വാകത്താനം: ഞാലിയാകുഴി മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ കാവൽ പിതാവായ മോർ ഇഗ്നാത്തിയോസ് നൂറോനോയുടെ നാമത്തിലുള്ള വലിയ പെരുന്നാളിന് കൊടിയേറി.
19 ന് ഞായറാഴ്ച പുണ്യ ശ്ലോകനായ മിഖായേൽ മോർ ദീവന്നാസ്യോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് ശേഷം പള്ളി അങ്കണത്തിലുള്ള കൊടിമരത്തിലും ഞാലിയാകുഴി കവലയിൽ വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള കുരിശുപള്ളിയിലെ കൊടിമരത്തിലും കൊടിയേറ്റിയതോടുകൂടിയാണ് വലിയ പെരുന്നാളിന് തുടക്കം കുറിച്ചത്. ജനുവരി 28 ചൊവ്വ, 29 ബുധൻ എന്നീ ദിവസങ്ങൾ ആണ് പ്രധാന പെരുന്നാൾ ദിനങ്ങൾ.
28 ന് ചൊവ്വാഴ്ച വൈകുന്നേരം 6.30 ന് സന്ധ്യാ പ്രാർത്ഥനയെ തുടർന്ന് വചന സന്ദേശം, സെമിത്തേരിയിൽ ധൂപ പ്രാർത്ഥന എന്നിവയ്ക്ക് ശേഷം 7.45 ന് ഞാലിയാകുഴി കവലയിലുള്ള കുരിശുപള്ളിയിലേക്ക് ആഘോഷപൂർവ്വമായ പ്രദക്ഷിണം നടത്തപ്പെടും. ധൂപപ്രാത്ഥനക്കും കൈ മുത്തിനും ശേഷം പ്രദക്ഷിണം തിരികെ പള്ളിയിൽ എത്തിച്ചേരുമ്പോൾ സൂത്താറാ, ആശീർവാദം എന്നിവ ഉണ്ടായിരിക്കും.
29 ന് ബുധനാഴ്ച രാവിലെ 7.30 ന് പ്രഭാത പ്രാർത്ഥന, 8.30 ന് ക്നാനായ ഭദ്രാസനം റാന്നി മേഖലയുടെ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ഈവാനിയോസിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും തുടർന്ന് എൻഡോമെന്റ് വിതരണം, പ്രദക്ഷിണം, ആശിർവാദം, കൈമുത്ത്, നേർച്ച വിളമ്പ് എന്നിവയ്ക്ക് ശേഷം 11.30 ന് കൊടി ഇറക്കുന്നതോടുകൂടി വിശുദ്ധന്റെ പെരുന്നാൾ സമാപിക്കും.
സുറിയാനി ഓർത്തഡോക്സ് സഭയുടെ മൂന്നാമത്തെ പാത്രിയർക്കീസ് ആയിരുന്നു മോർ ഇഗ്നാത്തിയോസ്. ഇഗ്നാത്തിയോസ് എന്നത് ദൈവത്തെ വഹിക്കുന്നവൻ എന്നും ദൈവത്താൽ വഹിക്കപ്പെട്ടവൻ എന്നും നൂറോനൊ എന്നത് അഗ്നിമയൻ എന്നും അഥവാ അഗ്നിക്കടുത്തവൻ എന്നും അർത്ഥമാക്കപ്പെടുന്നു. യേശു തന്റെ മടിയിൽ ഇരുത്തിയ ശിശു മോർ ഇഗ്നാത്തിയോസ് ആയിരുന്നു എന്നാണ് ചരിത്രത്തിൽ പിതാക്കന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്.
ദേശത്തിനും ഇടവകക്കും കാവലും കോട്ടയുമായി സ്ഥിതിചെയ്യുന്ന മോർ ഇഗ്നാത്തിയോസ് നൂറോനോയുടെ മധ്യസ്ഥതയിൽ അഭയപ്പെട്ടുകൊണ്ട് നേർച്ച കാഴ്ചകളോടെ പെരുന്നാളിൽ സംബന്ധിച്ചിട്ടുള്ള ഇടവക ജനങ്ങൾക്കും മറ്റ് അനേകം ഭക്തർക്കും ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങൾ, ദൈവത്തോടുള്ള അതിയായ വിശ്വാസത്തിന്റെ പേരിൽ ദൈവത്തെ തള്ളിപ്പറയുവാൻ തയ്യാറാകാത്തതുമൂലം കേസരികൾക്ക് അഥവാ സിംഹങ്ങൾക്ക് ഇരയായി തീർന്ന ആ മഹാ പരിശുദ്ധന്റെ വിശുദ്ധിയും ദൈവത്തോടുള്ള ഭക്തിയും പ്രകടമാക്കുന്നു. അതിനാൽ തന്നെ ലോകത്തിലെ ഏറ്റവും അധികം പള്ളികളും ഈ മഹാ പരിശുദ്ധന്റെ നാമത്തിലാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.
വികാരി- ഫാ.അലക്സ് ഫിലിപ്പ് കടവും ഭാഗം, സഹ വൈദീകൻ- ഫാ.അജീഷ് പുന്നൻ പടിഞ്ഞാറേകുറ്റ്, ട്രസ്റ്റി- ഏബ്രഹാം കുര്യൻ പാതിയപ്പള്ളിൽ, സെക്രട്ടറി- സന്തോഷ് പി. ഏബ്രഹാം പാതിയപ്പള്ളിൽ തുടങ്ങിയവർ പെരുന്നാൾ ചടങ്ങുകൾക്ക് നേത്രത്വം നൽകും.