തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ ലഘുഭക്ഷണ വിതരണം ആരംഭിക്കാനൊരുങ്ങി. ബസ് യാത്രകളിൽ ലഘുഭക്ഷണം നൽകിക്കൊണ്ട് യാത്രക്കാർക്ക് മെച്ചപെട്ട യാത്രാ സൗകര്യം ഒരുക്കാനാണ് കോർപ്പറേഷൻ ഒരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി കെഎസ്ആർടിസി ബസുകളിൽ ലഘുഭക്ഷണം വിതരണം ചെയ്യുന്നതിനായി ഭക്ഷണം ഉൾപ്പെടെ ഷെൽഫുകൾ /വെൻഡിങ് മെഷീനുകൾ സ്ഥാപിച്ച് വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ളവരിൽ നിന്നും പദ്ധതി വിവരണവും നിർദേശങ്ങളും ക്ഷണിച്ചു.
ബസുകളിൽ യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായി ‘കുടിവെള്ള വിതരണ പദ്ധതി’ ആരംഭിച്ചതിന് പിന്നാലെയാണ് ലഘുഭക്ഷണ വിതരണത്തിലേക്കും കെഎസ്ആർടിസി കടക്കുന്നത്. ഒരു ലിറ്ററിന് 15 രൂപ നിരക്കിൽ സൂപ്പർ ഫാസ്റ്റ് മുതൽ ഉയർന്ന ശ്രേണിയിലുള്ള എല്ലാ സർവീസുകളിലുമാണ് കുടിവെള്ളം ലഭിക്കുക.
കെഎസ്ആർടിസിയെ ആശ്രയിച്ച് എത്തുന്ന മറ്റു യാത്രക്കാർക്കായി കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ നിന്നും ശുദ്ധജലം നേരിട്ട് വാങ്ങാനും കഴിയും. കൂടാതെ ബൾക്ക് പർച്ചേസിങ് സംവിധാനവും കെഎസ്ആർടിസി ഒരുക്കുന്നുണ്ട്. ഇതിനായി ഹോൾസെയിൽ വിലയിൽ ലിറ്റിറിന് പത്തു രൂപ നിരക്കിൽ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.
ബസ് യാത്രകൾക്ക് അനുയോജ്യമായ ലഘുഭക്ഷണങ്ങളാകണം ലഭ്യമാക്കേണ്ടത്. ലഘുഭക്ഷണങ്ങൾ പാക്കുചെയ്തതും ബസ് പരിതസ്ഥിതിയിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായിരിക്കണം.
നിർദ്ദേശിച്ച ലഘുഭക്ഷണങ്ങൾ നിർദ്ദിഷ്ട ഗുണനിലവാരവും ശുചിത്വവും പാലിക്കുന്നതായിരിക്കണം. ബസുകൾക്കുള്ളിൽ ഷെൽഫ്/ വെൻഡിങ് മെഷീൻ സ്ഥാപിക്കുന്നതിനുള്ള സ്ഥല സൗകര്യം കെഎസ്ആർടിസി നൽകുന്നതായിരിക്കും. പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച അന്തിമ തീരുമാനം കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും
പ്രൊപ്പോസലുകൾ മുദ്രവച്ച കവറിൽ തിരുവനന്തപുരത്തെ കെഎസ്ആർടിസി ആസ്ഥാനമായ ട്രാൻസ്പോർട് ഭവനിലെ ഗ്രൗണ്ട് ഫ്ലോറിലെ തപാൽ സെക്ഷനിൽ നേരിട്ടെത്തിക്കുകയാണ് വേണ്ടത്. ഓരോ പ്രൊപ്പോസലും “ലഘുഭക്ഷണ വിതരണത്തിനുള്ള നിർദ്ദേശം – KSRTC ബസ്സുകളിൽ” എന്ന് വ്യക്തമായി അടയാളപ്പെടുത്തി 24.05.2024 വൈകിട്ട് 5 മണിക്ക് മുൻപ് സമർപ്പിക്കണമെന്നാണ് കെഎസ്ആർടിസി അറിയിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും estate@kerala.gov.in എന്ന ഇ- മെയിലിലോ 9188619384 (എസ്റ്റേറ്റ് ഓഫീസർ ) എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.