“എന്താ മാഷേ, യാത്രചെയ്ത് ക്ഷീണിച്ചോ, മുഖം വല്ലാതിരിക്കുന്നല്ലോ ?”
“യാത്രയുടെ കാര്യം ഒന്നും പറയാതിരിക്കുന്നതാണ് ബേധം. കുലുങ്ങി കുലുങ്ങി മനുഷ്യൻ്റെ നടുവൊടിഞ്ഞു. ”
“അതെന്താ മാഷേ , മാഷ് യാത്ര ചെയ്തത് കാളവണ്ടിയിലായിരുന്നോ ?”
“ഓ, കാളവണ്ടിയിലല്ലടോ ആനവണ്ടിയിലാ യാത്രചെയ്ത്. സൂപ്പർ ഫാസ്റ്റാണെന്ന് പറഞ്ഞിട്ടെന്താകാര്യം ചില സമയം ഒച്ചിൻ്റെ വേഗതയിലാ സഞ്ചാരം. ”
” അങ്ങനെ വരാൻ വഴിയില്ലല്ലോ മാഷേ ? പലപ്പോഴും ആള് കുറവാണെങ്കിൽ പോലും ആനവണ്ടി ബസ് സ്റ്റോപ്പിൽ നിർത്താറില്ല അത്ര വേഗതയിലല്ലേ പോകുന്നത്. ”
“അതൊക്കെ ശരിതന്നെ. പക്ഷെ, പായാനുള്ള വഴികൾ പൊളിച്ചിട്ടാൽ പിന്നെങ്ങനെയാ ഓടാൻ കഴിയുന്നത് ?”
” ആങ്ങ്ഹാ , അപ്പോ ഇവിടത്തെ വില്ലൻ ആനവണ്ടിയല്ലല്ലോ പൊട്ടിപ്പൊളിഞ്ഞ റോഡുകളല്ലേ മാഷേ ?”
“അതെ. അതുതന്നെയാണ് പ്രധാന വില്ലൻ. ഒരു വശത്ത് ഉയരപ്പാതയുടെ നിർമ്മാണം. മറുവശത്ത് വാഹനങ്ങളുടെ തിരക്കും വഴിയുടെ സ്ഥലപരിമിതിയും കുണ്ടും കുഴികളും. ഇതിനെയെല്ലാം അതിജീവിച്ച് വേണം വാഹനങ്ങൾക്കും അതിലുള്ള യാത്രക്കാരനും സഞ്ചരിക്കാൻ.”
“ഈ തകർന്ന വഴിയിലൂടെ സഞ്ചരിക്കുമ്പോൾ വാഹനങ്ങൾക്ക് കേടുപാടുകൾ വരില്ലെ മാഷേ, ?”
“വരുമോന്നോ ? കുറച്ചുദിവസം കൊണ്ടുതന്നെ വണ്ടി കട്ടപ്പുറത്താവും. അതിലിരിക്കുന്ന മനുഷ്യൻ്റെ അവസ്ഥ പരിതാപകരമെങ്കിൽ. വണ്ടിയുടെ കാര്യം പിന്നെ പറയാനുണ്ടോ ?”
“നമ്മുടെ നാട്ടിലെ റോഡുപണിമാത്രം എന്താ മാഷെ അവസാനിക്കാത്തെ ?”
“അതോ, നമ്മുടെ നാട്ടിൽ റോഡ് പണി അവസാനിക്കുന്നിടത്തുന്നിന്നാണ് റോഡ് പൊളിക്കലും തുടങ്ങുന്നത് ”
” അപ്പോപ്പിന്നെ എങ്ങനെയാ മാഷേ, ഇതിനോരു അവസാനമുണ്ടാകുന്നത് ?”
” പണി കഴിയുന്നതുവരെ കാത്തിരിക്കാം. അല്ലാതെന്ത് ചെയ്യാൻ. എന്തായാലും കുറച്ച് നാളത്തേക്ക് ദൂര യാത്രകൾ ഒഴിവാക്കുന്നതാണ് ബുദ്ധി. അല്ലെങ്കിൽ വണ്ടികൾ മാത്രമാവില്ല കട്ടപ്പുറത്താകുന്നത് അതിനൊപ്പം മനുഷ്യൻ്റെ കാര്യവും കട്ടപ്പുകയാകും.”