കൈക്കൂലി, അഴിമതി, സ്വജനപക്ഷപാതം, കാര്യക്ഷമതയില്ലായ്മ ഒപ്പം ധൂർത്തും ഒക്കെക്കൂടി സാധാരക്കാരൻ്റെ ജീവിതം ദുസ്സഹമായി കൊണ്ടിരിക്കുകയാണ്. 1970-കളോടെ ഗർഫ് പണം വന്നുതുടങ്ങിയതോടെ അയൽക്കാരനെപ്പോലെ ജീവിക്കാനുള്ള ത്വര സമൂഹത്തെ അഴിമതിയിലേയ്ക്ക് നയിച്ചു. പണ്ട് തെറ്റുകളെന്ന് കരുതപ്പെട്ട പലതും ഇന്ന് ശരികളായി തുടങ്ങി. അതുപോലെ അന്നത്തെ ശരികൾ പലതും ഇന്ന് തെറ്റുകളുമായി മാറിക്കഴിഞ്ഞു. മദ്യപാനം സാർവ്വത്രികമായി എന്നു മാത്രമല്ല, മാന്യവൽക്കരിക്കപ്പെടുകയും ചെയ്തു. അത്യാവശ്യസാധനങ്ങളുടെ വില റോക്കറ്റുപോലെ ഉയർന്ന് കൊണ്ടിരിക്കുകയാണ്. അതോടെ ക്രമസമാധാനം തകർന്നുകൊണ്ടിരിക്കുകയാണ്. പക്ഷെ നമ്മൾ മാന്യനും നിയമം അനുസരിക്കുന്നവനും ആണെങ്കിൽമാത്രമേ ഇതിൻ്റെയൊക്കെ ദുരിതം അനുഭവിക്കേണ്ടിവരുകയുള്ളൂ എന്നത് ഒരു സത്യമാണ്.
തുല്യത ലഭിക്കാനായി കടം വാങ്ങിയിട്ടായാലുംകൂടി ധൂർത്തടിക്കുന്നു. കടം തരാനാണെങ്കിൽ ബ്ലെയ്ഡ് സ്ഥാപനങ്ങൾ ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ കടത്തിൻ്റെ അഴിയാക്കുരുക്കിൽ ജീവിതങ്ങൾ പൊലിയുന്നു. മാത്രമല്ല നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങളും ഇതിൽ ഇരകളായിത്തീരുന്നു. ഈ പറഞ്ഞതെല്ലാം നമുക്കു ചുറ്റും കാണുന്ന കാഴ്ചകളാണ്. ഇന്ന് ലോകത്ത് പണമോ സ്വാധീനമോ ഇല്ലാതെ ഒരു കാര്യവും നടത്തി കിട്ടുകയില്ല എന്നത് സത്യമായ മറുവശമാണ്. ഇവിടെ നിയമത്തിൻ്റെ കുറവില്ല .പക്ഷെ അത് നടപ്പാക്കാനുള്ള ഇച്ഛാശക്തിയില്ല എന്നതാണ് വാസ്തവം.
നിയമനിർമ്മാതാക്കളും നിയമരക്ഷകരും ഒക്കെ നിയമം ലംഘിക്കുകയാണ്. മണി പവറും മസിൽ പവറും എവിടെയും വിജയിക്കുന്നു. കണ്ണിൽ കണ്ടവർക്കെല്ലാം ഇഷ്ടം പോലെ തട്ടാവുന്ന ഒരു പന്തിൻ്റെ നിലയിലാണ് മിക്ക കോളേജുകളിലേയും പ്രിൻസിപ്പാളുമാരുടെ അവസ്ഥ. അത്തരം അവസ്ഥയിൽ എന്തു ശിക്ഷയാണ് അവർക്ക് നടപ്പാക്കാൻ കഴിയുക! വിദ്യാർത്ഥിനേതാക്കൾ പറയുന്ന ഏതു അനീതിയ്ക്കും, സഹായത്തിനാരുമില്ലതെവരുമ്പോൾ, ഒത്താശ പാടാൻ അവർ നിർബന്ധിതനായിത്തീരുകയാണ്.നിയമങ്ങളും കോഡുകളും നോക്കിയാൽ ശിക്ഷിക്കാനുള്ള അധികാരം അദ്ദേഹത്തിൻ്റെ പേരിനുനേരേ എഴുതിവെച്ചിട്ടുണ്ടാകാമെങ്കിലും അവർ തികച്ചും സിസ്സഹായതരായി കാണുവാൻ സാധിക്കും. വേറെ ചില രംഗങ്ങളിലാണെങ്കിലും നിയമത്തിൻ്റെ അഭാവമല്ല, നടപ്പാക്കാനുള്ള അനാസ്ഥയാണു കാണുന്നത്. രണ്ടായാലും സാധാരണക്കാരന് നീതി നിഷേധിക്കപ്പെടുകയാണ്.
അഴിമതി നടത്തുന്നതും കൈക്കൂലി വാങ്ങുന്നതും തെറ്റാണെന്നറിഞ്ഞു കൊണ്ടുതന്നെ അത് ചെയ്യുകയാണ്. അങ്ങനെ ചിലപ്പോൾ ചില അഴിമതിക്കാരെ പിടിക്കാൻ കഴിയുന്നു എന്ന് മാത്രം.പി ടിക്കപ്പെടാത്തവർ അതു തന്നെ ബാധിക്കില്ലന്ന് കരുതുന്നു. കുറ്റം ചെയ്താലും പിടിക്കപ്പെടില്ല എന്ന വിശ്വാസം, ഇനി അഥവാ പിടിക്കപ്പെട്ടാലും രക്ഷപ്പെടുത്തുവാൻ സഹായികൾ ഏറെയുണ്ടെന്ന ചിന്ത, രക്ഷപ്പെട്ടില്ലെങ്കിലും ശിക്ഷ വെറും നാമമാത്രമായിരിക്കുമെന്ന വിശ്വാസം ഒക്കെ തെറ്റുകൾക്ക് വളം വിതറുകയാണ്.
പണ്ട് കൗടല്യൻ പറഞ്ഞു: “”രാജാവിൻ്റെ റവനൂവിൻ്റെ ഒരു ചെറിയ ഭാഗമെങ്കിലും കൈക്കലാക്കാതിരിക്കാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനും സാധിക്കുകയില്ല. കാര്യം ചെയ്തുകൊടുക്കാതെയും തടസ്സങ്ങൾ സൃഷ്ടിച്ചും പണമുണ്ടാക്കാൻ അയാൾക്കു സാധിക്കും.” അതിനു 40 തരത്തിലുള്ള മാർഗ്ഗങ്ങളെപ്പറ്റിയും പറയുന്നുണ്ട്. കുറ്റവാളിക്ക് അതിക്രൂരമായ ശിക്ഷാവിധികളെപ്പറ്റിയും അദ്ദേഹം തൻ്റെ നിയമബുക്കിൽ എഴുതി. അന്ന് അതുകൊണ്ട് പ്രയോജനവുമുണ്ടായി. പക്ഷെ, അദ്ദേഹത്തിൻ്റെ മരണത്തോടെ ആ നിയമങ്ങൾക്കു അന്ത്യമായി. വളരെ ഉയർന്ന നികുതിനിരക്കുകൾ അഴിമതിക്കു വളമാകുന്നു എന്നും അദ്ദേഹം പറയുന്നു.
പണ്ട് ഒരു മാഹാരാജാവ് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ തൊഴാൻ പൊയിക്കൊണ്ടിരുന്നത് ബ്രാഹ്മണർ താമസിക്കുന്ന ഗ്രാമത്തിലൂടെ നടന്നായിരുന്നു. വഴിയിൽ ഇരുവശത്തും മുറുക്കിത്തുപ്പിയതിൻ്റെ ചുവന്നപ്പാടുകൾ അദ്ദഹത്തെ വല്ലാതെ അസ്വസ്തനാക്കി. ബ്രാഹ്മണരെ ശിക്ഷിക്കാനും അദ്ദേഹത്തിന് വിഷമം തോന്നി. തുടർന്ന് വഴിയുടെ ഇരുവശങ്ങളിലും തുളസിത്തൈകൾ നടാൻ ഇടപാടു ചെയ്തു. പിന്നെ ഒരാഴ്ചയ്ക്കുശേഷം അതുവഴി പോയ മഹാരാജാവ് കണ്ടത് ആ തുളസീദളങ്ങൾക്കെല്ലാം ചുവപ്പുനിറം!! അതു കണ്ടതോടെ അദ്ദേഹത്തിന് ദു:ഖവും കോപവുമുണ്ടായി. ഇനി എന്താണ് ഒരു മാർഗ്ഗം? അദ്ദേഹം ദിവാനോട് ആലോചിച്ചു.ദിവാൻ പറഞ്ഞു: “തിരുമനസ്സുകൊണ്ട് വിഷമിക്കണ്ട. ഞാനതു നിർത്തി തരാം.” പിറ്റേദിവസംതന്നെ അവിടത്തെ ഒരു നാൽക്കലവലയിൽ ഒരു ശൂലം നാട്ടി. അതിൽ ഒരു കയറും തൂക്കിയിട്ടു. പിന്നീട് മഹാരാജാവ് കണ്ടത് ശുദ്ധനിർമ്മലമായ തുളസിച്ചെടികൾ.
“”യത്രയോഗേശ്വര കൃഷ്ണോ
യത്ര പാർത്ഥോ ധനുർദ്ധര
തത്ര ശ്രീർ വിജയോഭൂതിർ
ധ്രുവാ നീതിർമ്മതിർമമ”
ഗീത പറയുന്നു: ഐശ്വര്യവും വിജയവും അഭിവൃദ്ധിയും നീതിയും വേണമെങ്കിൽ യോഗേശ്വരനായ കൃഷ്ണനോടൊപ്പം ധനുർദ്ധരനായ അർജ്ജുനനും കൂടിയേ തീരൂ. കൃഷ്ണനും അർജ്ജുനനും വ്യക്തികളല്ല. പ്രതീകങ്ങളാണ്. അർജ്ജുനന് വേദവ്യാസൻ ധനുർദ്ധരൻ എന്ന പേരാണ് ഇവിടെ നൽകിയിരിക്കുന്നത്. ശിക്ഷിക്കാനുള്ള ആയുധമല്ലെങ്കിൽ പിന്നെന്തിനാണ് പാർത്ഥനു വില്ല്? അഭിവൃദ്ധിയും നീതിയും വേണമെങ്കിൽ ശിക്ഷയെപ്പറ്റിയുള്ള ഭയം സമൂഹത്തിൽ ഉണ്ടായേ മതിയാകൂ. സമൂഹത്തിൽ എല്ലാവരും ധർമ്മിഷ്ഠരോ സത്യസന്ധരോ അല്ല. അവർ തെറ്റു ചെയ്യില്ലായിരിക്കാം. പക്ഷെ അവരുടെ എണ്ണം പണ്ടും കുറവായിരുന്നുവല്ലോ. തെറ്റിനെതിരായ ഉദ്ബോധനങ്ങൾ വന്നു കൊള്ളട്ടെ. പക്ഷെ കഠിനശിക്ഷ ഉറപ്പാക്കണം. തിയ്യിൽ ചാടാൻ പോകുന്ന കുട്ടിയെ ബലമായിത്തന്നെ പിടിച്ചുമാറ്റണം. പിന്നെ മതി ഉപദേശം
കുറ്റവാളി പിടിക്കപ്പെടുമെന്നും ശിക്ഷ ഉറപ്പാണെന്നും
ബോദ്ധ്യമായാൽമാത്രമേ കുറ്റവാസന സമൂഹത്തിൽനിന്നും തുടച്ചു നീക്കപ്പെടുകയുള്ളൂ. അപ്പോൾ മാത്രമേ സമാധാനജീവിതം സാധ്യമാകൂ.