തന്ത്രപ്രയോഗങ്ങളെ വൈദികങ്ങൾ (വേദങ്ങളിലുള്ളവ), അവൈദികങ്ങൾ (വേദങ്ങളിലില്ലാത്തവ), വൈദിക വിരുദ്ധങ്ങൾ (വേദ വിരുദ്ധങ്ങളായവ) എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്.
പ്രപഞ്ചസാരതന്ത്രം, കുലാർണവതന്ത്രം, മഹാനിർവ്വാണ തന്ത്രം തുടർ വിധികളുമായി അനല്പസാധർമ്യമുള്ളവയാണ്.അതുകൊണ്ട് തന്നെ ഇവയൊക്കെ പഠിക്കുന്നവരെസ്സംബന്ധിച്ച് തന്ത്രാഗമങ്ങൾ വൈദികസിദ്ധാന്തസാരസർവസ്വമാണെന്നു പറയുന്നതിൽ ഒരു തെറ്റും കാണുന്നില്ല. ഇതാണിതിൻ്റെ ഏറ്റവും രസകരമായ പ്രഹേളികയും. വൈദികസിദ്ധാന്തസാരസർവ്വസ്വമാണ് തന്ത്രാഗമങ്ങളെന്ന് ഉറപ്പിച്ചു പറയാവുന്ന രീതിയിലാണ് ഇത്തരം തന്ത്രങ്ങൾ മെനഞ്ഞിരിക്കുന്നതെന്നും അവയിൽ കാണാൻ കഴിയും.
താന്ത്രികലോകത്തെ ഏറ്റവും പ്രകൃഷ്ട വ്യാഖ്യാതാക്കളിൽ ഒരാളായ ഭാസ്കരരായൻ പറയുന്നത് തന്ത്രങ്ങൾ ഉപനിഷദ് സാരമെന്നാണ്. ഇദ്ദേഹത്തിൻ്റെതായി പ്രസിദ്ധമായൊരു ഭാഷ്യം ലളിതസഹസ്രനാമത്തിനുണ്ട്. ഇദ്ദേഹമാണ് കോടിയോഗിനികളെ ദർശിച്ചിട്ടുള്ളത്. “കോടിയോഗിനിഗണസേവിത “ യെന്ന ദർശനം ലളിത സഹസ്രനാമത്തിൽ കാണാൻ കഴിയും. ഇദ്ദേഹത്തിൻ്റെ വ്യാഖ്യാനത്തെ പിൻപറ്റിയാണെന്ന് തോന്നുന്നു, കണ്ടിയൂർ മഹാദേവ ശാസ്ത്രികൾ ലളിതസഹസ്രനാമത്തിന് ഒരു ഭാഷ്യമെഴുതിയിട്ടുള്ളത്.ഭാസ്കരരായൻ്റെ അഭിപ്രായത്തിൽ തന്ത്രങ്ങൾ ഉപനിഷദ് സർവ്വസ്വമാണെന്നുതന്നെയാണ്.
യോനീതന്ത്രം, കുമാരീതന്ത്രം, നിരുത്തരതന്ത്രം, ഗുപ്തസാധനാ തന്ത്രം തുടങ്ങിയവയെ സംബന്ധിച്ചിടത്തോളം തന്ത്രയുടെ ആശയങ്ങൾ വേദവിരോധികളാണ്. മഹാചീനയിൽ (ഇന്നത്തെ ചൈന) രൂപാന്തരപ്പെട്ടിട്ടുള്ള ബൗദ്ധിക തന്ത്രങ്ങൾ ചീനാചാരമെന്ന് അറിയപ്പെടുന്നു. അവ അവൈദിക തന്ത്രങ്ങളാണ്.(അതായത് വേദങ്ങളിലില്ലാത്തവ). എന്നാൽ വേദവിരുദ്ധങ്ങളാണവയെന്ന് ശക്തമായി പറയാൻ കഴിയാത്തവയുമാണ്.
വൈദികമതത്തിന് രണ്ടു മാർഗ്ഗങ്ങളുണ്ട്. കർമ്മകാണ്ഡവും ജ്ഞാന കാണ്ഡവും. ഒന്ന് പ്രവർത്തിയുടെ മാർഗ്ഗമാണെങ്കിൽ രണ്ടാമത്തേത് നിവൃത്തിയുടെ മാർഗ്ഗമാണ്.
കർമ്മകാണ്ഡത്തിൽ പ്രവർത്തിമാർഗ്ഗത്തിൽത്തന്നെ രണ്ടു ഭാഗമുണ്ട്. അതിലൊരു ഭാഗം സാമൂഹികതയുടെ ലോകചാരവും സംസാരസുഖവുമൊക്കെ അനുഭവിച്ച് നിലനില്ക്കുവാനുള്ള മാർഗ്ഗമാണ്. സാമൂഹികമായി എങ്ങനെ ജീവിക്കാമെന്നും ലോകാ ചാരങ്ങളെങ്ങനെ നിലനിർത്താമെന്നും സംസാരസുഖമെങ്ങനെ അനുഭവിക്കാമെന്നുമുള്ള മാർഗ്ഗങ്ങൾ കർമ്മകാണ്ഡത്തിൻ്റെ ഒരു ഭാഗമാണ്.
ജ്ഞാനമാർഗ്ഗം “”സാക്ഷാത്ക്കാര “ത്തിൻ്റെതാണ്. ഇവിടെ സംത്യാഗം കൊണ്ടു മാത്രമേ സാക്ഷാത്ക്കാരമുണ്ടാകുകയുള്ളൂ എന്നു പറയും. അപ്പോൾ ഗൃഹസ്ഥാശ്രമികളായവർ ചോദിക്കും”ഞങ്ങൾ എന്തു ചെയ്യും. ഞങ്ങൾ എങ്ങനെയാണ് എല്ലാം ത്യജിക്കുക? ഇവിടെയാണ് തന്ത്രാഗമങ്ങളുടെ അവതാരമുണ്ടാകുന്നതെന്നാണ് ലോകാചാരങ്ങളെ മുൻനിർത്തി തന്ത്രാഗമങ്ങളെ പുല്കുന്ന ആചാര്യന്മാർ പറയുന്നത്. അങ്ങനെയാണ് താന്ത്രികമതവും തന്ത്രാഗമങ്ങളും കർമ്മകാണ്ഡത്തെയും ജ്ഞാനകാണ്ഡത്തെയുമുൾക്കൊള്ളുന്നതാണെന്ന മതമുണ്ടായത്.
വൈദികമായ പഠനങ്ങളിലൂടെ, ഔപനിഷദികളായ പഠനങ്ങളിലൂടെയൊക്കെ കടന്നു പോകുമ്പോൾ അനുഭവവേദ്യമാകുന്ന അനുഭൂതികളുടെ വലിയൊരു ലോകത്തെ നമുക്ക് ദർശ്ശിക്കാൻ കഴിയും. ആ ലോകമെങ്ങനെ ലോകാചാരം കൊണ്ട് അനുഭവിക്കാമെന്നൊരു മാർഗ്ഗമാണിത്. ഈയൊരു ഭാഗമെടുത്ത് അനുഷ്ഠാനങ്ങളെ പൂർത്തീകരിക്കാതെയാണ് ഇന്ന് പല “”മാനേജ്മെഡ്ഗുരുക്കന്മാരും ” ഇവിടെ അരങ്ങ് തകർക്കുന്നത്. അപ്പോൾ അവരുടെ ലക്ഷ്യം ഗൃഹസ്ഥരാണെന്ന കാര്യം മറക്കരുത്. കാരണം, ഗൃഹസ്ഥന്മാർ പണമുണ്ടാക്കിയവരാണ്. ഇവരുടെ പണം അവർക്ക് വേണം. ഇവിടങ്ങളിലൊക്കെ നഷ്ടപ്പെടുന്നത് ഒരുവൻ തൻ്റെ പിതാവിൽനിന്നും പിതാമഹന്മാരിൽനിന്നുമൊക്കെ നേടുന്ന അറിവുകളുടെ അനുഭൂതിയാണ്. “”ഗോത്രസൂത്രനാമാദി”കളിൽ നിന്ന് അറിയുന്നതുപോലെയൊന്നും ഇവിടങ്ങളിൽനിന്നൊന്നും ലഭിക്കുകയില്ല. പാരമ്പര്യജന്യമായി കൈമാറിവരുന്നതൊന്നും മാനേജ്മെൻ്റു ഗുരുക്കന്മാരുടെ ലോകങ്ങളിൽ കാണുകയില്ല. അതുകൊണ്ട് ഇതൊക്കെ പഠിക്കുമ്പോൾ പാരമ്പര്യത്തിൻ്റെ കണ്ണികൾ എവിടെവെച്ചെങ്കിലും മുറിഞ്ഞുപോയിട്ടുണ്ടെങ്കിൽ അവ വിളക്കിച്ചേർത്തു വേണം മുന്നോട്ടു പോകുവാൻ. അതായത് പിതാവിനെ ആത്മസാക്ഷാത്ക്കാരത്തിൻ്റെ ലോകത്തെത്തിക്കുന്നവൻ മാത്രമേ പുത്രനാകുന്നുള്ളൂ. അതു കൊണ്ട് അവരിലൂടെ പഠിച്ചാൽ അനല്പമായ അനുഭൂതികളുടെ ലോകത്തെത്താം.
(തുടരും)