നഗരത്തിലെ ശുദ്ധജല വിതരണം
നിലച്ചിട്ട്
ദിവസ്സങ്ങളായി
പൈപ്പുകൾ പഴക്കം കൊണ്ട്
പൊട്ടുന്നു
ഒരിടത്ത് നന്നാക്കുമ്പോൾ,
മറ്റൊരിടത്ത് പൊട്ടും ….
വഴിയോരങ്ങളിൽ
വെള്ളം കെട്ടിക്കിടക്കുന്നു
റോഡിലെ കുഴികൾ
ചെളി കൊണ്ട് മൂടപ്പെട്ട് കഴിഞ്ഞു.
അഴുക്ക് പിടിച്ച ശരീരത്തോട് ഒപ്പം
മനസ്സും ചൊറിഞ്ഞ് കയറിയപ്പോൾ
വെറുതെ ഇറങ്ങി നടന്നു…
എത്തപ്പെട്ടത്
ഏതോ സമരമുഖത്താണ്.
സമരക്കാരെക്കാൾ കൂടുതൽ
ക്യാമറ ഏന്തിയവരാണ്
ചൂടുള്ള വാർത്തകൾക്കും
ദൃശ്യങ്ങൾക്കുമായി
അവർ ആവേശം കൊള്ളിച്ചപ്പോൾ
ആണ്
സമരക്കാർ
ബാരിക്കേഡുകൾ
മറികടക്കാൻ ശ്രമിച്ചത്..
പിന്നെ,സമയം പാഴാക്കാതെ
പോലീസ് ജലപീരങ്കി പ്രയോഗിച്ചു
തുടങ്ങി…
ശക്തമായ ജലപ്രവാഹത്തിൽ
ദിവസങ്ങൾക്ക് ശേഷം
നന്നായി കുളിച്ചു
ചൊറിച്ചിൽ പോലും മാറ്റിയ
ഒട്ടും ചിലവില്ലാത്ത,
പുണ്യ സ്നാനം.
നന്ദി ആരോട് ചൊല്ലെണ്ടു…
സമരക്കാർക്കോ….
ആവേശം പകർന്നവർക്കോ…
അതോ പോലിസ്സിനോ….