മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയുടെ പേര് മാറ്റുന്നു. അഹില്യനഗർ എന്നാണ് പുതിയ പേര്. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ജില്ലയുടെ പേര് മാറ്റിയത്. 18ാം നൂറ്റാണ്ടിൽ മറാത്ത സാമ്രാജ്യത്തിൻറെ രാജ്ഞിയായിരുന്ന അഹില്യഭായ് ഹോൽക്കറിന്റെ പേരിൽ നിന്നാണ് ജില്ലയ്ക്ക് പേര് നൽകുന്നത്. അഹമ്മദ്നഗറിന്റെ പേര് മാറ്റണമെന്ന് ബിജെപി ഏറെക്കാലമായി ആവശ്യപ്പെടുകയായിരുന്നു. മറാത്ത സാമ്രാജ്യത്തിൻറെ കുലീന രാജ്ഞിയായ അഹല്യ ഭായ് ഹോൾക്കർ ജനിച്ചത് അഹമ്മദ്നഗർ ജില്ലയിലെ ചോണ്ടി ഗ്രാമത്തിൽ നിന്നാണെന്നും അതുകൊണ്ട് ജില്ലയ്‌ക്ക് അഹല്യ നഗർ എന്ന് പേര് നൽകണമെന്നുമുള്ള ബിജെപി വാദം അംഗീകരിച്ചാണ് ഇപ്പോഴത്തെ പേരുമാറ്റം.
2023 മെയിൽ അഹില്യഭായ് ഹോൽക്കറിന്റെ 298ാം ജന്മവാർഷികത്തിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് പേരു മാറ്റത്തെപ്പറ്റിയുള്ള നിർദേശം മുന്നോട്ടുവെക്കുന്നത്. മന്ത്രിസഭായോഗ തീരുമാനങ്ങൾക്കൊപ്പമാണ് പേരുമാറ്റുന്ന വിവരവും പുറത്തുവിട്ടത്. കൂടാതെ മുംബൈയിലെ 8 റെയിൽവേ സ്റ്റേഷനുകളുടെ പേരും മാറ്റി. ബ്രിട്ടിഷ് ഭരണകാലത്ത് നൽകിയ പേരുകളാണ് മാറ്റുന്നതെന്നാണ് സർക്കാർ വാദം.
കറി റോഡ് – ലാൽബാഗ്, സാന്ദ്രസ്റ്റ് റോഡ്- ധോങ്ഗ്രി, മറൈൻ ലൈൻസ്- മുംബാദേവി, കോട്ടൺ ഗ്രീൻ സ്റ്റേഷൻ- കാലാ ചൗക്കി, ചാർണി റോഡ്- ഗിർഗാവോൺ, ഡോക്ക് യാർഡ് റോഡ്- മസ്ഗാവോൺ, കിങ് സർക്കിൾ- തീർഥ്കാർ പാർഷിവ്നാഥ് എന്നിങ്ങനെയാണ് പുതിയ പേരുകൾ. മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ പേര് നാന ജഗന്നാഥ് ശങ്കർസേത്ത് സ്റ്റേഷൻ എന്നാക്കാനും ധാരണയുണ്ട്. ഇത് സംബന്ധിച്ച നിർദേശം റെയിൽവേ മന്ത്രാലയത്തിന് നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് സമീപകാലത്ത് പേരുമാറ്റുന്ന മൂന്നാമത്തെ ജില്ലയാണിത്. 2022ൽ ഔറംഗബാദിനെ ഛത്രപതി സാംബാജിനഗർ എന്നും ഉസ്മാനാബാദിനെ ധാരാശിവ് എന്നും പേരുമാറ്റിയിരുന്നു.