Sunday, April 21, 2024
HomeUS News😍മധുരമൂറും മാമ്പഴക്കാലം😍 ഓർമ്മകൾ.. ✍സെല്ലി കീഴൂർ

😍മധുരമൂറും മാമ്പഴക്കാലം😍 ഓർമ്മകൾ.. ✍സെല്ലി കീഴൂർ

വേനലവധിയായാൽ വല്ലാത്ത സന്തോഷമാണ്. മണിയൂർ കുന്നത്തുകരയിലുളള ഉമ്മാമാന്റെ വീട്ടിൽ കുറെ ദിവസം പാർക്കാൻ (താമസിക്കാൻ)പോവാം.

കൊവ്വപ്പുറത്തിലൂടെ നടന്ന് ഞാനും ഇക്കാക്കയും കഥകൾ പറഞ്ഞങ്ങിനെ നടന്നു നീങ്ങും .ബാല്യകൗതുകങ്ങൾ വിട്ടുമാറാത്ത എന്റെ സംശയങ്ങൾക്കും ഇക്കാക്ക മറുപടി തന്നു കൊണ്ടേയിരിക്കും കുറെ ദൂരം നടന്നാൽ കാല് വേദനിക്കുന്നു എന്ന് പറഞ്ഞ് നിലവിളിക്കും (വെറുതെ പറയുന്നത) അപ്പോൾ അമ്മാവൻ എന്നെയെടുത്തു തോളത്ത് വെക്കും അമ്മാവന്റെ തലക്കു മുകളിൽ ഒരു സഞ്ചി നിറയെ പലചരക്ക് സാധനമായിരിക്കും അത് കൈ കൊണ്ട് തൊടാതെ എത്ര കിലോമീറ്റർ വേണമെങ്കിലും അവർ നടക്കും എന്നെ തോളിലെടുത്താൽ പിന്നെ ആ സഞ്ചി ഒരു തൂൺ കെട്ടി പിടിച്ച് ഇരിക്കും പോലെ സുരക്ഷിതമായി ഞാനിരിക്കും എന്റെ കുട്ടിക്കാലം തുറശ്ശേരി കടവിൽ പാലം വന്നിട്ടില്ലായിരുന്നു. കടവിന്റെ ഓരം ചേർന്ന് സ്ത്രീകൾ ‘കലപില ‘ ശബ്ദമുണ്ടാക്കി തൊണ്ട് തല്ലി ചകിരിയാക്കുന്നുണ്ടാവും.
സഖാവിന്റെ (ഇദ്ദേഹത്തിന്റെ ശരിക്കുള്ള പേര് എനിക്കറിയില്ല കേട്ടോ ) ചായപ്പീടികയിൽ ആവി പറക്കുന്ന ഇഷ്ട് കറിയും ചുടു പൊറാട്ടയോടൊപ്പം രാഷ്ട്രീയ ചർച്ചയും ചൂട് പിടിക്കുന്നുണ്ടാവും. കടവിനടുത്ത് തന്നെ മണൽ തൊഴിലാളികളും ധൃതി പിടിച്ച ജോലിയിലായിരിക്കും ചിലർ തോണിയിൽ നിന്ന് മണൽ താഴെ എത്തിക്കുന്നുണ്ടാവും മറ്റു ചിലർ പടന്ന കൊണ്ട് വെട്ടി ലോറിയിൽ ലോഡ് ചെയ്യുന്നുണ്ടാവും ഇതിനിടയിൽ ചിലരൊക്കെ നന്നായി വിസിലടിച്ച് പാടുന്നുണ്ടാവും യേശുദാസും ജയചന്ദ്രനും കമുകറയും ആ ചുണ്ട് വിസിലടിയിലൂടെ അന്തരീക്ഷം സംഗീത നിർഭരമാക്കും. ചില നേരത്ത് ഇക്കരെ കടവത്ത് തോണിയുണ്ടാവില്ല ഒന്നു കൂക്കി വിളിച്ചാൽ കടത്തുകാരൻ തോണിയുമായി ഇക്കരേക്ക് വരും പിന്നെ കടവും കടന്നു പുഴ വക്കിലൂടെ ഞാനും അമ്മാവനും അങ്ങിനെ നടക്കും പോവുന്ന വഴിയിൽ കാട്ടു പൂക്കളും കൊളാമ്പിപ്പൂക്കളും തൊട്ടാർ വാടിയും തുമ്പിയും കാട്ടുചെടികളും കണ്ട് സന്തോവാനായി ഞാൻ നടന്നു നീങ്ങും. അതിനിടയിൽ കുറെ ഉരുളൻ കല്ലുകൾ പെറുക്കിയെടുത്ത് തോൾ വെട്ടിച്ച് ചരിഞ്ഞ് നിന്ന് പുഴയിലേക്ക് വലിച്ചെറിയും പുഴയുടെ ഓളങ്ങളിൽ 2 മൂന്നു പ്രാവശ്യം തട്ടി തടഞ്ഞ് ആ കല്ല് പറന്നു പോവുന്നതു കാണാൻ നല്ല രസമായിരിക്കും😍 അപ്പോഴേക്കും മൂഴിക്കൽ ശ്രീനിയേട്ടന്റെ ചായപ്പീടകടുത്ത് എത്തിയിട്ടുണ്ടാവും അവിടെ അല്പം വിശ്രമിച്ചതിനു ശേഷം പാൽ നുരയുന്ന ചായവും കദളിപ്പഴവും കഴിച്ചായിരിക്കും പിന്നെയുള്ള യാത്ര. വളരെ ചെറിയ കുട്ടിയായ എന്നെ ദേഷ്യം പിടിപ്പിക്കാൻ ഇക്കാക്കയുടെ സുഹൃത്തുക്കൾ പല തമാശകളും ചോദിക്കും (എന്തിനാടോ അക്കരെക്കാരൻ ഇങ്ങോട്ട് വരുന്നത് കീഴൂർ ക്കാർക്ക് ഇവിടെ സീറ്റില്ല എന്നൊക്കെയാവും ചോദ്യങ്ങൾ😄😍)
ആ വാത്സല്യം കലർന്ന തമാശകൾ അന്നെനിക്ക് ദേഷ്യമാണ് തന്നതെങ്കിലും ഇന്ന് സ്നേഹം നിറഞ്ഞ ഓർമ്മകളാണ് (അമ്മാവന ടക്കം പല സുഹൃത്തുക്കളും ഇന്ന് ജീവിച്ചിരിപ്പില്ല. ആ നല്ല നാളുകളെ സമ്പുഷ്ടമാക്കി തന്ന അവരുടെ ഓർമ്മകൾക്കു മുമ്പിൽ സ്നേഹാദരവ്) ഇതൊക്കെ കഴിഞ്ഞ് ഉമ്മാമയുടെ വീട്ടിലെത്തുമ്പോൾ സമയം ഒരു പാട് വൈകിയിട്ടുണ്ടാവും. വാൽസല്യപുത്രനേകാത്തിരുന്ന് ക്ഷമകെട്ട് ഉമ്മാമ കോലായിൽ തന്നെ ഇരിക്കുന്നുണ്ടാവും
😍😍😍😍
നമ്മൾ തറവാട് വീട്ടിലേക്ക് കയറിച്ചെല്ലുമ്പോഴുള്ള ചിത്രം ഞാൻ നിങ്ങൾക്കു തരാം
കോലായിൽ അഞ്ചാം നമ്പർ വിളക്ക് ഒരു 110 w ബൾബിനേക്കാൾ പ്രകാശത്തോടെ തെളിഞ്ഞ് കത്തുന്നുണ്ടാവും കൈതോലപായ വിരിച്ച തെങ്ങു കട്ടിലിൽ അവിലും ചായയും കുടിച്ച് കയ്യിൽ ഒരു കവുങ്ങിൻ പാള വിശറിയുമായി ഉമ്മാമ ഇരിക്കുന്നുണ്ടാവും. മുറ്റത്തിന്റെ അറ്റത്തായി കോലായിയുടെ ഒരു ഭാഗത്ത് വെള്ളം നിറച്ച കിണ്ടിയും ബക്കറ്റുമുണ്ടാവും വീട്ടിലെത്തിയ ഉടനെ കിണ്ടിയെടുത്ത് വായ കുലുക്കി തുപ്പി കുറച്ച് കാലിലും ഒഴിച്ച് ഇക്കാക്ക വീട്ടിൽ കയറും
കറന്റില്ലാത്ത വീട്ടിൽ എന്റെ ഉപ്പ കൊടുത്ത നാഷനൽ പനാസോണിക്കിന്റെ റേഡിയോ ആയിരുന്നു ഏക വിനോദോപാധിയും ലോക വിവരങ്ങൾ തരുന്ന സാങ്കേതിക വിദ്യയും😄😄
അത് ട്യൂൺ ചെയ്ത് ആകാശവാണി മലയാളം റേഡിയോ കേൾക്കും.
എപ്പോൾ തുറന്നാലും വയലും വീടും പരിപാടിയേ ഈ റേഡിയോവിൽ ഉണ്ടാവു എന്ന് ഞാൻ അമ്മാവനോട് പരാതി പറയും. അത് കർഷകന്റെ വീടായതു കൊണ്ടാണ് എന്ന് ഇക്ക തമാശയായി മറുപടി പറയും😄😂
അപ്പോഴേക്കും രാത്രി നിസ്ക്കാരവും കഴിഞ്ഞ് മൂസക്ക എത്തും പിന്നെ ചോയിയേട്ടനും ഗോപാലേട്ടനും കുങ്ക റേട്ടനും പൊട്ടൻ കണ്ടി കുഞ്ഞബ്ദുള്ളക്കയും
പിന്നെ തമാശയോടെയുള്ളവാക്തർക്കവും ശകാരവും അന്തരീക്ഷം പ്രക്ഷുബ്ദമാക്കും😾🙌🏿
ഇവരൊക്കെ പോയി കഴിഞ്ഞാൽ ഭക്ഷണവും കഴിച്ച് ഉമ്മാമയുടെ കൂടെ കിടന്നുറങ്ങും
ഒരു പാട് കഥകളും നൻമ നിറഞ്ഞ ഉപദേശങ്ങളും ബദറുൽ മുനീർ ഹുസുനുൽ ജമാൽ കഥകളും പറഞ്ഞ് തന്ന് നമ്മുടെ ഭാവനയുടെ ലോകം സമ്പുഷ്ടമാക്കും
ബുദ്ധിജീവി നാട്യങ്ങളൊന്നിമില്ലാതെ !!!😨
കഥകൾ കേട്ട് നിദ്ര കടാക്ഷിക്കുമ്പോൾ സുന്ദര സ്വപ്നങ്ങൾ എന്നെ തഴുകും അല്ലലും അലട്ടലും അസൂയയും പകയുമില്ലാത്ത ആ നിഷ്കളങ്കബാല്യത്തിലൂടെ ഞാനെന്റെ സ്വപ്ന കൊട്ടാരം തീർക്കും’ ആ കൊട്ടാരത്തിന്റെ ബാദുഷയായ് ഞാൻ മാറും
പിന്നെ പറന്നു പറന്നങ്ങിനെ
അപ്പൂപ്പൻ താടി കണക്കെ …

സെല്ലി കീഴൂർ✍

RELATED ARTICLES

Most Popular

Recent Comments