പ്രിയമുള്ളവരേ,
നക്ഷത്രക്കൂടാരം നിങ്ങൾക്ക് ഇഷടമാവുന്നുണ്ടല്ലോ.
ഇത്തവണ നമുക്ക് പുതിയ രണ്ട് ശൈലികൾ കൂടെ പരിചയപ്പെടാം.
1.ഊതിയാൽ പറക്കുക
തീരെ കനംകുറഞ്ഞത്, വളരെ നിസ്സാ രമായത് എന്നൊക്കെയാണ് ഈ ശൈലിയുടെ അർത്ഥം..
ഊതിയാൽപ്പോലും പറന്നു പോകത്തക്കവണ്ണം അത്രയും നിസ്സാരമായിരിക്കുന്ന കാര്യങ്ങൾ വിവരിക്കുവാൻ ഇരുപയാേഗിക്കുന്നു.
ഉദാ: കണാരൻ്റെ തട്ടുകടയിലെ ദോശ ഊതിയാൽ പറക്കും
ഒന്ന് ഊതിയാൽ പറന്നുപോകുന്നവനാണ് മല്ലിനു വരുന്നത്.
2 തേങ്ങാക്കുല
വിലയില്ലാത്തത്, നിസ്സാരമായത് എന്നിങ്ങനെയുള്ളവ വിവരിക്കുമ്പോൾ ഈ ശൈലി കടന്നു വരാറുണ്ട്.
ഉദാ.. അവൻ പിണങ്ങിയാൽ എനിക്ക് തേങ്ങാക്കുലയാണ്.
മാങ്ങാത്തൊലി യും ഇതേ അർത്ഥത്തിൽ ഉപയോഗിക്കുന്ന മറൊരു ശൈലിയാണ്.
ഉദാ..ഇത്രയും നേരം കൊണ്ട് എന്തു മാങ്ങാത്താെലിയാണ് നീ ചെയ്തത്?
ഇനി മാഷെഴുതിയ ഒരു കവിതയാണ്
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲💧
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷
ആനയും പൂച്ചയും
ആനയ്ക്കും പൂച്ചയെപ്പോലെ
കൂർത്ത ചെവിയായിരുന്നു
ആനയ്ക്കും പൂച്ചയെപ്പോലെ
ചേലുള്ള വാലായിരുന്നു
ആനയ്ക്കും പൂച്ചയെപ്പോലെ
രോമപ്പുതപ്പായിരുന്നു.
ആനയും പൂച്ചയെപ്പോലെ
അഴകുള്ള കുഞ്ഞായിരുന്നു.
ആനയും പൂച്ചയും കൂടി
ആനമങ്ങാട്ടൊരു വീട്ടിൽ
രാത്രിയടുക്കളേലുറിയിൽ
കട്ടുതിന്നാൻ ചാടിക്കേറി
ചട്ടി പൊട്ടിത്താഴെ വീണു
പൂച്ചയോ പമ്മിപ്പതുങ്ങി.
തട്ടുമുട്ടും കേട്ടു വന്ന
പട്ടാളംരാഘവൻ ചേട്ടൻ
ആനയെത്തൂക്കിയെടുത്ത്
ചേനതൻ തുമ്പത്തെറിഞ്ഞു.
ആകെച്ചൊറിഞ്ഞും പൊഴിഞ്ഞും
രോമമെല്ലാം താഴെവീണു,
കൂർത്ത ചെവിയും പരന്നു
മീശയും കൊമ്പുപോലായി,
വാലു ചുരുങ്ങി മെലിഞ്ഞു
മൂക്കിനോ നീളവുംവന്നു,
ആന തടിച്ചങ്ങുരുണ്ടു
പൂച്ചയോ കണ്ടുവിരണ്ടു.
വേദന കൊണ്ടാന മാേങ്ങി
ചിന്നം വിളിക്കുന്നപോലെ .!
പട്ടാളംചേട്ടനും പൂച്ചേം
നെട്ടോട്ടം ഓടടാ ഓട്ടം
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
യദുനാഥൻ എന്ന യദു മേക്കാട് എന്ന പേരിൽ അറിയപ്പെടുന്ന ബാലസാഹിത്യകാരന്റെ മനോഹരമായ ഒരു കഥയാണ് തുടർന്ന് നക്ഷത്രക്കൂടാരത്തിൽ മിന്നിത്തിളങ്ങുന്നത്.
ഭസ്മത്തിൽ മേക്കാട് യശ – രാമൻ നമ്പൂതിരിയുടെയും തൃപ്പൂണിത്തുറ കോവിലകത്തു ശ്രീമതി. സുഭി തമ്പുരാന്റെയും മകനാണ്. കോളേജ് വിദ്യാഭ്യാസവും ഇലക്ട്രോണിക്സ് ഡിപ്ലോമയും കഴിഞ്ഞു ഉത്തരേന്ത്യയിലും നാട്ടിലും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തു., ജ്യോതിഷത്തിൽ ആകൃഷ്ടനായി കൊടകര കൈമുക്ക് മനയിൽ ജ്യോതിഷപഠനം നടത്തുകയും തുടർന്ന് ആ വഴിയിൽ തുടരുകയും ചെയ്യുന്നു.
കവിതകളിൽ വൃത്തനിബദ്ധമായ പഴയകാല സമ്പ്രദായത്തോടാണ് താൽപ്പര്യം കഴിവതും ആ വഴിയേ കവിതകൾ രചിക്കുന്നു. കൂട്ടത്തിൽ ബാലകവിതകളും ബാലകഥകളും എഴുതുന്നതിൽ വിദഗ്ധനാണ്.. ഇപ്പോൾ ഇരിഞ്ഞാലക്കുട എം.ജി. റോഡിൽ രാമശ്രീയിലാണ് താമസിക്കുന്നത്. യദു മേക്കാടെഴുതിയ മടി മാറ്റിയ ആൽമരം എന്ന കഥയാണ് താഴെ കൊടുത്തിരിക്കുന്നത്.
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲
മടി മാറ്റിയ ആൽമരം
മഹാമടിയനായ പരശുവിന് എന്നും പാoശാലയിൽനിന്ന് തല്ലുകിട്ടാനാണു വിധി .പഠിത്തത്തേക്കാൾ അവനു ശ്രദ്ധ കളികളിലും മറ്റുള്ളവരെ കളിക്കാൻ പ്രേരിപ്പിക്കുന്ന കാര്യത്തിലുമാണ്. ആരോപറഞ്ഞുകേട്ടതു വിശ്വസിച്ചു എന്നും അമ്പലമുറ്റത്തെ ആലിൻ കൊമ്പിൽ കല്ലെറിഞ്ഞു ഇല നിലംതൊടാതെ പിടിക്കാൻ ശ്രമിക്കും . അങ്ങനെ കയ്യിൽ കിട്ടിയാൽ അടികൊള്ളില്ലത്രേ.പക്ഷേ ഒരിക്കലും അത് സാധിക്കാറില്ല .പഠിക്കില്ലങ്കിലും അവൻ സത്യസന്ധനും ഈശ്വരവിശ്വാസിയുമാണ് . ഇലപറിക്കുന്നതിന്റെ പകുതി പ്രയാസമില്ല പഠിക്കാൻ എന്ന് ചിലരൊക്കെ അവനെ പറഞ്ഞുമനസ്സിലാക്കാൻ നോക്കിയെങ്കിലും പ്രയോജനം കണ്ടില്ല .
ദിവസങ്ങളും മാസങ്ങളും കടന്നുപോയ്ക്കൊണ്ടിരുന്നെങ്കിലും അവന്റെ മടിക്കും കിട്ടുന്ന അടിക്കും യാതൊരുമാറ്റവും ഉണ്ടായില്ല . ഒരുദിവസം ഇലപറിക്കൽയജ്ഞം കഴിഞ്ഞു അവൻ പോയപ്പോൾ ആലിൻ കൊമ്പിൽ പാർത്തിരുന്ന യക്ഷിയമ്മ ആലിനോട് ചോദിച്ചു “എന്നും നമ്മളെ പ്രദക്ഷിണംചെയ്ത് ഇലയ്ക്കുവേണ്ടി കഷ്ടപ്പെടു അവനല്ലേ അവൻ? അവനെ നേർവഴിക്കു കൊണ്ടുവരേണ്ടത് നമ്മുടെ കടമയല്ലേ”?
“അതേ,പക്ഷെ എങ്ങനെ“? ആൽ തിരിച്ചുചോദിച്ചു .
“ഞാൻ ഒരുമാർഗ്ഗം കണ്ടിട്ടുണ്ട്, എന്റെ കൂടെ നിന്നുതന്നാൽ മതി.” യക്ഷിയമ്മ പറഞ്ഞു. ആൽ സമ്മതം മൂളി പിറ്റേന്നും പതിവുപോലെ പരശു ഹാജർ.
പതിവുചടങ്ങുകൾകഴിഞ്ഞ് കല്ലെടുത്തെറിഞ്ഞു. ഉന്നം പിഴച്ചില്ല. ഇല താഴോട്ടു വരുന്നുണ്ട്. നോക്കിനോക്കി കൈനീട്ടി അങ്ങോട്ടുമിങ്ങോട്ടും നീങ്ങി. ഇത്തവണ ഇല പറന്നുപോകാതെ കൈക്കു നേരെവരുന്നു.
അവന് അത്ഭുതം തോന്നി. അത് പതുക്കെ കൈവെള്ളയിൽ സ്പർശിച്ചപ്പോൾ തൃപ്‌തിയായി. അവൻ സന്തോഷത്തോടെ പാഠശാലയിലേക്ക് ഓടി . അന്ന് കാലത്തുമുതൽ വൈകീട്ടുവരെ അദ്ധ്യാപകർക്ക് എന്തോ തിരക്കുള്ളതുപോലെ. ഒന്നുരണ്ടുപേരോടുമാത്രം ചോദ്യം ചോദിച്ചു. അവന് ചോദ്യം നേരിടേണ്ടിവന്നില്ല അതിനാൽ അടിയും കിട്ടിയില്ല. മൂന്നുനാലുദിവസങ്ങൾ ഇപ്രകാരം കടന്നുപോയി. അഞ്ചാം ദിവസം കിട്ടിയ ഇലയിൽ ഇങ്ങിനെ എഴുതിയിരുന്നു “ഇതിൽ സൂചിപ്പിച്ച വാക്കുകൾ കണ്ടെത്തി പിറ്റേദിവസം ഒരുകടലാസിൽ എഴുതി ആൽമരത്തിലെ പൊത്തിൽ വയ്ക്കുക . ആരോടും പറയരുത് .നാളേക്കുള്ള പദം ‘സുഭാ’. ഉത്തരം കൃത്യമായാൽ വൈകിട്ട് ഓരോ സമ്മാനം അവിടെ ഉണ്ടാകും “.
അവൻ ആ ഇല ഭദ്രമായി സഞ്ചിയിൽ പുസ്തകത്താളിൽ വച്ചു. അന്നും അടി കിട്ടിയില്ല.
വീട്ടിൽ വന്നു അവൻ പുസ്തകം എടുത്തു. ഇലയുള്ള താൾ നോക്കി ആഹാ അതിൽ സുഭാഷിതം എന്ന് അച്ചടിച്ചിട്ടുണ്ട് വേഗം കടലാസ് എടുത്തു എഴുതിനോക്കി. അഞ്ചാറുവട്ടം തെറ്റി. പിന്നെ ശരിയായി.അവനതുഭദ്രമായി മടക്കി സഞ്ചിയിൽവച്ചു .പിറ്റേന്ന് ഭക്തിപൂർവ്വം എഴുതിയ കടലാസ് പൊത്തിൽവച്ചു,കല്ലെടുത്തു പ്രയോഗം തുടങ്ങി .അന്നും ഒരുവാക്ക് ഉണ്ടായിരുന്നു . അവൻ ഇലവയ്ക്കുന്ന പുസ്തകത്താളിൽ വേണ്ടുന്ന വാക്കുകൾ ഉണ്ടായിരുന്നു .അങ്ങനെ എഴുതിശരിയാക്കി പൊത്തിൽ വയ്ക്കും സമ്മാനമായി വൈകിട്ട് പൊത്തിൽ കടലയോ മുള്ളൻപഴമോ കാണും. അതെടുക്കും. ഈ പ്രക്രിയ തുടർന്നുകൊണ്ടേയിരുന്നു.
തിരക്കുകളൊക്കെക്കഴിഞ്ഞ് അദ്ധ്യാപകർ ചോദ്യം ചോദിക്കലും എഴുതിക്കലും തുടങ്ങി. വടിയുമായി പരശുവിനടുത്ത് എത്തിയെങ്കിലും അവനു ഉത്തരങ്ങൾ പറയാനും ചെയ്യാനും പറ്റിയതിനാൽ അടിയിൽനിന്നും ഒഴിവായി. അത്തവണ വർഷാവസാന പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് അവനായിരുന്നു അദ്ധ്യാപകർക്കും വീട്ടുകാർക്കും അത്ഭുതമായി. അവൻ വായനയിലേക്ക് അറിയാതെ കടന്നുചെല്ലുകയാൽ പിന്നീട് അടികൊള്ളാതിരിക്കാൻ ആലില തേടേണ്ടിവന്നിട്ടില്ല .ഇതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചവർ ആൽമരവും യക്ഷിയമ്മയുമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
—————–
മടിയനായ കുട്ടി മിടുക്കനായ കഥയാണിത്. വായനയുടെ കരുത്ത് നമ്മളിൽ വരുത്തുന്ന മാറ്റമാണ് ഈ കഥയിലൂടെ വ്യക്തമാവുന്നത്.
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
ഇപ്പോളിതാ…… കവിതയുമായി അധ്യാപകനായ ഒരു കവിയാണ് നിങ്ങളെത്തേടി വന്നിരിക്കുന്നത്.
പാലക്കാട് ജില്ലയിൽ വാണിയംകുളം മനിശ്ശീരി കുഞ്ഞന്റെയും
ലീലയുടേയും മകനായി ജനിച്ച ശ്രീ. പ്രേമൻ മനിശ്ശീരി സാർ.
മനിശ്ശീരി എ.യു.പി സ്കൂൾ, കൂനത്തറ ഗവ.ഹൈസ്കൂൾ, എൻ.എസ്.എസ് കോളേജ് ഒറ്റപ്പാലം, ഗാന്ധി സേവാസദൻ ടിടിഐ പത്തിരിപ്പാല എന്നിവിടങ്ങളിലായിരുന്നു സാർ പഠിച്ചിരുന്നത്.
വിദ്യാഭ്യാസത്തിനു ശേഷം ആനക്കൽ ഗവ. ട്രൈബൽ വെൽഫെയർ ഹൈസ്കൂൾ, ബെമ്മണ്ണൂർ ഗവ.ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ പഴയ ലക്കിടി ഗവ. സീനിയർ ബേസിക് സ്കൂളിൽ പ്രൈമറി അധ്യാപകനായി സർവ്വീസിൽ തുടരുന്നു.
ഭാര്യ പ്രീജയോടും, മക്കളായ അഭിമന്യു,അനിരുദ്ധ് എന്നിവരോടുമൊപ്പം
ഒറ്റപ്പാലത്തിനടുത്ത് മനിശ്ശീരിയിലാണ് ശ്രീ.പ്രേമൻ മനിശ്ശീരി താമസിക്കുന്നത്. അദ്ദേഹത്തിന്റെ കുഞ്ഞിക്കവിത താഴെ കൊടുക്കുന്നു
🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
💧💧💧💧💧💧💧💧💧💧💧💧💧💧
തവള
+++++
തവളക്കുട്ടനു ചാടി നടക്കാൻ
പാടത്തുണ്ടൊരു കൊച്ചുകുളം.
മഴയെത്തുമ്പോൾ പേക്രോം പേക്രോം
പാടിച്ചാടാൻ എന്തു രസം.
ചാടിച്ചാടി നടക്കുന്നേരം
നീർപാമ്പാെന്നിനെ കണ്ടെന്നാൽ
തവളക്കുട്ടനു പാടില്ലല്ലോ
ജീവനു വലുതായെന്തുണ്ട്?
———————————————
കുഞ്ഞിക്കവിത ഇഷ്ടമായില്ലേ? ഉത്സാഹത്തിനിടയിൽ ആപത്തുകളും വന്നുചേർന്നേക്കാം. ഉടൻ രക്ഷപ്പെടാനുള്ള കഴിവാണ് ആർജ്ജിക്കേണ്ടത്.
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
ഇനി ഒരു രസമുള്ള കഥയാണ്. ഗിരിജ ടീച്ചറാണ് കഥ പറഞ്ഞെത്തുന്നത്
ആയുർവേദ വൈദ്യനായിരുന്ന ശ്രീ. അരിക്കാട്ട് നാരായണമേനോൻ്റെയും പ്രൈമറി സ്കൂൾ അദ്ധ്യാപികയായിരുന്ന ശ്രീമതി. വാഴപ്പിള്ളി ജാനകിയമ്മയുടെയും മകളായി തൃശൂർ ജില്ലയിലെ മറ്റത്തൂർ വില്ലേജിൽ ചെമ്പുതുറയിലാണ് ഗിരിജ.വി. ജനിച്ചത്.
തൃശൂർ NSS സ്ക്കൂളിൽ അദ്ധ്യാപികയായി . പിന്നീട് വെള്ളിക്കുളങ്ങര വിമല ഹയർ സെക്കന്ററി സ്ക്കൂളിലെ ഹൈസ്ക്കൂൾ വിഭാഗം ഇംഗ്ലീഷ് ടീച്ചറായി വിരമിച്ചു.
അമ്മിണിക്കുട്ടിയുടെ പൂരം (ബാലകവിതകൾ ), ആത്മഗതങ്ങളുടെ ഇടവഴികൾ (അനുഭവക്കുറിപ്പുകൾ / കവിതകൾ ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
123 ഗുണപാഠ കവിതകൾ ,222 സംഖ്യാ ഗാനങ്ങൾ, 101 സ്ഥല നാമകവിതകൾ,121 കടങ്കവിതകൾ എന്നീ സമാഹാരങ്ങളിൽ ബാലകവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭർത്താവ് തൃശൂർ ജില്ലാ സഹകരണ ബാങ്ക് റിട്ട.ഡി.ജി.എം ആയ പി. സത്യൻ
മകൻ അക്ഷജ്, മരുമകൾ അശ്വതി. എന്നിവരാെത്ത്
തൃശൂർ കൊടകരയ്ക്കടുത്തുള്ള ചുങ്കാൽ ദേശത്താണ് ടീച്ചർ ഇപ്പോൾ താമസിക്കുന്നത്…
ശ്രീമതി. വി. ഗിരിജ എഴുതിയ കഥയാണ് താഴെ കൊടുക്കുന്നത്.
🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
കല്ലുവിൻ്റെ പിറന്നാൾ
ഇന്ന് കല്ലുവിന്റെ പിറന്നാളാണ്. ആവണിക്കുട്ടിക്കു മാത്രമാണ് ഈ ദിവസം ഒരു ആഘോഷമായി തോന്നുന്നത്. അവളുടെ എല്ലാ സന്തോഷങ്ങളിലും അമ്മയും പങ്കുചേരാറുള്ളതു കൊണ്ട് എഴുന്നേറ്റയുടൻ തന്നെ അമ്മയുടെ അടുത്തേക്കോടിച്ചെന്നിട്ട് ആവണിക്കുട്ടി പറഞ്ഞു.
* അമ്മേ, ഇന്ന് കല്ലുവിന്റെ പിറന്നാളാണ്.
അമ്മ അത്ഭുതത്തോടെ അവളെ നോക്കിച്ചിരിച്ചുകൊണ്ടു ചോദിച്ചു, ” ഓ…ഇന്ന് കല്ലു ഇവിടെ വന്നിട്ട് ഒരു വർഷമായി . അല്ലേ ? പിറന്നാളല്ലല്ലോ ?”
” എനിക്ക് കല്ലുവിനെ കിട്ടിയ ദിവസമാണ് അവളുടെ പിറന്നാൾ”
ആവണി പറഞ്ഞു.
” അതെയോ ? എന്നാൽ അങ്ങനെയാകട്ടെ.”
അമ്മ അതു സമ്മതിച്ചു.
കല്ലു ആവണിയുടെ കുറിഞ്ഞിയാണ്. ഒരു വർഷം മുമ്പ് സ്കൂൾ പറമ്പിൽ ആരോ കൊണ്ടു കളഞ്ഞിട്ടുപോയ, ഒരു ദിവസം മുഴുവൻ അമ്മയെ വിളിച്ചു കരഞ്ഞു കൊണ്ടിരുന്ന പൂച്ചക്കുട്ടി. ചില വികൃതിക്കുട്ടികൾ അതിനെ തൊടുന്നതും വാലിൽപ്പിടിച്ചു വലിക്കുന്നതും അവൾ കണ്ടു. അവർ അതിൻ്റെ കരച്ചിലിൽ രസം കണ്ടെത്തുകയാണ്, ഒരു കളിവസ്തു കൈയിൽ കിട്ടിയതു പോലെ. കുറച്ചു നേരം കൂട്ടുകാരോടൊപ്പം അതിനെ നോക്കിനിന്ന ആവണിയുടെ കാലിലുരുമ്മി ആ പൂച്ചക്കുട്ടി നിന്നപ്പോൾ അവൾക്ക് അതിനോട് വല്ലാത്ത ഇഷ്ടം തോന്നി. അമ്മൂമ്മ പറഞ്ഞുതരാറുള്ള കഥകളിലെ ‘കളിപ്പാട്ട ‘ങ്ങളല്ലാത്ത മിണ്ടാപ്രാണികളിൽ ഒന്നായി അവളതിനെ കണ്ടു. പൂക്കളിൽ തേൻ നുകരാനെത്തുന്ന തുമ്പികളെ പിടിക്കാൻ പതുങ്ങിച്ചെല്ലുമ്പോൾ അമ്മൂമ്മ പറയുമായിരുന്നു, ”അവ അവിടെ പാറി നടന്നോട്ടെ,
കളിപ്പാട്ടങ്ങളല്ലല്ലോ.. നമ്മളെപ്പോലെ തന്നെ ജീവനുള്ളവയല്ലേ ? ” എന്ന്.
വികൃതിക്കുട്ടികളുടെ രസങ്ങൾക്കു വിട്ടു കൊടുക്കാൻ മനസ്സു വരാതെ ആവണി വേഗം ക്ലാസ് ടീച്ചറോട് ഒരു കടലാസുപെട്ടി ചോദിച്ചു വാങ്ങി, പൂച്ചക്കുഞ്ഞിനെ അതിനുള്ളിലാക്കി. സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോൾ അവളോടൊപ്പം ആ പൂച്ചക്കുഞ്ഞുമുണ്ടായിരുന്നു.
‘കല്യാണി’ എന്നു പേരിട്ട് സ്നേഹക്കൂടുതൽ കൊണ്ട് ‘കല്ലു’വായി മാറിയ ആ കുറിഞ്ഞി അങ്ങനെ ആവണിക്കുട്ടിയുടെ ഏറ്റവും പ്രിയപ്പെട്ട ഓമനയും കൂട്ടുകാരിയുമായി.
ഇന്ന് കല്ലു ആവണിയോടൊപ്പം വീട്ടിലെത്തിയ ദിവസമാണ്. കല്ലുവിന് പിറന്നാൾ സമ്മാനമായി കരുതിവച്ച ചുവന്ന റിബണിൽ കെട്ടിയ ഒരു ചെറിയ മണി കല്ലുവിൻ്റെ കഴുത്തിലണിയിച്ചപ്പോൾ വെളുപ്പും ചെന്നിറവും കലർന്ന കല്ലു കൂടുതൽ സുന്ദരിയായി . അവൾ ആവണിക്കുട്ടിയോടു ചേർന്നിരുന്നു, വലിയ പത്രാസോടെ.
———
കഥ ഇഷ്ടമായില്ലേ? ജീവജാലങ്ങളോട് കരുണയോടെയാണ് പെരുമാറേണ്ടത് എന്നാണ് ഇക്കഥ പഠിപ്പിക്കുന്നത്.
🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯
കഥയ്ക്കു ശേഷം കുട്ടിക്കവിതയാവാം. മലപ്പുറംകാരി കവയിത്രിയാണ് കുഞ്ഞിക്കവിത പാടി വരുന്നത്.
കോഡൂർ വാരിയത്ത് കൃഷ്ണൻകുട്ടി വാരിയരുടെയും ജയലക്ഷ്മീ ദേവി വാരസ്യാരുടെയും മകളാണ് ജയശ്രീ വാര്യർ .
കേരളാ പോലീസ് സർവീസിലുള്ള ജയേഷ് വാര്യരാണ് ഭർത്താവ്.
വ്യത്യസ്ത വിഷയങ്ങളിലെ ഉപരിപഠനത്തിനു ശേഷം കർമ്മരംഗത്ത് പ്രവേശിച്ചു. കുട്ടികൾക്കും, കുടുംബങ്ങൾക്കുമുള്ള പ്രബോധനാദി കാര്യങ്ങൾ ചെയ്യുന്നു. പാഠകം, പ്രഭാഷണം തുടങ്ങിയ ക്ഷേത്രോപാസനകളും ജ്യോതിഷവിഷയങ്ങളും ഉപാസനയോടെ ചെയ്തു വരുന്നു. കവിത,കഥ,നിരൂപണം തുടങ്ങിയുള്ള സാഹിത്യ ശാഖകൾ ഏറെ ഇഷ്ടമാണ്. നവമാധ്യമങ്ങളിൽ എഴുതുന്നു.
ജയശ്രീ വാര്യരെഴുതിയ കുഞ്ഞുകവിതയാണ് താഴെ കൊടുത്തിരിക്കുന്നത്.
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲
അറിവ്
++++++
അക്ഷരരമാല പഠിച്ചീടാം
‘അ’യെന്നക്ഷരമെഴുതീടാം.
അമ്മേയെന്നു വിളിക്കുന്നേരം
അമ്മിഞ്ഞപ്പാലമൃതാെഴുകും.
അറിവിന്നാശ ജനിക്കുമ്പോൾ
അറിവമൃതായിത്തീരുമ്പോൾ
അറിയും നമ്മൾ തമ്മിൽത്തമ്മിൽ
പറയുക നമ്മൾ ഒന്നാണേ.
അറിവ് പ്രകാശമാണ് ‘ആ വെളിച്ചത്തിലേക്കു പ്രവേശിക്കുമ്പോൾ നമുക്ക് മനസ്സിലാവും ഒന്നാണ് നമ്മൾ എന്ന നല്ല പാഠം.
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ഇത്തവണത്തെ വിഭവങ്ങളൊക്കെ ഇഷ്ടമായോ? വായിക്കുന്ന കൂട്ടുകാർ ഇത് മറ്റു ചങ്ങാതിമാർക്കു കൂടെ ഷെയർ ചെയ്തു കൊടുക്കണേ . അങ്ങനെ അവരും സന്തോഷിക്കട്ടെ .
പുതിയ വിഭവങ്ങളുമായി നമുക്കിനി നക്ഷത്രക്കൂടാരത്തിന്റെ പുതിയ വാതിൽ തുറക്കാനെത്തുമ്പോൾ കാണാം കുട്ടുകാരേ……!!.
സ്നേഹത്താേടെ,
നിങ്ങളുടെ.. പ്രിയപ്പെട്ട