Sunday, November 24, 2024
Homeകഥ/കവിതഎന്റെ ഭൂതം (ചെറുകഥ) ✍ അനിത മുകുന്ദൻ.

എന്റെ ഭൂതം (ചെറുകഥ) ✍ അനിത മുകുന്ദൻ.

അനിത മുകുന്ദൻ.

വിശാലമായ പാടത്തിനു നടുവിൽ ഒരു തെച്ചിക്കാവുണ്ടായിരുന്നു. ദൂരെ നിന്നു നോക്കിയാൽ ഒരു ചുവന്ന കാവ്. വൃത്താകൃതിയിൽ വയലിനു നടുക്കായ് അത് പണ്ടു തൊട്ടേയുണ്ട്. ആരും അത് വെട്ടിക്കളയാനോ, വെട്ടിനിരത്താനോ പോയിട്ടില്ല.

അന്ന് ഞങ്ങൾ കൊച്ചുകുട്ടികൾ അത് ഭൂതക്കാവാണെന്ന് കരുതിപ്പോന്നു.
വയലിനിപ്പുറം തിരക്കുള്ള റോഡാണ്. തെച്ചിക്കാവിൽ ഒരു മാവ് വളർന്നു വരുന്നുണ്ടായിരുന്നു. വയലിലേക്ക് ചാഞ്ഞ മാവിൻ കൊമ്പ് ആദ്യമായ് പൂത്തത് കണ്ടതും കുട്ടികൾ തന്നെയാണ്. പിന്നെയൊരു കാത്തിരിപ്പായിരുന്നു.
ഭൂതക്കാവിലെ മാങ്കനി വീഴുമ്പോൾ ആദ്യം ചെന്നെടുക്കാൻ.
അവിടെയാരും വിളക്ക് കൊളുത്തുന്നതോ, പ്രാർത്ഥിക്കുന്നതോ കണ്ടിട്ടില്ല.

കാവിലേക്കു പോകാനോ, കളിക്കാനോ കുട്ടികൾക്കാർക്കും തന്നെ ഒട്ടും ഭയമുണ്ടായിരുന്നില്ല.
വയലിൽ പണി എടുക്കുന്നവർ കുട്ടികളെ വഴക്ക് പറയുമായിരുന്നു.

‘അതിനുള്ളിൽ പാമ്പോ.. ചേരയോ ഒക്കെ കാണും.
പോ… പിള്ളേരെ…’
🌹
ഞാനും തെച്ചിക്കാവ് ഭൂതക്കാവാണെന്ന് വിശ്വസിച്ചു.
പരീക്ഷ അടുക്കുമ്പോൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും കുഞ്ഞു കുഞ്ഞാവശ്യങ്ങളൊക്കെ ഉണ്ടാകുമ്പോൾ ഭൂതക്കാവിലേക്കു നോക്കി പ്രാർത്ഥിക്കുക എന്റെയും പതിവായി.

അന്നൊരു ദിവസം മലയാളം പഠിപ്പിക്കുന്ന അമ്മിണി ടീച്ചർ ചിരിയോടെ പറഞ്ഞു.
ഇന്ന് നമുക്കൊരു കവിത ചൊല്ലാം. ഇടശ്ശേരിയുടെ പൂതപ്പാട്ട്.

ഉണ്ണിയെ കട്ടോണ്ടു പോയ ദുഷ്ടനായ ഭൂതം.
ചുവന്ന കണ്ണുകളും, നിലത്തു മുട്ടുന്ന നാവും കൊമ്പുകളും …

അമ്മിണി ടീച്ചർ പൂതത്തിന്റെ രൂപവർണ്ണന മനോഹരമാക്കി. പഠനവും അതിമനോഹരം.
പക്ഷേ അന്നുതൊട്ട് എന്റെയുള്ളിൽ നേരിയ ഭയം കടന്നുകൂടി.
ഊണിലും ഉറക്കത്തിലും അമ്മിണി ടീച്ചർ വർണ്ണിച്ച ഭൂതത്തിന്റെ രൂപം മായാതെ നിന്നു. പിന്നീട് ഭൂതക്കാവിലേക്കു നോക്കാൻ പോലും പേടിയായി.
🌹
‘അമ്മൂ… ഓടി വാ…
ഭൂതക്കാവിലെ മാമ്പഴം വീണു. എന്റെ കൂട്ടുകാരി രാജശ്രീ.. ഓടിവന്നു.
എല്ലാവരും അവിടെയുണ്ട്. നിന്നെ വിളിച്ചുകൊണ്ടു വരാൻ പറഞ്ഞു.

ആണോ… പക്ഷേ എനിക്കുവേണ്ട കേട്ടോ. നിങ്ങള് കഴിച്ചോ.
ഉള്ളിലെ ഭയം മറച്ചുകൊണ്ട് ഞാൻ പറഞ്ഞു.

അതെന്താ…
എനിക്കു വേണ്ടന്നെ…
ഉം… ഞാൻ പോണ്.’
അവൾ വന്ന വഴിയേ ഓടി.

ഭൂതം അത്ര നിസാരക്കാരനല്ല. പല വേഷത്തിലും വരും.

രാത്രി കനക്കുമ്പോൾ, ചീവീടുകളുടെ ശബ്ദം കേൾക്കുമ്പോൾ , എൻ്റെ ഉറക്കം മുറിഞ്ഞു തുടങ്ങി.

കറുത്ത രാത്രിയിൽ എവിടെയോ ഒരു തീക്കണ്ണിന്റെ ചുവപ്പ്…..
കാറ്റുപോലെ വരുന്ന ഭൂതത്തിന്റെ ശബ്‍ദ സീൽക്കാരം….
മരങ്ങൾ ആടിയുലയുന്ന ശബ്ദം.

കവിതയിലെ ഉണ്ണിയെ രക്ഷിക്കുവാനും ഭൂതത്തിനോട് എതിർത്തു നിൽക്കുവാനും അവന്റെ അമ്മയുണ്ടായിരുന്നു.

തനിക്കോ?

അമ്മയില്ലാത്തതിന്റെ ദുഃഖം അന്നാണ് കുഞ്ഞുമനസ്സിനെ ഏറ്റവും കൂടുതൽ നോവിച്ചത്. അമ്മയുടെ മാറിൽ കെട്ടിപ്പിടിച്ചുറങ്ങിയാൽ പിന്നെ എന്തിനു പേടിക്കണം.

രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ നീളൻ തഴപ്പായയിൽ ഒറ്റയ്ക്കായി പോയ പെൺകുഞ്ഞിന്റെ ഭയവും സങ്കടവും !
🌹

പിന്നീടെപ്പോഴോ… ഉള്ളിലെ ഭയം കുറഞ്ഞു കുറഞ്ഞു വന്നു. ഒരിയ്ക്കൽ ഞാനൊരു സ്വപ്നംകണ്ടു. ഒരു പാത്രം നിറയെ മാമ്പഴവുമായി ഒരമ്മ തന്റെ മുന്നിൽ നിൽക്കുന്നു. തനിക്കായ് കൊണ്ടുവന്നതാണ്. തന്റെയടുത്തിരുന്നു സ്നേഹത്തോടെ മാമ്പഴം കഴിപ്പിക്കുന്നു.
പോകുമ്പോൾ ആ അമ്മ പറഞ്ഞത് എന്താണെന്നറിയ്യോ..?

“ഞാൻ ഭൂതക്കാവിലെ ഭൂതമാണ്.
നീയെന്താ, ഇപ്പോൾ കാവിലേക്കു വരാത്തത് ?
പേടിക്കണ്ട കേട്ടോ.. .…ഞാൻ ആരെയും ഒന്നും ചെയ്യില്ല. നിനക്കുള്ള മാമ്പഴം ഞാനവിടെ കരുതി വെച്ചിട്ടുണ്ട്.”

‘അയ്യോ ഭൂതം വേഷം മാറി വന്നതാണോ..?’

‘ഓടി വായോ.. എന്നെ രക്ഷിക്കണേ…’

‘പേടിക്കണ്ടന്നെ… ഞാനൊന്നും ചെയ്യില്ല. നോക്ക് ഞാൻ നിന്റെ അമ്മയെപ്പോലെയല്ലേ…’
‘സത്യമാണോ…?’
‘സത്യം.’

സ്വപ്നമുണർന്നപ്പോൾ പുലരിയായി. വീട്ടുപടിക്കൽ ഒരു മാമ്പഴം കണ്ടു. മിക്കവാറും അപ്പൂപ്പൻ കൊണ്ടുവെച്ചതാവും.

പക്ഷേ അതെന്റെ ഭൂതം കൊണ്ടു വെച്ചതാണെന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം.

സ്വപ്നങ്ങളിൽ ഞാനും ഭൂതവും അമ്മയും മകളുമായി.
🌹
അങ്ങനെ ഞാനും വളർന്നു.
ഭൂതക്കാവിലുള്ള എന്റെ വിശ്വാസവും.

പത്താം ക്ലാസ്സിലെ പരീക്ഷ തുടങ്ങുന്ന ദിവസം സ്കൂളിലേക്ക് പോകാൻ ഞാൻ തയ്യാറായി. ഭൂതക്കാവിൽ തൊഴാനായി ഞാൻ വയലിലേക്കിറങ്ങിയപ്പോഴാണ് നൊമ്പരപ്പെടുത്തുന്ന ആ കാഴ്ച്ച കണ്ടത്.

തന്റെ ഭൂതക്കാവ് വെട്ടി നിരത്തുന്നു. കാവിലെ തേൻമാവ് മുറിഞ്ഞു വീണു. കാവിന് ചുവപ്പ് നിറം നൽകിയ തെച്ചിച്ചെടികളും പൂക്കളും കൊയ്ത്തു കഴിഞ്ഞ പാടത്തേക്ക് പിഴുതെറിയപ്പെട്ടിരിക്കുന്നു! ഒരു പുൽനാമ്പിനു പോലും ഇടം നൽകാതെ കാവ് വെട്ടി വെളുപ്പിച്ചിരിക്കുന്നു.

കണ്ണുകൾ നിറഞ്ഞു തുളുമ്പി.
മനസ്സ് ആർത്തുകരഞ്ഞു.
അമ്മേ… ഓടിവായോ… അറിയാതെ നിലവിളിച്ചുപോയി.
ഒരു സ്വാന്തനിപ്പിക്കലിനും ആശ്വാസം പകരാനാവാത്ത ഹൃദയഭേദകമായ കാഴ്ച.

ആർക്കും അറിയില്ലല്ലോ ഞാനും കാവും തമ്മിലുള്ള ബന്ധം. ഒരമ്മയുടെയും മകളുടെയും തമ്മിലുള്ള അകലമാണിത്.
മുതിർന്നവർക്ക് അത് വെറുമൊരു കാടുപിടിച്ച സ്ഥലംമാത്രം

🌹
പരീക്ഷ എഴുതുമ്പോഴും താൻ കരയുകയായിരുന്നു.

കുറച്ചു നല്ല ഓർമ്മകൾ തന്നു മറഞ്ഞ ഭൂതക്കാവ് ഇന്നില്ല. വലിയ വലിയ കെട്ടിടങ്ങൾ പണിഞ്ഞു മിനുക്കമാർന്ന ആ പ്രദേശത്തു ചെല്ലുമ്പോൾ ‘എന്റെ ഭൂതക്കാവ് !’ ഞാനോർക്കും.
കാവ് മറഞ്ഞെങ്കിലും ഇന്നും ഇടയ്ക്കൊക്കെ സ്നേഹത്തോടെ , വാത്സല്യത്തോടെ ഒരു കാറ്റായി എന്നെ തഴുകാൻ എന്റെ ഭൂതം വരാറുണ്ട്.

✍ അനിത മുകുന്ദൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments