ഈ കൊടിമരത്തിൻ്റെ മുകൾ ഭാഗത്ത് ദേവൻ്റെ വാഹനം പ്രതിഷ്ഠിച്ചിരിക്കും. ദേവചൈതന്യം സഹസ്രാരപത്മത്തിൽ നിന്നാണല്ലോ ഇറങ്ങി വരേണ്ടത്. അതിനാൽ വാഹനത്തെ കൊടിമരത്തിൽ അതിൻ്റെ മുകൾ ഭാഗത്ത് പ്രതിഷ്ഠിക്കുന്നതിൻ്റെ ഔചിത്യം മനസ്സിലാക്കാം. കൊടിമരം മേരുദണ്ഡമാകുമ്പോൾ അതിൻ്റെ അടിഭാഗം മൂലാധാരവും മുകൾ ഭാഗം സഹസ്രാരവും ആകുമല്ലോ. ഈ മേരു ദണ്ഡം സുഷുമ്നാനാഡി മാത്രമല്ല ഈഡ, പിംഗള നാഡികൾ കൂടി ചേർന്നതാണ്. ഈ നാഡികളെകൂടി പ്രതിനിധാനം ചെയ്യിയ്ക്കാനാണ് ആലും മാവും ആ കൊടിമരത്തിൽ കൂട്ടിക്കെട്ടുന്നത്. ആലും മാവും പിംഗള നാഡിയേയും ഇഡാ നാഡിയേയും സൂചിപ്പിക്കുന്ന പ്രതീകങ്ങളാണത്രെ. ചിലയിടങ്ങളിൽ അതു രണ്ടും കൂടി ചേർത്ത് വിവാഹങ്ങൾ വരെ നടത്താറുണ്ടെന്നതും കൂടി ശ്രദ്ധേയമാണ്.
കൊടിക്കൂറയെ ശക്തികൊണ്ട് പൂജിയ്ക്കുന്നുവെങ്കിൽ നാദം കൊണ്ടു പൂജിച്ച ഒരു മണിയേയും അതിൻ്റെ കൂടെ കൂട്ടിക്കെട്ടേണ്ടതുണ്ട്. കൊടി ഉയർത്തുമ്പോഴും താഴ്ത്തുമ്പോഴും ഈ മണി ശബ്ദിച്ചുകൊണ്ടിരിയ്ക്കും. കുണ്ഡലിനീ ഉത്ഥാപനത്തിന് സഹായകമായ ഈ പ്രാണായാമ പ്രക്രിയയിലൂടെ മൂലാധാരസ്ഥമായ ഈ ശക്തി മേലോട്ട് ഉയരുമ്പോൾ അവിടെ നാദവിശേഷങ്ങൾ കേൾക്കാമെന്ന യോഗാനുഭൂതി ഇവിടെ സ്മർത്ത്യവുമാണ്. കൊടികയറുന്ന പ്രക്രിയയിൽ വായുവാകുന്ന കയറും അഗ്നിയാകുന്ന പതാകയും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. സാധാരണ പൂജയിൽ ധൂപദീപങ്ങൾക്ക് മണി കൊട്ടാറുള്ളത് ഇവിടെ ഓർമ്മിപ്പിയ്ക്കുന്നു. കൊടിയേറ്റ് കുണ്ഡലിന്യഗ്നി പ്രതിനിധാനം ചെയ്യുന്നുവെന്നതിന് മറ്റൊരു തെവാണെന്ന് ഇത് സൂചിപ്പിക്കുന്നു.
കൊടിക്കൂറയാകുന്ന (പതാക) കുണ്ഡലിന്യഗ്നി
ഈ കൊടിമരത്തിൽ കയറ്റുന്ന കൊടിക്കൂറയേപറ്റിയും നമുക്ക് മനസ്സിലാക്കാനുണ്ട്. വിചിത്ര വർണ്ണാങ്കിതമായ ഈ കൊടിക്കൂറ യുടെ അഗ്രം ത്രികോണാകൃതിയിലായിരിയ്ക്കും. രണ്ടു ത്രികോണങ്ങളോടുകൂടിയ അരുണവർണ്ണാഭമായ ധ്വജമാണ് ഹിന്ദു ധർമ്മത്തിൻ്റെ ധ്വജം. ആ ധ്വജം ഭാരതവർഷത്തിലെ ‘ എല്ലാ ക്ഷേത്രങ്ങളിലും സ്ഥാപിച്ചു കാണാറുണ്ട്. അതു തന്നെയാണ് കേരളത്തിലെ കൊടിക്കൂറയും. ആ ത്രികോണങ്ങൾക്കു് താഴെ പല ചിത്രപ്പണികളും വരച്ചിരിക്കുന്നു എന്ന് മാത്രമേയുള്ളൂ. ഈ ത്രികോണങ്ങൾ ഊർദ്ധ്വമുഖമായി ഉയരുന്ന യാഗാഗ്നിയെയാണ് സൂചിപ്പിക്കുന്നതെന്ന് ധർമ്മശാസ്ത്രങ്ങൾ വിശദീകരിക്കുന്നുണ്ട്. ഈ അരുണവർണ്ണമാണ് സൂര്യോദയസമയത്ത് ദൃശ്യമാകുന്നത്. ഉദയസൂര്യൻ്റെ വർണ്ണംതന്നെ ഇതാണ്. സ്വജീവിതം ഈശ്വരാർപ്പണമായി അഹുതി ചെയ്ത യതിവര്യന്മാരും ഈ നിറത്തെയാണ് വസ്ത്രമായി സ്വീകരിച്ചിട്ടുള്ളത്. സൂക്ഷ്മചിന്തയിൽ ഈ നിറം ഉയർന്നുപൊങ്ങുന്ന കുണ്ഡലിന്യാഗ്നിയുടെ നിറമാണെന്ന് കാണാൻ കഴിയും. വേദങ്ങളിൽ പ്രതിപാദിക്കുന്ന അഗ്നി ഇതു തന്നെയാണ്. ബാഹ്യാഗ്നിയാണെന്നുള്ളത് പ്രതീകാത്മകമായ ഒരു ചിത്രം മാത്രമാണ്.
അഗ്നിമീളേ പുരോഹിതം
യജ്ഞസ്യ ദേവമൃത്വിജം
ഹോതാരം രത്നധാതമം
ഋഗ്വേദത്തിലെ ഒന്നാം മണ്ഡലത്തിലെ ആദ്യത്തെ സൂക്തമായ അഗ്നി സൂക്തത്തിലെ ഒന്നാമത്തെ മന്ത്രമാണ് മുകളിൽ കൊടുത്തിട്ടുള്ളത്.
ഇതിൽ അഗ്നിയെ പുരോഹിതനായും യജ്ഞത്തെ ദേവനായും സ്തുതിച്ചിരിക്കുന്നു. എന്നാൽ ഇതിൽ പറയുന്ന അഗ്നി കുണ്ഡലിന്യാഗ്നി ആകാനേ സാധ്യതയുള്ളൂ. ജാതവേദസ എന്ന് തുടങ്ങുന്ന ഋക്ക് തന്നെയാണ് ദുർഗ്ഗാഭഗവതിയുടെ ഋക്ക്.ആ ഋക്ക് അഗ്നിസംബന്ധമാണല്ലോ. അപ്പോൾ ദുർഗ്ഗയും അഗ്നിതന്നെ ആയിരിക്കണം. ആയത് ബാഹ്യ അഗ്നിയല്ല. ഈശ്വരാഭിമുഖമായി ഉയർന്നുപൊങ്ങുന്ന കുണ്ഡലിന്യാഗ്നി തന്നെയാണ് ദുർഗ്ഗാഭഗവതി. ഈ കുണ്ഡലിന്യാഗ്നിയാണ് നമ്മുടെ ഉത്സവത്തിലെ കൊടിക്കൂറയെന്ന് മനസ്സിലാക്കാൻ വിഷമമില്ല. ഈ കൊടിക്കൂറയെ പൂജിക്കുന്നത് ഹ്രീം എന്ന ശക്തി മന്ത്രം കൊണ്ടാണ് എന്നത് ഇതിന് ഉപോദ്ബലമത്രെ.(വാഹനത്തേയും ധ്വജത്തിൽ ആവാഹിക്കാറുണ്ട്. ആ വാഹനം ജീവാത്മാവിൻ്റെ സൂചകമാണല്ലോ. ഈ ആത്മാവിനെ വഹിച്ചാണ് കുണ്ഡലിനീ ശക്തി മേൽപ്പോട്ട് ഉയരുന്നത് ). ചുരുക്കത്തിൽ കൊടിയേറ്റ് എന്ന ക്രിയ ഉത്തമ സാധകനിൽ ഗുരുനാഥൻ ചെയ്യുന്ന കുണ്ഡലിനീ പ്രബോധനം തന്നെയാണ്.ഇവിടെ ക്ഷേത്രമെന്നത് അതതു ദേവമന്ത്രം സാധന ചെയ്തു കൊണ്ടിരിക്കുന്ന ഒരു ഉത്തമസാധകനായും ആ ക്ഷേത്ര ഉത്സവത്തിലെ കൊടിയേറ്റ് ഗുരുവിൻ്റെ അഥവാ തന്ത്രിയുടെ ആ മേൽനോട്ടത്തിൽ സാധകൻ ഉഗ്രസാധനയനുഷ്ഠിക്കാൻ പോകുന്നതിൻ്റെ പ്രാരംഭമായി ചെയ്യുന്ന കുണ്ഡലിനീ പ്രബോധനമായും വിചാരിക്കുന്നതിൽ തെറ്റില്ല.
(തുടരും)