ദോഹ: ഖത്തറിലെ മാപ്പിളപ്പാട്ട് വേദികളിലെ നിറസാന്നിധ്യമായിരുന്ന ഖാലിദ് വടകര (66) ദോഹയില്‍ അന്തരിച്ചു. വടകര താഴെഅങ്ങാടി സ്വദേശിയാണ്. അസുഖബാധിതനായി ചികിത്സയിലിരിക്കെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
സൂഖ് വാഖിഫിലെ കടയില്‍ ജോലി ചെയ്ത് വരുകയായിരുന്ന ഖാലിദ് കഴിഞ്ഞ 35 വര്‍ഷത്തിലേറെയായി ഖത്തറിലെ പ്രവാസി സംഗീതാസ്വാദകര്‍ക്കിടയിലെ സ്വീകാര്യനായ ഗായകനും സംഗീത സംവിധായകനുമായിരുന്നു.
പ്രവാസി മെഹ്ഫില്‍ സദസ്സുകളില്‍ തന്റെ മനോഹരമായ ശബ്ദവും ഹാര്‍മോണിയം താളവുംകൊണ്ട് മേല്‍വിലാസം കുറിച്ച കലാകാരനായ ഖാലിദ്, ഇന്ത്യന്‍ കമ്യൂണിറ്റി റിക്രിയേഷന്‍ സെന്റര്‍ (ഐ.സി.ആര്‍.സി) വേദികളിലൂടെയാണ് ശ്രദ്ധേയനായത്. നിരവധി പ്രവാസി ഗാനരചയിതാക്കളുടെ വരികള്‍ക്ക് സംഗീതവും നല്‍കി.
മുകച്ചേരി ഉരുണിന്റവിട എടത്തില്‍ ഉമ്മര്‍കുട്ടിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: സീനത്ത്.
മക്കള്‍: ജസീല, ജസ്‌ന, ബായിസ്.
മരുമകന്‍: മുഹമ്മദ് ഷാഫി, പരേതനായ അനീസ്.
ഖത്തര്‍ കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കും.