Friday, November 15, 2024
Homeയാത്രഓണസമൃതിയിൽ അലിഞ്ഞ് ഒരു യാത്ര (യാത്രാവിവരണം) ✍തയ്യാറാക്കിയത്: ഗിരിജാവാര്യർ

ഓണസമൃതിയിൽ അലിഞ്ഞ് ഒരു യാത്ര (യാത്രാവിവരണം) ✍തയ്യാറാക്കിയത്: ഗിരിജാവാര്യർ

ഗിരിജാവാര്യർ✍

ഓണപ്പാട്ടിന്റെ ശീലില്ലാത്ത,പൂവിളികളുടെ ഇണമില്ലാത്ത,പൂക്കളത്തിന്റെയോ മാവേലിയുടെയോ പൊലിമയില്ലാത്ത സർവ്വോപരി നറുനൈ കൂട്ടിക്കുഴയ്ക്കുന്ന പുഞ്ചനെൽച്ചോറിന്റെയും ഇലയടയുടെയും പഴനുറുക്കിന്റെയും സ്വാദിലലിയാത്ത ഒരോണം. അതാണ് ഈ വർഷം എനിക്ക് സമ്മാനിച്ചത്.
അപ്പുവിന് ഓണത്തിന് വരാനാവില്ല എന്ന് പറഞ്ഞപ്പോഴേ എന്നിലെ അമ്മയൊന്നു നീറി.. കഴിഞ്ഞ ഓണം ഞാൻ ഓർത്തുപോയി. അഞ്ജുവും വിപിനും കുഞ്ഞുണ്ണിയും അപ്പുവും ഒക്കെയായി ഞങ്ങൾ അടിച്ചുപൊളിച്ചത്. ഇക്കുറി അവരൊന്നും ഇല്ലാതെ.. ഒരു നിമിഷം ഞാൻ ചിന്തിച്ചു. വീട്ടിൽ അമ്മയോടൊപ്പം ഓണം കൂടിയാലോ എന്ന്. എന്നാൽ ആ ചിന്തയ്ക്ക് അപ്പോഴേ തടയണയിട്ടു. കാരണം മറ്റൊന്നുമല്ല. ഭാര്യവീട്ടിൽ ഓണം കൂടാനുള്ള എന്റെ ഭർത്താവിന്റെ വൈമനസ്യം മാത്രം. പതിവു പല്ലവിയും വന്നു.

” നീ പോകുന്നെങ്കിൽ പൊയ്ക്കോ. ഞാൻ ഒന്നിനും എതിരുനിൽക്കില്ല. അല്ലെങ്കിലും നിന്റെ അമ്മയുടെ കൂടെ നീ ഓണം കൂടുന്നതിനു ഞാൻ എതിരു പറയ്യോ? ”

“അപ്പോൾ നിങ്ങളോ? വരുമോ എന്റെ കൂടെ അടയ്ക്കാപുത്തൂരിലേക്ക്?”

” എന്റെ കാര്യമൊന്നും ആലോചിക്കേണ്ടാ. ഞാനിവിടെ എങ്ങനെയെങ്കിലും കഴിഞ്ഞുകൂടിക്കോളാം. അല്ല ഗിരിജേ,നിന്നെ കണ്ടിട്ടാ എന്റെ അമ്മ എന്നെപ്പെറ്റത്? ”

പ്രതീക്ഷിച്ച മറുപടി കിട്ടി.തൃപ്തിയായി. ചോദിച്ചില്ല എന്നൊരു സങ്കടം വേണ്ടല്ലോ എന്നുവച്ചായിരുന്നു. ഇനി പറയാൻ പോകുന്നതും അറിയാം..വരരുചിപ്പഴമ..

” വാ കീറിയ തമ്പുരാൻ ഇരയും കൽപ്പിച്ചിട്ടുണ്ടാവും. എന്നെ ഓർത്ത് വേവലാതിപ്പെടേണ്ടാ. ”

അങ്ങനെ ഓണത്തിന് അടയ്ക്കാപുത്തൂരിൽ പോകാമെന്ന എന്റെ മോഹത്തിന് വിരാമമായി.

” കുട്ടികൾ ഇല്ലാതെ ഇവിടെയിങ്ങനെ ഓണം കൂടാൻ ഒരു സുഖല്ല്യാ. നമുക്ക് എങ്ങോട്ടെങ്കിലും പോകാം. ”

ആദ്യം തിരുവനന്തപുരം കന്യാകുമാരി ട്രിപ്പാണ് തെളിഞ്ഞുവന്നത്. പിന്നീട് അത് വേണ്ടെന്ന് വച്ചു.

” എന്നാൽ നമുക്ക് ഗോവയ്ക്ക് പോയാലോ? എന്റെ കൂടെ ഉണ്ടായിരുന്ന സജീവ് അവിടെയുണ്ട്. നമുക്ക് വേണ്ട സൗകര്യമൊക്കെ ചെയ്തു തരും ”
പിന്നൊന്നും ആലോചിച്ചില്ല.ഗോവ തീരുമാനമായി. കുട്ടികളും ഓക്കേ പറഞ്ഞു.

” നിങ്ങൾ പൊയ്ക്കോളൂ. രണ്ടുപേരും ഉള്ളപ്പോഴേ ഇതൊക്കെ നടക്കൂ. ”

ശരിയാണ്. മക്കളൊക്കെ വലുതായി. ഇനി നമുക്ക് സന്തോഷിക്കാനുള്ള കാലമാണ്. സമയം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല. നാളെ ഒരുപക്ഷേ ഇതിലേറെ വയ്യാണ്ടായ്യാൽ…

പിന്നെ താമസിച്ചില്ല.സജീവിനെ വിളിച്ചു. പുള്ളി അവിടെ ആയുർവേദിക് ട്രീറ്റ്മെന്റ് സെന്റർ നടത്തുകയാണ്.”ഓഫ് സീസൺ ” ആകയാൽ ഗസ്റ്റ് ഹൗസൊക്കെ ഒഴിവാണ്. അത് ബുക്ക് ചെയ്തു. ഗോകർണേശനെയും കണ്ടു മടങ്ങാലോ. സപ്തജന്മങ്ങളിലെ പാപങ്ങളും ഗോകർണ്ണാഖ്യക്ഷേത്രത്തിൽ ചെന്നാൽ നശിക്കുമെന്ന് ശിവപുരാണത്തിൽ പറയുന്നുണ്ട്. ശിവനെ കൈകൊണ്ട് സ്പർശിച്ച് അഭിഷേകം നടത്താമത്രേ!ഇതിലുംമീതെയൊരു പുണ്യമുണ്ടോ?

അന്ന് വെള്ളിയാഴ്ചയായിരുന്നു. സ്കൂളിൽ ഓണാഘോഷം. പിറ്റേന്ന് പുറപ്പെടാനുള്ള ടെൻഷനിൽ ആയിരുന്നു ഞാൻ. എല്ലാം ഒരുക്കിവച്ചാലും എവിടെയോ ഒരു പേടി. മക്കൾക്കും അതുണ്ടായിരുന്നു. വയസ്സായവരു രണ്ടുംകൂടിയല്ലേ യാത്ര!

” ഞാൻ ഫ്ലൈറ്റ് ബുക്ക് ചെയ്യട്ടെ?”
മോളുടെ ചോദ്യം.

” വേണ്ടേ വേണ്ട. ഞങ്ങൾ കൊങ്കണിൽക്കൂടിയാണ് പോകുന്നത്. മലയുടെ മടയിൽക്കൂടെ ട്രെയിൻ പോകുന്നത് കാണണ്ടേ? ഫ്ലൈറ്റ് ആവുമ്പോൾ ആ കാഴ്ചയൊക്കെ മിസ്സ് ആവും. നമുക്കിതൊരു അനുഭവമാക്കാം. ”
എന്ന് അവളുടെ അച്ഛൻ..

” ഓക്കേ ഫോൺ എപ്പോഴും ചാർജ് ചെയ്തുവയ്ക്കണേ. ഗോവയിൽ റൂം ബുക്ക് ചെയ്തു എന്നല്ലേ പറഞ്ഞത്? ഗോകർണത്തിലേത് ഞാൻ ഓൺലൈൻ ബുക്കിംഗ് ചെയ്യാം. അവൾ അന്നുതന്നെ ഗോകർണ്ണാ ഇന്റർനാഷണൽ ബീച്ച് റിസോർട്ട് ബുക്ക് ചെയ്തു എന്നു പറഞ്ഞപ്പോൾ അവളുടെ അച്ഛന് ആശങ്ക.

” അത് കുഡ്‌ലെ ബീച്ചിൽ അല്ലേ? ഞാനറിയാത്തതാണോ? അവിടെ എത്തിപ്പെടാൻ വല്ല്യേ പാടാ. ”

“അല്ലച്ഛാ,ഇപ്പോൾ അത്ര ബുദ്ധിമുട്ടൊന്നുമില്ലഎന്നാ പറഞ്ഞത്. ബാക്കിലൂടെ റോഡ് ഉണ്ടത്രേ.വാഹനം എത്തുമെന്ന്.”

” എങ്കിൽ ആയിക്കോട്ടെ!”
അദ്ദേഹം അവിടെ ഉണ്ടായിരുന്നത് 2005ലാണ്. മാറ്റങ്ങൾ ഒരുപാട് വന്നിട്ടുണ്ടാകും. എന്നാലും കുഡ്ലെ ബീച്ച് എന്ന പേര്
മനസ്സിൽ ഒരു ഭീതിയായിനിന്നു.

“കുറെ സ്റ്റെപ്പ് ഇറങ്ങാനുണ്ട്. നിന്റെ കാല്..”

” അതൊന്നും കുഴപ്പം ഉണ്ടാവില്ലെന്നേ.. ”
ഞാൻ ധൈര്യം പകർന്നു.

പത്താം തീയതി, ശനിയാഴ്ച വൈകീട്ട് 7.30ന് ഞങ്ങൾ വീട്ടിൽനിന്നിറങ്ങി. അത്താഴം കഴിച്ചാണ് പുറപ്പെട്ടത്. 8:55ന്റെ വെസ്റ്റ് കോസ്റ്റ് ആണ് ഞങ്ങൾക്ക് പോകേണ്ട ട്രെയിൻ. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അറിഞ്ഞത് അത് രണ്ടുമണിക്കൂർ ലേറ്റ് ആണെന്ന്. നല്ല കാറ്റുണ്ടായിരുന്നു. പ്ലാറ്റ്ഫോമിൽ ആളുകൾ പരക്കംപാഞ്ഞു നടക്കുന്നു. തലയിൽ പരന്നൊരു പൂക്കൊട്ടയുമായി ഒരു പൂക്കാരി മുന്നിലെത്തി. അവരുടെ കൂട നിറയെ കൂമ്പിവിടരുന്ന മുല്ലപ്പൂക്കൾ. പൂ വിരിയുന്നതിന്റെ ഹൃദ്യമായ മണവും നുണഞ്ഞുകൊണ്ട് ഞാൻ അവിടെ ഇരുന്നു. പൂക്കാരി സാരിത്തലപ്പിൽ കെട്ടിവച്ചിരുന്ന നാണയത്തുട്ടുകൾ എണ്ണി ത്തിട്ടപ്പെടുത്തുകയായിരുന്നു. കുറെക്കഴിഞ്ഞപ്പോൾ അവർ അവിടെക്കിടന്നു ഉറക്കമായി. അപ്പോഴാണ് തിരുവനന്തപുരത്തേക്ക് പോകുന്ന അമൃത,സ്റ്റേഷനിൽ എത്തിയത്. വണ്ടി വന്നതും,അവരും മോനും തട്ടിക്കുടഞ്ഞ് എഴുന്നേൽക്കുന്നതു കണ്ടു. മകന്റെ കൈയിലും ഉണ്ടായിരുന്നു,സാമാന്യം വലിയൊരു പൂക്കൂട. അമൃത നീങ്ങിയപ്പോൾ,പൂമണം പോയ സങ്കടത്തിൽ ആയിരുന്നു ഞാൻ.

10.50 ന് ഞങ്ങളുടെ വണ്ടി എത്തി. രണ്ടുപേർക്കും ലോവർബർത്ത് ആയിരുന്നു. മുകളിലെ ബർത്തിലെ ആളുടെ കൂർക്കംവലിയുടെ താളവും ശ്രദ്ധിച്ചു ഞാൻ വെറുതെ കിടന്നു. ഉറക്കം വരുന്നുണ്ടായിരുന്നില്ല. മാറിമറിഞ്ഞു പോകുന്ന പ്രകാശനാളങ്ങൾക്കൊപ്പം യാത്രയുടെ ആശങ്കകളുമായി ഒരു കിടപ്പ്. എപ്പോഴാണ് ഉറങ്ങിയത് എന്ന് അറിഞ്ഞില്ല.

6.10ന് മാംഗളൂരിൽ എത്തിയപ്പോഴേക്കും ഞങ്ങൾക്ക് കിട്ടേണ്ട “മഡ് ഗോവ പാസഞ്ചർ ട്രെയിൻ “പോയിക്കഴിഞ്ഞിരുന്നു. അടുത്ത വണ്ടി 8.20നാണ് എന്നറിഞ്ഞു. പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ് ഞങ്ങൾ അവിടെ കാത്തിരിപ്പായി. പാലക്കാടിന്റെ പകുതി ഭംഗിയും വൃത്തിയും ഇല്ല,മാംഗളൂർ റെയിൽവേ സ്റ്റേഷന്. പ്ലാറ്റ്ഫോം രണ്ടിലോ,മൂന്നിലോ ആണ് ഞങ്ങളുടെ വണ്ടി വരുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ അതു വന്നതോ,
ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ!
ലഗ്ഗേജ് താങ്ങി സ്റ്റെപ്പ് കയറി ഒന്നിലെത്തിയപ്പോഴേക്കും ശരിക്കും തളർന്നു. റെയിൽവേ സ്റ്റേഷനിൽ നിന്ന് കിട്ടിയ ചൂടുള്ള ഇഡ്ഡലിയും വടയുമായിരുന്നു ഏക ആശ്വാസം.

9.55 ന് ഞങ്ങൾ “പാഡുബിദ്രി”യിലെത്തി. കാടുകളും പുഴകളും നിറഞ്ഞ വഴി. ഇരുവശവും കുറ്റിക്കാടുകളിൽ ഓണപ്പൂവുകളും കാട്ടുതെച്ചിയും പേരറിയാത്ത മറ്റെന്തൊക്കെയോ പൂക്കളും..
കൈവഴികളായൊഴുകുന്ന നീർച്ചാലുകൾ…
വെള്ളത്തിൽ പുതഞ്ഞു കിടക്കുന്ന പാടങ്ങളിൽ ആമ്പൽപ്പൂക്കൾ നിരനിരയായി വിരിഞ്ഞു നിൽക്കുന്നു. ഉഡുപ്പിയിൽ എത്തിയപ്പോൾ നേരം പത്തേകാൽ. മലയാളികളായ ഒരു കുടുംബത്തെ സഹയാത്രികരായി കിട്ടി. അവർക്ക് കാസർകോട്നിന്ന് വരുന്നു. മുരുഡേശ്വരം കാണാൻ പോവുകയാണ്. അച്ഛനും അമ്മയും മകനും മകളും അടങ്ങിയ കുടുംബം. മകൻ സദാസമയവും ഫോണിൽ കളിച്ചു കൊണ്ടിരിക്കുന്നു. ഞങ്ങൾക്കെതിരെയുള്ള സീറ്റിൽ മൂന്നു മധ്യവയസ്കർ ഇരുന്നിരുന്നു. വെള്ള ഖദറുടുത്ത,രാഷ്ട്രീയക്കാരെന്നു തോന്നിക്കുന്ന അവർ ഉറക്കെയുറക്കെ എന്തൊക്കെയോ ചർച്ച ചെയ്യുന്നുണ്ടായിരുന്നു. കുന്ദപുരവും മങ്കിയും പിന്നിട്ട് ഞങ്ങൾ ‘കുംട’യിലെത്തി. ട്രെയിനിൽ ഇരുന്നുതന്നെ, കടൽത്തീരത്ത് മുരുഡേശ്വരന്റെ വിഗ്രഹം കാണാം.

പോകും വഴിയിൽ പേരറിയാത്ത ഒരുപാട് പുഴകൾ. അവയ്ക്കതിരിട്ടു കൊണ്ട് കണ്ടൽക്കാടുകൾ! കൊങ്കണിന്റെ സവിശേഷതയായ ടണലുകൾ!
ഓരോ ടണലിനുള്ളിൽ കയറുമ്പോഴും വണ്ടിക്ക് അസാധാരണമായ ഒരു ശബ്ദം. മനം മടുപ്പിക്കുന്നതോ ശ്വാസംമുട്ടിക്കുന്നതോ ആയ ഒരു പുകയും പൊടിയും മണവും! അതോ തോന്നുന്നതാണോ? ഒരു പത്ത് പതിനൊന്ന് ടണലുകൾ പിന്നിട്ടുകാണും. അങ്കോളയും കാർവാറും കഴിഞ്ഞ്, മൂന്ന് മുപ്പതോടെ ഞങ്ങൾ മഡ്ഗോവയിൽ വണ്ടിയിറങ്ങി. ഇടയ്ക്കൊരു ചായയും ബജിയും കഴിച്ചതുകൊണ്ട് വിശപ്പ് വല്ലാതെ ബുദ്ധിമുട്ടിച്ചില്ല. ഇനി വിശന്നാലും ബിസ്ക്കറ്റ് കയ്യിലുണ്ടെന്ന ധൈര്യവും.

സജീവ് വണ്ടിയുമായി റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽപ്പുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുകയാണ്. ഇരുനിറത്തിൽ 40 – 45 നോട് അടുത്തപ്രായം. ഷോർട്സും ടീഷർട്ടും ആണ് വേഷം.

” യാത്ര എങ്ങനെ?നല്ലപോലെ വിശന്നു അല്ലേ? വെസ്റ്റ് കോസ്റ്റ് ലേറ്റ് ആയതുകൊണ്ടാണ്. ഇല്ലെങ്കിൽ നിങ്ങൾക്ക് ആറുമണിയുടെ വണ്ടി കിട്ടുമായിരുന്നു”

സജീവ് സംസാരിച്ചു കൊണ്ടേയിരുന്നു. കുശല പ്രശ്നങ്ങളുമായി ഞങ്ങൾ ശ്രദ്ധ ആയുർവേദിക് റിസർച്ച് സെന്ററിന് മുന്നിലെത്തി. വീതി കുറഞ്ഞ റോഡ്,ഇരുവശവും തിങ്ങിനിറഞ്ഞ പച്ചപ്പ്. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന നെൽവയലുകൾ.എന്റെ മനസ്സിലെ ഗോവ ഇതായിരുന്നില്ല.ഞാനത് പറയുകയുംചെയ്തു.മറുപടി ഒരു ചിരിയായിരുന്നു.

“എല്ലാവരും അങ്ങനെ പറയും.അവരുടെയൊക്കെ മനസ്സിൽ ബഹുനിലക്കെട്ടിടങ്ങളും വിശാലമായ റോഡുകളും ഉള്ള നഗരമായിരിക്കും. പക്ഷേ ഇവിടത്തുകാർ ഒരു ആൽമരം വെട്ടാൻ പോലും സമ്മതിക്കാത്തവർ.അടുത്തുതന്നെ ഹോട്ടലിൽ ലീലയിൽ ബ്രിക്സ് സമ്മേളനത്തിനു വേണ്ടി ലോകനേതാക്കളെത്തുന്നുണ്ട്. അതിന്റെ മുന്നോടിയായാണ് ഈ റോഡ് വീതികൂട്ടലൊക്കെ. അതിനുപോലും ഇവിടെ ഉള്ളവർക്ക് പ്രതിഷേധമുണ്ട്.”

ഞങ്ങൾ അത്ഭുതപ്പെട്ടുപോയി. ശ്രദ്ധയും പച്ചപ്പിൽക്കുളിച്ചു കിടക്കുന്നു. ചുറ്റുപുറവും ഒരേ വലുപ്പത്തിൽ മുറിച്ചുവെച്ച മനോഹരമായ ചെടികൾ. നന്ത്യാർവട്ടവും പലജാതി ചെമ്പരത്തികളും പൂത്തുലഞ്ഞു നിൽക്കുന്നു. ലോണിൽ നടുവിലൂടെ കല്ലു പതിച്ച ഒറ്റയടിപ്പാത. കുഞ്ഞി ക്കണ്ണുകളുള്ള ഒരു നേപ്പാളി ജോലിക്കാരൻ ഞങ്ങളുടെ ലഗ്ഗേജ് ഒക്കെയെടുത്ത് അകത്തുവച്ചു.

ലീസിന് എടുത്ത ഒരു കോട്ടേജ്തന്നെ ഞങ്ങൾക്കായി സജീവ് ഒഴിച്ചിട്ടിരുന്നു. ആധുനിക സജ്ജീകരണങ്ങളൊക്കെയുള്ള സ്വീകരണമുറിയും കിച്ചനും. വിശാലമായ ബെഡ്റൂം. ഇളം നിറത്തിൽ പൂക്കൾ ഉള്ള കർട്ടനുകൾ മുറിയുടെ ഭംഗി കൂട്ടുന്നു. കർട്ടൻ വകഞ്ഞു മാറ്റിയാൽ നിരനിരയായി കിടക്കുന്ന കോട്ടേജുകൾ കാണാം. ഒന്നിലും ആൾത്താമസം ഇല്ലത്രേ!ഓഫ് സീസൺ ആയതുകൊണ്ടാണ്. ഒരു കോട്ടേജിന് മുമ്പിൽ തോട്ടം വൃത്തിയാക്കുന്ന ഒരു മനുഷ്യനെ കണ്ടു.അയാളും നേപ്പാളിയാകണം. അതേ ഛായയിൽ ഉള്ള രണ്ടു കുഞ്ഞുങ്ങൾ അവിടെ ഓടിക്കളിക്കുന്നു.ഞങ്ങളെ കണ്ടപ്പോൾ കുഞ്ഞിക്കണ്ണിറുക്കി അയാൾ ചിരിച്ചു.
ഫ്രഷ് ആയി വന്നപ്പോഴേക്കും സജീവന്റെ ഭാര്യ സിനി തനി കേരളീയ രീതിയിലുള്ള ഭക്ഷണം ഒരുക്കിവച്ചിരുന്നു. ശ്രദ്ധയിൽ ആയുർവേദ ഡോക്ടറാണ് സിനി.ആറിലും നാലിലും പഠിക്കുന്ന സാനിയയും സിയാനും മക്കളാണ്. സ്കൂളില്ലാത്ത ദിവസമായതിനാൽ അവരും ഞങ്ങളോടൊപ്പം കൂടി.

ഇനി ഒന്ന് കിടക്കണം.

തയ്യാറാക്കിയത്: ഗിരിജാവാര്യർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments