1 ച്യുതി അച്യുതി
അച്യുതാനന്ദൻ
ച്യുതി =നാശം,വീഴ്ച
ച്യുതി ഇല്ലാത്തവൻ അച്യുതൻ.ഈശ്വരനു മാത്രമാണ് നാശമില്ലാത്തത്.
നമ്മുടെ നാമവും രൂപവും ഒരിക്കൽ നശിക്കും.വിഷ്ണു എന്ന അർത്ഥത്തിൽ അച്യുതാനന്ദൻ എന്നു പ്രയോഗിക്കുന്നു.
നശിക്കുന്ന നാമരൂപാദികളോടു കൂടിയ ലോകത്ത് നശിക്കാതെ വിരാജിക്കുന്നവൻ എന്ന അർത്ഥത്തിൽ അച്ചുതാനന്ദൻ എന്നു പ്രയോഗിക്കുന്നതു തെറ്റ്.
അച്യുതാനന്ദ ഗോവിന്ദ മാധവാ…..!
2 അധികരിക്കുക
വർദ്ധിക്കുക എന്ന അർത്ഥത്തിൽ വ്യാപകമായി തെറ്റി പ്രയോഗിക്കുന്നുണ്ട്.
വിഷയമാക്കി, അടിസ്ഥാനമാക്കി എന്നാണ് അർത്ഥം.
ചങ്ങമ്പുഴയുടെ ‘വാഴക്കുലയും വിപ്ളവ സമസ്യകളും’ എന്ന വിഷയത്തെ അധികരിച്ച് ടോം ജറോം ടൗൺഹാളിൽ നടത്തിയ പ്രസംഗം……
3 അർണ്ണവം = സമുദ്രം
അർണ്ണസ് ( ജലം ) ഉള്ളത് അർണ്ണവം.
” അർണ്ണവം തന്നിലല്ലോ
നിമ്നഗ ചേർന്നൂ ഞായം” എന്ന് ഉണ്ണായി വാര്യർ
4 പൂയം
പുഷ്യത്തിന്റെ തത്ഭവമാണ് പൂയം.
( മറ്റൊരു ഭാഷയിലെ പദം അങ്ങനെ തന്നെ എടുത്തുപയോഗിക്കുന്നതിനു തൽസമം എന്നും മാറ്റം വരുത്തി മലയാളീകരിച്ച് ഉപയോഗിക്കുന്നതിനു തൽഭവം എന്നും പറയുന്നു.
lantern റാന്തൽ, cashew nut കശുവണ്ടി)
പോഷിപ്പിക്കപ്പെടുന്നതാണ് പൂയം.മകരത്തിനു തൈമാസമെന്നാണ് തമിഴ് മൊഴി.അങ്ങനെയാണ് തൈപ്പൂയമായത്.സ്കന്ദന് അഭിഷേകം അഭിവൃദ്ധികരം,താപനാശകരം.തൈപ്പൂയക്കാവടിയാട്ടം തങ്കമയിൽപ്പീലിയാട്ടം…
എന്നു ശ്രീകുമാരൻ തമ്പി.