നന്ദിത..
നിനക്കായ് കുറിക്കുക എന്നതിൽപരം
പ്രണയം എന്താണുള്ളത്..
അസാധാരണ സംവേദന ശക്തിയാൽ പ്രണയവും നിർവികാരത്താൽ തിളച്ചുമറിഞ്ഞ നൈരാശ്യങ്ങളും തൂലിക തുമ്പിലടർത്തിയിട്ട അസാമാന്യ പ്രതിഭ..
പ്രണയത്താൽ കിതക്കുകയും
ഒടുവിൽ ഇലമൂടിയ കൊന്നമരത്തിൽ നിന്ന് തിരികെ പോകുകയും ചെയ്ത മൃതിപുഷ്പമേ..
ഇരുളിനപ്പുറത്തു നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്കു പടരുന്ന അഗ്നിയും നിന്നെ തേടി ജ്വലിക്കുന്ന ഒരശ്വമെത്തുമെന്ന് നീ കുറിച്ചിടുമ്പോൾ
സ്വപ്നങ്ങൾ അറുത്തെടുത്ത് തിരിച്ചു പോകാനിത്ര വെമ്പൽ കൊണ്ടതായ് അറിഞ്ഞിരുന്നില്ല.
ഹൃദയവും മനസ്സും രണ്ടാണെന്ന് സംശയിക്കുകയും ..
നിന്നെ മറക്കുകയെന്നാൽ മൃതിയാണെന്ന് ചിന്തിക്കുകയും ചെയ്തവൾ
ജന്മദിനത്തിൽ എല്ലാറ്റിനുമുപരി പ്രണയ തൂലിക തെരഞ്ഞുപോയവൾ..
പ്രിയ നന്ദിതേ,
നീ അനിയന്ത്രിതമായ മരണകാമനയാൽ തുടിച്ചവളാണ്..
വൈയക്തിക സംവേദനത്താൽ ത്രസിക്കപ്പെട്ട ഹൃദയമാണ് നിന്റേത്, എന്റെയും.
നിന്നെകുറിക്കുമ്പോൾ ചിലയിടങ്ങളിൽ എനിക്കും കൊള്ളുകയാണ്.
നിന്റെ വികാരവിക്ഷോഭങ്ങളിൽ വല്ലാതെ കുഴയുകയാണ് ഞാനും.
അത്രമേൽ ജീവിതാനുഭവങ്ങളാൽ തിളച്ചുമറിഞ്ഞ അന്തർഗമനങ്ങളുണ്ടായിട്ടും
നീ ബഹിർമുഖയായിരുന്നതെങ്ങനെയെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല.
പ്രത്യശയിൽ നിന്നും നിരാശയിലേക്ക് അനസ്യൂതം പരിണമിക്കുന്ന ഒരിലയനക്കം പോലുമില്ലാത്ത വിചിത്രമായ കാവ്യബിംബമിയീരുന്നല്ലോ നീ..
“പേറ്റുനോവറിയാത്ത മേഘങ്ങളിൽ..
നിറയാത്ത കണ്ണുകളിൽ..
മരിക്കാത്ത കടൽ ജനിക്കാതിരിക്കുന്നു..”
ഇത് പറയുമ്പോൾ നിന്റെ തൂലികയിൽ പിറക്കാത്ത ആയിരം വരികളാണ് നഷ്ടപ്പെട്ടതെന്ന് നീ പറയാതെ പറയുകയല്ലേ.
ഒരിക്കൽ നീ പറഞ്ഞിരുന്നു നിന്റെ നിദ്ര നരക്കുന്നതും, പുഞ്ചിരി കണ്ണീരണിയുന്നതായും, നിർവികാരതയിൽ തളരുന്നതായും എല്ലാം നിന്റെ അറിവോടുകൂടി ആണെന്ന്..
നിനക്ക് രക്ഷപ്പെടണമെന്നുണ്ടെങ്കിലും തടവുകാരിയായിപോയി എന്നും
നഷ്ടപ്പെട്ട പ്രണയം വീണ്ടെടുക്കാൻ കഴിയാത്തതാണെന്നുറപ്പിച്ച് മൃതിയുടെ തടവറയിലായ നീയിത് കുറിച്ചിട്ട് പിന്നെയും ഒരുപതിറ്റാണ്ട് എങ്ങനെ ജീവിച്ചെന്നതിൽ ഞാൻ അത്ഭുതപ്പെടുകയാണ്.
ഒരോ ചലനങ്ങളിലും ഇപ്പോൾ കാതടപ്പിക്കുന്ന നിന്റെ രണ്ടു വരിയുണ്ട്.
“ഹേ മനുഷ്യാ, നീയെങ്ങോട്ട് പോയിട്ടെന്ത്?
ക്ഷമിക്കൂ, നിന്നെ ഞാൻ സ്നേഹിക്കുന്നു.”
അത്ര തീഷ്ണമായ പ്രണയത്തിൽ നിന്നാണ് നീ വീണുപോയതെന്നോർക്കുമ്പോൾ
ആയിരങ്ങൾ ഇപ്പോഴും നിന്നെ തെരയുകയാണ്..
ഇനിയൊരു നന്ദിത എപ്പോൾ ജനിക്കുമെന്നോർത്ത് തപിക്കാതെ വയ്യ
പുന:ർജനിക്കുമെങ്കിൽ നിഗൂഢമായ നിന്റെ
പ്രണയ വരികളുടെ മറുപകുതിയാകാൻ കൊതിച്ചൊരാസ്വാദകൻ..
വിനോദ് രാജ് പനയ്ക്കോട്✍