Friday, December 6, 2024
Homeയാത്രഇഞ്ചത്തൊട്ടി തൂക്കുപാലം (യാത്രാവിവരണം) ✍സാഹിറ എം

ഇഞ്ചത്തൊട്ടി തൂക്കുപാലം (യാത്രാവിവരണം) ✍സാഹിറ എം

സാഹിറ എം

പഴയ ഭൂതത്താൻകെട്ടിൽ നിന്നും ഇറങ്ങി നേരെ പോകാൻ തീരുമാനിച്ചത് ഇഞ്ചത്തൊട്ടി തൂക്കുപാലത്തിലേക്കാണ്. പക്ഷേ, പഴയ ഭൂതത്താൻകെട്ടിൽ നിന്ന് ഭൂതങ്ങൾ അദൃശ്യരായി പിന്നാലെ കൂടിയ പോലെ ! സ്ഥലകാല വിഭ്രമം. വഴി മറന്നു. ഞങ്ങൾ മൂന്ന് പേരും. ഗൂഗിളിന് തിരയാൻ ഒരു സ്ഥലം വേണം. ഇഞ്ചത്തൊട്ടിക്ക് പകരം ഇരുമ്പുപാലം മാത്രംഓർമ്മയിൽ . ഭൂതങ്ങൾ ഓർമ്മയെ ഉറക്കുന്നു. ഇങ്ങോട്ട് വന്ന വഴി തന്നെ മറന്നു. ഇടത് വശത്തേ വഴിയിലൂടെ ഒരൂഹം വച്ച് വണ്ടി വിട്ടു. അഞ്ചുമിനിറ്റുള്ളിൽ മനസ്സിലായി ഇതല്ല വഴി ! വണ്ടി തിരിച്ചെടുക്കാൻ സൗകര്യമുളള ഇടം നോക്കി കഷ്ടിച്ച് ഒരുവണ്ടി കടന്നുപോകുന്ന വഴിയിലൂടെ വിട്ടു. രക്ഷപ്പെട്ടു ! മെയിൻ റോഡ് മുന്നിൽ! എന്തൊരാശ്വാസം ! ഇനി, ഇടത്തോട്ടാണോ വലത്തോട്ടാണോ വഴി?.
ഇടത്തേക്ക് തിരിച്ച് ശൂന്യമായബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്ത് നിർത്തി റാേഡ് മുറിച്ച് കടന്ന് കടയിൽ കയറി അടുത്ത ജം‌ഗ്‌ഷൻ്റെ പേരും വഴിയും ചോദിച്ചു. നാട്ടിൻപുറത്തിന്റെ നന്മ അദ്ദേഹത്തിന്റെ വിശദമായ വിവരണത്തിൽ നിന്നും അറിഞ്ഞു . ചൂണ്ട് പലകയായി … പുന്നേക്കാട് അതാണ് ഞങ്ങൾക്ക് തിരിയേണ്ടയിടം. ഇനിയൊരിക്കലും മറക്കരുതെന്നോർമ്മിപ്പിച്ച് ഭൂതത്താൻമാരും അദൃശ്യരായി മടങ്ങി.

ഇവിടേയ്ക്കുള്ള രണ്ടാം വരവ്. ആദ്യം കാണുമ്പോൾ അസാധാരണ വലിപ്പവും കുലുക്കമുണ്ടാക്കുന്ന പേടിയും കാരണം പാലത്തിൽ നിന്ന്
നോട്ടം ദൂരേക്ക് അയച്ചില്ല . പ്രകൃതിയുടെ ഭംഗി കരയിൽ നിന്ന് നോക്കിക്കണ്ടതേയുള്ളൂ . അക്കരെ പോയി മറുകരയും ഇക്കരെ നിന്ന് അക്കരെയും കണ്ടു . പാലത്തിൽ നിന്നും താഴോട്ട് നോക്കാൻ അന്ന് മനസ്സനുവദിച്ചില്ല . വല്ലാത്ത ജനത്തിരക്കും കാറുകളുടെയും മറ്റുവാഹനങ്ങളുടെയും ബഹളവുമായിരുന്നു . വശങ്ങളിലെ കച്ചവടക്കാരും ബോട്ടിംഗ് , കയാക്കിങ്ങും എന്ന് പറഞ്ഞുള്ള ആളുകളുടെ പിന്നാലെ വരവും ഒരു അസഹ്യത അന്നുണ്ടാക്കി എന്നത് വാസ്തവം .

അതൊക്കെ പ്രതീക്ഷിച്ചു പോയാൽ ഇന്ന് സ്ഥിതി ആകെ മാറിയിരുന്നു. ഇടയ്ക്കിടെ പെയ്യുന്ന മഴ കാരണമാണോ എന്തോ എന്നറിഞ്ഞില്ല സന്ദർശകർ ഇല്ലായിരുന്നു എന്ന് തന്നെ പറയാം . വലതുവശത്തേ കടകളും ദിവസങ്ങളായി, അല്ല മാസങ്ങളായി തുറന്നിട്ട് എന്ന് തോന്നി .കയാക്കിംഗ് ബോട്ടിംഗ് സാമഗ്രികൾ പൊടിപിടിച്ച് ചെളിയിൽ അനാഥമായി കിടന്നു . പുതിയ ശല്യക്കാരാണോ എന്ന ഭാവത്തിൽ കണ്ടലുകളിൽ സമാധാനമായിരുന്ന പക്ഷികൾ നോക്കുന്നു . ആ ഭാഗത്ത് ഇപ്പോൾ ജലം ഉണ്ടായിരുന്നില്ല .എന്നാലും പെരിയാറിന്റെ ഗാംഭീര്യത്തിന് യാതൊരു കുറവും ഉണ്ടായിരുന്നില്ല . ഇരുകരകളെയും മുട്ടിച്ച് അതങ്ങനെ നിറഞ്ഞ് അജയ്യമായി കിടന്നു . തൂക്കുപാലം തുടങ്ങുന്ന വശത്തും അവസാനിക്കുന്നിടത്തുംഓരോ കടകൾ വീതം അപ്പോഴും സജീവമായി ഉണ്ടായിരുന്നു . വൈകുന്നേരമാണ് അവിടെ എത്തിയത് . മഴക്കാറും അസ്തമയ സൂര്യനും ഇടയ്ക്കിടെ പെയ്ത ചാറ്റൽമഴകളും ഇരുകരകളുടെയും അസാധാരണമായ പ്രകൃതിഭംഗിയും നബിഡവന സാന്നിധ്യവും മലകളിൽ പറന്നു നടക്കുന്ന കോടയും എല്ലാം ചേർന്ന് അസാധാരണമായ ഒരു ദൃശ്യഭംഗി നൽകി. വന്യമായ നിശബ്ദത ഉണ്ടാക്കുന്ന നേരിയ ഭയവും അതിനൊപ്പം വരുന്ന മിന്നലും ചെറിയ ഇടിമുഴക്കവും ചേർന്നപ്പോൾ ഉണ്ടായ അനുഭവം വേറിട്ടു നിന്നു. മിന്നലും മഴയുടെ വരവും കണ്ട് കടയിലെ ചേച്ചി അത് അടയ്ക്കാൻ തുടങ്ങി . അപ്പോൾ ഞങ്ങളും തിരിച്ചുപോകാൻ തയ്യാറായി.

കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം എന്നാണ് ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന്റെ വിശേഷണം. പെരിയാറിന്റെ രണ്ടു കരകളെ ബന്ധിപ്പിക്കുന്ന നടപ്പാലം. ആദ്യം കയറുന്നവർ ഒന്നു വിറയ്ക്കും. പകുതി എത്തുന്നതിനു മുമ്പേ പാലം കുലുങ്ങും .ആടാൻ തുടങ്ങും. നമ്മളെ നോക്കി ചെറുചിരിയുടെ നാട്ടുകാരായ ഇത്തിരി പോന്ന വിദ്യാർത്ഥികളും , ഉദ്യോഗസ്ഥരും സാധാരണക്കാരും അങ്ങോട്ടുമിങ്ങോട്ടും വളരെ കൂളായി കടന്നു പോകും .
ഇത്തവണ പാലത്തിന്റെ ഇരുകരകളേയും കണ്ണെത്തുന്ന ദൂരം വരെ നന്നായി നോക്കിക്കണ്ടു. പാലത്തിന് നടുവിൽ നിന്ന് പെരിയാറിനെയും അതിൻറെ ഗാംഭീര്യത്തെയും മനസ്സിൽ ആവാഹിച്ചു .

പ്രകൃതി സൗന്ദര്യത്തിൻറെ അവാച്യ ദൃശമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയിൽ നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിലേക്കുള്ള നടപാലമാണിത് . കോതമംഗലം – തട്ടേക്കാട് വഴിയിൽ പുന്നേക്കാട് കവലയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് നേര്യമംഗലത്തേക്ക് പോകുന്ന വഴിയിലാണ് ചാരുപ്പാറ. പ്രകൃതിരമണീയമായ സ്ഥലമാണ്. തട്ടേക്കാട് പക്ഷിസങ്കേതം സന്ദർശിച്ചിട്ട് മൂന്നാർ പോകുന്നവർക്ക് പുന്നേക്കാട് – നേര്യമംഗലം വഴിയിലൂടെ പോയാൽ 15 കിലോമീറ്റർ കുറവുമാണ്.
(അവിടെ കണ്ട ഫലകത്തിൽ നിന്നുള്ള വിവരം. താഴെ👇)
പെരിയാറിന് കുറുകെയാണ് ഈ തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത് കേരളസർക്കാർ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡാണ് ഈ തൂക്കുപാലത്തിന്റെ രൂപകല്പനയും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്. 185 മീറ്ററർ നീളമുള്ള ഇതിന് ജലാശയത്തിൽ നിന്ന് 200 മീറ്ററോളം ഉയരമുണ്ട് .

സാഹിറ എം✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments