നക്ഷത്ര വിളക്കുകളുടെ പ്രഭാപൂരത്തിൽ കുളിച്ച ഡിസംബറിനോട് വിട പറഞ്ഞുകൊണ്ട് പുതുവത്സര ദിനത്തിന് തുടക്കം കുറിക്കുന്ന സുദിനം..
നല്ല വെയിൽ ആണല്ലോ എന്ന് തനിയെ പറഞ്ഞുകൊണ്ട് ബസ് ഇറങ്ങി സിസ്റ്റർ അൽഫോൻസ പതുക്കെ നടന്നു തുടങ്ങി. മെയിൻ റോഡിൽ നിന്നും പോക്കറ്റ് റോഡിലുള്ള രണ്ടാമത്തെ വീടിനടുത്തെത്തിയപ്പോ പുഞ്ചിരിയോടെ അവൾ ആ വീട് നോക്കി നിന്നു. അവളെ കണ്ട ഉടൻ പട്ടി കുര തുടങ്ങി. ഇത് എന്റെ സ്വന്തം വീടാണെന്ന അറിവ് എനിക്കല്ലേയുള്ളൂ അവനെ സംബന്ധിച്ചിടത്തോളം ഞാൻ അപരിചിതയാണ്. ഇടതടവില്ലാതെയുള്ള പട്ടിയുടെ കുരകേട്ട് എന്താടാ എന്ന് ചോദിച്ചു കൊണ്ട് ആരോ പുറത്തുവന്നു. ആരോ അല്ല മൂത്ത ജേഷ്ഠൻ സേവ്യർ ഇച്ചായനാണ്. ഗേറ്റിനു പുറത്തു നിൽക്കുന്ന പെങ്ങളെ നോക്കി ” ഇതാര് ആനിക്കൊച്ചോ..കേറി വാ മോളേ എന്ന് സ്നേഹത്തോടെ പറഞ്ഞപ്പോൾ ആ പഴയ ആനിയിൽ നിന്നും സിസ്റ്റർ അൽഫോൻസയിലേക്കുള്ള ദൂരം വളരെ കുറഞ്ഞുവെന്ന് തോന്നി!
ഇവൻ പാവമാണ് ആരെയും ഒന്നും ചെയ്യില്ല എന്ന് പറഞ്ഞു ഇച്ചായൻ പട്ടിയെ കെട്ടിയിട്ട് എന്റെ അടുത്തേക്ക് വന്നു.
” വാ മോളെ” എന്ന് പറഞ്ഞുകൊണ്ട് അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. അകത്തുള്ള അലങ്കാരങ്ങളും വീട്ടുകാരെയും കണ്ട്, ആഹാ നന്നായിട്ടുണ്ടല്ലോ ഒരു നേരം സിസ്റ്റർ സ്വയം മറന്നുകൊണ്ട് അറിയാതെ പറഞ്ഞു പോയി. കണ്ണിന് ആനന്ദമേകുന്ന കാഴ്ച തന്നെയെന്ന് അവളുടെ പുഞ്ചിരിയിൽ വ്യക്തമായിരുന്നു.
“ആഹ് മോളോ.. ഇതുവരെയായിട്ടും മോളെ കണ്ടില്ലല്ലോയെന്ന് ” ഞാൻ ഇവരോട് കുറച്ച് മുമ്പ് പറഞ്ഞതേയുള്ളൂ.അമ്മയാണ്, സ്നേഹത്തോടെ മകളുടെ തലയിൽ തലോടി.. ആ കണ്ണുകളിൽ പറയാനാവാത്ത ഏതോ വികാരത്തിന്റെ നനവ് ഉണ്ടായിരുന്നു.
തന്റെ വീടിന്റെ ഓരോ മുറിയുടേയും മുക്കും മൂലയും അത്രയേറെ ഓർമ്മകൾ നൽകുന്നത് കൊണ്ടാകാം അവൾക്കെന്നും പ്രിയപ്പെട്ടതായിരുന്നു.
വർഷങ്ങൾക്കു മുമ്പ് പുതുവത്സരത്തിന് അല്ല ക്രിസ്മസിന് മുമ്പു തൊട്ടേ വീട്ടിൽ ഒരുക്കം തുടങ്ങുമായിരുന്നു. ഞാനും, ആൻസി ചേച്ചിയും ഇച്ചായന്മാരും അന്ന് ഞങ്ങളൊക്കെ കുട്ടികൾ ആയിരുന്നു. അപ്പച്ചനും അമ്മച്ചിയും നാലു മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം. ക്രിസ്മ സിനുള്ള ഒരുക്കങ്ങൾ കഴിഞ്ഞാൽ പിന്നീട് അതിലേറെ സന്തോഷത്തോടെ വീട് ഒരുങ്ങുന്നത് പുതുവത്സരത്തിനാണ്. ക്രിസ്മസിന് ഒരുക്കുന്നതുപോലെ തന്നെ അമ്മയുടെ സ്പെഷ്യൽ വിഭവങ്ങളും കേക്ക് ഉൾപ്പെടെ മറ്റു പലവിധ പലഹാരങ്ങളും ഉണ്ടാകും. കൂടാതെ കുടുംബാംഗങ്ങളുടെ ഒത്തുചേരലും വീട് നിറയെ അലങ്കാരവസ്തുക്കൾ കൊണ്ട് അലങ്കരിക്കുകയും, കുടുംബാംഗങ്ങളുമൊത്ത് പരസ്പരം സമ്മാനങ്ങൾ കൈമാറുകയും അങ്ങനെ മൊത്തത്തിൽ സന്തോഷത്തിന്റെ നാളുകളായിരുന്നു.
ഇന്നിപ്പോ അപ്പച്ചൻ ഓർമ്മയായിട്ട് എട്ടു വർഷമായി. ആൻസി ചേച്ചി ആവട്ടെ കുടുംബസമേതം വിദേശത്തും. ഇച്ചായന്മാർ രണ്ടുപേരും വിവാഹിതർ. അവരുടെ കുടുംബവും അമ്മച്ചിയുമാണ് ഇപ്പോൾ വീട്ടിലെ സ്ഥിരതാമസക്കാർ. അതിനിടെ ഞാനിപ്പോൾ ദൈവത്തിന്റെ മാലാഖമാരിൽ ഒരാളും.
പഠിപ്പിൽ പൊതുവേ ഉഴപ്പിയിരുന്ന ആൻസി ചേച്ചിയെ ഡിഗ്രി കഴിഞ്ഞതിനുശേഷം അപ്പച്ചൻ കെട്ടിച്ചുവിട്ടു. അതിനുശേഷം പോലും തന്റെ കാര്യത്തിൽ അപ്പച്ചനും അമ്മച്ചിയും എടുത്ത തീരുമാനത്തെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ചേച്ചിയുടെ കല്യാണശേഷം ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ഡിഗ്രി പൂർത്തിയാക്കിയ ആനി ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകാനുള്ള താല്പര്യം അമ്മച്ചിയെ അറിയിച്ചു. അപ്പച്ചൻ ഇക്കാര്യമറിഞ്ഞ പ്പോൾ അതൊന്നും വേണ്ട ഇനി പഠിപ്പൊക്കെ മതിയാക്കിയേക്ക് എന്നായിരുന്നു മറുപടി. എന്താണ് ഇങ്ങനെയെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല. അമ്മച്ചി ആവട്ടെ തന്റെ ചോദ്യത്തിന് മറുപടി പറയാതെ ഒഴിഞ്ഞുമാറു ന്നു. പിന്നെ അതേപ്പറ്റി അവൾ ഒന്നും മിണ്ടാൻ പോയില്ല.
അങ്ങനെയിരിക്കെ ഒടുവിൽ ഒരു സൺഡേ രാവിലെ അപ്പച്ചനും അമ്മച്ചിയും മോൾ ഒന്ന് അടുത്ത് വന്നിരിക്കൂ.. മോളോട് ഒരു കാര്യം പറയാനുണ്ട്.
“മോളെ നീ ജനിക്കുന്നതിലും മുമ്പേ ആൻസിക്ക് ശേഷം ഉണ്ടാകുന്ന കുട്ടി ആണായാലും പെണ്ണായാലും അത് പള്ളിയിലേക്ക് കർത്താവിന് നൽകുമെന്ന് നേർച്ച പറഞ്ഞിട്ടുണ്ടായിരുന്നു”. സമയമാകുമ്പോൾ പറയാമെന്ന് കരുതിയാണ് ഇത്രയും നാൾ മോളിൽ നിന്നും അത് മറച്ചുവച്ചത്.
അത്രയും കേട്ടപ്പോൾ മനസ്സിനേറ്റ മരവിപ്പിൽ നിന്നും സാധാരണ നിലയിലേക്ക് എത്താൻ ഏറെ പാടുപെടേണ്ടി വന്ന ആനി ഒന്നും മിണ്ടാതെ അവളുടെ മുറിയിലേക്ക് പോയി. തന്റെ മനസ്സിലെ മോഹങ്ങളും സ്വപ്നങ്ങളും എല്ലാം തെല്ലിടനേരം കൊണ്ട് ആരോ മായ്ച്ചത് പോലെ..
അപ്പോഴും ജോർജ്ജിന്റെ തിളങ്ങുന്ന കണ്ണുകൾ കൂടുതൽ തെളിമയോടെ മനസ്സിലെത്തി.. തുറന്നുപറഞ്ഞില്ലെങ്കിലും കണ്ണുകൾ കൈമാറിയ പ്രണയം.. ആൾക്കൂട്ടത്തിലും അന്യോന്യം തിരക്കുന്ന കണ്ണുകൾ.. എന്തൊക്കെ സ്വപ്നങ്ങളായിരുന്നു.. എല്ലാം ഒരൊറ്റ വാചകത്തിൽ വിധി നുള്ളിയെടുത്തു…
അനുസരിക്കാൻ മാത്രമറിയുന്ന മനസ്സിനെ എല്ലാം പറഞ്ഞു മനസ്സിലാക്കി
ഏറെ നേരത്തെ സങ്കടങ്ങൾക്ക് ശേഷം അവൾ മുഖം കഴുകി അപ്പച്ചനും അമ്മച്ചിയും വേദനിക്കാതിരിക്കാൻ വേണ്ടി പതിവുപോലെ അവരോടൊപ്പം ഇരുന്ന് സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. ആരോടും ഒന്നും പറയാനാകാതെ അവളുടെ മനസ്സ് ഉരുകുകയായിരുന്നു.
മഠത്തിൽ ചേർന്നതിനു ശേഷം ഒരു ദിവസം ജോർജ്ജ് കാണാൻ വന്നു. ഇപ്പോഴും സമയം കഴിഞ്ഞിട്ടില്ല. ഇറങ്ങിപ്പോരൂ എന്നാവശ്യപ്പെട്ടു.
ജോർജിന് തെറ്റി എന്നും, ഒരു സഹോദരന്റെ സ്ഥാനത്ത് മാത്രമേ ജോർജിനെ കണ്ടിട്ടുള്ളൂ എന്നും കള്ളം പറയേണ്ടി വന്നതിന് തിരു വസ്ത്രത്തോടു മാപ്പ് ചോദിച്ചു.. ലൗകിക ജീവിതത്തിന്റെ നിറമുള്ള ഓർമ്മകൾ വെട്ടി മാറ്റിയ ഇടതൂർന്ന മുടിയിൽ കൊരുത്തിട്ടു കർത്താവിന്റെ മണവാട്ടിയായി ജീവിച്ചു തുടങ്ങി.
“മോളേ..” എന്ന അമ്മയുടെ വിളി കേട്ടാണ് അവൾ ആ ഓർമ്മകളിൽ നിന്നും ഞെട്ടിയത്. “നീ എന്താണ് ചെയ്യുന്നത്. ഞാൻ നിന്നെ കുറെ നേരമായി എവിടെയെന്ന് നോക്കുന്നു” ഒന്നുമുരിയാടാതെ അവൾ അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഭക്ഷണം കഴിക്കാൻ വേണ്ടി എല്ലാവരും കാത്തിരിക്കുന്നു.
ഓരോ വർഷവും പുതുവത്സരമാകുമ്പോൾ വീട്ടിൽ ഒരു അതിഥിയായി വന്ന് കൂടപ്പിറപ്പുകളോടൊപ്പം തനിക്ക് അനുവദിക്കപ്പെട്ട കുറച്ച് സമയം മാത്രം. അത് കഴിയുമ്പോൾ തിരിച്ചു പോകേണ്ടിടത്തേക്കുള്ള യാത്ര. സന്തോഷകരമായ മുഹൂർത്തങ്ങൾക്ക് സാക്ഷിയായി എല്ലാവരോടും യാത്ര പറയുമ്പോൾ ഇപ്പോൾ വിഷമമൊന്നുമില്ല. തന്റെ ജീവിതം ഇതാണ് എന്നാണ് ദൈവനിയോഗം. വർഷങ്ങളായി സ്വയം പറഞ്ഞു പഠിപ്പിക്കുകയും അത് സ്വമേധയാ അംഗീകരിക്കുകയും ചെയ്തതുകൊണ്ടാകാം.
യാത്ര പറഞ്ഞ് പടിയിറങ്ങി ഗേറ്റിന് അടുത്തെത്തിയപ്പോൾ വർഷങ്ങൾക്കു മുമ്പുള്ളതിനേക്കാൾ സന്തോഷത്തിന്റെ അലയടികളുയരുന്ന തന്റെ വീട്ടിൽ ഇനിയുമുള്ള പുതുവത്സരങ്ങൾ ഏറെ സന്തോഷവും സമാധാനവും ദൈവം അവർക്ക് നൽകട്ടെ എന്ന പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ.
” അതാ ബസ് വന്നു” ആരോ പറയുന്നത് കേട്ടാണ് അങ്ങോട്ട് നോക്കിയത്. തനിക്കു പോകാനുള്ള ബസ് അത് തന്നെയാണല്ലോ എന്നോർത്ത് സിസ്റ്റർ അൽഫോൻസ തിടുക്കത്തിൽ നടന്നു. പുതുവത്സരം ആയതുകൊണ്ടാകാം എങ്ങും തിരക്കോട് തിരക്ക് തന്നെ. ബസ്സിലും അതെ..
നിറങ്ങൾ അസ്തമിച്ചു പോയ തന്റെ ജീവിതത്തെക്കാൾ ഇനിയു ള്ള ഓരോ പുതുവത്സരങ്ങളും എല്ലാവരുടെയും ജീവിതം വർണ്ണാഭമാക്കാൻ കരുണാമയനായ ദൈവം അനുഗ്രഹിക്കട്ടെയെന്നുമെന്നും..
സെന്റ് തെരേസ പള്ളിയിലേക്ക് ഒത്തിരി ദൂരമുള്ളതുകൊണ്ട് തന്നെ സിസ്റ്റർ അൽഫോൻസ കണ്ണടച്ചു തന്റെ സീറ്റിൽ ചാരിയിരുന്നുകൊണ്ട് യാത്ര തുടർന്നു….