Sunday, November 24, 2024
Homeകായികംകളം വാണത് സഞ്ജു, ജയിച്ചത് ഡല്‍ഹി; രാജസ്ഥാന് 20 റണ്‍സ് തോല്‍വി, നാടകീയം സഞ്ജുവിന്റെ പുറത്താവല്‍.

കളം വാണത് സഞ്ജു, ജയിച്ചത് ഡല്‍ഹി; രാജസ്ഥാന് 20 റണ്‍സ് തോല്‍വി, നാടകീയം സഞ്ജുവിന്റെ പുറത്താവല്‍.

ന്യൂഡല്‍ഹി: സഞ്ജു സാംസന്‍ തകര്‍പ്പന്‍ ഇന്നിങ്‌സുമായി കളം നിറഞ്ഞിട്ടും ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് വിജയിക്കാനായില്ല. ഡല്‍ഹി ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍, നിശ്ചിത ഓവറില്‍ 201 റണ്‍സെടുത്ത് കീഴടങ്ങി. ഡല്‍ഹിക്ക് 20 റണ്‍സിന്റെ ജയം. 46 പന്തില്‍ ആറ് സിക്‌സും എട്ട് ബൗണ്ടറികളുമായി 86 റണ്‍സെടുത്ത സഞ്ജുവിന്റെ ഇന്നിങ്‌സ് രാജസ്ഥാനെ തുണച്ചില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 221 റണ്‍സെടുത്തുത്. ഓപ്പണര്‍മാരായ ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്കും അഭിഷേക് പൊരേലും അര്‍ധ സെഞ്ചുറിയോടെ തുടങ്ങിവെച്ച തകര്‍പ്പന്‍ ഇന്നിങ്സില്‍ ട്രിസ്റ്റന്‍ സ്റ്റബ്സും ബാറ്റുവെച്ചതോടെ സ്‌കോര്‍ 200 കടക്കുകയായിരുന്നു.

മുകേഷ് കുമാര്‍ എറിഞ്ഞ 16-ാം ഓവറില്‍ കൂറ്റനടിക്ക് ശ്രമിച്ച സഞ്ജുവിനെ ഷായ് ഹോപ്പ് ബൗണ്ടറി ലൈനോട് ചേര്‍ന്ന് നടത്തിയ ക്യാച്ചിലാണ് പുറത്തായത്. സഞ്ജുവിന്റെ ക്യാച്ച് കൈയില്‍ ഭദ്രമാകുന്ന സമയത്ത് ഹോപ്പിന്റെ കാല്‍ ബൗണ്ടറി ലൈനില്‍ സ്പര്‍ശിച്ചോ എന്നതിലെ സംശയം ദൂരീകരിക്കുന്നതിനായി തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിട്ടു. തേഡ് അമ്പയര്‍ ഔട്ടായി കണക്കാക്കിയെങ്കിലും സഞ്ജു അതൃപ്തി പ്രകടിപ്പിച്ചു. ഇതോടെ പുറത്താവല്‍ വിവാദത്തിന് വഴിവെച്ചു.

മക്ഗുര്‍ക്ക് ആദ്യ നാലോവറില്‍ത്തന്നെ അര്‍ധ സെഞ്ചുറി കണ്ടെത്തി. ആവേശ് ഖാനെറിഞ്ഞ നാലാം ഓവറില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം 28 റണ്‍സാണ് മക്ഗുര്‍ക്ക് നേടിയത്. ഇതോടെ 19 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയായി. ഐ.പി.എലില്‍ മൂന്ന് തവണ 20 പന്തിനുള്ളില്‍ അര്‍ധ സെഞ്ചുറി കുറിച്ച ഒരേയൊരു താരമായി മാറാനും മക്ഗുര്‍ക്കിനായി. അഭിഷേക് പൊരേല്‍ 36 പന്തില്‍ മൂന്ന് സിക്സും ഏഴ് ഫോറും സഹിതം 65 റണ്‍സാണ് നേടിയത്. 20 പന്തുകളില്‍ മൂന്നുവീതം സിക്സും ഫോറും സഹിതം സ്റ്റബ്സ് 41 റണ്‍സ് നേടി. അക്സര്‍ പട്ടേല്‍ (15), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (15), ഡല്‍ഹിക്കായി അരങ്ങേറ്റം നടത്തിയ ഗുലാബ്ദിന്‍ നായിബ് (15 പന്തില്‍ 19), റാസിഖ് സലാം (9), കുല്‍ദീപ് യാദവ് (5*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സമ്പാദ്യങ്ങള്‍.

അശ്വിന്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ മക്ഗുര്‍ക്കാണ് ഡല്‍ഹി നിരയില്‍ ആദ്യം പുറത്തായത്. സന്ദീപ് ശര്‍മ എറിഞ്ഞ അടുത്ത ഓവറില്‍ ഷായ് ഹോപ്പ് റണ്ണൗട്ടുമായി. ഇതോടെ പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സ്. 14 ഓവര്‍ പിന്നിട്ടപ്പോള്‍ അഞ്ച് വിക്കറ്റ് വീണെങ്കിലും ടീം സ്‌കോറിന് വിട്ടുവീഴ്ച വരുത്താതെ ബാറ്റര്‍മാര്‍ കാത്തു. 151 റണ്‍സായിരുന്നു അന്നേരംവരെയുള്ള സമ്പാദ്യം. അവസാന മൂന്നോവറില്‍ 53 റണ്‍സാണ് നേടിയത്. സന്ദീപ് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ രണ്ട് വിക്കറ്റുകളും പിറന്നു. രാജസ്ഥാനുവേണ്ടി രവിചന്ദ്രന്‍ അശ്വിന്‍ നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടി. ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ആവേശ് ഖാന്‍ രണ്ടോവറില്‍ 42 റണ്‍സ് വഴങ്ങി. ബോള്‍ട്ട്, ചാഹല്‍ എന്നിവര്‍ 48 റണ്‍സ് വീതവും വഴങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments