“നെയ്യാറ്റിന്‍കര വാഴും കണ്ണാ, നിന്‍ മുന്നിലൊരു
നെയ്‌വിളക്കാവട്ടെ എന്റെ ജന്മം
കണ്ണിനുകണ്ണായൊരുണ്ണിക്കു തിരുമുമ്പില്‍
കര്‍പ്പൂരമാവട്ടെ എന്റെ ജന്മം ..”
അടുത്ത അമ്പലത്തിൽ നിന്നുമുള്ള ഭക്തി ഗാനം കേട്ടാണ് സുധാകരൻ ഉറക്കം ഉണർന്നത്. അയാൾ ചുമരിലേക്ക് നോക്കി, ആറ് മണി കഴിഞ്ഞിരിക്കുന്നു.
കിടക്കയിൽ നിന്ന് എഴുന്നേറ്റ് ബ്രഷുമെടുത്ത് കുളക്കരയിലേക്ക് അയാൾ നടന്നു. നല്ല തെളിഞ്ഞ വെള്ളം, കുളപ്പടവിലിരുന്ന ഒന്നുരണ്ട് തവളകൾ അയാളെ കണ്ടപ്പോൾ വെള്ളത്തിലേക്ക് ചാടി. കുളത്തിനപ്പുറം നീണ്ടുകിടക്കുന്ന നെൽവയലുകളാണ്. അതു കഴിഞ്ഞാൽ പിന്നെ കുന്നുകളായി. ദൂരെ എവിടെ നിന്നോ മയിലിന്റെയും, കാട്ടുപക്ഷികളുടെയും ശബ്ദങ്ങൾ കേൾക്കുന്നുണ്ട്.
നാട്ടിൻപുറങ്ങളിലെ പ്രഭാതക്കാഴ്ചകൾ കണ്ണിന് കുളിർമ നൽകുന്നതാണ്.
വേഗം തന്നെ പല്ലു തേച്ച്, അയാൾ വെള്ളത്തിലേക്കിറങ്ങി ഒന്നു മുങ്ങി നിവർന്നു. ജലപ്പരപ്പിൽ ഓളങ്ങളുണ്ടാകുന്നത് കാണാൻ നല്ല രസമാണ്. പക്ഷേ അതാസ്വദിക്കാൻ നിൽക്കാതെ അയാൾ വേഗത്തിൽ കുളിച്ചു കയറി, അയാളുടെ മുഖത്ത് എന്തിനോ ഉള്ള തിടുക്കം കാണാമായിരുന്നു.
കുളി കഴിഞ്ഞ് ഈറനുടുത്തു തിരിച്ചു വന്നു നേരെ പൂജാമുറിയിൽ കയറി. സാധാരണ പത്തുപതിനഞ്ച് മിനിറ്റോളം പൂജാമുറിയിൽ ചെലവഴിക്കാറുള്ള അയാൾ പെട്ടെന്ന് തന്നെ ഇറങ്ങി. വസ്ത്രം മാറി നേരെ ഡൈനിങ്ങ് ടേബിളിൽ വന്നിരുന്നു. നല്ല ചൂടുള്ള ചായയും, ദോശയും എല്ലാം അയാളുടെ അമ്മ ഒരുക്കി വിളമ്പിവെച്ചിരിക്കുന്നു.
‘എന്താടാ നിനക്കിത്ര വെപ്രാളം, ശരിക്ക് ഭക്ഷണം കഴിക്ക് മോനേ ‘ എന്നെല്ലാം അമ്മ പറയുന്നുണ്ടെങ്കിലും അയാൾ അതൊന്നും ചെവിക്കൊള്ളാതെ വേഗം ഭക്ഷണം കഴിച്ച് എഴുന്നേറ്റു, കൈ കഴുകി ഓഫീസിലേക്കുള്ള വസ്ത്രമെടുത്തിട്ടു.
സ്കൂട്ടറെടുത്ത് പുറത്തു കടക്കുമ്പോൾ ‘സൂക്ഷിച്ചു പോകണേ മോനേ ‘ എന്ന് അമ്മ പുറകിൽ നിന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു. ഓ എന്നു പറഞ്ഞ് അയാൾ ഗേറ്റിന് പുറത്തേക്ക് കടന്നു. ഇടവഴി താണ്ടി വേണം മെയിൻ റോഡിലെത്താൻ അടുത്തൊന്നും വീടുകളില്ലാത്തതിനാൽ വിജനമായതെന്ന് വേണമെങ്കിൽ പറയാം. ഏകദേശം മുക്കാൽ കിലോമീറ്ററോളം ദൂരമുണ്ട് ആ ഇടവഴിക്ക്.
സുധാകരൻ വണ്ടിയുടെ വേഗത കൂട്ടി, വാഹനങ്ങളോ, ആൾപ്പെരുമാറ്റമോ ഇല്ലാത്തിടത്ത് എന്ത് പേടിക്കാൻ, ഇടവഴി ഏകദേശം അവസാനിക്കുന്നിടത്ത് ഒരു തിരിവിൽ ഒരു തെരുവുവിളക്കുകാലുണ്ട്. പകലായെന്നതറിയാതെ കെടുത്താൻ മറന്നു പോയതുപോലെ അതിലെ ബൾബ് ഇപ്പോഴും കത്തുന്നുണ്ട്.
അതിന്റെ ചുവട്ടിൽ വെളുത്ത ഒരു രൂപം നിൽക്കുന്നതായി ദൂരെ നിന്ന് സുധാകരൻ കണ്ടു. അടുത്തെത്തിയപ്പോഴാണ് അടുത്തുള്ള ഇടവക പള്ളിയിലെ സിസ്റ്റർ റോസിലിയാണതെന്ന് അയാൾക്ക് മനസ്സിലായത്. അവർ വളവിനടുത്തുള്ള അച്ചന്റെ വീട്ടിൽ നിന്നിറങ്ങി പള്ളിയിലേക്ക് തിരിച്ചു പോകുകയായിരുന്നു. നടന്നിരുന്ന അവർ പിറകിൽ വന്നുകൊണ്ടിരിക്കുന്ന വാഹനത്തിന്റെ ശബ്ദം കേട്ട് അതിനു കടന്നുപോകാനായി വിളക്കു കാലിന്റെ ചുവട്ടിലേക്ക് മാറി നിൽക്കുകയായിരുന്നു. അപ്പോളാണ് അവരെ സുധാകരൻ കണ്ടത്.
സുധാകരൻ അവരുടെ അടുത്തെത്തി വണ്ടി നിർത്തി ചോദിച്ചു –
“എന്താ സിസ്റ്റർ ഇത്ര രാവിലെ അച്ചന്റെ അടുത്ത്, പള്ളിയിൽ എന്തെങ്കിലും പ്രശ്നം …?”
“കപ്യാര് ലാസറ് മണി അടിക്കുന്നതിനിടയിൽ രക്തം ഛർദ്ദിച്ച് കുഴഞ്ഞുവീണു, ഞാൻ കുരിശു വരച്ചു കൊണ്ടിരിക്കുമ്പഴാ സംഭവം”
സിസ്റ്റർ മറുപടി പറഞ്ഞു.
“ഉടൻ അയാളെ വരാന്തയിൽ എടുത്തു കിടത്തി, ഞാൻ അച്ചനെ വിളിക്കാൻ വന്നതാ, ഫോൺ രണ്ട് ദിവസമായി കേടായതിനാൽ ഒന്നും ആലോചിക്കാതെ ഓടി ഇവിടെ എത്തിയതാ”
സിസ്റ്റർ കൂട്ടിച്ചേർത്തു.
“എന്നിട്ട് അച്ചനെ കണ്ടില്ലേ ?” സുധാകരൻ വീണ്ടും ചോദിച്ചു. അപ്പോഴേക്കും അകത്തു നിന്ന് അച്ചൻ ളോഹയും ധരിച്ചു കൊണ്ട് ഓടി വന്നു. അദ്ദേഹത്തിന്റെ മുഖത്ത് പരിഭ്രമം വല്ലാതെ അലയടിച്ചു കൊണ്ടിരുന്നു.
സുധാകരനെ കണ്ടപ്പോൾ തെല്ലാശ്വാസത്തോടെ അച്ചൻ റോസിലി സിസ്റ്ററോടായി പറഞ്ഞു –
“സുധാകരൻ എത്തിയിട്ടുണ്ടല്ലോ, ഇനി പേടിക്കേണ്ടതില്ല.” എന്നിട്ട് അയാളോട് പറഞ്ഞു –
“സുധാകരാ എന്നെ ഒന്നു പള്ളിയിലേക്കെത്തിക്കാമോ, സിസ്റ്റർ നടന്നെത്തിക്കോളും”
അയാൾ എന്തെങ്കിലും മറുപടി പറയുന്നതിനു മുമ്പ് വണ്ടിയുടെ പിന്നിൽ കയറിയിരുന്നു.
ചിലർ അങ്ങനെയാണല്ലോ സ്ഥാനത്തും അസ്ഥാനത്തുമായി തങ്ങളുടെ അധികാരം ഉപയോഗിക്കും, അതാണതിന്റെ രീതി.
ഒരു ജീവകാരുണ്യ പ്രശ്നമായതിനാൽ, സുധാകരന് എതിർപ്പുണ്ടായിരുന്നു എങ്കിലും ഒന്നും പറയാതെ വണ്ടി സ്റ്റാർട്ട് ചെയ്തു, എന്നിട്ട് ഓടിച്ചു പോയി.
പള്ളിയിൽ എത്തിയപ്പോൾ, കപ്യാർ എഴുന്നേറ്റിരിക്കുന്നതായും, അയാൾക്ക് ചുറ്റും രണ്ടു മൂന്നാൾക്കാർ നിൽക്കുന്നതായും കണ്ടു.
അച്ചനെ അവിടെയിറക്കി സുധാകരൻ പോകാൻ ഒരുങ്ങിയപ്പോഴേക്കും, അച്ചൻ വീണ്ടും പറഞ്ഞു.
“സുധാകരാ ലാസറിനെ ഒന്ന് ഹോസ്പിറ്റലിലെത്തിക്കണം, രണ്ടു മൂന്ന് വട്ടമായി ഇയാൾക്ക് ഇങ്ങനെ സംഭവിക്കുന്നു. പള്ളിയിലാണേൽ ജീപ്പ് തകരാറിലുമാണ്.”
നാട്ടിലെ ഒരിടവക വികാരിയോട് എങ്ങനെയാണ് മറുത്തു പറയുക എന്ന് വിചാരിച്ച് സുധാകരൻ ലാസറിനെ പിന്നിലിരുത്തി, വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്തു.
ആശുപത്രിയിലെത്തി ലാസറിനെ ഡോക്ടറെ കാണിക്കുന്നതിനിടയിൽ അയാൾ ഓഫീസിലേക്ക് വിളിച്ചു, എന്നിട്ട് കാര്യങ്ങളെല്ലാം ധരിപ്പിച്ചു, കുറച്ചു വൈകുമെന്നും കൂട്ടിച്ചേർത്തു.
കുറച്ചു സമയത്തെ സാമീപ്യത്താൽത്തന്നെ അയാൾക്ക് ലാസറിനോട് വളരെ അനുകമ്പ തോന്നിയിരുന്നു, കാരണം അനാഥനായ ലാസർ ഈയടുത്തയിടെയാണ് വിവാഹമെല്ലാം കഴിഞ്ഞു കുടുംബ ജീവിതമാരംഭിച്ചിട്ടുള്ളത്, തീർത്തും ദാരിദ്ര്യത്തിൽ കഴിയുന്നവർ.
പരിശോധനയ്ക്ക് ശേഷം ലാസറിന് കരൾവീക്കമാണെന്നും, അടിയന്തിരമായി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്നും ഡോക്ടർ പറഞ്ഞു.
ഇതിനിടയ്ക്ക് അച്ചൻ, റോസിലി സിസ്റ്റർ, ലാസറിന്റെ ഭാര്യ എന്നിവർ ആശുപത്രിയിലെത്തിച്ചേർന്നിരുന്നു. അവരോട് ശസ്ത്രക്രിയയുടെ കാര്യം പറഞ്ഞപ്പോൾ അച്ചൻ, അതാവാം എന്ന് സമ്മതം കൊടുത്തു , ചെലവെന്തു തന്നെയായാലും പള്ളിയിൽ നിന്നെടുക്കാമെന്നും പറഞ്ഞു. ഗത്യന്തരമില്ലാതെ ലാസറിന്റെ ഭാര്യയും സമ്മതം മൂളി.
ഓപ്പറേഷന് ആവശ്യമായ പണം അടയ്ക്കുന്നതിനും രക്തം അടിയന്തിരമായി സംഘടിപ്പിക്കുവാനും നിർദേശിച്ച് ഡോക്ടർ പോയി.
ആശുപത്രിയിലെത്തിയവരുടെ എല്ലാവരുടെയും രക്തം പരിശോധിച്ചതിൽ സുധാകരന്റെ രക്തം ചേരുമെന്ന് കണ്ടു. ഓപ്പറേഷനുള്ള തുക കെട്ടിവച്ച ശേഷം തിരികെയെത്തിയ അച്ചൻ സുധാകരനോട് ചോദിച്ചു
” സുധാകരാ താങ്കളുടെ രക്തം ലാസറിന് നൽകി ഒരു ജീവൻ രക്ഷിച്ചു കൂടെ” തുടർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങളെ സംബന്ധിച്ച് വലിയ വലിയ വാക്കുകളിൽ സംസാരിക്കുവാനും തുടങ്ങി.
അയാൾ വീണ്ടും ഓഫീസിലേക്ക് വിളിച്ചു, ഓഡിറ്റ് സംഘം ഓഫീസിലെത്തി കാത്തിരിക്കുകയാണെന്നും പെട്ടെന്ന് എത്തണമെന്നുമാണ് അവിടെ നിന്ന് നിർദ്ദേശം ലഭിച്ചത്. അത് അയാളെ കൂടുതൽ വിഷമത്തിലാക്കി. ഇനിയിപ്പോൾ എന്തുചെയ്യും..തൻ്റെ സേവന കാലത്ത് ആദ്യമായിട്ടാണ് ഇത്തരം ഒരു വീഴ്ച സംഭവിക്കുന്നത്. ഏതായാലും ഒരു നല്ല കാര്യത്തിനല്ലേ … ഓഫീസർക്ക് പറഞ്ഞാൽ മനസ്സിലാകാതിരിക്കില്ല, അയാൾ ഓർത്തു.
അയാൾ മറുപടിയായി താനിപ്പോൾ ഹോസ്പിറ്റലിലാണെന്നും, അടിയന്തിരമായി ഓഫീസിൽ എത്തിച്ചേരുന്നതിൽ ബുദ്ധിമുട്ടുകൾ ഉള്ളതായും, താൻ രോഗിക്ക് രക്തം നൽകാനായി കിടക്കുകയാണെന്നും, അതിനു ശേഷം വിശ്രമം ആവശ്യമാണെ ന്നതിനാൽ തനിക്ക് ഒരു ദിവസത്തെ അവധി ആവശ്യമാണെന്നറിയിച്ചു.
തുടർന്ന് അയാൾ വീട്ടിലേക്ക് വിളിച്ച് അമ്മയോടും വിവരം പറഞ്ഞു.
ലാസറും ഭാര്യയും വളരെ പാവങ്ങളാണെന്നും അവർക്കെത്ര ചെറിയ സഹായം ചെയ്തു കൊടുത്താലും അതൊരു പുണ്യ പ്രവൃത്തി ആയിരിക്കുമെന്നും, അതിനാൽ സുധാകരൻ രക്തം കൊടുക്കാൻ തയ്യാറാകണമെന്നു അമ്മയും പറഞ്ഞു.
എല്ലാവരുടെയും വാക്കുകൾ കേട്ടും, രക്തദാനം മഹാദാനം എന്ന മഹദ് വാക്യം മനസ്സിലോർത്തും, ഇത് ദൈവഹിതം തന്നെയാണെന്ന് വിചാരിച്ചും മഞ്ഞണിഞ്ഞവനെപ്പോലെ അയാൾ വേഗം ആശുപത്രി കിടക്കയിലേക്ക് കയറിക്കിടന്നു.
ലാസറിനെ ഓപ്പറേഷനു വേണ്ടി തിയേറ്ററിലേക്ക് മാറ്റി.
നട്ടുച്ച സൂര്യൻ അതിതീഷ്ണ രശ്മികൾ ഭൂമിയിൽ പതിപ്പിച്ച് പശ്ചിമ ഭാഗത്തേക്കുള്ള പ്രയാണം തുടരുന്നുണ്ടായിരുന്നു.
ശുഭം .
🌹🌹🌹
സുദർശൻ കുറ്റിപ്പുറം✍