ്നമാണ്.പുതിയ കാലഘട്ടത്തിലെ നോവലിന് പഴയ കാലഘട്ടത്തിലെ നോവലിൻ്റെയത്ര സ്വീകാര്യതയുണ്ടോ? പുതിയ കാലഘട്ടത്തിലെ ഒരു നോവലിസ്റ്റു കൂടിയായ വിനീതയുടെ അഭിപ്രായം എന്താണ്?

നോവൽ മാത്രമല്ല എഴുത്തുകാരന് എന്നും എവിടെയും സ്വാതന്ത്ര്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു . പഴയ കാലഘട്ടത്തിലെ നോവലുകൾക്ക് ആ കാലത്തിൻ്റെ കഥ പറയാൻ സാധിച്ചപ്പോൾ പുതിയ കാലഘട്ടത്തിലെ നോവൽ പുതിയ സാഹചര്യവും തുറന്നു കാട്ടി. പഴയതിന് എന്നും മൂല്യം കൂടുതലാണല്ലോ. അത് എഴുത്തിൽ മാത്രമല്ല . എങ്കിൽ കൂടി പുതിയ എഴുത്തുകാരെയും അവരുടെ എഴുത്തിനെയും പ്രമേയത്തെയുമൊക്കെ ചെറുപ്പക്കാർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായാണ് എനിക്ക് കാണാൻ കഴിഞ്ഞത്. എൻ്റെ പരോൾ എന്ന നോവലിന് ലഭിച്ച സ്വീകാര്യതയിൽ നിന്ന് അതിനൊരു തെളിവാണ്.

7. ഇഷ്ടപ്പെട്ട എഴുത്തുകാരാരൊക്കെയാണ്. അതിൻ്റെ കാരണങ്ങളെക്കുറിച്ചു പറയാമോ?.

കവിതയിൽ കുമാരനാശാനെയും ചങ്ങമ്പുഴയെയും എൻ. എൻ കക്കാടിനെയും എ. അയ്യപ്പനെയും കൂടുതൽ വായിച്ചിട്ടുണ്ട്. അത് അവരുടെ കവിതകളോടു ള്ള പ്രിയം കൊണ്ട് തന്നെയാണ്.
കഥയിൽ എന്നും മാധവികുട്ടി തന്നെ പ്രിയപ്പെട്ടത്. ആമിയുടെ എഴുത്ത് എന്നെ വളരെയധികം സ്വാധിനിച്ചിട്ടുണ്ട്. ഞാനും ഒരു മാധവിക്കുട്ടിയാണോ എന്ന് എനിക്ക് തോന്നാറുണ്ട്.
നോവലിൽ ഒരുപാട് പേരെ പറയാനുണ്ട്. എം.ടി യും മലയാറ്റൂർ രാമകൃഷ്ണനും പെരുമ്പടവം ശ്രീധരനും എം. മുകുന്ദനും ബന്യാമിനും എടുത്തു പറയേണ്ട നോവലിസ്റ്റുകൾ ആണ്. മഞ്ഞും, വേരുകളും, ഒരു സങ്കീർത്തനം പോലെയും ആടുജീവിതവുമൊക്കെ എന്നെ എത്രമാത്രം സ്വാധിനിച്ചിട്ടുണ്ടെന്ന് പറയാൻ വാക്കുകൾ ഇല്ല.

8. അധ്യാപനവും എഴുത്തും വരയും ഒരേ പോലെ കൊണ്ടുപോകാൻ പ്രയാസം തോന്നാറുണ്ടോ?

ഇതുവരെ അധ്യാപനവും എഴുത്തും വരയും സ്വകാര്യ ജിവിതവും ഒരുപോലെ കൊണ്ടു പോകാൻ സാധിക്കുന്നു. ഒന്നും ഒന്നിനും തടസ്സമല്ല. ഒന്നിനു വേണ്ടിയും ഒന്നും മാറ്റി നിർത്തേണ്ടി വന്നിട്ടില്ല.
ജോലിയെയും എഴുത്തിനെയും കുടുംബത്തെയും ബാധിക്കാത്ത രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നു. അങ്ങനെയല്ലങ്കിൽ ഒന്നും ആസ്വദിച്ച് ചെയ്യാനോ ഒന്നിലും ശ്രദ്ധ കേന്ദീകരിക്കാനോ സാധിക്കില്ല. പൂർണമായ സംതൃപ്തി കിട്ടുന്ന വിധത്തിൽ എല്ലാത്തിനും തുല്യ പ്രാധാന്യം നൽകി കൊണ്ടു പോകാൻ സാധിക്കണം എനിക്ക് അതിന് സാധിക്കുന്നുണ്ട് അതുകൊണ്ട് തന്നെ ഞാൻ അതിൽ വളരെ സന്തോഷവതിയാണ്.

9.സമൂഹമാധ്യമങ്ങളിൽ എഴുതാറുണ്ടല്ലോ സമൂഹമാധ്യമത്തിലെ എഴുത്തിനെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചു എന്താണ് അഭിപ്രായം?

സമൂഹമാധ്യമങ്ങളിൽ ഞാൻ എഴുതാറുണ്ട്.
സമൂഹമാധ്യമങ്ങളിൽ ഒത്തിരി നല്ല എഴുത്തുകൾ കാണാറുണ്ട്. എല്ലാവർക്കും ലളിതമായി തങ്ങളുടെ ആശയങ്ങൾ പങ്കു വെക്കാൻ ഏറ്റവും എളുപ്പത്തിൽ സാധിക്കുന്ന ഒരു മാധ്യമമാണല്ലോ അത്.
വളരെ നല്ല അഭിപ്രായമാണ് എനിക്കവയോട്. വളരെ പെട്ടന്ന് ഏവരുടെയും പ്രിയപ്പെട്ട ഒന്നായി മാറിയതാണ് ഇത്തരത്തിലുള്ള സമൂഹമാധ്യമങ്ങൾ. അതിൻ്റെ സ്വീകാര്യത വളരെ വലുതാണ്. അതുകൊണ്ടു തന്നെ പലരും തൻ്റെ വികാരങ്ങൾ എഴുത്തിലൂടെ പങ്കുവെക്കുന്ന ഒരു നല്ല വേദിയായി ഇവയെ കാണുന്നു.. എഴുത്തിൽ നല്ല ഭാവിയുള്ള , അക്ഷരങ്ങൾ കൊണ്ട് വാൾപയറ്റു നടത്തുന്ന നിരവധി എഴുത്തുകാരെ ഇവിടെ ഞാൻ കണ്ടുമുട്ടാറുണ്ട്

10. താങ്കളുടെ ഇഷ്ട പ്രമേയം പ്രണയവും വിരഹവും വാൽസല്യവുമൊക്കെയാണല്ലോ. അതിനെക്കുറിച്ച് എന്താണുപറയാനുള്ളത് ?

ശരിയാണ് ,എൻ്റെ കവിതകളിലും നോവലിലുമെല്ലാം പ്രണയവും വിരഹവും വാത്സല്യവുമൊക്കെ നിറഞ്ഞു നിൽക്കുന്നതായി കാണാം. ഇവയെ ഒഴിവാക്കിക്കൊണ്ട് മനുഷ്യന് ജീവിതം അസാധ്യമായതുപോലെ ഇവയില്ലാത്ത എൻ്റെ എഴുത്തും അപൂർണമാണ്. പ്രണയവും പ്രണയനഷ്ടവും സംഭവിക്കാത്ത മനുഷ്യർ ഇല്ലല്ലോ. അതുകൊണ്ട് തന്നെ എന്നും ഏവരുടെയും പ്രിയപ്പെട്ട പ്രമേയങ്ങൾ തന്നെയാണ് ഞാൻ എൻ്റെ സൃഷ്ടികളാൽ നിറയ്ക്കാൻ ആഗ്രഹിക്കുന്നത്. മനുഷ്യൻ്റെ അനുഭവങ്ങളെയാണ് ഞാൻ അക്ഷരങ്ങളിലൂടെ വരച്ചുകാട്ടാൻ ശ്രമിക്കുന്നത്. അനുഭവങ്ങൾക്കെന്നും ചൂടേറും. കൂടാതെ ഇത്തരത്തിലുള്ള പ്രമേയങ്ങളാ ണല്ലോ വായനക്കാർക്ക് ഏറെ പ്രിയവും. മനുഷ്യ മനസ്സറിഞ്ഞ് എഴുതുന്ന എഴുത്തുകാർക്ക് മാത്രമേ അവരുടെ മനസ്സിൽ സ്ഥാനം പിടിക്കാനും സാധിക്കൂ… പ്രണയവും പ്രതികാരവും നിറഞ്ഞ ഒരു സംഭവ കഥയെ ആസ്പദമാക്കി ഞാനെഴുതിയ നോവൽ ആണ് പരോൾ . വാൽസല്യവും പ്രണയവും വിരഹവും ഏകാന്തതയും മരണവും പ്രതികാരവുമെല്ലാം ആ ഒറ്റ നോവലിൽ ഞാൻ വരച്ചു ചേർത്തു. ഇവയെല്ലാം ജീവിതത്തിൻ്റെ ഭാഗമാണല്ലോ. പരോൾ ഒരു ട്രാജിക് നോവൽ ആണ്. ഇത്തരത്തിൽ കവിതയിലും വികാരവിക്ഷോഭം നടക്കാറുണ്ട്.

11. സ്ത്രീകൾ സമസ്തമേഖലകളിലും ചൂഷണവും അരികു വല്ക്കരണവുമൊക്കെ അനുഭവിക്കുന്നുണ്ട് എന്നു പറയാറുണ്ട്. ഹേമ കമ്മീഷൻ റിപ്പോർട്ട് സജീവചർച്ചയായി നിൽക്കുന്നു. എന്താണ് അഭിപ്രായം?

സ്ത്രീകൾ അന്നും ഇന്നും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിൽ തന്നെയാണ് ഉൾപ്പെട്ടിരിക്കുന്നത്. തുല്യത എന്നും വാക്കുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്തു വന്നതാണല്ലോ. പക്ഷേ ഇതിലും വലിയ ചൂഷണങ്ങൾ പല മേഖലയിലും നടക്കുന്നുണ്ട്. പുറത്തുവരാത്ത എത്രയെത്ര രഹസ്യങ്ങൾ ഉണ്ടാകാം. ഇത്തരത്തിൽ സ്ത്രീകൾക്കെതിരായി ചൂഷണവും അക്രമവും പേർതിരിവും നടക്കുന്ന ഇടങ്ങളിൽ നിന്ന് സ്ത്രീകൾ മോചിതരാവണം. പ്രതികരിക്കാനുള്ള ധൈര്യം സ്ത്രീകൾക്കും സ്ത്രീകളെ ചൂഷണം ചെയ്താൽ അതിൻ്റെ ഭവിഷ്യത്ത് വലുതാണെന്ന ബോധ്യം പുരുഷൻമാർക്കും ഉണ്ടാകുന്ന തരത്തിൽ നിയമവ്യവസ്ഥകൾ മാറണം. സ്ത്രീ സമത്വം വാക്കുകളിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല അത് പ്രവർത്തിയിലും വരുത്തണം. വരും തലമുറയ്ക്ക് ഭയമില്ലാതെ തുല്യതയോടെ തൊഴിലിടങ്ങളിൽ വർത്തിക്കാൻ സാധിക്കണം . ഇതിനൊക്കെ ഇത്തരത്തിലുള്ള അനീതികളുടെ ചെളിപുരണ്ട സത്യങ്ങൾ ഓരോന്നായി പുറത്ത് വരണം.

12. എഴുത്തിലെ ഭാവിപരിപാടികൾ എന്തൊക്കെയാണ്?

നോവലും പഠനവുമൊക്കെ ഭാവി പദ്ധതികൾ ആയി മനസ്സിൽ ഉണ്ട്. നോവലും കഥകളുമൊക്കെ പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. ഇനിയും വ്യത്യസ്തങ്ങളയ പഠനങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും നടത്തണമെന്ന ആഗ്രഹവും പദ്ധതിയും ആസൂത്രണവും നടക്കുന്നുമുണ്ട്. സമൂഹത്തിന് പ്രത്യേകിച്ച് വളർന്നു വരുന്ന തലമുറയ്ക്ക് പ്രയോജനകരമാകും വിധം മനുഷ്യരുടെ മനസ്സിൽ ജീവിക്കുന്ന സാഹിത്യകാരിയായിത്തീരുക എന്നതാണ് ലക്ഷ്യം.

ഡോക്ടർ തോമസ് സ്കറിയ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments