Logo Below Image
Monday, March 31, 2025
Logo Below Image
Homeകേരളംകേരളത്തിൽ പ്രതിപക്ഷം ഭരണപക്ഷത്തിൻ്റെ ബി ടീമായി മാറി: കെ.സുരേന്ദ്രൻ

കേരളത്തിൽ പ്രതിപക്ഷം ഭരണപക്ഷത്തിൻ്റെ ബി ടീമായി മാറി: കെ.സുരേന്ദ്രൻ

സംസ്ഥാനത്ത് ഇൻഡി സഖ്യം യാഥാർത്ഥ്യമായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രതിപക്ഷം ഭരണപക്ഷത്തിൻ്റെ ബി ടീമായി മാറിയെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് മുണ്ടക്കൈ – ചൂരൽമല പുനർനിർമ്മാണത്തിന് കേന്ദ്ര സർക്കാർ നിക്ഷേപമൂലധന വായ്പ അനുവദിച്ചത്. എന്നാൽ അത് കേന്ദ്ര അവഗണനയാണെന്നും പറഞ്ഞ് എൽഡിഎഫിനൊപ്പം യോജിച്ച സമരം നടത്തുമെന്നാണ് വിഡി സതീശനും കെ.സുധാകരനും പറയുന്നത്. സംസ്ഥാനത്തിന്റെ തകർച്ചയ്ക്ക് കാരണം കേന്ദ്രമാണെന്ന പിണറായി വിജയൻ്റെ വാദത്തെ പ്രതിപക്ഷം ഏറ്റുപറയുകയാണ്. കേരളത്തിൽ യുഡിഎഫ് ഏതാ എൽഡിഎഫ് ഏതാ എന്ന് തിരിച്ചറിയാൻ പറ്റാത്ത സാഹചര്യമാണുള്ളത്. കേരളത്തിലെ പ്രതിപക്ഷത്തിന് ദിശാബോധം നഷ്ടപ്പെട്ടു. പ്രതിപക്ഷ ധർമ്മം എന്നാണെന്ന് വിഡി സതീശന് മനസിലാകുന്നില്ല.

ശശി തരൂരിന്റെ ലേഖനം മാത്രമല്ല ഭരണകക്ഷിയുടെ എല്ലാ നിലപാടുകളും യുഡിഎഫ് നേതാക്കൾ സ്വാഗതം ചെയ്യുകയാണ്. വസ്തുത മനസിലാക്കാതെ പിണറായി സർക്കാരിനെ പിന്തുണയ്ക്കുകയാണ് വിഡി സതീശൻ ചെയ്യുന്നത്.

എൽഡിഎഫ് നടത്തുന്ന കള്ള പ്രചാരണത്തിന് ചൂട്ടുപിടിക്കുകയാണ് യുഡിഎഫ് ചെയ്യുന്നത്. വയനാട് പുനരധിവാസം പാളിയതിന്റെ സമ്പൂർണ്ണമായ ഉത്തരവാദിത്വം സംസ്ഥാന സർക്കാറിനാണ്.
എന്നാൽ കേരളത്തിലെ പ്രതിപക്ഷം സർക്കാരിനെ രക്ഷപ്പെടുത്തുകയും എല്ലാം കേന്ദ്രത്തിൻ്റെ തലയിൽ ഇടുകയും ചെയ്യുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്തിൻ്റെ വ്യാവസായിക മേഖലയിലെ തകർച്ചയ്ക്കും കാർഷിക മേഖലയിലെ തകർച്ചയ്ക്കും വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾക്കും രണ്ടു മുന്നണികളും കാരണക്കാരാണ്. ഇത്രയും നിരുത്തരവാദപരമായി പെരുമാറുന്ന ഒരു സംസ്ഥാന സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ല.

വൻകിടക്കാരുടെ 28,000 കോടി രൂപയുടെ നികുതി കുടിശിക പിരിച്ചെടുക്കാൻ സർക്കാർ തയ്യാറാകാതെ പാവങ്ങളെ ചൂഷണം ചെയ്യുകയാണ്. എന്നാൽ പ്രതിപക്ഷം നിശബ്ദമാണ്. പിണറായി സർക്കാരിൻ്റെ വീഴ്ചകളെ എതിർക്കുന്നതിനു പകരം മോദിയെ എതിർത്താൽ മതി എന്ന മിഥ്യാധാരണയാണ് പ്രതിപക്ഷത്തിനുള്ളത്. സർക്കാറിന്റെ ജനവിരുദ്ധത തുറന്നു കാണിക്കലാണ് പ്രതിപക്ഷത്തിൻ്റെ കടമ. എന്നാൽ പിണറായി വിജയൻ പറയുന്ന ക്യാപ്സൂൾ ചങ്ക് തൊടാതെ വിഴുങ്ങുകയാണ് സതീശൻ ചെയ്യുന്നത്. പത്തു വർഷത്തിനിടെ കേരളത്തിന് കേന്ദ്രം നൽകിയ സാമ്പത്തിക സഹായത്തിന്റെ കണക്ക് എന്തുകൊണ്ടാണ് വിഡി സതീശൻ പറയാത്തത്.

കേരളത്തിലെ സ്റ്റാർട്ടപ്പുകളെ പുകഴ്ത്തി പറയുന്ന ശശി തരൂർ രാജ്യത്ത് സ്റ്റാർട്ടപ്പുകൾ വർദ്ധിച്ചത് കേന്ദ്രസർക്കാരിന്റെ ഫലപ്രദമായ ഇടപെടലുകൾ കാരണമാണെന്ന് സമ്മതിക്കണം. 2023-24 ലെയും 24-25ലെയും കേന്ദ്ര ബഡ്ജറ്റിൽ സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക സഹായം അനുവദിച്ചു. ഈ വർഷം സ്റ്റാർട്ടപ്പുകളുടെ വായ്പാസഹായം 10 കോടിയിൽ നിന്നും 20 കോടിയായി വർദ്ധിപ്പിച്ചു. 2014ൽ മോദി സർക്കാർ അധികാരമേറ്റപ്പോൾ ഉണ്ടായിരുന്നത് വെറും 4,000 സ്റ്റാർട്ടപ്പുകൾ മാത്രമാണ്. 10 വർഷം കഴിഞ്ഞപ്പോൾ ഒരു ലക്ഷത്തി നാൽപ്പതിനായിരം സ്റ്റാർട്ടപ്പുകൾ ഇന്ത്യയിലുണ്ടായി. അതിന്റെ ഭാഗമായിട്ടുള്ള വർദ്ധനവ് മാത്രമാണ് കേരളത്തിലുണ്ടായത്. കേരള സർക്കാർ സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ എന്താണ് ചെയ്തതെന്നു കൂടി തരൂർ പറയണം.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ അനുഭവിക്കുന്ന സംസ്ഥാനം കേരളമാണ്. കേരളത്തിൽ യുവാക്കൾ തൊഴിൽ തേടി നാട് വിടുകയാണ്. എന്നാൽ ഭരണകക്ഷി പോലും അവകാശപ്പെടാത്ത കാര്യമാണ് ശശി തരൂർ പറയുന്നത്. പിണറായി വിജയനെ പുകഴ്ത്തിയത് കൊണ്ടല്ല ശശി തരൂരിനെതിരെ യുഡിഎഫ് നേതാക്കൾ രംഗത്ത് വന്നിരിക്കുന്നത്. അത് അവരുടെ ആഭ്യന്തര പ്രശ്നം മാത്രമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

പാലക്കാട് തൃത്താലയിലാണ് ഹമാസ് തീവ്രവാദികളുടെ ചിത്രവുമായി പള്ളി ഉറൂസ് നടത്തിയത് ഞെട്ടിക്കുന്നതാണ്. ഉറൂസിന്റെ ഭാഗമായി നടന്ന ആന എഴുന്നള്ളത്തിൽ ഹമാസ് തീവ്രവാദികളുടെ ചിത്രം ഉപയോഗിച്ചതിനെതിരെ സർക്കാർ കേസെടുക്കണം. സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെ ഫലമാണ് ഇത്തരം സംഭവങ്ങൾ. നേരത്തെ ഹമാസ് നേതാവ് കേരളത്തിലെ ചില തീവ്രവാദ സംഘടനകൾ നടത്തിയ യോഗത്തെ അഭിസംബോധന ചെയ്തത് ഇതുമായി കൂട്ടിവായിക്കേണ്ടതാണെന്നും സുരേന്ദ്രൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments