Friday, December 27, 2024
Homeസ്പെഷ്യൽശ്രീകുമാരൻ തമ്പി - ജന്മദിനം.

ശ്രീകുമാരൻ തമ്പി – ജന്മദിനം.

മലയാളസാഹിത്യ-ചലച്ചിത്ര-ടെലിവിഷൻ മേഖലകളിലെ പ്രശസ്തനായ ഒരു വ്യക്തിയാണ് ശ്രീകുമാരൻ തമ്പി (ജനനം:1940 മാർച്ച് 16). കവി, നോവൽ രചയിതാവ്, ചലച്ചിത്രഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീതസംവിധായകൻ, ടെലിവിഷൻ നിർമ്മാതാവ് എന്നിങ്ങനെ വിവിധമേഖലകളിൽ അദ്ദേഹം തനതായ വ്യക്തിമുദ്രപതിപ്പിച്ചു.

ഏകദേശം മൂവായിരത്തിലധികം മലയാളചലച്ചിത്രഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചിച്ചിട്ടുണ്ട്. പ്രണയഗാനങ്ങളെഴുതുന്നതിൽ അസാമാന്യവൈഭവം പുലർത്തിപ്പോരുന്ന ഇദ്ദേഹം ഹ്യദയഗീതങ്ങളുടെ കവി എന്നും അറിയപ്പെടുന്നു.[അവലംബം ആവശ്യമാണ്] വയലാർ രാമവർമ്മ, പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ് എന്നിവർക്കൊപ്പം മലയാളചലച്ചിത്രഗാനശാഖയെ സമ്പുഷ്ടമാക്കിയ കവികളിലൊരാളായി വിലയിരുത്തപ്പെടുന്നു.

മുപ്പത് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം എഴുപത്തെട്ട് സിനിമകൾക്കു വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. കൂടാതെ ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചിട്ടുണ്ട്. നാല് കവിതാസമാഹരങ്ങളുടേയും രണ്ടു നോവലുകളുടേയും രചയിതാവു കൂടിയാണ് അദ്ദേഹം. ചലച്ചിത്രങ്ങൾക്കു പുറമേ, ടെലിവിഷൻ പരമ്പരകൾക്കായും സംഗീത ആൽബങ്ങൾക്കായും ശ്രീകുമാരൻ തമ്പി ഗാനരചന നടത്തിയിട്ടുണ്ട്.

ചലച്ചിത്രരംഗത്തെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുള്ള ശ്രീകുമാരൻ തമ്പി, ചലച്ചിത്ര-സാഹിത്യരംഗത്തെ സംഘടനകളുടെ നേതൃസ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. മലയാള സിനിമാരംഗത്തെ സമഗ്ര സംഭാവനകൾക്കായി നൽകപ്പെടുന്ന ജെ.സി. ഡാനിയേൽ പുരസ്കാരത്തിന് ശ്രീകുമാരൻ തമ്പിയെ തെരഞ്ഞെടുത്തിരുന്നു. അഞ്ചുലക്ഷം രൂപയോടൊപ്പം ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 2018 ആഗസ്റ്റ് 18 നു തിരുവനന്തപുരത്ത് നടന്ന സിനിമാ അവാർഡ് ദാനച്ചടങ്ങിൽ അദ്ദേഹത്തിനു സമർപ്പിക്കപ്പെട്ടു. സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും വലിയ പുരസ്കാരമാണിത്.

വ്യക്തിജീവിതം.

പരേതരായ കളരിക്കൽ കൃഷ്‌ണപിളളയുടേയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും അഞ്ചു മക്കളിൽ മൂന്നാമനായി 1940 മാർച്ച് 16-ന്‌ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ്‌ ശ്രീകുമാരൻ തമ്പി ജനിച്ചത്. പ്രശസ്ത നോവലിസ്റ്റ് പരേതനായ പി.വി. തമ്പി (പി. വാസുദേവൻ തമ്പി), പ്രമുഖ അഭിഭാഷകനും മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസുമായിരുന്ന പരേതനായ പി.ജി. തമ്പി (പി. ഗോപാലകൃഷ്ണൻ തമ്പി) എന്നിവർ അദ്ദേഹത്തിന്റെ ജ്യേഷ്ഠന്മാരായിരുന്നു. ഇവരെക്കൂടാതെ തുളസി എന്നൊരു അനുജത്തിയും പ്രസന്നവദനൻ എന്നൊരു അനുജനും അദ്ദേഹത്തിനുണ്ടായിരുന്നു. ഹരിപ്പാട്ട്‌ ഗവ. ഗേൾസ്‌ സ്‌കൂൾ, ഗവ. ബോയ്‌സ്‌ ഹൈസ്‌കൂൾ, ആലപ്പുഴ സനാതനധർമ കോളജ്‌, തൃശ്ശൂർ എഞ്ചിനീയറിങ്ങ്‌ കോളജ്‌ , മദ്രാസ്‌ ഐ.ഐ.ഇ.റ്റി., എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. പഠനകാലത്തുതന്നെ സാഹിത്യപരിഷത്ത്‌, കൗമുദി വാരിക, ഓൾ ഇൻഡ്യാ റേഡിയോ എന്നിവയുടെ കാവ്യരചനാമത്സരങ്ങളിൽ സമ്മാനം നേടിയിരുന്നു. ഇരുപതാമത്തെ വയസ്സിൽ ആദ്യത്തെ കവിതാസമാഹാരമായ ‘ഒരു കവിയും കുറേ മാലാഖമാരും’ പ്രസിദ്ധപ്പെടുത്തി.

എഞ്ചിനീയറിംങ് ബിരുദധാരിയായ തമ്പി മദ്രാസിൽ എഞ്ചിനീയറിംഗ് മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ കഥകളും കവിതകളും രചിച്ചു. 1966-ൽ കോഴിക്കോട്ട്‌ അസിസ്‌റ്റന്റ്‌ ടൗൺ പ്ലാനറായിരിക്കെ ഉദ്യോഗം രാജിവച്ച് പൂർണ്ണമായും കലാസാഹിത്യരംഗത്ത് മുഴുകി.

ചലച്ചിത്രനടനും ഗായകനുമായിരുന്ന വൈക്കം എം.പി. മണിയുടെ മകൾ രാജേശ്വരിയാണ്‌ അദ്ദേഹത്തിൻറെ പത്നി. കവിത, പരേതനായ രാജകുമാരൻ എന്നീ രണ്ടുമക്കൾ. തെലുഗുചലച്ചിത്രരംഗത്തെ ഒരു സംവിധായകനായിരുന്ന രാജകുമാരൻ തമ്പി 2009-ൽ ആത്മഹത്യ ചെയ്യുകയായിരുന്നു. മൂന്ന് പേരക്കുട്ടികളും അദ്ദേഹത്തിനുണ്ട്.

ചലച്ചിത്രരംഗം.

1966-ൽ പ്രശസ്ത സിനിമാ നിർമ്മാണ കമ്പനിയായ മെറിലാൻഡിന്റെ ഉടമ പി. സുബ്രഹ്മ്ണ്യത്തിന്റെ കാട്ടുമല്ലിക എന്ന ചലച്ചിത്രത്തിനു വേണ്ടി ഗാനങ്ങൾ രചിച്ചുകൊണ്ടായിരുന്നു ശ്രീകുമാരൻ തമ്പി സിനിമാലോകത്തേക്കെത്തുന്നത്. തുടർന്ന് മൂവായിരത്തിലധികം ചലച്ചിത്രഗാനങ്ങൾ രചിച്ചിട്ടുള്ള ശ്രീകുമാരൻ തമ്പിയുടെ തെരഞ്ഞെടുത്ത 1001 ഗാനങ്ങൾ ‘ഹ്യദയസരസ്സ്’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എഴുപത്തെട്ട് ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയിട്ടുള്ള ശ്രീകുമാരൻ തമ്പി, തോപ്പിൽ ഭാസിക്കും എസ്.എൽ. പുരത്തിനും ശേഷം മലയാളസിനിമക്കുവേണ്ടി ഏറ്റവും കൂടുതൽ തിരക്കഥകൾ രചിച്ചിട്ടുള്ള എഴുത്തുകാരനാണ്. 1974-ൽ ചന്ദ്രകാന്തം എന്ന സിനിമയിലൂടെ അദ്ദേഹം സംവിധായകനായി അരങ്ങേറി. മുപ്പത് ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ളതിൽ ഗാനം, മോഹിനിയാട്ടം എന്നിവ ഏറ്റവും ശ്രദ്ധിക്കപ്പെട്ടവയാണ്. 22 ചലച്ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു.

ടെലിവിഷനു വേണ്ടി 6 പരമ്പരകൾ ശ്രീകുമാരൻ തമ്പി നിർമ്മിച്ചു. അന്തരിച്ച പ്രശസ്ത നടി ശ്രീവിദ്യ അവസാനമായി അഭിനയിച്ചതു ശ്രീകുമാരൻ തമ്പിയുടെ പരമ്പരയായ അമ്മത്തമ്പുരാട്ടിയിലായിരുന്നു.

മറ്റുള്ളവരുടെ വ്യക്തിതാത്പര്യങ്ങൾക്കു വേണ്ടിയോ, സാമ്പത്തികലാഭത്തിനു വേണ്ടിയോ സ്വന്തം സ്യഷ്ടികളെ മാറ്റിമറിക്കാൻ വിസമ്മതിക്കുന്ന ശ്രീകുമാരൻ തമ്പി ഇക്കാരണത്താൽ വിമർശനവിധേയനായിട്ടുണ്ട്. സന്ധി ചെയ്യാനാകാതെ, സ്വന്തം ആദർശങ്ങളെ മുറുകെ പിടിച്ചു നില്ക്കുന്ന വ്യക്തിത്വമാണ് ശ്രീകുമാരൻ തമ്പിയുടേത്. ശ്രീകുമാരൻ തമ്പിയുടെ ആദ്യ നോവലായ ‘കാക്കത്തമ്പുരാട്ടി’ ചലച്ചിത്രമാക്കിയപ്പോൾ അതിലെ സ്ത്രീ കഥാപാത്രത്തെ പുനർവിവാഹം കഴിപ്പിക്കുന്ന രീതിയിലേക്കു കഥയിൽ മാറ്റമുണ്ടാക്കണമെന്ന നിർമ്മാതാവിന്റെ ആവശ്യം പാടേ നിഷേധിച്ചതിനാൽ അന്നു സിനിമയാകാതിരുന്ന ആ കഥ പിന്നീടു പി. ഭാസ്കരനാണു ചലച്ചിത്രമാക്കിയത്. നേരത്തേ ചിട്ടപ്പെടുത്തിയ സംഗീതത്തിനനുസരിച്ചു ഗാനങ്ങൾ രചിക്കുന്ന ഇന്നത്തെ രീതിയോടു എതിർപ്പു പ്രകടിപ്പിക്കുന്ന ശ്രീകുമാരൻ തമ്പി ഇതിനെതിരായി സിനിമയ്ക്കായി ഗാനരചന നിർത്തിയിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ പല ഗാനങ്ങളും വയലാർ, പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ് എന്നിവരുടെ പേരുകളിൽ അടിച്ചിറക്കിയിട്ടുമുണ്ട്.[അവലംബം ആവശ്യമാണ്] ജയൻ, മമ്മൂട്ടി, മോഹൻലാൽ പോലെ പല പ്രശസ്തരായ സിനിമ താരങ്ങൾക്കും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിക്കാനുള്ള അവസരമൊരുക്കിയതു ശ്രീകുമാരൻ തമ്പിയാണ്

പുരസ്കാരങ്ങൾ.

ശ്രീകുമാരൻ തമ്പിയുടെ സിനിമ-കണക്കും കവിതയും എന്ന ഗ്രന്ഥം, മികച്ച ചലച്ചിത്രഗ്രന്ഥത്തിനുളള ദേശീയ അവാർഡുനേടിയിട്ടുണ്ട്. 1971-ൽ മികച്ച ഗാനരചയിതാവിനുളള കേരളസംസ്‌ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. വിലയ്ക്കു വാങ്ങിയ വീണ എന്ന ചിത്രത്തിലെ “സുഖമെവിടെ ദുഃഖമെവിടെ” എന്ന ഗാനത്തിനാണ് ഈ പുരസ്കാരം ലഭിച്ചത്. ഫിലിം ഫാൻസ്‌ അവാർഡ്‌, ഫിലിം ക്രിട്ടിക്‌സ്‌ അവാർഡ്‌, മികച്ച സംവിധായകനുളള ഫിലിംഫെയർ അവാർഡ്‌ എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ശ്രീകുമാരൻ തമ്പിക്ക് ലഭിച്ചിട്ടുണ്ട്. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ഗാനം എന്ന ചലച്ചിത്രം 1981-ലെ ജനപ്രീതിയാർജ്ജിച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള 2011-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം, ആശാൻ പുരസ്ക്കാരം എന്നിവ ഇദ്ദേഹത്തിനു ലഭിച്ചു. നാടക ഗാനരചന, ലളിതസംഗീതം എന്നിവയിലെ സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം 2015 ൽ അദ്ദേഹത്തിനു ലഭിച്ചു.

പദവികൾ.

തമ്പിയുടെ സംവിധാനത്തിലുള്ള മോഹിനിയാട്ടം എന്ന സിനിമ, മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷസിനിമ എന്ന പേരിൽ ഏറെ ചർച്ചചെയ്യപ്പെടുകയും 1977-ലെ സാൻഫ്രാൻസിസ്കോ ചലച്ചിത്രമേളയിൽ പ്രദർശനത്തിന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

കേരള സാഹിത്യ അക്കാദമി, കേരളസംഗീതനാടക അക്കാദമി എന്നിവയുടെ ജനറൽ കൗൺസിലിലും സൗത്ത്‌ ഇന്ത്യൻ ഫിലിം ചേംബർ ഒഫ്‌ കോമേഴ്‌സിന്റെ ഭരണസമിതിയിലും ശ്രീകുമാരൻ തമ്പി അംഗമായിരുന്നിട്ടുണ്ട്. മലയാളചലച്ചിത്രപരിഷത്ത്‌, മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ എന്നിവയുടെ വൈസ്‌ പ്രസിഡന്റ് സ്ഥാനം വഹിച്ചീട്ടുണ്ട്. ദേശീയ ഫീച്ചർ ഫിലിം ജ്യൂറിയിൽ മൂന്നു പ്രാവശ്യം അംഗമായിരുന്നു.

കവിതാ സമാഹാരങ്ങൾ.

എഞ്ചിനീയറുടെ വീണ
നീലത്താമര
എൻ മകൻ കരയുമ്പോൽ
ശീർഷകമില്ലാത്ത കവിതകൾ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments