Logo Below Image
Sunday, August 17, 2025
Logo Below Image
Homeകഥ/കവിതഇവിടം നിന്റേത് കൂടിയാണ്. (കവിത) ✍ദേവി മനു ..

ഇവിടം നിന്റേത് കൂടിയാണ്. (കവിത) ✍ദേവി മനു ..

നിന്നെ സ്നേഹിക്കുന്നവരെക്കാൾ
നൂറിരട്ടി നീ സ്നേഹിച്ചവരായിരിക്കും
വെറുക്കുന്നവരിലധികവും

നിന്റെ സാമീപ്യം കൊതിക്കുന്ന –
വരെക്കാൾ, നിന്റെ നിശ്വാസം
പോലും അസഹിഷ്ണുതയോടെ
കാണുന്നവരായിരിക്കും അധികവും.

നിന്റെ വാചാലതയെക്കാൾ
അനുനിമിഷം നിന്റെ മൗനം
കാംക്ഷിക്കുന്നവരായിരിക്കും
അധികവും

നീ കൈപിടിച്ചു കരയ്ക്ക്
കയറ്റിവർ തന്നെ ആയിരിക്കും.
നിന്റെ തകർച്ച ആഗ്രഹിക്കുന്ന
വരിലധികവും

നിന്റെ കൊച്ചു കൊച്ചു
സന്തോഷങ്ങൾക്ക് അഹങ്കാരത്തിന്റെ
നിറം ചാർത്തുന്നവരായിരിക്കും
അധികവും.

നിന്റെ അധരങ്ങളിൽ പൊടിയുന്ന
ചെറു പുഞ്ചിരിയെക്കാൾ
ഈറനണിഞ്ഞ നിന്റെ കണ്ണുകൾ
കാണാനായിഷ്ടപ്പെടുന്നവരായിരിക്കും
അധികവും.

നിന്റെ ഇച്ഛകൾക്ക് വിലയില്ലാതാക്കി
നന്മകൾ കണ്ടില്ലെന്ന് നടിക്കുന്ന
ഈർഷയുള്ളവരുമായിരിക്കും
അധികവും

നിന്നോടുള്ള ഇഷ്ടക്കേടുകൾ
തഴച്ചുവളരുന്നിടത്താണ് ,
അതിര് കവിഞ്ഞ നിന്റെ ഇഷ്ടങ്ങൾ
തങ്ങി നിൽക്കുന്നതധികവും.

ഹൃദയനൂലുകളാലടുപ്പിച്ച് ഇഴപാകി,
പകരം വെയ്ക്കാനാകാത്ത
സ്നേഹമെന്ന് നാഴികയ്ക്ക് നാല്പത്
വട്ടം നിന്റെ നാവിൽ ചൊറിഞ്ഞ്
നിന്നവരാണ്
പരിഹസിച്ച് പോയവരിലധികവും.

എല്ലാം ശരിയാകുമെന്ന
പ്രത്യാശയിൽ കഴിയുമ്പോഴും ,
പ്രത്യക്ഷമായും,പരോക്ഷമായും
നിന്റെ പ്രദോഷം മാത്രം സ്വപ്നം
കാണുന്നവരായിക്കും അധികവും.

എന്നിരുന്നാലും, പ്രകൃതി
കല്പിച്ചരുളിയെ കാലം വരെ
ഇവിടം നിനക്കും കൂടി
അവകാശപ്പെട്ടതാണ് …….

ദേവി മനു✍

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ