നാട്ടിലെ പേരു കേട്ടൊരുക്രിസ്ത്യാനി തറവാട്.
ബ്രാഹ്മണ കുടുംബത്തിലെ ചിട്ടവട്ടങ്ങളാണ്. അമ്മച്ചിയെ കണ്ടാലും ആത്രമ്മയാണെന്നേ തോന്നു. അത്രയ്ക്കും ശാലിന സൗന്ദര്യമാണ്.
നോക്കെത്താ ദൂരത്തുള്ള വയലും ഏക്കറുകണക്കിനുള്ള പാടവും ഏതോ ഒരു നമ്പൂതിരി അവരുടെ വീട്ടുകാർക്ക് എഴുതി കൊടുത്തതാണെന്നാ കേട്ടു കേൾവി. എന്തായാലും സ്വത്തിനവകാശിയായിട്ട് ഈ ഒരു മകൾ മാത്രം. മകൾ പ്രായപൂർത്തിയായപ്പോൾ വരനെ ദത്തെടുത്തു. വീടും പറമ്പും നോക്കി നടത്താനൊരാളു വേണം വരനും സന്തോഷിച്ചു. അതി സുന്ദരിയായ ഭാര്യ ഇത്രയും സ്വത്തിനവകാശി. വരനാണെങ്കിൽ ഒരു പാവം മനുഷ്യൻ ഭാര്യയായ റോസമ്മ എന്തു പറഞ്ഞാലും കേട്ടോളും. പാടത്തും പറമ്പിലും പണിക്കാരുടെ ഒപ്പം റോസമ്മയുടെ ഭർത്താവായ വർക്കിയും പോകും ! പണിക്കാരെക്കൊണ്ട് പണിയെടുപ്പിക്കും അയാളും അവരുടെ ഒപ്പം പണിയെടുക്കും.
നാളുകൾ ഏറെ കഴിഞ്ഞു അവർക്ക് കുട്ടികളും അഞ്ചെണ്ണമായി.പണിയെല്ലാം കഴിഞ്ഞ്,വൈകിട്ടായാൽ അയാൾക്ക് ഇത്തിരി വീശുന്ന സ്വഭാവമുണ്ട് വേറെ ഒരു ശല്യവുമില്ല.
പതിവു പോലെ പണിയും കഴിഞ്ഞ് അന്തിനേരത്ത് ഷാപ്പിലേക്കൊന്നു പോയതാണ് .പോകുന്ന വഴിയിൽ ഒരു പൊട്ടക്കിണറും കണ്ടാൽ പേടിപ്പെടുത്തുന്ന വൻമരക്കൂട്ടമുള്ള ഒരു കാവും ഉണ്ട്! പകൽ തന്നെ ആരും ആ പരിസരത്തു കൂടി പോവാറില്ല.വർക്കിച്ചായന് ഇതൊന്നും പ്രശ്നമില്ല എന്നും കാണുന്ന സ്ഥലമല്ലെ !
അപ്പച്ചൻ ഷാപ്പിലിരുന്ന് കുടിച്ച്, കൂട്ടുകാരൊത്തു വർത്തമാനം പറഞ്ഞ് സമയം പോയതറിഞ്ഞില്ല.
“അയ്യോ എട്ടുമണിയായല്ലൊ, റോസമ്മ എന്നെ വീട്ടിൽ കയറ്റുമോ എന്തോ ?” എവിടെപ്പോയാലും അന്തിക്കുമുൻപ് വീട്ടിൽ കയറിക്കോളണം എന്നാണ് കല്പന കിളികൾ കൂടണയുന്നതുപോലെ…
വർക്കിച്ചായൻ എണീറ്റു തോളിൽ കിടക്കുന്ന തോർത്ത് എടുത്തൊന്നു കുടഞ്ഞ്, കിറിയും തൂത്ത് ആൾ ആടിയാടി വീട്ടിലേക്കു നടന്നു. വഴിയേതാ, കിണറേതാ, വീടേതാന്നൊന്നും മനസ്സിലായില്ല. ഉള്ളിൽ കിടക്കുന്നത് അന്തിക്കള്ളല്ലേ,അതും പനങ്കള്ള് ലഹരി കൂടുമല്ലോ! കണ്ണിനു കാഴ്ചകുറഞ്ഞതു പോലെ, കാലാണെങ്കിൽ വിചാരിക്കണ പോലെ ഒട്ടു നീങ്ങണില്ല. വഴിയാണെന്നു വിചാരിച്ച് കാലെടുത്തു വച്ചത് കിണറിന്റെ വക്കിലേക്ക് അതും അരമതിലൊന്നും ഇല്ലാതെ തുറന്നു കിടക്കുന്ന കിണർ. അടുത്ത കാല് എടുത്തു വയ്ക്കുകയല്ല വർക്കിച്ചായൻ പതോംന്നും പറഞ്ഞ് കിണറിലേയ്ക്കു പോയി. എന്തുപറ്റി എന്നൊന്നും ആൾ അറിഞ്ഞതേ ഇല്ല കുറെ നരിച്ചിറുകൾ ഒച്ച കേട്ടു പേടിച്ച് കിണറിൽ വട്ടമിട്ടു പറന്നു. ബോധമില്ലാത്തതു കൊണ്ട് ആൾ ഇതൊന്നും അറിഞ്ഞില്ല ഭാഗ്യത്തിന് വേനൽക്കാലമായതു കൊണ്ട് മുട്ടിനു വെള്ളമേ ഉണ്ടായിരുന്നുള്ളു. എന്താ പറ്റിയതെന്ന് അയാൾക്കും മനസ്സിലായില്ല. വർക്കിച്ചായൻ വെള്ളത്തിൽ കിടന്ന് നീന്തിത്തുടിച്ചു.
“കൊച്ചുങ്ങളുടെ അപ്പച്ചനെ കാണാനില്ലല്ലൊ നാരായണ! അപ്പച്ചൻ അന്തിക്ക് ഷാപ്പിലൊന്നു മിനുങ്ങാൻ പോയത, നീ ഷാപ്പിച്ചെന്നൊന്നു നോക്കട! ”
കേട്ട പാതി കേൾക്കാത്ത പാതി അവൻ ഷാപ്പിലേക്കോടി അവിടെയൊന്നും അപ്പച്ചനെ കണ്ടില്ല അയൽപക്കക്കാരെ വിളിച്ചു കൂട്ടി.
“ഇതിയാൻ എവിടെപ്പോയി കിടക്കുകയാണാവോ എവിടെ ചെന്ന ന്വേഷിക്കും എന്റെ കർത്താവേ.”..
വർക്കിച്ചായനെ കാണാതെ വീട്ടുകാരും നാട്ടുകാരും തിരഞ്ഞു നടന്നു. കാവുള്ളതുകൊണ്ട് അതിന്റെ അടുത്തേക്കുവരാൻ എല്ലാവർക്കും പേടി നല്ല ഇരുട്ട്.ചൂട്ടും കത്തിച്ച് വർക്കിച്ചായനെ തിരക്കി എല്ലാരും നടന്നു. മറ്റുള്ള സ്ഥലങ്ങളിലെല്ലാം വർക്കിച്ചായനെ നോക്കിനടന്നു..
വെളുപ്പാൻ കാലമായപ്പോൾ കിണറിൽ നിന്നും കല്ലു വരാൻ തുടങ്ങി പ്രേതമാണെന്നു വിചാരിച്ച് ആളുകൾ പേടിച്ചോടി .പിന്നെ തുരുതുരാ കല്ലുകൾ വന്നു തുടങ്ങി. കൂടാതെ കിണറിൽ നിന്നും എന്തോ ശബ്ദo കേട്ടുകൊണ്ടിരുന്നു.
വർക്കിച്ചായൻ കിണറിലുണ്ട്
“എന്തായാലും പ്രേതം തുരുതുരാ കല്ലെറിയില്ലല്ലൊ! ”
കൂട്ടത്തിലൊരാൾവിളിച്ചു പറഞ്ഞു “നമുക്കൊന്നു പോയി നോക്കാം”
പേടിച്ച് പേടിച്ച് ഓരോരുത്തർ കിണറിന്റെ അടുത്തേക്കു നടന്നു.
കാവിലെ യക്ഷിയെ പേടിച്ചാണ് ആരും അത്രയും നേരം പോകാതിരുന്നത്.അപ്പോഴും ഒച്ച കേട്ടികൊണ്ടിരുന്നു. ധൈര്യമുള്ള കുറച്ചു പേർ ഏണി എടുത്ത് ഇഴച്ചുകെട്ടി കിണറിലിറങ്ങി. കുറച്ചുപേർ കരയിൽ യക്ഷിയെ പേടിച്ചു നില്‌പായി. അച്ചായനെ ഒരു കണക്കിന് കരയിലെത്തിച്ചു എന്നു പറഞ്ഞാൽ മതിയല്ലൊ!
അച്ചായന്റെ വിറയലും പേടിയുo കുറഞ്ഞതിനു ശേഷം കിണറിലെ കഥയുടെ ചുരുൾ അഴിയാൻ തുടങ്ങി. യക്ഷിക്കഥകൾ നമ്മൾ പറഞ്ഞ് കേട്ടിട്ടെയുള്ളു അതുപോലെയായിരുന്നു കിണറിലെ സംഭവം.
കിണറിൽ വച്ച് കുറെ സുന്ദരിപ്പെണ്ണുങ്ങൾ മുല്ലപ്പൂവും ചൂടി മുറുക്കിച്ചുവപ്പിച്ച് തറ്റുടുത്ത് അപ്പച്ചന് ചുറ്റും കൂടിനിന്ന് നൃത്തം ചെയ്യാൻ തുടങ്ങി
പാവം അച്ചായന് ബോധമില്ലായിരുന്നല്ലൊ ! അച്ചായനും അവരുടെ കൂടെ കൂടി നൃത്തം ചെയ്തു. വീണു കിട്ടിയ അവസരം പാഴാക്കാൻ പറ്റുമോ? ഒരു രാത്രി മുഴുവനും യക്ഷികളുടേയും അച്ചായന്റേയും കേളീരംഗങ്ങളായിരുന്നു.
പറ്റൊന്നിറങ്ങിയപ്പോഴാണ് സ്വബോധം വന്നത് അപ്പോഴാണ് കല്ലുവച്ചെറിയാൻ തുടങ്ങിയതും ! എന്തായാലും അച്ചായന് ഒന്നും പറ്റിയില്ല കുറെ യക്ഷികളുടെ പിച്ചലും തോണ്ടലും കിട്ടിയെന്നുമാത്രം. അതോടുകൂടി രാത്രി സഞ്ചാരം നിർത്തി. റോസമ്മ ചേട്ടത്തി പോകാൻ പിന്നെ അന്തിക്കള്ള് മോന്താൻ സമ്മതിച്ചില്ല മക്കൾക്ക് തന്തയില്ലാതായി പോകുമല്ലൊ ഇനി കുടിയൊക്കെ വീട്ടിൽ മതി തിരുവായ്ക്ക് എതിർ വായില്ലല്ലൊ എന്ന പോലെയായി അച്ചായന്റെ കാര്യം.
വർക്കിച്ചായൻ ഷാപ്പിലെഅന്തിക്കള്ളിന്റെ രുചിയോർത്ത് ഉമിനീരിറക്കി നടന്നു.
ആളുകൾക്ക് യക്ഷിക്കഥകൾ പറഞ്ഞു നടക്കാനൊരു കാര്യവും കിട്ടി. ഈ കഥ കേട്ടതോടുകൂടി പകൽ പോലും യക്ഷിയെപ്പേടിച്ച് ആ വഴി പോകാതായി. അന്തിക്കള്ള് വരുത്തി വച്ചവിന.