പത്തനംതിട്ട :- ആർഭാട വിവാഹ കാലത്ത് വേറിട്ട മാതൃകയാവുകയാണ് തിങ്കളാഴ്ച അടൂരിൽ നടന്ന ഒരു വിവാഹം. മകൾക്ക് സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ കരുതി വച്ച പണം അനാഥമന്ദിരമായ അടൂർ പള്ളിക്കലിൽ പ്രവർത്തിക്കുന്ന മഹാത്മ ജനസേവന കേന്ദ്രത്തിൽ കഴിയുന്ന നിരാശ്രയരായ മനുഷ്യർക്ക് താമസിക്കാൻ ഒരു വാസസ്ഥലം തന്നെ നിർമ്മിച്ചു നൽകിയിരിക്കുകയാണ് മാതാപിതാക്കൾ.
അടൂർ എം.ജി.റോഡിൽ കണിയാംപറമ്പിൽ സി.സുരേഷ് ബാബു,സിനി വിശ്വനാഥ് എന്നിവരുടെ മകൾ മാളവികയുടെ വിവാഹത്തിനോടനുബന്ധിച്ചാണ് കെട്ടിടം നിർമ്മിച്ചു നൽകിയത്. എറണാകുളം കാഞ്ഞിരമറ്റം മാരിത്താഴത്ത് കാരിക്കത്തടത്തിൽ കെ.കെ.സുരേഷ് ബാബുവിൻ്റേയും ബിനുവിൻ്റേയും മകൻ അക്ഷയ് ആയിരുന്നു വരൻ. സി.സുരേഷ് ബാബുവിൻ്റെ അച്ഛൻ പി.ചെല്ലപ്പൻ,സിനി വിശ്വനാഥൻ്റെ അച്ഛൻ എൻ.വിശ്വനാഥൻ എന്നിവരുടെ സ്മരണയ്ക്കായിട്ടാണ് 1800 സ്ക്വയർ ഫീറ്റ് വലുപ്പമുള്ള ഈ പുതിയ കെട്ടിടം നിർമ്മിച്ചു നൽകിയത്.
മാധ്യമ പ്രവർത്തക കൂടിയായ മകൾ മാളവികയാണ് തൻ്റെ വിവാഹത്തിന് സ്വർണം വേണ്ട എന്ന തീരുമാനം ആദ്യം അറിയിച്ചതെന്ന് സുരേഷ് ബാബു പറയുന്നു. ആദ്യം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരായ രണ്ട് പെൺകുട്ടികളുടെ വിവാഹം നടത്താനായിരുന്നു പദ്ധതി. പക്ഷെ ചില കാരണങ്ങളാൽ അത് ഉപേക്ഷിച്ചു. തുടർന്ന് സിപിഐ മുൻ ജില്ലാ സെക്രട്ടറിയും കിസാൻ സഭ സംസ്ഥാന സെക്രട്ടറിയുമായ എ.പി ജയനോട് ഈ തൻ്റെ മനസ്സിലെ ആഗ്രഹം പങ്കുവെച്ചു.
എ.പി.ജയനാണ് മൂന്ന് കേന്ദ്രങ്ങളിലായി നിരാശ്രയരായ നാനൂറോളം മനുഷ്യരുടെ അഭയകേന്ദ്രമായ മഹാത്മാ ജനസേവന കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഒരു കെട്ടിടം നിർമ്മിച്ചു നൽകാൻ നിർദ്ദേശിച്ചതെന്ന് സുരേഷ് ബാബു പറയുന്നു. തുടർന്ന് മൂന്ന് മാസങ്ങൾ കൊണ്ടാണ് കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. വിവാഹദിനമായ തിങ്കളാഴ്ച താലികെട്ടിന് മുൻപുള്ള മുഹൂർത്തത്തിൽ സി.സുരേഷ്ബാബുവിൻ്റെ മാതാവ് എൻ. സുഭദ്ര,സിനിയുടെ മാതാവ് കെ.ചന്ദ്രമതി എന്നിവരിൽ നിന്നും കെട്ടിടത്തിൻ്റെ താക്കോൽ മഹാത്മാ ജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല,സെക്രട്ടറി പ്രീഷീൽഡ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു,സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.ബി.ഹർഷകുമാർ, സിപിഐ സംസ്ഥാന കമ്മിറ്റിയംഗം മുണ്ടപ്പള്ളി തോമസ്, കെപിസിസി ജറൽ സെക്രട്ടറി പഴകുളം മധു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.