കോട്ടയ്ക്കൽ:- .പ്രകൃതിദുരന്തം മൂലം വയനാട്ടിൽ വീടുകൾ നഷ്ടപ്പെട്ടവർക്കു കൈത്താങ്ങുമായി കോട്ടയ്ക്കൽ ആര്യവൈദ്യശാല. ഇവരെ പുനരധിവസിപ്പിക്കാനായി 10 വീടുകൾ ആര്യവൈദ്യശാലാ മാനേജ്മെന്റും ജീവനക്കാരും ചേർന്നു നിർമിക്കും. സർക്കാർ നിർദേശിക്കുന്നവർക്കാണു വീടുകൾ നൽകുക. കഴിഞ്ഞദിവസം ചേർന്ന മാനേജ്മെന്റ്, യൂണിയൻ പ്രതിനിധികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനമെടുത്തത്. കാര്യങ്ങൾ വീശദീകരിച്ചു ആര്യവൈദ്യശാലാ അധികൃതർ മുഖ്യമന്ത്രി പിണറായി വിജയനു സന്ദേശമയച്ചു. മുൻ മാനേജിങ് ട്രസ്റ്റി ഡോ.പി.കെ.വാരിയരുടെ സ്മരണയ്ക്കായി 2 വീടുകൾ നിർധന കുടുംബങ്ങൾക്കായി 2 വർഷം മുൻപ് ആര്യവൈദ്യശാല നിർമിച്ചിരുന്നു.
കോട്ടയ്ക്കൽ.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട സഹായ അഭ്യർഥനാ പോസ്റ്ററുകൾ ഗ്രാഫിക് ഡിസൈനറായ മേലേതിൽ നസീർ സൗജന്യമായി ഒരുക്കിക്കൊടുക്കും.
ഉദ്യോഗസ്ഥർ, സംഘടനകൾ തുടങ്ങിയവർക്കു വേണ്ടിയാണ് പോസ്റ്ററുകൾ തയാറാക്കുന്നത്. സമൂഹമാധ്യമങ്ങൾ വഴിയും മറ്റുമുള്ള സഹായാഭ്യർഥനകൾക്കായി ഈ പോസ്റ്ററുകൾ ഉപയോഗിക്കാം. കോട്ടയ്ക്കലിൽ ഗ്രാഫിക് ഡിസൈനിങ് സ്ഥാപനം നടത്തുന്ന നസീർ കോവിഡ് കാലത്തും മുൻപ് പ്രളയമുണ്ടായ സമയത്തുമെല്ലാം ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്നു.