പത്തനംതിട്ട —അഭ്യസ്തവിദ്യരായ എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പാക്കാന്‍ ഉള്ള തീവ്രയത്‌നപരിപാടിയാണ് ജോബ് സ്‌റ്റേഷനിലൂടെ ലക്ഷ്യമാക്കുന്നതെന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള മണ്ഡലത്തിലെ ജോബ് സ്‌റ്റേഷന്റെ ഉദ്ഘാടനം കോഴഞ്ചേരി പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024ല്‍ മുന്നോട്ടു വച്ച ആശയത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും ജോബ് സ്‌റ്റേഷനുകള്‍ ആരംഭിച്ചിരിക്കുന്നത്. ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കേരള നോളെജ് മിഷന്റെ ഡിഡബ്ല്യൂഎംഎസ് പോര്‍ട്ടലില്‍ ജില്ലയില്‍ 5000 പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എല്ലാവര്‍ക്കും തൊഴില്‍ ലഭിക്കുന്നതിന് വിവിധ തൊഴില്‍ദാതക്കളെ കൂട്ടിച്ചേര്‍ത്തു ക്രിയാത്മകമായ ഒരു ഇടമാണ് ഒരുക്കിയിരിക്കുന്നത്. ആറന്മുള നിയോജക മണ്ഡലത്തിലെ ജോബ് സ്‌റ്റേഷന്‍ കോഴഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ ആണ്. തൊഴില്‍ എന്ന ലക്ഷ്യം നേടാന്‍ എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പിങ്കി ശ്രീധര്‍, കെ.ബി ശശിധരന്‍പിള്ള, സി.എസ് ബിനോയ്, വിജ്ഞാന പത്തനംതിട്ട ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബീന ഗോവിന്ദന്‍, കേരള നോളജ് ഇക്കോണമി മിഷന്‍ റീജിയണല്‍ പ്രോഗ്രാം മാനേജര്‍ ഡയാന തങ്കച്ചന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു