മന:ശാന്തി
“മന:ഏവ മനുഷ്യാണാം
കാരണം ബന്ധ മോക്ഷയ”
ബന്ധത്തിനും മോക്ഷത്തിനും കാരണം മനസ്സാണ്. എന്നാണ് ഗീതയിൽ പറയുന്നത്. യഥാർത്ഥത്തിൽ മനസ്സിൻ്റെ ശാന്തിയാണ് സുഖം അല്ലെങ്കിൽ സന്തോഷം. ദൈവം
തൻ്റെ ആശ്രിതർക്ക് നൽകുന്ന ഏറ്റവും വലിയ വരദാനമാണ് മനസ്സമാധാനം. ജീവിതത്തിൻ്റെ പരമലക്ഷ്യവും ഇതുതന്നെയാണ്. *ഭൗതികനേട്ടങ്ങൾ മന:സമാധാനം വർദ്ധിപ്പിക്കുമെന്ന് ആരേങ്കിലും കണക്കുകൂട്ടുന്നപക്ഷം അവർ നിരാശപ്പെടേണ്ടിവരും*.സത്യത്തിൽ നമുക്കു വേണ്ടത് അന്തരിക സമാധാനമാണ്. അതു ലഭിക്കണമെങ്കിൽ മനസ്സിനെ ഉൾത്തട്ടിലേയ്ക്ക് നോക്കുകതന്നെ വേണം. പക്ഷെ നമ്മൾ അതു ചെയ്യുന്നില്ല എന്നതാണ് വാസ്തവം. നമ്മുടെ സംസ്ക്കാരത്തിനനുസരിച്ചാണ് നമ്മുടെ മനസ്സ് രൂപപ്പെടുന്നത്. പഞ്ചേന്ദ്രിയങ്ങളിലൂടെ വിഷയങ്ങൾ അനുഭവിക്കുന്നതും മനസ്സിലൂടെയാണ്.അപ്പോൾ നമ്മുടെ സംസ്ക്കാരമനുസരിച്ച് കാണുന്നതും കേൾക്കുന്നതുമായ വസ്തുവിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. ഒരുവൻ പറയുന്ന ഒരു കാര്യം കേൾക്കുന്നയാളിൻ്റെ മനോനിലവാരമനുസരിച്ച് പല വിധത്തിൽ വ്യാഖ്യാനിക്കപ്പെടാം. പറഞ്ഞ കാര്യത്തിലെ നല്ല വശംമാത്രം ഒരു സുമനസ്സു കേൾക്കുന്നു. എന്നാൽ അത് കേൾക്കുന്നത് ഒരു ദുരാചാരിയാണെങ്കിൽ അതിലെ കൊത്തും കൊളുത്തുംമാത്രം കേൾക്കുന്നു. അത് എപ്രകാരമെന്നാൽ അര ക്ലാസ്സ് പാലുകൊണ്ടുവന്നാൽ ഒരുവൻ അതിലെ പാൽ കാണുന്നു. മറ്റൊരാൾ പാലിനു മുകളിലെ ശൂന്യത കാണുന്നു. അതുപോലെത്തന്നെ ഒരുപെണ്ണും ആണും കൂടി സംസാരിച്ചു നിൽക്കുന്നത് കാണുമ്പോൾ കാണുന്നവരുടെ മനോനിലവാരമനുസരിച്ചു പല വ്യാഖ്യാനങ്ങൾ കൊടുക്കുന്നു. മനസ്സിൽ ഇരുട്ടുള്ളവർ കറുത്ത കണ്ണട ധരിച്ചവരെപ്പോലെ ചുറ്റും ഇരുണ്ടതായികാണുന്നു. മിന്നാമിനുങ്ങുകളെ നോക്കൂ! എത്ര കനത്ത ഇരുട്ടായാലും അതിനു പോകാനുള്ള വഴി അത് സ്വയം കണ്ടെത്തുന്നു. അതിൻ്റെ ഉൾ വെളിച്ചമാണ് അതിനു വഴി കാണിച്ചു കൊടുക്കുന്നത്. പുറത്ത് വെള്ളിച്ചമില്ലെങ്കിലും അകത്തു വെളിച്ചമുള്ളവർ ഏതു കൂരിരുട്ടിലും മുന്നോട്ടു പോകാനുള്ള വഴി സ്വയം കണ്ടെത്തും. ഉള്ളിൽ വെളിച്ചമില്ലാതെ ഇരുട്ടിൽ തപ്പിത്തിരിയുമ്പോഴാണ് ജീവിതം
ദുർവഹമായും ഭാരമായും തീരുന്നത്.
മനസ്സിൽ വെളിച്ചമുള്ളവനാണ് ജ്ഞാനി. അതുകൊണ്ട് ജ്ഞാനിചെല്ലുന്നിടം പ്രകാശപൂർണ്ണമായിത്തീരുന്നു. മനസ്സിൻ്റെ പുറംതോടാണ് ശരീരം. മനസ്സ് ശരീരത്തിൻ്റെ
സൂക്ഷ്മഭാഗവും. അത് തൈരിൻ്റെ സൂക്ഷ്മ ഭാഗമായ വെണ്ണപോലെയാണ്. നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ മനസ്സിലൂടെയാണ് പ്രവർത്തിക്കുന്നത്. എൻ്റെ മനസ്സ് ഇവിടെയല്ലാതിരുന്നതിനാൽ ഞാനൊന്നും കണ്ടില്ല – കേട്ടുമില്ല എന്നല്ലാം നാം പറയാറില്ലേ? ചിലപ്പോൾ തൊട്ടാൽ പോലും അറിയില്ല. സന്തോഷത്തോടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ദുരന്ത വാർത്തയുമായി ഒരു ഫോൾ കോൾ വന്നാൽ അതോടെ നമ്മുടെ വിശപ്പ്കെടുന്നു. -രുചിയില്ലാതാകുന്നു. ഒരു പുസ്തകം, സിനിമ, പ്രസംഗം, ഒക്കെ നമ്മുടെ മനസ്സിൽഅശാന്തിയുടെ തരംഗങ്ങൾ സൃഷ്ടിച്ചേക്കാം. ഒരു പക്ഷേ അത് സന്തോഷത്തിൻ്റേതുമാകാം. അനുഗ്രഹം, തീരുമാനം, സംശയം, വിശ്വാസം, ഭയം, സന്തോഷം, വിഷാദം ….. എല്ലാം മനസ്സിൻ്റെ വിവിധ ഭാവങ്ങളാണ്. വികലമായ ഒരുമനസ്സ് ഹിമബിന്ദുവിൽ ഹിമാലയം സൃഷ്ടിക്കും. മഴത്തുള്ളികളിൽ പെരുംകടൽ ദർശിക്കും. തിന്മകളെ മൈക്രോസ്കോപ്പിലൂടെ പെരുപ്പിച്ചുകാണും. വിരൂപയായ പെൺകുട്ടിയാണെങ്കിലും മറ്റുകാരണങ്ങളാൽ സ്നേഹിച്ചു പോയാൽ അവർ സൗന്ദര്യ റാണിയായെ തോന്നൂ. അമ്മ തരുന്ന ആഹാരം ഏറ്റവും രുചികരമാകുന്നതിൻ്റെ പിറകിൽ സ്നേഹവതിയായ അമ്മയുടെ മനസ്സാണ്. ക്ഷേത്രത്തിൽ കൈകൂപ്പി നിൽക്കുമ്പോൾ നാം വിഗ്രഹത്തിൽ കാണുന്നത് ഭഗവാൻ്റെ രൂപം കൊത്തിയ ശിലയല്ല.ഈശ്വരനെയാ ണ്.
ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറയുന്നു ” വസ്തുക്കളുമായുള്ള അമിത ബന്ധം ബന്ധനമായിത്തീരും. ഇതിനെ ആസക്തി എന്ന് പറയുമെന്ന് .നന്മയേയും തിന്മയേയും അതുപോലെ തന്നെസത്യവും അസത്യവും തമ്മിലും തിരിച്ചറിയുവാനുള്ള കഴിവ് മനോനിയന്ത്രണത്തിനുള്ള ഉപാധിയാകുന്നു.”