കോട്ടയ്ക്കൽ.–ചങ്കുവെട്ടിയിലെ വിലങ്ങലിൽ കുടുംബം ഇപ്പോൾ സന്തോഷക്കോട്ടയുടെ നെറുകിലാണ്. മുഹമ്മദ്ബാവ – സൈനബ ദമ്പതികളുടെ 3 ആൺമക്കൾ വൈമാനികരായി. മൂത്തമകൻ ബാദുഷ 6 വർഷം മുൻപാണ് ഇൻഡിഗോ എയർലൈൻസിൽ പൈലറ്റായത്. 5 മാസം മുൻപ് ക്യാപ്റ്റനായി. ബാസിൽ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (സിപിഎൽ) കോഴ്സ് പൂർത്തീകരിച്ച് ജോലിക്കു യോഗ്യത നേടി. ബിഷാർ ഉടൻ കോഴ്സ് കഴിഞ്ഞിറങ്ങും.
കുടുംബത്തിൽ പലരും വിദേശത്തായതിനാൽ വിമാനത്താവളത്തിൽ പോകുന്നത് പതിവായിരുന്നു. അങ്ങനെയാണ് കുട്ടികളുടെ മനസ്സിൽ പൈലറ്റാകണമെന്ന മോഹം മൊട്ടിട്ടതെന്ന് മുഹമ്മദ്ബാവ പറയുന്നു. ബാദുഷ പ്ലസ്ടു കഴിഞ്ഞശേഷം പോണ്ടിച്ചേരി ഓറിയന്റൽ ഫ്ലൈറ്റ് സ്കൂളിലാണ് പ്രൈവറ്റ് പൈലറ്റ് ലൈസൻസ് (പിപിഎൽ) കോഴ്സിനു ചേർന്നു. പിന്നീട്, ഇൻഡിഗോ കമ്പനിയുടെ കെഡറ്റ് പ്രോഗ്രാമിൽ പ്രവേശനം നേടി സിപിഎൽ കോഴ്സ് പൂർത്തിയാക്കി. മഹാരാഷ്ട്രയിലെ പഠനത്തിനുശേഷം വിദേശത്ത് പരിശീലനം നേടി. കൊച്ചിയിൽ ഇൻഡിഗോയിൽ തന്നെ ജോലി ലഭിച്ചു.
ബാദുഷയ്ക്കു പിന്നാലെ ബാസിലും ബിഷാറും പറക്കാൻ ഒരുങ്ങി. അലിഗഡിലെ പയനിയർ ഫ്ലയിങ് ക്ലബിൽ ഇരുവരും സിപിഎല്ലിനു ചേർന്നു. ഇവർക്കു താഴെയുള്ള പ്ലസ് വൺ വിദ്യാർഥി ബരീറയും അഞ്ചാംക്ലാസുകാരൻ ബുർഹാനും ഇതേ ആഗ്രഹം തന്നെയാണ്. കോട്ടയ്ക്കലിൽ സഹകരണ സ്ഥാപനത്തിൽ ജോലിചെയ്യുന്ന മുഹമ്മദ്ബാവയുടെ പിന്തുണയാണ് സ്വപ്നസാക്ഷാൽക്കാരത്തിന്റെ വഴിയിൽ മക്കൾക്കു കൈത്താങ്ങായത്.
– – – – – – – – – –