എന്തിനായെന്നെ ജനിപ്പിച്ചുവമ്മേ
ക്രൂരമായിങ്ങനെ കൊല്ലുവാനോ?
ഞാനെന്തു പാപംചെയ്തുവമ്മേ
നിങ്ങടെ കുഞ്ഞായ്
പിറന്നതാണോ ?
പാൽമണം മാറാത്തയെൻ
പിഞ്ചുമുഖംകാൺകേ
എങ്ങിനെ കൊല്ലുവാൻ തോന്നിയമ്മേ?
മുളയിലേ നുള്ളിക്കളഞ്ഞുവെങ്കിൽ
ഇത്രയും വേദനകാണില്ലയമ്മേ
അല്ലയോ നരാധമാ നിൻകരങ്ങൾ
വിറച്ചില്ലേ കാൽമുട്ടാൽ ഞാൻ
ഞെരിഞ്ഞമർന്നപ്പോൾ
അമ്മതൻഹൃദയം നുറുങ്ങിയില്ലേ?
പൂവായി വിടരാൻ തുടിച്ചൊരെന്നുള്ളം
പൂമൊട്ടായി വാടിക്കരിഞ്ഞുപോയി
പ്രാണനെടുക്കുമെൻ നിലവിളി കേട്ടിട്ടും
അമ്മേ നിൻ മാതൃത്വമുണർന്നതില്ലേ?
അരുതേയെന്നൊരു വാക്കു
ചൊല്ലുവാൻ
എന്നമ്മതൻനാവുമുയർന്നതില്ലേ?
എന്നുടൽ നിശ്ചലമായ നേരം
എൻ പൂമുഖം വാടിത്തളർന്ന നേരം
നിൻ മിഴികളിലാശ്വാസംനാളം
തെളിഞ്ഞോ
അമ്മേ നിൻ ഹൃത്തടം
തുള്ളിത്തുളുമ്പിയോ
പുതുജീവിത സ്വപ്നങ്ങളിലാറാടിയോ?
മാതൃത്വത്തിനു കളങ്ക മാണു നീ
നാരീകുലത്തിന്നപമാനവും