Wednesday, May 22, 2024
Homeയാത്രഎൻറെ മലേഷ്യൻ യാത്ര - (ഭാഗം 8) ✍ സി.ഐ.ജോയ്, തൃശൂർ

എൻറെ മലേഷ്യൻ യാത്ര – (ഭാഗം 8) ✍ സി.ഐ.ജോയ്, തൃശൂർ

സി.ഐ.ജോയ്, തൃശൂർ.

ഇന്ന് ഒരു ഞായറാഴ്ച. നാലാം ദിവസം. കൊലലമ്പൂരിലേ അവസാന ദിവസം ആണത്രേ ഇന്ന്.ഉച്ചയോടെ ഞങ്ങൾ ലങ്കാവിയിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ട്.

പ്രഭാതഭക്ഷണവും അകത്താക്കി ഞങ്ങൾ ജയനെന്ന പേരുള്ള ഡ്രൈവറെ കാത്തുനിന്നു.എയർപോർട്ടിൽ നിന്ന് 20 കിലോമീറ്റർ ദൂരമുള്ള സൈബർ ജയയിലേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. ഈ നഗരം മലേഷ്യയുടെ സിലിക്കൺവാലി എന്നറിയപ്പെടുന്നു.ഏകദേശം 7000 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നു ഇത്.

നമ്മുടെ നാട്ടിലെ ഐടി കമ്പനികൾ ഉള്ള ടെക്നോപാർക്ക്, ഇൻഫോപാർക്ക് ഉള്ളതുപോലെ ഒരു സ്ഥലം. നമുക്ക് സുപരിചിതമായ ടെക് മഹീന്ദ്ര, വിപ്രൊ, IBM, ഡെൽ,ഹുവായ്……. കമ്പനികളെല്ലാം ഇവിടെ ഉണ്ട് .അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു ടൗൺഷിപ്പും.പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, ആശുപത്രി, പാർക്കുകൾ, കമ്മ്യൂണിറ്റി ക്ലബ്ബ്, ഔട്ട്ഡോർ സ്പോർട്സ്,പാർക്കിംഗ് ബേ……ഇവയൊക്കെ ഇതിനോട് അനുബന്ധമായിട്ടുണ്ട്.പെട്ടെന്ന് ഒരു കറക്കം കറങ്ങി അഞ്ചാറ് ഫോട്ടോയും എടുത്തു ഞങ്ങൾ കാറിലേക്ക് തിരികെ കയറി.

പിന്നെപോയത്  പുത്രജയിലേക്ക്.

തിരക്കുപിടിച്ച കോലാലമ്പൂർ നഗരത്തിൽനിന്ന് മലേഷ്യയുടെ ഭരണസിരാകേന്ദ്രം ഇപ്പോൾ പുത്രജയയിലേക്കു പറിച്ചു നട്ടിരിക്കുകയാണ്. ആധുനിക മനുഷ്യനിർമ്മിത നഗരം. അതാണ് ‘പുത്രജയ’. ദീർഘകാലം പ്രധാനമന്ത്രിയായിരുന്ന മുഹാജിർ മുഹമ്മദാണ് അപ്രാപ്യം എന്ന് കരുതിയ ഇത്തരമൊരു ആശയത്തിന് ജീവൻ വയ്പ്പിച്ചത്. മനുഷ്യനിർമ്മിതമായ സുന്ദരമായ തടാകത്തിന് മുകളിലും, ചുറ്റുമായും പണിതുയർത്തിയ ഒരു വൻ പട്ടണം.

20 വർഷം മുമ്പ് വരെ ചെളി നിറഞ്ഞു കിടന്നിരുന്ന 600 ഏക്കർ സ്ഥലത്തെ ആണത്രേ വശ്യമനോഹരമായ തടാകം ആക്കി മാറ്റിയിരിക്കുന്നത്. മൂന്നു ഭാഗങ്ങളിൽ നിന്ന് പുത്രജയിലേക്ക് പ്രവേശിക്കുന്നത് അത്യാധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി നിർമ്മിച്ച 3 കൂറ്റൻ പാലങ്ങളിലൂടെ ആണ്.എല്ലാ ഗവൺമെൻറ് ഓഫീസുകളും ഇവിടെയാണ്. ഗവണ്മെന്റ് ഓഫീസ് വളപ്പുകളുടെ വൃത്തിയും വെടിപ്പും നമ്മെ അമ്പരപ്പിക്കും. 😲മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ച് അതിനെ നല്ലരീതിയിൽ പരിപാലിച്ച്………നമ്മുടെ സർക്കാർ ഓഫീസുകളെ ഇവിടത്തെ സർക്കാർ ഓഫീസുകളും ആയി താരതമ്യം ചെയ്യാൻ പോലും പറ്റില്ല.

“മാലിന്യങ്ങളും പാഴ് വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിഞ്ഞു നാടും നഗരവും ജലാശയങ്ങളും വൃത്തിഹീനമാക്കുന്ന സംസ്കാരശൂന്യമായ പ്രവർത്തികളിൽ ഞാൻ ഒരിക്കലും ഏർപ്പെടുകയില്ല” എന്ന് പറഞ്ഞ് പ്രതിജ്ഞ എടുക്കുന്ന ടിവി പരസ്യത്തിലെ നമ്മുടെ മുഖ്യമന്ത്രിയെ ആണ് എനിക്ക് പെട്ടെന്ന് ഓർമ വന്നത്. പുറകെ മോഹൻലാലും മമ്മൂട്ടിയും മഞ്ജു വാര്യരും എത്തുന്നുണ്ട്. എല്ലാദിവസവും പുട്ടിന് പീര ഇടുന്ന പോലെ ഇതൊക്കെ ടിവിയിലും റേഡിയോയിലും പറഞ്ഞിട്ടും ‘ചങ്കരൻ പിന്നെയും തെങ്ങിന്മേൽ’ തന്നെ എന്ന അവസ്ഥയിലാണ് നമ്മുടെ നാട്. ഇവർ എന്ത് പൊടികൈ പ്രയോഗിച്ചാണാവോ ഇതൊക്കെ ഇത്ര വൃത്തിയായി സൂക്ഷിക്കുന്നത് എന്നതായി എൻറെ ചിന്ത.ഇതിനടുത്ത് ഹൗസിങ് ഏരിയ ഉണ്ട്.പക്ഷേ ഗവൺമെൻറ് ഉദ്യോഗസ്ഥർക്ക് മാത്രമേ ഇവിടെ സ്ഥലം വാങ്ങിക്കാനോ വീടുവയ്ക്കാനോ താമസിക്കാനോ പാടുള്ളൂ. അപ്പോഴാണ് ഞങ്ങൾ ഡ്രൈവർ ജയൻറെ കുറെ കാര്യങ്ങൾ അറിഞ്ഞത്. ജയൻറെ ഭാര്യ സർക്കാർ സ്കൂൾ അധ്യാപികയായതുകൊണ്ടുതന്നെ പുത്രജയിലെ സ്വന്തം വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. കോലാലംപൂരിൽ മറ്റൊരു വീടും ഉണ്ട്.സിംഗപ്പൂർ എയർലൈൻസിൽ വർക്ക് ചെയ്ത വ്യക്തിയായിരുന്നു ജയൻ.അവിടുന്ന് റിട്ടയർ ചെയ്തപ്പോൾ ഗൈഡ് ആൻഡ് ടൂർ ഓപ്പറേറ്റർ ജോലിയിൽ ആകൃഷ്ടനായി ഇവിടെ എത്തിയതാണ്.മകൾ MBBS വിദ്യാർത്ഥിനി 🙄ഞായറാഴ്ച ആയതുകൊണ്ട് തന്നെ എല്ലാ ഓഫീസുകളും അവധിയായിരുന്നു. അതുകൊണ്ട് വലിയ തിക്കുംതിരക്കും ഒന്നും ഉണ്ടായിരുന്നില്ല.

അവിടെ നിന്ന് പുറത്തിറങ്ങിയപ്പോൾ നമ്മുടെ ഹെറാൾഡ് കാറിൻറെ അത്രയും വലിപ്പമുള്ള രണ്ട് വെള്ള ബൈക്കുകൾ ഇരിക്കുന്നത് കണ്ടു.എയ്താനും ഇയാനും അതിനടുത്തു നിന്ന് ഒരു ഫോട്ടോ എടുക്കണം എന്ന് ആഗ്രഹം അറിയിച്ചു.

അത് പോലീസുകാരുടെ ബൈക്ക് ആയിരുന്നു.അവർ അടുത്ത സ്ട്രീറ്റ് കോർട്ടിൽ ഇരുന്ന് ചായ കുടിക്കുന്നു.ഞങ്ങൾ അടുത്ത് നിന്ന് ഫോട്ടോ എടുത്തപ്പോൾ അതിലൊരാൾ ജയനോട് മലേഷ്യൻ ഭാഷയിൽ എന്തോ ചോദിച്ചു. ഇന്ത്യയിൽ നിന്ന് വന്ന ടൂറിസ്റ്റുകളാണ് എന്ന് പറഞ്ഞപ്പോൾ കയറ്റി ഇരുത്തി ഫോട്ടോ എടുത്തോളൂഎന്ന്.സ്വർഗം കിട്ടിയ സന്തോഷം ആയിരണ്ടു പേർക്കും.അവർ നിന്നും ഇരുന്നും കിടന്നും ഒക്കെ ബൈക്കിലിരുന്ന് ഫോട്ടോ എടുത്തു.അപ്പോഴാണ് കൂടെയുള്ള മറ്റൊരു പോലീസുകാരൻ ഓടിവന്ന് നിങ്ങളുടെ ഫോട്ടോ ഞാൻ എടുത്തോട്ടെ എന്ന് ചോദിക്കുന്നത്. സന്തോഷത്തോടെ ഞങ്ങൾ എല്ലാവരും ഫോട്ടോയ്ക്ക് പോസ് ചെയ്തു. അവരുടെ ഫോട്ടോ ഞങ്ങളും എടുത്തു. അപ്പോൾ മോൾ എന്നോട് ചോദിച്ചു പപ്പാ അവരെ പൂരവും പുലികളിയും കാണാൻ തൃശ്ശൂർക്ക് ക്ഷണിയ്ക്കുന്നില്ലേ എന്ന്.😜 ഭാഷ പ്രശ്നം ഉള്ളതുകൊണ്ട് ഞാനത് വേണ്ടെന്നു വച്ചു. 🥰

അവിടുന്ന് പിന്നെ ഞങ്ങൾ പോയത് പുത്രജയുടെ സൗന്ദര്യത്തിനുമേൽ അഴകിൻ ഏഴടയാളം തീർത്തു നിൽക്കുന്ന രണ്ട്പള്ളികളിലേക്ക് ആയിരുന്നു.20,000 പേർക്ക് ഒരേസമയം പ്രാർത്ഥന നടത്താൻ പറ്റിയ അത്രയും വിശാലമായ മോസ്ക്. പിങ്ക് നിറത്തിലുള്ള ടൈൽസിൽ ആണ് നിലവും ചുമരും മിനാരങ്ങളും നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് ഇത് പിങ്ക് മോസ്ക് എന്ന് അറിയപ്പെടുന്നു.

അകത്ത് കയറണമെങ്കിൽ സ്ത്രീകൾ തല മൂടിയ വസ്ത്രo ധരിക്കണം.അവർ അത് നമുക്ക് ഫ്രീ ആയി തരും.മകളും ഭാര്യയും ശരീരം മുഴുവൻ മൂടുന്ന വസ്ത്രം വാങ്ങി അത് ധരിച്ചിട്ടാണ് അകത്തു കയറിയത്.എല്ലാവരും ചെരിപ്പും ഊരി അന്യമതസ്ഥർക്ക് അനുവദിക്കപ്പെട്ട സ്ഥലം വരെ ഞങ്ങൾ പോയി.മോൾ ധരിച്ച പർദ്ദയ്ക്ക് അകത്തു രണ്ടു പേർക്ക് കൂടി കയറാനുള്ള സ്ഥലം ഉണ്ടായിരുന്നു.തലയിൽ നിന്ന് വല്ലപ്പോഴും അത് താഴെ മാറിയാൽ സെക്യൂരിറ്റിക്കാർ വന്ന് ശരിക്കു തല മൂടാൻ ആവശ്യപ്പെടും.

ഇയാനും അത് ധരിച്ചേ അകത്തു കയറു എന്ന് വാശി പിടിക്കാൻ തുടങ്ങി.അത് ധരിച്ചു പള്ളി കണ്ട് തിരിച്ചു വരുമ്പോൾ നേഹ ചേച്ചിയുടെ പോലെ തലമുടി മെടഞ്ഞു കെട്ടേണ്ടിവരും എന്നൊക്ക പറഞ്ഞു ഭീഷണിപ്പെടുത്തി ഒരു വിധം പ്രശ്നം തീർത്തു 🥰 പള്ളിയിൽ കുറച്ചു കൊച്ചുകുട്ടികൾ ഇരുന്ന് മതപഠനം നടത്തുന്നതും ഒരു കൗതുകകരമായ കാഴ്ച തന്നെയായിരുന്നു.

അവിടുന്ന് പോയത് സൈനുൽ ആബിദൻ മോസ്‌ക്കിലേക്ക്. പള്ളിയുടെ മിനാരങ്ങൾ പണിതിരിക്കുന്നത് സ്റ്റീലിൽ ആണ്.

അതുകൊണ്ട് ഇത് അയൺ മോസ്ക് എന്നറിയപ്പെടുന്നു.അകലെ കാഴ്ച്ചയിൽ തിളങ്ങുന്ന സ്റ്റീൽ കൂടാരം പോലെ തോന്നും.

പൂന്തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഹരിത ശോഭയിൽ മുങ്ങി നിൽക്കുന്ന പ്രധാനമന്ത്രിയുടെ ഭവനവും ഓഫീസും കാണാൻ സുരക്ഷാഭടന്മാരുടെ നിയന്ത്രണങ്ങളോ ആർഭാടമോ ഒന്നുമില്ല. ആർക്കും കടന്നു ചെല്ലാം. ഫോട്ടോ എടുക്കാം.വൃത്തിയുടെയും വെടിപ്പിന്റെയും കാര്യം പിന്നെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ?അവിടുന്ന് ജയൻ ഞങ്ങളെ 11 മണിയോടെ ലങ്കാവിയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിച്ചു.

✍ സി.ഐ.ജോയ്, തൃശൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments