തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ സർക്കാർ ഉദ്യോഗസ്ഥരെയാണ് അതിന്റെ ചുമതലകൾക്കായി ഏൽപ്പിക്കുക. പ്രിസൈഡിംഗ് ഓഫീസർമാരായും , പോളിംഗ് ഓഫീസർമാരായും എല്ലാം എത്തുന്നത് സർക്കാർ ഉദ്യോഗസ്ഥർ ആയിരിക്കും. എന്നാൽ കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ ഒരു ലിങ്ക് പ്രചരിക്കാൻ തുടങ്ങി. സർക്കാർ ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടോ എന്നറിയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരിക്കുന്ന ഈ ലിങ്കിൽ കയറിയാൽ മതിയാകും എന്നായിരുന്നു പ്രചാരണം.
തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടോ എന്നറിയാൻ സർക്കാർ ഉദ്യോഗസ്ഥർ ഈ ലിങ്കിൽ കയറിയാൽ മനസിലാകും എന്നാണ് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണം. 26-3-2024 മുതൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഇലക്ഷൻ ഡ്യൂട്ടി ഉണ്ടോ എന്ന് അറിയാം എന്ന തലക്കെട്ട് നൽകിയാണ് ലിങ്ക് നൽകിയിരിക്കുന്നത്. ഇലക്ഷൻ വിവരണം സോഫ്റ്റ്‌വെയറിൽ എംപ്ലോയി കോർണർ എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് മൊബൈൽ നമ്പർ കൊടുക്കുക. അപ്പോൾ വരുന്ന ഒട പി എന്‍റർ ചെയ്താൽ ഒരു ഷീറ്റ് വരും ആ ഷീറ്റിൽ നിങ്ങൾ ഉണ്ടോ എന്ന് അറിയാൻ സാധിക്കും. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അടക്കം ഇതേ സന്ദേശത്തെ കുറിച്ച് വാര്‍ത്ത നൽകിയിട്ടുണ്ട്. എന്നാൽ ഈ ലിങ്ക് വ്യാജമാണെന്ന് പിന്നീട് കണ്ടിത്തിയിരിക്കുന്നു.
കണ്ണൂർ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഈ വിഷയത്തിൽ നൽകിയിരിക്കുന്ന അറിയിപ്പ് ശ്രദ്ധയിൽപ്പെട്ടു. പിന്നീട് ഒരു ഉറപ്പിനായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസുമായി ബന്ധപ്പെട്ടു. ഇപ്പോൾ പ്രചരിക്കുന്നത് വ്യാജ വാർത്തയും ലിങ്കും ആണ്. ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരെ നിര്‍ണ്ണയിക്കുന്ന നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നുന്നേയുള്ളു. ചർച്ചകൾക്ക് ശേഷം മാത്രമേ ഇതിൽ തീരുമാനം ഉണ്ടാകുകയുള്ളു. അതാത് വിഭാഗത്തിൽ മേൽഉദ്യോഗസ്ഥർ വഴി വിവിരങ്ങൾ അറിയിക്കും എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിൽ നിന്നും മറുപടി ലഭിച്ചു.പോസ്റ്ററിലെ പ്രചാരണം തെറ്റാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തെരെഞ്ഞെടുപ്പ് ഡ്യൂട്ടി സംബന്ധിച്ച വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നല്കിയ ലിങ്ക് എന്ന പേരില്‍ പ്രചരിപ്പിക്കുന്ന ലിങ്ക് വ്യാജമാണ്. ഇത്തരത്തിലൊരു ലിങ്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിട്ടില്ല.