ചായ കാപ്പി വിളികൾ കേട്ടാണ് അയാൾ ഉണർന്നത്. വണ്ടിയിലെ പാൻട്രി-കാർ സേവകരാണ് ….
ഒരു കാപ്പി വാങ്ങി പൈസ കൊടുത്ത് ഊതി ഊതി കുടിക്കാൻ തുടങ്ങി….
വണ്ടി അതിന്റെ യാത്രയുടെ അന്ത്യത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ് …
വാച്ചിൽ മണി എട്ടരമായി എന്നു കാണിക്കുന്നു …. ഊഷരമായ അന്തരീക്ഷം.. അങ്ങിങ്ങു പച്ചപ്പ് കാണാം… അവയെ പിന്നിലേക്ക് തള്ളി നീക്കി വീണ്ടും
യാത്ര തുടർന്നുകൊണ്ടിരിക്കുന്നു … ഇനി 2 മണിക്കൂർ കൂടി മാത്രം തനിക്ക് ഇറങ്ങാറാകും.
വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എന്തായിരുന്നു ബഹളം … അയാൾ ഓർത്തു …
” രാജൂ ഇതുവരെ കുളിച്ചില്ലേ… ഇങ്ങനെ ഇരുന്നാൽ എങ്ങിനെയാ ” …
“പത്തു മണിക്കല്ലെ ട്രെയിൻ ..”.
“ആ അമ്പലത്തിലൊന്ന് പോയി വരണം ട്ടോ ….”
“പുഷ്പാഞ്ജലി കഴിച്ചോ… പിന്നെ കൂവളമാല, പിൻവിളക്ക് എന്നിവയും … ങ്ഹാ പിന്നെ ഒരു ധാരയും … വിളിച്ചാൽ വിളിപ്പുറത്തുള്ള തേവരാ .. ഈശ്വരാ ന്റെ കുട്ടീനെ കാത്തോളണേ …”
അമ്മയുടെ തുടരെത്തുടരെയുള്ള നിർദ്ദേശങ്ങൾ ..
പിന്നെ എല്ലാം എടുപിടീന്നായിരുന്നു… 9.30 ആയതോടെ വീട്ടിൽ നിന്നിറങ്ങി … ഒരു കൂട്ടുകാരൻ തന്റെ കാറ് കൊണ്ടുവന്നിരുന്നതിനാൽ വളരെ പെട്ടെന്നു തന്നെ സ്റ്റേഷനിൽ എത്തിച്ചേർന്നു …
ലഗ്ഗേജുകളെല്ലാം എടുത്തു വച്ചു … കൂട്ടുകാരൻ വണ്ടി ഇളകുന്നതുവരെ കൂടെ ഉണ്ടായിരുന്നു….
വണ്ടി സമയത്തിനു തന്നെ സ്റ്റേഷനിൽ എത്തിച്ചേർന്നിരുന്നു … കയറി സീറ്റിൽ ഇരുത്തി കൂട്ടുകാരൻ യാത്ര പറഞ്ഞിറങ്ങി … അയാളുടെ മനസ്സപ്പോൾ നിർവ്വി കാരമായിരുന്നു.
വണ്ടി ഇളകാൻ തുടങ്ങിയപ്പോഴേക്കും എന്തോ വല്ലാത്തൊരസ്വസ്ഥത തോന്നി … യാത്രാവേളയിൽ പലതുമോർത്ത് മനസ്സ് വിങ്ങി …
ഒന്നര ദിവസത്തോളമെടുത്ത മടുപ്പിക്കുന്ന ട്രെയിൻ യാത്ര … വീട്ടിലെ കാര്യങ്ങൾ ആലോചിച്ചപ്പോൾ ആസ്വദിക്കാനും തോന്നിയില്ല …
ആദ്യ ദിവസ രാത്രി കഴിഞ്ഞതോടെ പിന്നെ ചിന്ത നഗരത്തെക്കുറിച്ചായിരുന്നു, തികച്ചും ആകാംക്ഷാഭരിതം ….
ഇറങ്ങേണ്ട സ്റ്റേഷനിൽ വണ്ടി കിതച്ചു കിതച്ചു കൊണ്ടെത്തിച്ചു …
കയറുമ്പോൾ യാത്രയയ്ക്കാൻ കൂട്ടുകാരനുണ്ടായിരുന്ന പോലെ വരുന്ന വിവരം മുൻകൂട്ടി അറിയിച്ച കാരണം നിഹാൽ സ്റ്റേഷനിൽ കാത്ത് നില്പുണ്ടായിരുന്നു ..
അയാൾ വണ്ടിയിൽ നിന്നിറങ്ങി … അവസാന സ്റ്റേഷനായത് കാരണം ആരും ഇറങ്ങാൻ ധൃതി ഒന്നുംതന്നെ കാണിച്ചില്ല …
സാധനങ്ങൾ എല്ലാം നിഹാൽ ഇറക്കിവച്ചു … അയാൾ ചോദിച്ചു “നിഹാൽ കൈസെ ഹോ ബായ്… ?” എല്ലാം നന്നായിത്തന്നെ പോകുന്നുണ്ടെന്ന് നിഹാൽ പറഞ്ഞു .. അയാളെ കണ്ട സന്തോഷം അവന്റെ കണ്ണുകളിൽ കാണാമായിരുന്നു.
താമസത്തിനായി ഓഫീസ് ക്വാർട്ടേഴ്സ് വൃത്തിയാക്കിയിട്ടിരുന്നു.
യാത്രക്കിടയിൽ നിഹാൽ അയാളുടെ അഭാവത്തിലുണ്ടായ കാര്യങ്ങൾ എല്ലാം ധരിപ്പിച്ചു … അതിനിടയ്ക്ക് വീട്ടിലെ വിശേഷങ്ങൾ തിരക്കുകയും ചെയ്തു … എല്ലാം വഴിയെ പറയാമെന്ന് പറഞ്ഞ് അവനെ സമാധാനിപ്പിച്ചു ….
നിഹാൽ തന്റെ കുടുംബത്തിൽ പുതിയൊരതിഥി എത്തിയ വിവരം തെല്ലു നാണത്തോടെ പറഞ്ഞൊപ്പിച്ചു….
ക്വാർട്ടേഴ്സിൽ ഇറക്കിയ ശേഷം നിഹാൽ പോകാൻ ധൃതി വച്ചപ്പോൾ നാട്ടിൽ നിന്ന് പ്രത്യേകം അവനായി കൊണ്ടുവന്ന മധുര പലഹാരങ്ങളും മറ്റും കയ്യിൽ കൊടുത്തു വിട്ടു … ബാക്കിയുള്ളത് അടുത്ത ദിവസങ്ങളിൽ കൊടുക്കാം … അമ്മ ഒരു പാട് സാധനങ്ങൾ പാക്ക് ചെയ്തു വച്ചിരുന്നു … മകനുവേണ്ടി ….
നിഹാൽ പോയതിനു ശേഷം അയാൾ വസ്ത്രങ്ങൾ മാറ്റി … ഇനി ഒന്നു ഫ്രഷാവണം …
കുളിമുറിയിൽ തണുത്ത ജലം ധാര ധാരയായി തലയിൽ പതിച്ചപ്പോൾ ശരീരത്തിന് വല്ലാത്തൊരാശ്വാസം തോന്നി …
ഭക്ഷണം സ്റ്റേഷനിൽ നിന്നുള്ള യാത്രയിൽ തന്നെ കഴിച്ചിരുന്നതിനാൽ ഇനി ഉറങ്ങിയാൽ മതി….
ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് അയാൾ നാട്ടിലേക്ക് വിളിച്ചു .. എത്തിയ വിവരം അച്ഛനെയും അമ്മയെയും അറിയിച്ചു … യാത്ര സുഖമായിരുന്നതായും ….
ഇനിയൊന്നുറങ്ങട്ടെ …. അയാൾ കിടക്കയിലേക്ക് ചാഞ്ഞു …. മനസ്സിൽ പലതരം ഓർമ്മകളും, അടുത്ത ദിവസമെന്താകുമെന്ന ചിന്തകളും തേരോട്ടം നടത്തിക്കൊണ്ടിരുന്നു …. ചിന്തകൾക്ക് കടിഞ്ഞാണിട്ടു കൊണ്ട് അയാൾ കണ്ണടച്ച് കാലുകൾ താളത്തിലാട്ടികൊണ്ടിരുന്നു … അങ്ങനെ ചെയ്താൽ പെട്ടെന്നുറക്കം വരുമത്രേ … അച്ഛൻ പറഞ്ഞു തന്ന സൂത്രമാണത്….
യാത്രാക്ഷീണത്താലാവണം രാത്രിയിൽ നല്ല ഉറക്കം തന്നെ കിട്ടി … ഇടയ്ക്ക് നാട്ടിലെ നല്ല ഓർമ്മകൾ സ്വപ്നത്തിൽ മിന്നിമറഞ്ഞു ….
രാവിലെ പതിവിലും വൈകിയാണുണർന്നത് ( നാട്ടിൽ നേരത്തെ എഴുന്നേൽക്കുമായിരുന്നു ) പ്രഭാതകൃത്യങ്ങളെല്ലാം വളരെ വേഗത്തിൽത്തന്നെ തീർത്തു … ഇന്നിപ്പോൾ ഭക്ഷണം കാന്റിനിൽ നിന്നാവാം ….
ഒരു വിധം കുശിനിപ്പണികളെല്ലാം തന്നെ അയാൾക്കറിയാമായിരുന്നെങ്കിലും നാടുവിട്ടതിനു ശേഷം ചെയ്തിരുന്നില്ല …
പകൽ നേരം കാന്റീനിൽ നിന്നും രാത്രികളിൽ അടുത്ത വീട്ടിലെ ആന്റി ഉണ്ടാക്കിത്തന്നുമിരിക്കുമായിരുന്നു…. തികച്ചും അല്ലലില്ലാത്ത ജീവിതം ….
നിഹാൽ തന്റെ കാറുമായി വന്നിരുന്നു … ഓഫീസിലെത്തി … എല്ലാവരുടെയും ശുഭദിനാശംസകൾ ശ്രവിച്ചും, തിരിച്ചു നൽകിയും അയാൾ നേരെ ബോസ്സിന്റെ ക്യാബിനിലേക്ക് കയറി …. ഒഫീഷ്യൽ ഫോർമാലിറ്റികളെല്ലാം കഴിച്ച് ജോലിയിൽ തിരികെ പ്രവേശിച്ചു ….
തന്റെ ക്യാബിനിലേക്ക് കടക്കുന്നതിന് മുമ്പ് അയാളുടെ അഭാവത്തിൽ ജോലിയിൽ പ്രവേശിച്ച ഏവരേയും നിഹാൽ അയാൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു ….
ക്യാബിനിൽ കയറി … യാതൊരു മാറ്റവുമില്ല … അയാളില്ലാത്ത സമയത്ത് ബോസ്സ് തന്നെ നേരിട്ട് കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നതിനാൽ ക്യാബിനിൽ ആരും പ്രവേശിച്ചിരുന്നില്ല ….
പെൻഡിംഗ് തപാലുകൾ ഒന്നും ഇല്ലാത്തതിനാൽ പുതിയ തുടക്കമാണ്… അതയാൾക്ക് കുറച്ച് അസ്വസ്ഥതകൾ സൃഷ്ടിച്ചു എങ്കിലും വളരെ പെട്ടെന്നു തന്നെ അതിനോട് പൊരുത്തപ്പെട്ടു …
മലയാളികൾ എവിടെച്ചെന്നാലും വളരെ പെട്ടെന്നു തന്നെ പരിതസ്ഥിതികളോട് ഇണങ്ങിച്ചേരുന്നവരാണല്ലോ … കൂടാതെ മറുനാട്ടിലെത്തിയാൽ അവർക്ക് ആത്മാർത്ഥതയും കൃത്യനിഷ്ഠയും കൂടിയുമിരിക്കും ഇക്കാരണത്താൽ തന്നെ മദ്രാസി ലോഗിനോട് (ഉത്തരേന്ത്യയിൽ എല്ലാ ദക്ഷിണേന്ത്യക്കാരെയും പൊതുവെ മദ്രാസി ലോഗ് എന്ന പേരിൽ ആണ് വിളിച്ചിരുന്നത് ) എല്ലാ മുതലാളിമാർക്കും കൂടുതൽ താല്പര്യം തോന്നിയിരുന്നു … പലരും വലിയ വലിയ കമ്പനികളിൽ ചെറിയ പദവികളിലിരുന്ന് ഉന്നത പദവികളിലേക്ക് ചേക്കേറി സമൂഹത്തിൽ ഉന്നത സ്ഥാനീയരായി മാറി. എല്ലാ മേഖലകളിലും പഞ്ചാബികൾ കഴിഞ്ഞാൽ മലയാളികൾക്ക് ആയിരുന്നു ആധിപത്യവും ….
അന്നു പകൽ രണ്ടു മൂന്ന് മീറ്റിംഗുകളിൽ പങ്കെടുക്കാനുണ്ടായിരുന്നു ….
ബോസ് അയാളുടെ അഭാവത്തിൽ കമ്പനിക്ക് നേരിട്ട തളർച്ചയും വളരെ പെട്ടെന്നു തന്നെ കമ്പനി ആലസ്യത്തിൽ നിന്ന് ഉണർന്നെഴുന്നേൽക്കുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു…
പുതുമുഖങ്ങൾക്ക് അയാളെ കമ്പനിയുടെ നട്ടെല്ലാണ് രാജീവ് എന്നാണ് ബോസ് പരിചയപ്പെടുത്തിക്കൊടുത്തത് …
വൈകുന്നേരം ബോസിന്റെ കൂടെ ഫാക്ടറി കാണുവാൻ പോയി …. മുമ്പ് അയാൾ രണ്ടു മൂന്നുതവണ ഫാക്ടറി സന്ദർശിച്ചിട്ടുണ്ടായിരുന്നു എങ്കിലും പണ്ട് കണ്ടിരുന്ന ഉന്മേഷവും ഊർജ്ജസ്വലതയും പ്രവർത്തകർക്കിടയിൽ ദർശിക്കാനായില്ല … ഫാക്ടറി സൂപ്പർവൈസർ ഒരു പുതിയ ആളായിരുന്നു …. ഔപചാരികമായ പരിചയപ്പെടലുകൾക്ക് ശേഷം മൊത്തത്തിൽ ഓരോ യൂണീറ്റിലെയും പ്രവർത്തന ശേഷിയും, മികവും സാമഗ്രികളുടെ ലഭ്യത എന്നിവയെക്കുറിച്ചെല്ലാം ഹ്രസ്വമായി സംസാരിച്ചു…. വിശദമായ റിപ്പോർട്ട് സമർപ്പിക്കുവാൻ സൂപ്പർവൈസറെ ചുമതലപ്പെടുത്തുകയും ചെയ്തു ….
ഫാക്ടറി സന്ദർശന വേളയിൽ പരിപൂർണ്ണ ആധിപത്യം അയാൾക്കു തന്നെയായിരുന്നു … ഇടയ്ക്ക് സംശയങ്ങളോ സഹായമോ ആവശ്യമായി വന്നപ്പോൾ ബോസ് ഇടപെടുകയും ചെയ്തു … അതിനധികം സാഹചര്യം പക്ഷേ അയാൾ സൃഷ്ടിച്ചില്ല കാരണം വളരെ പെട്ടെന്ന് തന്നെ അയാൾ തന്റെ പ്രവൃത്തിയോട് താദാത്മ്യം പ്രാപിച്ചിരുന്നു.
ഫാക്ടറിയിൽ നിന്ന് മടങ്ങവെ കാറിലിരുന്ന് ബോസ് കമ്പനിയുടെ കഴിഞ്ഞ കാലത്തെ മികവിനെ പ്രകീർത്തിക്കുകയും അയാളുടെ അഭാവത്തിൽ കമ്പനിക്ക് നേരിട്ട തളർച്ചയെയും കുറിച്ചാണ് സംസാരിച്ചത് …. വളരെ പെട്ടെന്ന് തന്നെ ഉയർത്തിക്കൊണ്ടുവരുന്നതിന് അയാളുടെ ഇടപെടലുകൾ ആവശ്യമാണെന്ന് നിർദേശിക്കുകയും ചെയ്തു ….
…..തുടരും ….